വിധിനിർണയം കഴിഞ്ഞപ്പോൾ
മാറ്റിനിർത്തപ്പെട്ട ചിത്രങ്ങളുടെ
ജീവിതഭാഷ തേടിയാണ്
ക്ലാസിലെത്തിയത്.
നിമിഷയുടെ അമ്മയ്ക്കും കുഞ്ഞിനും
നിർവികാരതയുടെ
ഭാവപ്രപഞ്ചമാണെങ്കിലും
മികച്ച ശരീരഭാഷ.
പോറ്റമ്മയെ മാത്രം
കണ്ടവളുടെ വരയിൽ
സ്നേഹത്തിന്റെ ലാവണ്യം
പ്രകടമല്ലെന്ന് പറയാൻ
ആർക്കാണവകാശം?
റജീനയുടെ അമ്മയിൽ
സ്ത്രൈണതയുടെ അനുപാതം
തീരെ കുറവാണത്രേ.
ഖൽബിൽ വാപ്പയുടെ
സുരക്ഷിതത്വം കരുതി വച്ച
ഉമ്മയാണവളുടെ മാതൃക.
മാജിദിന്റെ അമ്മയുടെ ഒക്കത്ത്
വലിയ തലയുള്ള
മീശ മുളച്ചൊരു ചെക്കൻ.
“ദ് ന്റെ കാക്ക
ഓനെ ന്റുമ്മ പ്പളും ടുക്കും.”
എന്ന പ്രഖ്യാപനത്തോടെ
കൂർത്ത നോട്ടങ്ങളുടെ
ചോദ്യമുനകളൊക്കെ
ഒടിഞ്ഞു മടങ്ങി.
കുഞ്ഞിന്റെ ശോഷിച്ച കാലുകൾക്ക്
ചുള്ളിക്കമ്പിന്റെ രൂപം.
വിലയിരുത്തലിന്
ചിത്രഭാഷയുടെ മാനദണ്ഡങ്ങൾക്കൊപ്പം
ജീവിതചിത്രങ്ങൾക്ക്
സമാന്തരങ്ങളില്ലെന്ന
പുതിയൊരദ്ധ്യായം കൂടി
ചേർക്കേണ്ടിയിരിക്കുന്നു.