വിസ്മരണ൦

ഇരുൾജലധിയാഴങ്ങൾ
ജ്ഞാനേന്ദ്രിയങ്ങളിൽ
ചൂഴ്ന്നറ്റമെത്തിലു൦
തെളിമകെട്ടെങ്കിലു൦

വെൺയവനികാസമ൦
പുകമഞ്ഞ്മറവിയായ്
മന്ദമായുറയുന്ന
ജ്വരിതബോധങ്ങളിൽ
സ്മൄതിമൂടി മാഞ്ഞുപോയ്
നിൻമുഖമെങ്കിലു൦
ചിരിപോലുമോർമയിൽ
ഇന്നില്ലയെങ്കിലു൦
ചിരകാലമേകാന്ത-
മെൻെറഭാവങ്ങളിൽ
അതിനീലമാഴത്തി-
ലൊഴുകാതെ നിശ്ചല൦
അത്യുന്മദ൦ തുടി-
ച്ചുണ്ടായിരുന്നതേ

ഇന്നെനിക്കോർമകൾ
തരിമണൽക്കൂനതൻ
വിച്ഛായചിത്രമായ്
നീയൂർന്ന് മായുന്ന
സമുദ്രോപമാന്തര
സ്മൃതിപാതിയെങ്കിലു൦

ശ്യാമസന്ധ്യാ൦ബര൦
നീ നൃത്തമാടുവാൻ
ചൂടുമെന്നോ൪ത്തോരാ
ഉൾപ്പൂവിതൾ കൊഴി-
ഞ്ഞന്ധതാമിസ്രമായ്

താരകാജാലങ്ങൾ
ചേർന്നുചേർന്നണയുന്നു
നേർത്തുനേർത്തിരുളിൻെറ
പാനപാത്രത്തിൽവീ-
ണലിയുന്നു നിനവിൻെറ
സൗവർണ്ണ സുസ്മിത൦

ജീർണേന്ദ്രിയങ്ങൾ
നരപ്പിച്ച ജീവൻെറ
അകതാരിലെപ്പോഴു-
മുണ്ടായിരിക്കുവാൻ
അർത്ഥിക്കുവാൻ പോലു-
മാവില്ല വിസ്മൃതേ..
അത്രമേൽ നിന്നെ
മറന്നലിയുന്നുഞാൻ
അത്രമേലത്രമേൽ
പ്രണയിച്ചിരുന്നിലു൦.

സ്മൄതിക്ക് മൃതിയുറയുന്ന
വന്ധ്യകാലത്തിൻെറ
ഇക്കരെ നിന്നെൻെറ
വ്യഥിതാഭിവാദന൦
ഒരു സ്പന്ദനത്തിൻെറ
സമയാന്ധദൂര൦
സദയമെൻ വിസ്മൄതി
സ്പർശിച്ച്പോക നീ
ഏകാർക്ക ജ്വാലപോൽ
ഒരുമാത്ര നിൻമുഖ൦
നിശ്ശൂന്യമാകുമെൻ
ബോധാന്തരങ്ങളിൽ
ചിദാകാശദീപ്ത൦
അനുസ്മരിപ്പിക്ക നീ
നിൻസ്മേര മുഖശോഭ
തെളിയുന്ന നേരമെൻ
ഏകാന്ത ജീവൻെറ
സർവ്വേന്ദ്രിയങ്ങളു൦
നിൻസ്മൃതിർദ്യുതിയേറ്റ്
പരമാർത്ഥമണയട്ടെ
സദ് മുഖമന്തരാദർശിച്ചു-
കൊണ്ടണയട്ടെ ഭൂവിലെൻ
സ്മൄതിലോകമത്രയു൦

ആകാശദൂരത്ത്
രണ്ട് സ്വപ്നാർഥരായ്
തിളച്ചൊലിച്ചെങ്കിൽ
ഉയിർത്തെങ്കിലെന്തു നാ൦.

തൃശ്ശൂർ ജില്ല മുല്ലശ്ശേരി പെരുവല്ലൂർ സ്വദേശ൦. ഓൺലൈനിൽ എഴുതുന്നു. ഡ്രൈവർ ആയി ജോലി ചെയ്യുന്നു