വിസ്‌മൃതിയിൽ നിലാവ് പെയ്യുമ്പോൾ

വിസ്മൃതിയിലെങ്ങോ നിലാവു പെയ്തൊഴിയവേ..
നിന്റെ തീരങ്ങളിൽ ഇളവേൽക്കുവാൻ വന്ന
ഒരു മേഘശകലമായ് ഒഴുകിയിരുന്നു ഞാൻ.

ഇരുൾ മാഞ്ഞു മെല്ലെ തെളിയുന്ന മാനം പോൽ
മറവിതൻ മറനീക്കി വരികയായ് ഓർമ്മകൾ.
കനവിന്റെ ചരടിൽ കൊരുത്ത തീപ്പൂക്കളായ്
നിൻ പ്രണയമെന്നെച്ചുട്ടുപൊള്ളിക്കവേ…

വീണ്ടുമാ പിൻവിളിയിലുള്ളം നടുങ്ങിയോ?
അന്യൻ… എന്നും നീയെനിക്കന്യൻ..!

ഉച്ചക്കൊടുംവെയിലിലൊരു മരഛായതൻ
കുളിർ പറ്റി ഒരു മാത്ര; ഒന്നായി നിന്നവർ..
ഇരുവഴിയേ പിരിഞ്ഞവർ നമ്മളെന്നും ഒരു
വാക്കിന്റെ ഉൺമയെ മുറുകെ പുണർന്നവർ..

നിറമുള്ള നിഴലുപോലൊരു വ്യർത്ഥമോഹത്തിൻ
ചിരിയും നിരാശയും എന്നേ പകുത്തവർ
ഇരുവഴിയേ നടന്നവർ നമ്മളെന്നും ഒരു-
വാക്കിന്റെ ഉൺമയെ മുറുകെ പുണർന്നവർ.

വറുതി തൻ തീക്കനലിലുരുകി ഉറയുമ്പോഴും
വാടാതെ കാത്ത നിൻ പ്രണയ പുഷ്പങ്ങളെ
നെഞ്ചോടു ചേർക്കവേ പിന്നെയുമിന്നെന്റെ
ഓർമ്മകൾ വിങ്ങിയോ.. മിഴികൾ നിറഞ്ഞുവോ..

പൊളളും പനിച്ചൂടിലിന്നീ കരിമ്പട-
ക്കൂടിനുള്ളിൽ ഞാൻ തനിയെ കിടക്കവേ …
നിദ്രയുമെന്നെ മറന്നു രാവേറവേ ..
നിൻ ഹൃദയതാളമെൻ നോവിൽ പടർന്നുവോ ..

ഒരു മഞ്ഞുകണമായ് ഞാൻ
നിലാവിൽ അലിഞ്ഞുവോ…

ഗവൺമെൻറ് സർവീസിൽ ആണ്. Wordket എന്ന ബ്ലോഗിൽ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. തൃശൂർ സ്വദേശി.