വിശപ്പിന്റെ കൊടി

പേര് ചേർത്തൊരു കാര്യം പറയുന്നത്
കഞ്ഞി വാർക്കുന്നതുപോലെത്തന്നെ.
അധികശ്രദ്ധ ചിലവാകുന്ന ഏർപ്പാടാണ്.
ഇന്ന്  ബീഫാണ് കറി.

ഇക്കാര്യം പറയുമ്പോൾ,
ഇതിനൊപ്പം ചേർക്കേണ്ട പേര്
അടുത്ത വീട്ടിലെ
രാമേട്ടന്റെയാകുമ്പോൾ
പേര് വ്യക്തമായി പറയേണ്ടതുണ്ടോ?

ഉണ്ടെന്നും ഇല്ലെന്നും
വന്നേക്കാം.

രാമേട്ടനിന്ന് ബീഫാണ് കറി.

കേൾക്കുമ്പോൾ
ചെറിയൊരു…….
ഉണ്ടോ?

ബീഫിന്റെ കാര്യമാകുമ്പോൾ
വല്ലാതെ പ്രശ്നമാകുന്ന
കാലത്താണ് രാമേട്ടൻ
ഉണ്ണാനിരിക്കുന്നത്.

ഇതറിഞ്ഞാൽ
അയാളിനി ഉണ്ണാതിരിക്കുമോ

സാധ്യതയില്ല.

കാരണം
അയാളുടെ പ്രശ്നം
മുറ്റത്ത് കെട്ടിയ
പശുവാണ്.

അതിനുതിന്നാൻ
അരിഞ്ഞെടുക്കേണ്ട
പുല്ലാണ്.

അരിവാളെടുത്ത്
ഇറങ്ങാൻ തുടങ്ങുമ്പോളാണ്
‘രണ്ടുവായ ഉണ്ടേച്ചു പോ രാമേട്ടാ’
എന്ന വിളി കേറിവന്നത്.

‘പശുവിന്റെ വിശപ്പോളം
ഭാരമുള്ള
രാമേട്ടന്റെ വിശപ്പ്.’

വാക്കുകളുടെ
ഇടയിൽ കുടുങ്ങിയ
ബീഫിൽ
നാക്ക് തൊട്ടുനോക്കാൻ
വരുന്നവർക്കു കാണാൻ
രാമേട്ടൻ
ഉയർത്തിപ്പിടിച്ച കൊടി.

കൊച്ചിയിൽ ഒരു പരസ്യ ഏജൻസിയിൽ ക്രീയേറ്റീവ് ഡയറക്ടർ ആയി ജോലി ചെയ്യുന്നു. ഓൺലൈൻ പോർട്ടലുകളിലും സോഷ്യൽ മീഡിയയിലും കവിതകൾ എഴുതുന്നു. മാളക്ക് അടുത്ത് കുഴുർ സ്വദേശി . ഇപ്പോൾ വൈറ്റിലയിൽ താമസം.