ഒരുദിനമിരവിൽ, അഴലുവിരിച്ചൊരു
കാർമുകിൽ മനമോടെ
പ്രിയസഖിരാധയ്ക്കരുകിലിരുന്നൂ
കോമളമണിവർണ്ണൻ.
കദന ഹൃദന്തത്താളലയങ്ങൾ
നടമാടും മിഴികൾ
വേദനനൽകിയ രുധിരാഭയുമായ്
നിറയുവതുംകണ്ടു.
“ഇതുവരെ നിന്നുടെകൺകളിലീറൻ
പകർന്നതില്ലല്ലോ?
പറയുക കണ്ണാ,നിന്നകമെന്തേ
നീറിപ്പുകയുന്നു.?”
“കാമിനി ഞാൻ നിൻ സവിധത്തിൽ ചേർ-
ന്നലിഞ്ഞിരിക്കുമ്പോൾ
നിത്യവുമെൻ വ്യഥയെല്ലാം ദൂരെ –
പ്പറന്നു പോകുന്നു.
ഇന്നെൻ ഹൃത്തിലുണർന്നല്ലോ,
മൽബാല്യത്തിൻ നീറ്റൽ
അറിയുക സഖി നീ,യെൻ ജനനത്തിൻ
ദുഃഖതഭാവങ്ങൾ
ദൂരത്തുള്ളൊരു തടവറതന്നിൽ –
പ്പിറന്നു ഞാനെന്നോ
ഇടിയും,മഴയും,കാറ്റും,കോളും
നിറഞ്ഞരാവൊന്നിൽ.
ജന്മം നൽകിയൊരമ്മച്ചൂടിൽ –
ച്ചേർന്നു കിടക്കാതെ,
അക്കരലാളനമേറ്റീടാതെ,
താരാട്ടറിയാതെ,
അമ്മിഞ്ഞപ്പാൽമധുരം നാവിൽ –
പ്പകർന്നുകിട്ടാതെ,
എന്നുടെ ജന്മം യമുനകടന്നീ
വൃന്ദാവനമെത്തി.
ചൂരൽക്കൂടക്കുള്ളിലൊളി –
പ്പിച്ചച്ഛൻ ‘നീറു’മ്പോൾ
ഉള്ളിലിരുന്നെൻ ഹൃദയംവിങ്ങി –
പ്പലകുറി ഞാൻ തേങ്ങി.
ആ കൈവിരലിൽത്തൂങ്ങി നടക്കാൻ
കഴിഞ്ഞതില്ലല്ലോ,
താതൻ നൽകിടുമപ്പരിലാളന –
മറിഞ്ഞതില്ലല്ലോ.
ക്രൂരതമുറ്റിയൊരെൻ മാതുലനാൽ
പീഡനമേറ്റവിടെ
തടവിൽപ്പാർക്കുന്നവരെ നിനച്ചാൽ
ഹൃദയംപൊട്ടുന്നു.
ഈവിധ ചിന്തകളെന്നിൽ ദിനവും
പകർന്നിടും ദുഃഖം
എങ്കിലുമവ, യപ്പാടെയകറ്റി_
ച്ചിരിച്ചിടുന്നൂ ഞാൻ.
പിഞ്ചു കിടാവാമെന്നെ വധിക്കാന-
യച്ചു മാതുലനാൽ
എത്രഭയങ്കര രാക്ഷസരൂപികൾ
വേഷ പ്രച്ഛന്നർ.
ഒന്നോർക്കുകിലീ നന്ദനവാടിയി-
ലനാഥനല്ലേ ഞാൻ
എന്റെ ഹൃദന്തം താളംതെറ്റാ-
നിടയ്ക്കിതെത്തുന്നു.
പറയുകസഖി നീ, യെന്റെ വിലാപ –
ച്ചുഴിയുടെയാഴത്തിൽ –
ക്കറങ്ങിടുന്നോരുണ്ടോ നമ്മുടെ –
യിച്ചെറുപ്രായത്തിൽ. “
“അരുതരുതേയെൻ കാർമുകിൽവർണ്ണാ
കരഞ്ഞിടല്ലേ നീ..
നിന്നുടെ ഹൃത്തിൻ നൊമ്പരമെന്നിൽ
പടർന്നിറങ്ങുന്നു.
പോവുകയൊരുനാൾ ജനനീ സവിധേ,
താതനുമുണ്ടല്ലോ
അവരെക്കണ്ടിട്ടെത്തുക വേഗം
കാത്തിരിക്കാം ഞാൻ “.
മാധവ മാനസമുരുകിയതല്പം
തണുത്തു വന്നിടവേ,
പീലിത്തുണ്ടാലവനെയുഴിഞ്ഞൊരു
മുത്തം നൽകിയവൾ.