
1. പരസ്യം
കാത്തിരിപ്പിനൊടുവിൽ
വീട് പത്രത്തിൽ
പരസ്യം കൊടുത്തു.
കിഴക്കേ പറമ്പത്ത്
നിന്നും ഇടത്തോട്ട്
നീളുന്ന ടാറിട്ട റോഡിൻ്റെ
വലത്തേ മൂലക്ക്
ഒറ്റയ്ക്ക് താമസിക്കുന്ന
(ഉപേക്ഷിക്കപ്പെട്ട) വീട്ടിലേക്ക്
താമസക്കാരെ
ആവശ്യമുണ്ട്.
വാടക വേണ്ട,
വെള്ളവും കറൻ്റും
സൗജന്യം.
കൂടാതെ വീടിനോട്
ചേർന്ന
ആദായമുള്ള
ഒരേക്കർ പറമ്പ്
സ്വന്തമായി എടുക്കാം.
നിബന്ധന:
വീട്ടിൽ ദിവസം മുഴുവനും
ആളനക്കം ഉണ്ടായിരിക്കണം.
2.ഒറ്റ
മുൻപ്
വീട്ടിൽ
ഒറ്റക്കായവരെക്കുറിച്ച്
എല്ലാവരും
ആവലാതിപ്പെട്ടിരുന്നു.
ഇന്ന്
നാട്ടിൽ ഒറ്റയ്‌ക്കായ
വീടുകളെ
ആരും
ഓർക്കുന്നുകൂടിയില്ല.
3. കാത്തിരിപ്പ്
ഒന്നും
മിണ്ടുന്നില്ലന്നേയുള്ളൂ
നീയിറങ്ങിപ്പോയതിൽപ്പിന്നെ
സകല വാതിലുകളും
ജനലുകളും തുറന്നിട്ട്
കാത്തിരിക്കുന്നുണ്ട്
വീട്.









