വീഞ്ഞും വൃദ്ധനും

മുറ്റത്തു വീഴുന്ന ആലിപ്പഴങ്ങളെ നോക്കി കൊണ്ടയാൾ ചിന്തിച്ചത് മുത്തശ്ശൻ ഒളിപ്പിച്ചു വെച്ച വൈൻ കുപ്പിയെ കുറിച്ചായിരുന്നു.

തങ്ങളെ കബളിപ്പിച്ചത് എവിടെയായിരിക്കാം മറഞ്ഞു നിൽക്കുന്നത്. കാലം കുറെയായി വിലപ്പെട്ട നിമിഷങ്ങളെല്ലാം തന്നെ വൈൻ കുപ്പിയുടെ പിറകെയോടി തീർക്കുകയായിരുന്നു താനും ബാക്കിയുള്ളവരും. പക്ഷെ ചെറിയൊരു സൂചന പോലും ലഭിച്ചിട്ടില്ല അത് എവിടെയാണ് എന്നുള്ളതിന്.

മുത്തശ്ശൻ കബളിപ്പിച്ചതായിരിക്കുമോ?

അറിയില്ല.

ഓർക്കുമ്പോൾ മനസ്സ് നീറുകയാണ്. അയാൾ മാത്രമല്ല കുടുംബാംഗങ്ങളെല്ലാവരും കുപ്പിയുടെ പിറകെ തന്നെയാണ്.

വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു മുത്തശ്ശൻ മരണമടഞ്ഞിട്ട്. പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു. തനിക്കും പ്രായമായി. ജരാനരകൾ ബാധിച്ചിരിക്കുന്നു.

ഇന്നലെയെന്നവണ്ണം മനസ്സിൽ തെളിയുന്നുണ്ട് മുത്തശ്ശന്റെ മരണം.

അന്നൊരു കർക്കിടകത്തിലെ കറുത്തവാവ് ദിവസം. കനത്ത മഴ പെയ്യുന്നുണ്ട്. തണുപ്പ് ശരീരത്തിനെ ബാധിച്ചതിനാലാവാം എല്ലാവരും സെറ്ററുകൾ ധരിച്ച് കൈകൾ നെഞ്ചത്ത് പിണച്ച് വച്ചിരുന്നു. മൂടിക്കെട്ടിയ ആകാശം പോലെ തന്നെയായിരിക്കുന്നു മനസ്സുകളും. കനത്ത നിശ്ശബ്ദത. മഴ പെയ്യുന്ന ശബ്ദം മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളൂ.

മുത്തശ്ശനെയും തേടിയുള്ള മൃത്യുവിന്റെ വരവിനെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എല്ലാവരും. തിരക്കിട്ട നഗരജീവിതങ്ങൾക്ക് താൽക്കാലിക വിരാമം കൊടുത്തവർ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. മരണമെന്ന മൂന്നക്ഷരങ്ങൾക്ക് ബെഡ്ഡിൽ പറ്റിപ്പിടിച്ച് കിടക്കുന്ന വൃദ്ധ ശരീരത്തെ തഴുകി തലോടാൻ നേരമായിട്ടുണ്ടാവില്ല. അല്ലെങ്കിൽ ആത്മാവിനെ പറിച്ചെടുക്കുന്ന തിരക്കിട്ട ജോലികൾക്കിടയിൽ എത്താനാവാതെ പോയതാവാം.

നിരാശയാൽ മനം മടുത്ത് ഇരിക്കുമ്പോഴാണ് മുത്തശ്ശൻ ക്ഷീണിച്ച കണ്ണുകളുയർത്തി എല്ലാവരെയും നോക്കിയത്‌. നിശ്ശബ്ദതയെ കീറി മുറിച്ചു കൊണ്ടദ്ദേഹം സംസാരിക്കാൻ തുടങ്ങി.

‘എനിക്ക് ഇങ്ങളോട് കൊറച്ച് കാര്യങ്ങൾ പറയാനുണ്ട്. ഇനിയെത്ര സമയം ഞാൻ ഭൂമിയിലുണ്ടാകുമെന്നറിയില്ല. അതിനു മുൻപ് നിങ്ങളോട് സത്യം തുറന്നു പറയണം. മനസ്സിലെ ചില്ലുകൂട്ടിൽ വർഷങ്ങളായി ഒളിപ്പിച്ചു വെച്ച സത്യം.’

സ്വത്തിന്റെ കാര്യം വല്ലതുമായിരിക്കുമെന്ന് കരുതി അഛനടക്കം എല്ലാവരും ചെവികൾ കൂർപ്പിച്ചു വെച്ചു.

മുത്തശ്ശൻ സംസാരിച്ചു തുടങ്ങി.

‘ജീവിതത്തിന്റെ വിലപ്പെട്ട സമയമെല്ലാം ഞാൻ നീക്കി വെച്ചത് നിങ്ങൾക്കു വേണ്ടിയായിരുന്നുവെന്ന് അറിയാമല്ലോ. ഓരോ മക്കളും ചിറകുകൾ മുളച്ച് തനിയെ പറന്നുയരാൻ സമയമാകുന്നതുവരെ ഞാനും നിങ്ങളുടെ അമ്മച്ചി ത്രേസ്യാമ്മയും എത്രമാത്രം കരുതലോടെയാണ് നിങ്ങളെ കൊണ്ടു നടന്നിരുന്നത്. ജീവിതപാതയിൽ ആരോ വിതറിയിട്ട മുള്ളുകളിൽ ചവിട്ടിയെന്റെ ശരീരവും മനസ്സും എത്രയോ തവണ വേദനിച്ചിട്ടുണ്ട്. രണ്ടു കൈകൾ കൊണ്ടും നിങ്ങളെ കൂട്ടിപ്പിടിച്ച് മുള്ളുകൾ കൊള്ളാതെ നടത്തിച്ചിട്ടുണ്ട്‌ ഞാൻ. എനിക്കറിയാം നിങ്ങളോരോരുത്തരും കഴിഞ്ഞ ഒരാഴ്ച്ചയായി എന്റെ മരണത്തെ എത്രമാത്രം കൊതിക്കുന്നുണ്ടെന്ന്. ശുഷ്ക്കിച്ച ശരീരത്തിനെ മരപ്പെട്ടിയിലടച്ച് ഭൂമിയുടെ അഗാധതയിൽ വിശ്രമത്തിനയക്കുവാൻ നിങ്ങളുടെ മനസ്സ് വെമ്പൽ കൊള്ളുന്നില്ലെ’

‘ഹൃദയത്തിൽ കുടികൊള്ളുന്ന ഓരോ വികാര വിചാരങ്ങളും നിങ്ങൾ പുറത്തേക്കു വിടുന്ന ദീർഘനിശ്വാസത്തിൽ നിന്നും എനിക്കു മനസ്സിലാക്കാം. എന്നെയിപ്പോൾ അലട്ടുന്ന പ്രശ്നം അതൊന്നുമല്ല. ഞാൻ വിവരിക്കാം….’

‘സ്വത്തുക്കളെല്ലാം നിങ്ങൾക്കായി ഞാൻ വീതം വെച്ചു തന്നില്ലെ… ? ഇനിയെന്റെ കൈയ്യിൽ ഒരൊറ്റ സമ്മാനം മാത്രമേ തരുവാനായി ബാക്കിയുള്ളൂ. മറ്റാർക്കും അത് കൈമാറാൻ മനസ്സ് അനുവദിക്കുന്നുമില്ല. ക്ഷമയോടെ കേൾക്കാൻ തയ്യാറാകണം….,’

‘വർഷങ്ങൾക്ക് മുൻപുണ്ടായൊരു സംഗതിയാണ്. ഓർമ്മകളെന്നെ പുറകോട്ട് വലിച്ചു കൊണ്ടു പോകുമ്പോൾ ഞാൻ നിൽക്കുന്നതൊരു റെയിൽവേ സ്റ്റേഷനിലാണ്….’

മുത്തശ്ശൻ അതു പറഞ്ഞു കൊണ്ട് കണ്ണുകളടച്ച് പിടിക്കുന്നത് ഞങ്ങൾ കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നനവു പടരുന്നുണ്ടായിരുന്നു.

അടച്ചു പിടിച്ച കണ്ണുകളുമായി അദ്ദേഹം കഥ തുടർന്നു. അക്ഷമയോടെ ഞങ്ങളും നിന്നു.

‘റെയിൽവേ സ്റ്റേഷനിലെ ചീഞ്ഞു നാറുന്ന റെയിൽപ്പാളങ്ങളെയും മൂത്രച്ചൂട് മൂക്കിലേക്കടിച്ചു കയറ്റുന്ന കാറ്റിനെയും വകവെക്കാതെ നാം കുറെ നേരമായി അവിടെ നിൽക്കുന്നുണ്ട് എങ്കിൽ എന്തെങ്കിലും കാരണമുണ്ടായിരിക്കുമല്ലോ?’

‘നമുക്ക് പോകേണ്ടതായ ട്രെയിൻ ആ സ്റ്റേഷനിൽ എത്തിച്ചേരുകയോ നാം ആരെയോ പ്രതീക്ഷിച്ചു നിൽക്കുകയോ ആവാം. ഞാൻ നിന്നത് ഇതിൽ രണ്ടാമത് പറഞ്ഞ സംഗതിക്കു വേണ്ടിയായിരുന്നു. ഏതാനും മിനുട്ടുകൾക്കുള്ളിൽ അവിടെ കടന്നു വരേണ്ട ട്രെയിനിൽ ലെസ്ലി സായ്പ് ഉണ്ടായിരിക്കുമെന്ന് അറിയിപ്പ് കിട്ടിയിരുന്നു.’

‘നിങ്ങൾ ആലോചിക്കുന്നുണ്ടാവാം ആരാണ് ലെസ്ലി സായ്പ്പെന്ന്. പറയാം.പറയുമ്പോൾ മുത്തശ്ശന്റെ മുഖത്ത് എന്തെന്നിലാത്ത സന്തോഷം പ്രകടമായിരുന്നു.’

‘അമുൽ കമ്പനിയുടെ ഗുജറാത്ത് സോണൽ ഓഫീസിൽ ജോലി ചെയ്തിരുന്ന കാലം. പതിവുപോലെ ജോലിയും കഴിഞ്ഞ് നിങ്ങളുടെ അമ്മൂമ്മ തന്ന ലിസ്റ്റിലെ സാധനങ്ങളൊക്കെ വാങ്ങാൻ വരുമ്പോഴാണ് ഞാനാ കാഴ്ച്ചകണ്ടത്… എനിക്ക് കടന്നു പോകേണ്ട പാലത്തിന്റെ വശത്തായി ധാരാളം ആയുധധാരികൾ നിലയുറപ്പിച്ചിരിക്കുന്നു. രാക്ഷസ ഭാവം പൂണ്ട ചെറുപ്പക്കാർ, അവർ അതിലെ നടന്നു വരുന്നവരെയെല്ലാം തടഞ്ഞു നിറുത്തുകയും ദേഹപരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. സ്വയം ഉണ്ടാക്കിയെടുത്ത ഒരു ശത്രുവിന്റെ രൂപം മുൻപിൽ നിറുത്തി നിഴൽ യുദ്ധം ചെയ്യുകയാണവർ.’

‘റോഡിൽ ചോരയുടെ രൂക്ഷഗന്ധം… പിടയുന്ന മനുഷ്യ ശരീരങ്ങൾ… രക്തം കുടിച്ച് ഉൻമാദാവസ്ഥയിലായ വാളുകൾ ആകാശത്തേക്കുയർത്തി ആർത്തട്ടഹസിക്കുന്ന കാപാലികർ….’

‘കുറച്ചപ്പുറത്ത് പോലീസുകാർ നിശ്ശബ്ദതയുടെ സംഗീതവും ആസ്വദിച്ച് ഇരിപ്പുറപ്പിച്ചിരിക്കുന്നു.’

‘എവിടെ ധർമ്മം …എവിടെ നീതി.?’

‘കാർ തടയപ്പെട്ടു. ആയുധധാരികളായ യുവാക്കൾ വളഞ്ഞു. ഡോറിന്റെ ഗ്ലാസ്സ് താഴ്ത്താൻ എന്നോടവർ ആവശ്യപ്പെട്ടു. ഗുജറാത്തി ഭാഷയിൽ ആക്രോശിക്കുകയാണവർ. കാറിൽ അവരുടെ കഴുകൻ കണ്ണുകൾ പരതി. വേഷവിധാനവും കാറിലെ ചിത്രങ്ങളും കണ്ടപ്പോയാണവർ തെല്ലൊന്നടങ്ങിയത്. തങ്ങൾ തേടി നടക്കുന്ന ശത്രുക്കളുടെ കൂട്ടത്തിൽപ്പെട്ടവനല്ല ഞാനെന്ന് മനസ്സിലാക്കിയപ്പോൾ പോകാനനുവദിച്ചു. അവരുടെ അടയാളചിഹ്നമായ സ്റ്റിക്കർ കാറിന്റെ മുൻപിലും പിറകിലും രണ്ട് വശങ്ങളിലും ഒട്ടിക്കപ്പെട്ടു. ശത്രുവല്ല എന്ന് തെളിയിക്കുന്ന സ്റ്റിക്കറുകളായിരുന്നു അത്.’

‘ഞാൻ കാർ മുമ്പോട്ടെടുത്തു. അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന ചിന്ത മാത്രമേ അപ്പോഴെനിക്കുണ്ടായിരുന്നുള്ളൂ.’

‘വഴിയിലെങ്ങും കലാപകാരികൾ വാളുകൾ നീട്ടി പിടിച്ച് ആർത്തട്ടഹസിക്കുകയാണ്. ചിലരുടെ കൈകളിൽ തോക്കുകൾ. റോഡിനിരുവശവുമുള്ള കടകളിൽ നിന്നും വീടുകളിൽ നിന്നും തീനാമ്പുകൾ ഉയർന്നുപൊങ്ങിയിരിക്കുന്നു. കരിഞ്ഞ പച്ച മാംസത്തിന്റെ ഗന്ധം എന്റെ മൂക്കിനെ തഴുകി തലോടി.’

‘നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന മനുഷ്യരുടെ ദീനരോദനങ്ങളും ഇരയേയും തേടി വട്ടമിട്ടു പറക്കുന്ന കഴുകൻമാരും മനസ്സിനെ പൊള്ളിച്ചുകൊണ്ടിരുന്നു.’

‘അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഞാനാ കാഴ്ച്ച കാണുന്നത്. രക്തത്തിൽ കുളിച്ചു നിൽക്കുന്ന രൂപം മുൻപിലൂടെ കടന്നു പോയി കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് നേരെ കൈകൾ ഉയർത്തി യാചിക്കുകയാണ്. സ്വന്തം ജീവൻ രക്ഷപ്പെടുത്താനുള്ള വെപ്രാളത്തിൽ ഓടുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ അയാളുടെ ദീന രോദനം കണ്ടില്ലെന്നു നടിച്ചു.’

‘ആരുമയാളെ എടുക്കാൻ ശ്രമിക്കുന്നില്ല, ഭയമാണവർക്ക്. സംഗതി കണ്ട് മനസ്സലിഞ്ഞ ഞാൻ അയാളെ എടുത്ത് വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലെത്തിച്ചു. ഒരുപാട് സമയം ഹോസ്പിറ്റലിൽ ചെലവഴിച്ചതിനു ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്‌.’

‘പിറ്റേന്ന് ചെന്നു നോക്കുമ്പോൾ മുറിയിലേക്ക് മാറ്റിയിരുന്നു. ഹോസ്പിറ്റലുകാർ അയാളിൽ നിന്നും ഫോൺ നമ്പർ വാങ്ങി വീട്ടിലേക്ക് വിളിച്ചു പറഞ്ഞതുകൊണ്ടയാളുടെ ഭാര്യ അവിടെയെത്തിയിരുന്നു.’

കുറെശ്ശെ സംസാരിക്കാൻ തുടങ്ങിയ അയാൾ എന്നെ കണ്ടതും സന്തോഷത്തോടെ ഞാനാണയാളെ രക്ഷിച്ചതെന്ന കാര്യം ഭാര്യയോട് പറയുകയും ചെയ്തു. അദ്ദേഹമാണ് ലെസ്ലി സായ്പ്പ്. ഗുജറാത്തിലെ ബാക്സ്റ്റർ മെഡിക്കൽ കമ്പനിയുടെ ക്വാളിറ്റി കൺട്രോളറായിരുന്നു. മനോഹരമായി മലയാളം സംസാരിക്കുമായിരുന്നു സായ്പ്പ്. കുറേക്കാലം നമ്മുടെ എറണാകുളത്ത് ജോലി ചെയ്തിരുന്നത്രെ. അങ്ങനെയാണ് മലയാളം പഠിച്ചത്.’

‘ജോലിയും കഴിഞ്ഞ് തെരുവിലൂടെ നടന്നുപോവുകയായിരുന്ന സായ്പ്പിനെ ആക്രമികൾ പിടികൂടി വെട്ടുകയായിരുന്നു. അവരിൽ നിന്നും ഒരു വിധത്തിൽ രക്ഷപ്പെട്ടാണയാൾ റോഡ് സൈഡിൽ വന്ന് വാഹനങ്ങൾക്ക് കൈ കാണിച്ചത്. സായ്പ്പുമായി എനിക്കുള്ള ബന്ധം തുടങ്ങുന്നത് അതു മുതലായിരുന്നു.’

‘ഹോസ്പിറ്റൽ വിട്ട് പോയതിനു ശേഷവും തമ്മിൽ ഫോണിലൂടെ ധാരാളം സംസാരിക്കുമായിരുന്നു. പിന്നീട് ഞാൻ അമുലിൽ നിന്നും ജോലി രാജി വെച്ച് ഗുജറാത്ത് വിടാൻ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഒരുപാട് വിഷമിച്ചിരുന്നു.’

‘നാട്ടിലെത്തി കുറച്ചു കാലം കഴിഞ്ഞപ്പോൾ സായ്പ്പ് കാണണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചു. അതു പ്രകാരമാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്’

‘മനസ്സിനെ റെയിൽവേ സ്റ്റേഷനിലെ ബഹളങ്ങൾക്കിടയിൽ കറങ്ങാൻ വിട്ട് ക്ഷമയോടെ കാത്തിരുന്നു. നിമിഷങ്ങൾ മിനുട്ടുകളായും മിനുട്ടുകൾ മണിക്കൂറുകളായും കടന്നു പോയി കൊണ്ടിരുന്നു.’

‘അവസാനം കാത്തിരുന്ന തീവണ്ടി സൈറൺ മുഴക്കിക്കൊണ്ട് യോദ്ധാവിനെ പോലെ നെഞ്ച് വിരിച്ച് മുൻപിൽ വന്നു നിന്നു.’

‘അതിൽ നിന്നും ലസ്ലി സായ്പ് ഭാര്യയുടെ കൈ ഊന്നുവടിയാക്കി ഇറങ്ങി വരുന്നത് ഞാൻ കണ്ടു.’

‘എന്നെ കണ്ടതും സായ്പ്പ് ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ചു’
.
‘എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്റെ പ്രിയ സഹോദരാ…?’

‘എനിക്ക് എന്ത് മറുപടി പറയണമെന്നറിയില്ലായിരുന്നു.’

‘സന്തോഷാധിക്യത്താൽ മനസ്സിന്റെ നില തെറ്റിപ്പോയിരുന്നു.’

‘നീയും നിന്റെ കുടുംബവും സുഖമായിരിക്കുന്നോ?’

‘ലെസ്ലി സായ്പ്പ് വീണ്ടും ചോദിച്ചു.’

‘നീണ്ട പത്തു വർഷങ്ങൾ നിന്നിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. അന്നു കണ്ടതുപോലെതന്നെ.’ ‘അദ്ദേഹം എന്നോട് പറഞ്ഞു.’

‘ഞങ്ങൾ സംസാരിച്ചു കൊണ്ട് റെയിൽവേ സ്‌റ്റേഷനു പുറത്ത് കടന്നു.’

‘ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രണ്ട്ദിവസങ്ങൾ സമ്മാനിച്ചിട്ടാണ് ലെസ്ലി സായ്പ്പ് മടങ്ങി പോയത്. നാട്ടിലെ കാഴ്ച്ചകൾ എല്ലാം തന്നെ ഞാനദ്ദേഹത്തിന് കാണിച്ചു കൊടുത്തു.’

‘അവസാനമാണ് സായ്പ്പ് എന്നോടത് പറഞ്ഞത്. ജോലി ഒഴിവാക്കി അദ്ദേഹം യൂറോപ്പിലേക്ക് പോവുകയാണത്രെ. യാത്രപറയാനായി വന്നതാണ്. ഇനി ഇൻഡ്യയിലേക്ക് വരുമോയെന്ന് ഉറപ്പില്ല.’

‘പോകുമ്പോൾ എനിക്കൊരു സമ്മാനവും തന്നു. അദ്ദേഹത്തിന്റെ പിതാവ് സമ്മാനമായി നൽകിയ വീഞ്ഞ് കുപ്പി. പതിറ്റാണ്ടുകൾ പഴക്കമുള്ളത്. പിതാവ് മകന് വേണ്ടി ലക്ഷങ്ങൾ കൊടുത്ത് ലേലത്തിൽ വാങ്ങിയതായിരുന്നു അത്.’

‘ലെസ്ലി സായ്പ്പ് എന്നോടുള്ള പ്രതേക സ്നേഹത്താൽ അത് കൈമാറുകയായിരുന്നു.’

‘ഇനി ഞാൻ പറയാൻ പോകുന്നത് വീഞ്ഞിനെ കുറിച്ചാണ്. എത്രയോ കാലത്തെ പഴക്കമുള്ള വീഞ്ഞിന് കോടികൾ തന്നെ വില വരും. ഇനി നിങ്ങൾക്കായി ഞാനത് കൈ മാറുകയാണ്.’

‘അത് വെച്ച സ്ഥലം നിങ്ങളോട് ഞാൻ പറഞ്ഞു തരില്ല. കാരണം നിങ്ങൾ എന്നെ മാനസികമായി ഒരു പാട് പ്രയാസപ്പെടുത്തിയിട്ടുണ്ട്. വീഞ്ഞ് കുപ്പി വെച്ച സ്ഥലം നിങ്ങൾ സ്വയം കണ്ടു പിടിച്ചു കൊള്ളുക.’

‘ഇതാകട്ടെ നിങ്ങൾക്കുള്ള എന്റെ ശിക്ഷ, ‘മുത്തശ്ശൻ പറഞ്ഞു നിറുത്തി.

അച്ഛനും കുടുംബാംഗങ്ങളും ഒരു പാട് നിർബന്ധിച്ചിട്ടും മുത്തശ്ശനത് വെളിപ്പെടുത്തിയില്ല. ശൂന്യതയിൽ നോക്കിക്കൊണ്ട് കിടക്കുക മാത്രം ചെയ്തു.

അവസാനം മുത്തശ്ശൻ മരണപ്പെട്ടു. അതൊരു വൈകുന്നേരമായിരുന്നു. വീട്ടിലെ ആണുങ്ങൾ മുറ്റത്തെ മൂലയിലിരുന്ന് ചെറുതായൊന്നു പിടിപ്പിച്ചു കൊണ്ട് വീഞ്ഞിനെ കുറിച്ച് സംസാരിച്ചിരിക്കുകയായിരുന്നു. സ്ക്കോച്ച് വിസ്ക്കിയുടെ ബലത്തിലവർ മുത്തശ്ശനെ തെറിപറയുന്നുമുണ്ട്. അതെല്ലാം നോക്കി പൂമുഖപടിയിൽ ഞാൻ രസിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് അകത്തു നിന്നും കൂട്ട നിലവിളി ഉയരുന്നത്. ചെന്നു നോക്കിയപ്പോൾ കണ്ണുകൾ നിശ്ചലമാക്കി അനങ്ങാതെ കിടക്കുന്ന മുത്തശ്ശൻ. കൈപിടിച്ചു നോക്കി. പൾസ് നിലച്ചിരിക്കുന്നു. ആത്മാവ് ശരീരത്തെ ഉപേക്ഷിച്ച് യാത്രയായിരിക്കുന്നു.

മരിച്ച് മൂന്നാം ദിവസം തുടങ്ങിയ അന്വേഷണമാണ്. പക്ഷെ നിരാശ മാത്രം പകുത്ത് നൽകി വീഞ്ഞ് ഞങ്ങൾക്ക് പിടി തരാതെ ഒളിച്ചിരിക്കുക തന്നെയാണ്. ഓർമ്മയിൽ നിന്നുണർന്ന് കൊണ്ടയാൾ പിറുപിറുത്തു.

മഴ കുറഞ്ഞിരിക്കുന്നു. ആലിപ്പഴങ്ങള്‍ കാണാനില്ല. മണ്ണിൽ ലയിച്ചു പോയിരിക്കാം. അച്ചൻ വടക്കെ കോലായയുടെ മൂലയിൽ കിളച്ചു നോക്കുന്നതയാൾ കണ്ടു. വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും അദ്ദേഹം വീഞ്ഞും അന്യേഷിച്ചുള്ള യാത്രയിൽ തന്നെയാണ്. കുടുംബക്കാരെല്ലാം തന്നെ കാലം ഇത്രയായിട്ടും അതിന്റെ പിറകെ തന്നെയാണ്. കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ.
പ്രതീക്ഷകളാണല്ലോ ഓരോ മനുഷ്യനെയും മുന്നോട്ട് നയിക്കുന്നത്?. ചിലപ്പോൾ ലെസ്ലി സായ്പും വീഞ്ഞും ചില പ്രതീകങ്ങളായിരിക്കാം. ഒന്നും ഉറപ്പിച്ചു പറയാൻ പറ്റാത്ത അവസ്ഥ.

കാലം കടന്നു പോയ്കൊണ്ടേയിരുന്നു, വീഞ്ഞു കുപ്പിക്കായുള്ള അയാളുടെയും കുടുംബത്തിന്റെയും കാത്തിരിപ്പും. ജരാനരകൾ ശരീരത്തിനും മനസ്സിനും ബാധിച്ചിട്ടും അവർ പ്രതീക്ഷ കൈവിടാൻ ഒരുക്കമായിരുന്നില്ല.

പുതു തലമുറകൾക്ക് വീഞ്ഞിന്റെ കഥ കൈമാറ്റം ചെയ്യപ്പെട്ടു വന്നു. തലമുറകൾ കൈഴിയുന്തോറും വീഞ്ഞും അന്വേഷിച്ചു നടന്ന അമാനുഷിക കഥാപാത്രങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. അവരെ കാലം ധീരൻമാർ എന്നു വിളിച്ചു.

പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അപ്പോഴും വീഞ്ഞു കുപ്പി എവിടെയോ മറഞ്ഞു തന്നെ നിന്നു. ഇനിയെന്താകും എന്നയാൾക്കറിയില്ല. ചുക്കിച്ചുളിഞ്ഞ ശരീരവുമായി മരണത്തേയും കാത്തു കിടക്കുകയാണ് അയാൾ. അയാളുടെ കട്ടിലിനു ചുറ്റും ബന്ധുക്കൾ തടിച്ചുകൂടിയിരിക്കുന്നു.

വീഞ്ഞു കുപ്പി കിട്ടിയിരുന്നെങ്കിൽ. അപ്പോഴും അയാൾ മനസ്സിൽ കരുതിയത് അതായിരുന്നു.

ഏതെങ്കിലും ഒരു തലമുറയ്ക്ക് വീഞ്ഞു കുപ്പി കണ്ടുകിട്ടുമായിരിക്കും. അയാൾ ഓർത്തു.

കിട്ടാതെവിടെ പോകാൻ…?.

കോഴിക്കോട് ചേമഞ്ചേരി സ്വദേശി. നവമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതുന്നു.