പുറത്തേക്ക് പെയ്തിറങ്ങാതെ
ഉള്ളിലെ പ്രളയച്ചുഴിയിലകപെട്ട്
ഓരോ തുള്ളിയും സംഹാരതാണ്ഡവമാടുന്നു
സമ്മർദ്ദങ്ങളുടെ സ്നേഹശാസനകളാൽ,
ആകുലതകളുടെകടങ്കഥയ്ക്കുത്തരം
തേടുന്നു വിരഹം.
തീരമണയാൻ വെമ്പിടുന്ന
തിരകളിലെ മണൽ തരികൾ,
ഓർമ്മകളുടെ നീലിമയാഴങ്ങളിൽ
മുങ്ങിത്താഴുന്നു മൂകമായ്.
ജീവിത കർമ്മപഥത്തിലലയുന്ന
ചിന്തകളെയും പേറി,
മൂടികെട്ടി
ഇനിയെത്ര കാലം മുന്നോട്ടലയണം നാം ?
മൊഴിയാനാകാതെ
മിഴിയിലൊതുക്കേണം
മൗനം.
ഘടികാര സൂചികൾ
വിരസതയുടെ പാതയോരങ്ങളിലേക്ക്
ആരെയോ തേടി മൗനമായ് നീങ്ങുന്നത്
കാണുന്നുവോ നീ കാലമേ..?