എന്തെങ്കിലും ഒന്ന് ചെയ്യണം
എന്ന് ആഗ്രഹിക്കുന്ന തല്‍ക്ഷണം
മനസ്സ് പറയും പിന്നാവട്ടെ, പിന്നാവട്ടെ…..
ശരീരം സദാ വിശ്രമം
ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു
നീ എന്റേതെന്ന് ഞാൻ ശരീരത്തോട്
പലതവണ പറഞ്ഞുറപ്പിച്ചുകഴിഞ്ഞു
പക്ഷേ തീരെ അനുസരണയില്ല
ഒട്ടും സഹനുഭൂതിയില്ലാത്തവൻ
എനിക്കിട്ട് ഏറ്റവും കൂടുതൽ
പണിതന്നതും ഈ ശരീരം തന്നെ
വേറൊരാളും ഇത്രയധികം
എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല, നെറികെട്ടവൻ.
അപ്പോൾപ്പിന്നെ ഈ ശരീരം
എന്റേതാണോ എന്നൊരു സംശയം!
ശരീരവും മനസ്സും ഇത്രയധികം
അടുത്തിരിക്കുന്നതാണ്
ഈ പ്രശ്നങ്ങൾക്കെല്ലാം
കാരണം എന്നൊരു തോന്നൽ!
അടുത്തിരിക്കുന്നവർക്ക് ഒരിളവ്
കൊടുക്കുന്നതുപോലെ.
അപ്പോൾ ‘ഞാൻ’ അതെവിടെ?
ശരീരം,മനസ്സ്,ഞാൻ ഇതൊക്കെ-
ആരാണ്? ആകെ ഒരു ആശയക്കുഴപ്പം
ഉറങ്ങുമ്പോൾ ഞാനില്ല
അതുകാര്യമായി!
സുഖിക്കുക എന്ന് ഭോഗലോകം
പറഞ്ഞു പഠിപ്പിച്ചത് ഈ വിശ്രമത്തിനെയാണ്
ചുമ്മാതിരിക്കുന്നവന്റെ മനസ്സിൽ
ചെകുത്താൻ കയറുമെന്ന് പഴഞ്ചൊല്ല്
അപ്പോൾ സുഖിമാൻ എന്ന് വെച്ചാൽ
ചെകുത്താനാണോ?
മണ്ണ്, പെണ്ണ്, പണം ഇതിനെല്ലാം
ചരിത്രത്തിൽ യുദ്ധം വരെ നടന്നിരിക്കുന്നു
പിന്നെ ഇങ്ങനെ സുഖിച്ച്
വിശ്രമിക്കുന്നതിൽ എന്താ ഒരു കുഴപ്പം?
മടിയൻകസേരയിൽ ചാരിക്കിടക്കുന്ന
ശരീരം മനസ്സിനെക്കൊണ്ട്
എൻെറ ചെവിയിൽ ഇങ്ങനെ പറയിച്ചു…
എങ്കിൽ പിന്നാവട്ടെ എന്ന് പറഞ്ഞുകൊണ്ട്
തലയുടെ പിൻഭാഗത്തേക്ക്
കൈകൊടുത്തൊരുറക്കം.