വിരലുകള്‍ ഇണചേരുമ്പോള്‍ കവിതയാകുന്നു

റീമ അജോയ്

സൈക്കിൾ, ജ്വാലാമുഖി എന്നിവയാണ് പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങൾ. കളമശ്ശേരി സ്വദേശി. ആനുകാലികങ്ങളിലും കവിത എഴുതുന്നു.


കവിതയെഴുതുന്നവരോട് എനിക്ക് അസൂയയാണ്.  എല്ലാ കഥാകൃത്തുക്കള്‍ക്കും നേരിയ തോതിലെങ്കിലും ഉണ്ടായേക്കാവുന്ന ഒന്ന്.  ഒരു കാലത്ത് കവിതകളെന്ന പേരില്‍ ഞാനും ചിലത് കുത്തിക്കുറിച്ചിരുന്നു. അതിലെ കഥയില്ലായ്മകള്‍ വളര്‍ന്ന് വളര്‍ന്ന് കാച്ചിക്കുറുക്കിയെടുക്കേണ്ടുന്ന വാക്കുകള്‍ക്കു പിന്നില്‍ ഓടിയോടിത്തളര്‍ന്ന് ഒരു ദിവസം പെട്ടെന്ന് ഞാന്‍ കവിതയെ അല്ലെങ്കില്‍ കവിത എന്നെ ഉപേക്ഷിച്ചു. പതുക്കെപ്പതുക്കെ വായനകളില്‍ നിന്നും കവിതകള്‍ ജലരേഖകള്‍ പോലെ മാഞ്ഞുമാഞ്ഞുപോയി.

അതിനും ശേഷം, വായന തന്നെ വൈകുന്നേരവെയിലായി മങ്ങിയില്ലാതെയായി.  ഇരുട്ടിലെ നക്ഷത്രപൊട്ടുകളായി വായിച്ചുപേക്ഷിച്ച വരികളുടെ ഓര്‍മ്മകള്‍ മാത്രം ജ്വലിച്ചു നിന്നു; ഏഴാം വയസ്സില്‍ കവിതകളെഴുതിത്തുടങ്ങിയ ഒരു പെണ്‍കുട്ടിയുടെ തോറ്റുപോയ ഹൃദയമിടിപ്പുകളും  സച്ചിദാനന്ദനും ചുള്ളിക്കാടും കടമ്മനിട്ടയും അങ്ങനെ ചിലരും ആവേശിച്ചവരായിരുന്നു എന്‍റെയും തൊട്ടു പുറകിലുള്ളവരുടേയും തലമുറകളിലെ കവിതാപ്രേമികള്‍.  കുറത്തിയും യാത്രാമൊഴിയും വേനല്‍മഴയും ഞരമ്പുകളില്‍ തീയായി എരിഞ്ഞിരുന്നു.  പീതസായന്തനത്തിന്‍റെ നഗരവും ഗോപികയെ അറിയാത്ത കൃഷ്ണനും മഴയുടെ ചില്ലുകുഴലുകളിലൂടെ വന്നിറങ്ങിയ കുഞ്ഞുമാലാഖമാരും ഏതു മരണങ്ങളിലും മറക്കാത്ത വിധം ചുണ്ടുകളില്‍ വിറയാര്‍ന്നു ജീവിച്ചിരുന്നു.
 
ആധുനികതയ്ക്കൊപ്പം നടക്കുമ്പോള്‍ തന്നെ, വൈലോപ്പിള്ളിയുടെ പഴഞ്ചന്‍ സ്നേഹങ്ങളെ നെഞ്ചോടു ചേര്‍ത്തു പിടിക്കുകയും, എന്നുടെയൊച്ച കേട്ടുവോ വേറിട്ട് എന്നെത്രയും പെണ്‍മയാര്‍ന്ന് ആര്‍ദ്രയാവുകയും ചെയ്തിരുന്നു.  അവിടങ്ങളില്‍ വച്ചെവിടെയോ എന്‍റെ കാലിടറി സമാനമനസ്കര്‍ വായിച്ചുമുന്നേറിയപ്പോള്‍ ഞാന്‍ പുസ്തകങ്ങളും വരികളുമില്ലാത്ത ഒരു ഇരുട്ടുമുറിയില്‍ കേറി സ്വയം ഒളിച്ചിരുന്നു.  അപ്പോഴും അതിനുശേഷവും വന്ന മിടുക്കരും അല്ലാത്തവരും ആയ പല കവികളെയും ഞാന്‍ അറിയാതെ പോയത് അതുകൊണ്ടാണ് എസ്. ജോസഫ് മലയാളകവിതയ്ക്ക് കത്തെഴുതിത്തുടങ്ങിയ ആ കാലത്ത് ഞാന്‍ മലയാളകവിതയില്‍ നിന്ന് അകന്നകന്നുപോയി.
 
പിന്നെയും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ കവിതകള്‍ വീണ്ടും വായിച്ചുതുടങ്ങിയത്.  അതിനുത്തരവാദി സോഷ്യല്‍ മീഡിയ ആയിരുന്നു. പ്രിന്‍റില്‍ വരുന്നതിന്‍റെ നൂറിരട്ടി വായനകള്‍ ആടിത്തിമിര്‍ക്കുന്ന സ്ഥലം കവിതകള്‍ തന്നെ വായിക്കണമെന്ന് എനിക്കു നിര്‍ബന്ധമൊന്നുമില്ലായിരുന്നു. കണ്ടതും മുന്നില്‍ പെട്ടതും അധികവും കവിതകളാണെന്നു മാത്രം.  ആണും പെണ്ണും മുഖമുള്ളവരും മുഖമില്ലാത്തവരും ബ്ലോഗുകളിലും ഗ്രൂപ്പുകളിലും പേജുകളിലും കടലായൊഴുക്കുന്ന, ആയിരക്കണക്കിന് കവിതകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഴ്ചപ്പതിപ്പുകളില്‍ രണ്ടു പേജുകളിലായി ഒന്നിച്ചച്ചടിച്ച നാലു കവിതകള്‍ കണ്ടു ശീലിച്ച ഞാന്‍, ആ കവിതകളുടെ കടല്‍ കണ്ട് പകച്ചു എങ്കിലും ആ കടലില്‍ എന്‍റേതായ ചില സൂത്രവലകളുമായി ഒഴുകി നടക്കാന്‍ ഒരു രസമുണ്ടായിരുന്നു.  ആരും കാണാത്ത, ശബ്ദമുണ്ടാക്കാതെ, ഞാനെന്‍റെ സൂത്രവലയില്‍ മുഴുത്തമീനുകള്‍ ചാടിവീഴുന്നത് ആസ്വദിച്ചു.  ചപ്പുചവറുകള്‍ക്കിടയിലും വന്‍ മത്സ്യങ്ങള്‍ക്കു പഞ്ഞമുണ്ടായിരുന്നില്ല.  പലരും അതിശയിപ്പിച്ചു, ചിലരൊക്കെ അസൂയപ്പെടുത്തി പരിതാപവും സഹതാപവും തോന്നിപ്പിക്കുന്ന, ഒന്നിനും കൊള്ളാത്ത നൂറായിരം കവികള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നുള്ളതും അവരില്‍ പലര്‍ക്കും അനര്‍ഹമായ ജനപിന്തുണ ലഭിക്കുന്നുവെന്നുള്ളതും സത്യമാണ്.
 
പക്ഷേ ഇതിന്‍റെയൊക്കെ ഇടയിലും നെഞ്ചിലേക്കു കൂര്‍ത്തെറിയുന്ന നോട്ടങ്ങളും കടല്‍ജലത്തില്‍ നൃത്തചിത്രങ്ങള്‍ വരച്ചിടുന്ന ദ്രുതചലനങ്ങളുമായി എത്രയോ സ്വര്‍ണ്ണമത്സ്യങ്ങള്‍ കവിതയുടെ റാണിമാരും രാജാക്കന്മാരും ആയി ഉണ്ടായിരുന്നു.  ഇവര്‍ക്കൊക്കെ പ്രിന്‍റ് മീഡിയായിലും ഇടങ്ങള്‍ കിട്ടുന്നുണ്ടോ എന്നതില്‍ എനിക്കു സംശയമുണ്ടായിരുന്നു.  ഉണ്ടെങ്കിലും, ഇല്ലെങ്കിലും, മാധ്യമം ഏതായാലും, വായന  വായന തന്നെയാണ് എന്നും മനസ്സിനെ സ്പര്‍ശിക്കാന്‍ കഴിവുള്ള വരികള്‍ക്ക് ഏത് ഉപ്പുവെള്ളത്തിലും നീന്തിത്തുടിക്കാനാവും എന്നും എന്‍റെ വായനാവലകളില്‍ കുടുങ്ങിയ അനേകം മീന്‍ കൂട്ടങ്ങള്‍ എന്നോടു പറഞ്ഞു.
 
അത്തരം മുഴുത്ത മീനുകളുടെ കൂട്ടത്തിലാണ് റീമയും ആദ്യമായി എന്‍റെ വായനയില്‍ വന്നുപെട്ടത്. വായിച്ച ആദ്യ കവിത ‘സൈക്കിള്‍’ ആയിരുന്നു. വെറുതേയിരുന്നു ബോറടിക്കുമ്പോഴുള്ള പ്രധാന വിനോദങ്ങളിലൊന്നായ ഫേസ് ബുക്ക് തെണ്ടലുകള്‍ക്കിടയിലെപ്പെഴോ ആണ്  ആ കവിത മുന്നിലേക്ക് ചാടി വീഴുന്നത്. എനിക്കധികം പരിചയമില്ലാത്ത, അല്ലെങ്കില്‍ ചില സക്കറിയക്കഥകളിലും ജോസഫ് കവിതകളിലും ഒക്കെ വായിച്ച് എത്രയും പരിചിതമായ ഒരു അന്തരീക്ഷത്തില്‍ വരച്ചിട്ട ഒരു കവിത.  കവിതയും കഥയും വായിച്ചാലും സിനിമ കണ്ടാലും കരയരുതെന്ന് എന്‍റെ ദുരഭിമാനിയായ മനസ്സിന് ഒരു പെണ്‍ ശാഠ്യമുണ്ട്.  എന്നിട്ടും, മനസ്സിന്‍റെ കോണുകള്‍ അല്‍പം നനഞ്ഞു എന്നതില്‍ എനിക്കൊട്ടും അലോസരം തോന്നിയില്ല.  ‘സൈക്കിളി’ലെ അപ്പനെപ്പോലെയൊരാള്‍ എന്‍റെ ജീവിതത്തിലുണ്ടായിരുന്നില്ല.  എന്‍റെ അച്ഛന്‍ പറഞ്ഞു തന്ന കഥകള്‍ വ്യത്യസ്തമായിരുന്നു.  എന്‍റെ അടുക്കളയില്‍ ഉപ്പുമാങ്ങകള്‍ തിക്കിത്തിരക്കിയ ഭരണികള്‍ ഉണ്ടായിരുന്നില്ല.  എങ്കിലും, വരികളിലുടനീളം ഞാനെന്‍റെ വീടിനെ കണ്ടു.  അതില്‍ തുടിച്ചിരുന്ന ജീവിതങ്ങളേയും വായന കഴിഞ്ഞപ്പോള്‍ പരിപ്പുകറിയുടെ ഉന്മാദ ഗന്ധവും ഉപ്പുമാങ്ങകളുടെ പനിച്ചൂടും എന്‍റെ ചോരയില്‍ തെഴുത്തു ആകാശങ്ങളില്‍ നിന്ന് പരിചിതമായ ചില സൈക്കിള്‍ മണിയൊച്ചകള്‍ ചിറകടിച്ചു താഴേക്കിറങ്ങി.  അതിന്‍റെ സംഗീതത്തില്‍ നനഞ്ഞ്, ഞാനും
വളര്‍ന്ന്
വളര്‍ന്ന്
വളര്‍ന്ന്
മാനം മുട്ടുന്ന ഞാനായി.
 
ഒരു ലോകോത്തര കവിതയൊന്നുമായിരുന്നില്ല റീമയുടെ ‘സൈക്കിള്‍’ എങ്കിലും, വര്‍ഷങ്ങളുടെ ഇരുട്ടും അലസതയും ഒരിത്തിരി പരപുച്ഛവും ഒരിത്തിരി മരവിപ്പും നൂല്‍വലകളായി തുരുമ്പു കേറ്റിയ വായനാ മനസ്സില്‍ നല്ലൊരു കൊത്തുവച്ചുതന്ന് കുസൃതിയോടെ ഓടിപ്പോകാന്‍ അന്നാ വരികള്‍ക്കായി. കണ്‍കോണുകളെ തെല്ലൊന്ന് ആര്‍ദ്രമാക്കുവാനും ആത്മാവിനെ കൊത്തി വേദനിപ്പിക്കാന്‍ വരികള്‍ക്കു കഴിഞ്ഞുവെങ്കില്‍, എനിക്കതാണ് ഒരെഴുത്തുകാരി/കാരന്‍റെ ഏറ്റവും വലിയ വിജയം.  നേരിട്ടു പരിചയമില്ലാതിരുന്നിട്ടും, ആ സൈക്കിളുകാരി എനിക്ക് ജയിച്ചവളാവുകയും അവളുടെ വിജയത്തില്‍ ഞാന്‍ സ്വയം പ്രൗഢയും അഭിമാനിയുമാവുകയും ചെയ്തു.  ഒരു കുട്ടിക്കൗതുകത്തോടെ, വികൃതി മുഖമുള്ള ഈ മൂക്കുത്തിപ്പെണ്ണ് കൊള്ളാമല്ലോ എന്ന് മനസ്സിലെവിടെയോ ഞാന്‍ അടിവരയിട്ട് എഴുതി വച്ചു.
 
പിന്നേയും കുറേക്കഴിഞ്ഞാണ് ഈ സമാഹാരത്തിലെ കവിതകള്‍ ഒന്നിച്ചെന്‍റെ മുന്നിലേക്കെത്തുന്നത്.  വെറും മടിച്ചിയായ ഞാന്‍, ഏറ്റെടുത്തു മാസങ്ങള്‍ക്കു ശേഷവും ഒരു മുന്‍കുറിപ്പെഴുതിക്കൊടുക്കാതെ റീമയെയും പ്രസാധകരേയും കാത്തു നിര്‍ത്തിച്ചുകൊണ്ടിരുന്നു. അവതാരിക എന്ന പദത്തോട് എനിക്ക് ഭയമായിരുന്നു.  കഴിയുമ്പോഴൊക്കെ ഞാനതില്‍ നിന്ന് ഓടിയൊളിച്ചുകൊണ്ടും സുഹൃത്തുക്കളായ എഴുത്തുകാരുടെ സ്നേഹനിര്‍ബന്ധങ്ങളെ വിവശതയോടെ നിരസിച്ചുകൊണ്ടുമിരുന്നു.  കവിതകളും കഥകളും മനസ്സിലുണ്ടാക്കിയേക്കാവുന്ന കടല്‍ച്ചുഴികള്‍, കൊടുങ്കാറ്റുകള്‍, മഴനൃത്തങ്ങള്‍, കാടനക്കങ്ങള്‍, ചിലപ്പോഴൊക്കെ ചില ഒന്നുമില്ലായ്മകളും, കടലാസുകളിലേക്ക് അതേ പടി പകര്‍ത്തിയെഴുതുക എനിക്ക് എളുപ്പമായിരുന്നില്ല.  തുടങ്ങിവച്ചും പിന്നെ നിര്‍ത്തിയും ഇടക്കു മായ്ച്ചു കളഞ്ഞും ഭംഗിയുള്ള ഈ വരികള്‍ക്ക് ഇത്രേം അഭംഗിയാര്‍ന്നതും അരസികവുമായ മുന്‍വരികളെന്തിന് എന്ന് നിരുന്മേഷയായും ഇത്തവണയും ഞാന്‍ മാസങ്ങള്‍ കഴിച്ചുകൂട്ടി.  ഈ ഗുലുമാലുകള്‍ക്കിടയിലും ഒരു കാര്യം മുടക്കമില്ലാതെ നടന്നുകൊണ്ടിരുന്നു.  ലാപ്ടോപ്പില്‍ സേഫ് ചെയ്തുവച്ച റീമക്കവിതകളുടെ വീണ്ടും വീണ്ടുമുള്ള രസവായനകളായിരുന്നു അത്.
 
ദുര്‍ഗ്രഹവും ദുരൂഹവുമായ കവിതകള്‍ എനിക്കിഷ്ടമല്ല.  (കവിത മാത്രമല്ല, എഴുത്തുകളെല്ലാം) വരികള്‍ പുഴപോലെ ഒഴുകണം.  വെള്ളച്ചാട്ടങ്ങളായി ഗര്‍ജ്ജിക്കുകയും തിരത്തള്ളലുകളാല്‍ തകര്‍ത്തെറിയുകയും ചെയ്തോട്ടെ, പക്ഷേ, ജലവഴികളില്‍ അതെന്നെയും കൂടെ കൂട്ടണം.  അത്തരമൊരു നിലയ്ക്കാത്ത ഒഴുക്ക് ഈ കവിതകളും എന്നെ അനുഭവിപ്പിച്ചു.  എല്ലാ വരികള്‍ക്കും എല്ലാ വായനകളിലും അതു സാധ്യമാകാറില്ലെന്നിരിക്കെ, ഞാനെന്ന വായനക്കാരിയെ കൂടെയൊഴുക്കിയതും റീമയുടെ വിജയം തന്നെയായിരുന്നു.
 
ഒറ്റയിരിപ്പിന് വായിച്ചുതീര്‍ത്ത കവിതകള്‍ പല വായനകളിലും മടുപ്പും ചെടിപ്പുമുണ്ടാക്കാത്തവ.  എനിക്കവയെ ഇഷ്ടമായി.  വരികള്‍ ലളിതവും പ്രമേയങ്ങള്‍ ഏറെക്കുറെ പരിചിതവുമായിരുന്നു.  പക്ഷേ ആ ലാളിത്യങ്ങള്‍ക്കുള്ളിലും മിന്നല്‍പ്പിണരുകള്‍ ഒളിച്ചുവയ്ക്കപ്പെട്ടിരുന്നു. വായനക്കാരുടെ ചൂണ്ടക്കൊളുത്തുകളെ അവരവരുടെ തന്നെ നെഞ്ചിലേക്ക് ബൂമറാങ് പോലെ തിരിച്ചെറിയിപ്പിക്കാന്‍ കഴിവുള്ള മാന്ത്രിക വടികളും.
 
പ്രണയം, മരണം, ഗൃഹാതുരത, മടുപ്പ്, കെട്ടുകളില്‍ നിന്നുള്ള കുതറലുകള്‍.  ഒരു സാധാരണ പെണ്‍മനസ്സിലുണ്ടാകാവുന്ന ചിന്തകളുടെ ഉപ്പുപരലുകളെല്ലാം റീമക്കവിതകളില്‍ കാണാം – അതിന്‍റേതായ ആഴങ്ങളോടു കൂടിത്തന്നെ. വേനല്‍പ്പാടങ്ങളില്‍ നിറഞ്ഞു പരന്ന്, വെളുപ്പിന്‍റെ ആഘോഷമായി, ഉപ്പിനു ചോരയുടെ കൂടി ഗന്ധമാണെന്നോര്‍മ്മിപ്പിച്ച്, രുചികളില്‍ കയ്ച്ചുതോര്‍ന്ന് അവയങ്ങനെ നമ്മുടെ മനസ്സിലേക്കും പെണ്‍ തനിമകളുടെ കുഞ്ഞുകൊളുന്തുകള്‍ നീട്ടിയെറിയുന്നുണ്ട്.  അവയിലേറ്റവും മുന്നിട്ടു നില്‍ക്കുന്നത് ഗൃഹാതുരതയാണ് എന്ന് ആവര്‍ത്തിച്ചുള്ള എല്ലാ വായനകളിലും എനിക്കു തോന്നി.
 
അതിര്‍വരമ്പുകളില്‍ ഒട്ടൊന്നു കാലിടറിയാല്‍ ക്ലീഷേയും പഴഞ്ചനും മുഷിപ്പനും ആകാവുന്ന ഒരു ഇരുതലവാളാണ് എഴുത്തുകാര്‍ക്കെന്നും ഗൃഹാതുരത എന്ന വിഷയം.  സമര്‍ഥമായി കൈകാര്യം ചെയ്തില്ലെങ്കില്‍, സ്വന്തം എഴുത്തിന്‍റെ സത്യത്തെ തന്നെ കൊന്നൊടുക്കാന്‍ ആവുന്ന ഒന്ന്.  കയ്യടക്കത്തോടെ മേല്‍പ്പറഞ്ഞ അതിരുകള്‍ സൂക്ഷിക്കുവാനും റീമ എന്ന എഴുത്തുകാരിക്കു സാധിക്കുന്നുണ്ട് എന്നതും മറ്റൊരു വിജയം ആയിരുന്നു.  എനിക്കതില്‍ സന്തോഷം തോന്നി, “സൈക്കിളി”ല്‍ തുടങ്ങി വീടും മഴയും മറവിയിലെരിഞ്ഞുതീര്‍ന്നിട്ടും ഓര്‍മ്മയിലടുപ്പു കൂട്ടാന്‍ പതിവായി എത്തുന്ന കറുമ്പിയിലൂടെ, പതിനാറിന്‍റെ വയലറ്റ് വര്‍ണ്ണങ്ങളില്‍ നിന്നും കണ്ണിലെ തീച്ചുവപ്പിലേക്കു നഷ്ടപ്പെടുന്ന ആലിംഗനങ്ങളില്‍ തളര്‍ന്ന് പോകലുകളുടെ മുഖമേയല്ലല്ലോ തിരിച്ചുവരവുകള്‍ക്ക് എന്ന സങ്കടങ്ങളില്‍ ‘ചില വഴികള്‍ ഇങ്ങനെയാണ്’ എന്നറിഞ്ഞ്, ‘വാടകച്ചീട്ടി’ല്‍ കോറിയിടപ്പെട്ട ഓര്‍മ്മച്ചിത്രങ്ങളെ ചികഞ്ഞ്, സന്തോഷത്തില്‍ കൈകള്‍ കോര്‍ത്തൊരുമിച്ച് ഈ ലോകം മുഴുവന്‍ ഒറ്റയടിക്ക് ഓടിത്തീര്‍ക്കുന്ന ‘കൊച്ചുത്രേസ്യയും കൊച്ചുത്രേസ്യയും കൊച്ചുത്രേസ്യയും’ ആയി പരകായ പ്രവേശം നടത്തി, നഷ്ടപ്പെട്ടതും അല്ലാത്തതുമായ ഓര്‍മ്മകള്‍ എന്‍റെ വായനയിലുടനീളം വരാല്‍ക്കുഞ്ഞുങ്ങളായി തുടിച്ചുകൊണ്ടിരുന്നു.
 
“എല്ലാത്തിനേയും സ്നേഹിച്ചിങ്ങ്
വരുമ്പോള്‍ മതി എന്നൊരൊറ്റ താക്കീതില്‍
പിടിച്ചങ്ങു പുറത്താക്കി
വാതിലടച്ചുകളയും
 ചില വീടുകള്‍” (വാടകച്ചീട്ട്) എന്ന വരികള്‍ ഒരുപക്ഷേ എന്‍റേതുകൂടിയായിരുന്നു. വേരുകള്‍ താഴ്ത്തി വിശ്രമിക്കാന്‍ വിധിയില്ലാത്ത, എന്നെപ്പോലെയുള്ള അനേകം ഒറ്റമരങ്ങളുടേയും മറന്നുവച്ചൊരു വീട് റീമയുടെ വരികളില്‍ എപ്പോഴും കണ്ടു. മുറിഞ്ഞുപോയ ഒരു സ്വപ്നത്തില്‍, ഏകാന്തതയുടെ ഭാരമമര്‍ന്ന വിങ്ങുന്ന വൈകുന്നേര നിനവുകളില്‍, ചോരയില്‍ കുടിലുകെട്ടിപ്പാര്‍ക്കുന്ന ആത്മനിന്ദകളില്‍, ഞാനും നിങ്ങളും ഒക്കെ നഷ്ടപ്പെടുത്തുന്ന, മഴമണമുള്ള ഒരു വീട് ആ വീട്ടിലേക്കുള്ള വഴികള്‍ എന്നും എനിക്കും തെറ്റിപ്പോകാറുണ്ടായിരുന്നു.  എങ്കിലും അതവിടെയുണ്ട് എന്ന നേര്‍മ്മയേറിയ ഒരു സാന്ത്വനം നെഞ്ചിനൊപ്പം എന്നും മിടിച്ചുകൊണ്ടുമിരുന്നു.
 
റീമയുടെ മറ്റൊരിഷ്ടവിഷയം പ്രണയമാണ്.  നഷ്ടപ്പെട്ട/പെടുത്തിയതോ ഒപ്പം ചേര്‍ക്കാനാവാത്തതോ ആയ, കല്‍പ്പനകളില്‍ ജീവന്‍ തുടിക്കുന്ന ലോകങ്ങള്‍ തീര്‍ക്കുന്ന അഗ്നി പോലുള്ള പ്രണയം.  കണ്ണീര്‍ച്ചുവയുള്ള തെരുവുകളുള്ള, ചുണ്ടുകള്‍ ചുണ്ടുകളെ അടക്കി ഭരിക്കുന്ന ഒരു രാജ്യത്തേക്ക് ജീവിതത്തിന്‍റെ സത്യങ്ങളില്‍ നിന്ന് ഒളിച്ചോടിപ്പോകുന്ന രണ്ടുപേര്‍ (ഒളിച്ചോട്ടം); അകമുറിയിലെ മൂലയ്ക്കല്‍ പഴുത്തൊലിച്ച് പൊട്ടിപൊട്ടി ചിതറിത്തെറിക്കുമ്പോഴും നീയില്ലല്ലോ എന്ന് പരിതപിക്കുന്നൊരാള്‍ (നീയില്ലല്ലോ); സ്നേഹത്തിന്‍റെ ഗുല്‍മോഹറുകളില്‍ നിന്നും പൊഴിഞ്ഞൂര്‍ന്നു വീഴുന്ന പഴുത്തു പാകമായ ഉമ്മകള്‍ക്കായി എനിക്കധികം എനിക്കധികം എന്നു തിരക്കു കൂട്ടുന്ന ഏതോ ഒരു നീയും ഞാനും (ഗുല്‍മോഹര്‍ – ഞാനും നീയും); ഭൂമിയില്‍ നിന്നും ആകാശത്തിലേക്ക് തുറന്നുവന്നൊരൊറ്റയടിപ്പാതയിലൂടെയുള്ള സ്കൂട്ടര്‍ യാത്രകള്‍ക്കിടയില്‍, ഒരാളെ ഒറ്റക്കാക്കി ഇറങ്ങിപ്പോകുന്ന മറ്റൊരാള്‍ (എന്‍റെ സ്കൂട്ടറോട്ടങ്ങള്‍); ഭ്രാന്തിന്‍റെ ഒറ്റമരങ്ങളില്‍ നിന്ന് പറിച്ചു ചൂടുന്ന സ്നേഹവിഭ്രമങ്ങളുടെ ഒരു പൂവ് (ഭ്രാന്തന്‍); വിരല്‍ ചുണ്ടുകള്‍ ഉമ്മവയ്ക്കാനും ഇണചേരാനും തുടങ്ങുമ്പോള്‍ ഉയരുന്ന ഹൃദയമിടിപ്പുകള്‍ (വിരലുകള്‍ ഇണ ചേരുമ്പോള്‍) – പറഞ്ഞും കേട്ടും മടുത്ത പ്രണയത്തിനെ പുതുമഴയില്‍ മണ്ണിലോടുന്ന നനുത്ത, എന്നാല്‍ കത്തുന്ന ജലവേരുകളാക്കിക്കാന്‍ ഇത്തരം കല്‍പ്പനകളിലൂടെ റീമയ്ക്കു കഴിയുന്നുണ്ട്.
 
പ്രണയത്തോടൊത്ത് അതിനോടു ചേര്‍ത്തു പിടിച്ചുകൊണ്ടാണ് റീമ മരണത്തേയും വരച്ചിടുന്നത്.  അതേറ്റവും തീഷ്ണമായി നെഞ്ചിനെ പൊള്ളിക്കുന്നത് ‘ഇന്നലെയും ഇന്നും’ എന്ന കവിതയിലാണ്.  തികച്ചും സാധാരണമായ വരികളിലൂടെ, സാധാരണമായ ഒരു പ്രണയത്തെ, അസാധാരണമായ ഒരു തലത്തിലെത്തിച്ച് ഞരമ്പുകളെ തളര്‍ത്തുന്ന ഒന്ന് മരണത്തോടുള്ള ഒരുതരം ബന്ധം ‘ഒടുക്കത്തെയൊരിഷ്ടം’, ‘മരിച്ചവരെ കാണുമ്പോള്‍’, ‘തെക്കോട്ടെടുത്തത്’,  ‘പാല്‍ക്കാരി, ‘കുഞ്ഞുങ്ങളുടെ ശവക്കല്ലറ’, ‘തിരക്കൊഴിയുമ്പോള്‍’, എന്നീ കവിതകളിലും കാണാം.
 
ഈ മുന്‍കുറിപ്പെഴുതാനുള്ള അവസാനത്തെ വായനയ്ക്കുശേഷം ലാപ്ടോപ്പ് ഞാനടച്ചുവയ്ക്കുമ്പോള്‍ ഉപ്പുമാങ്ങമണങ്ങളിലെ പ്രണയം പിന്നേയും ഇവിടെ ബാക്കിയാവുന്നുണ്ട്; ഓര്‍ത്തെടുക്കുന്തോറും സിരകളിലേക്കള്ളിപ്പിടിക്കുന്ന നീറ്റലുകള്‍ നെഞ്ചിലും ഈ നിമിഷങ്ങളില്‍, വര്‍ഷങ്ങള്‍ക്കുമുന്നെയെന്നതുപോലെ, എന്നില്‍ ഇഷ്ടം നിറഞ്ഞൊരസൂയ നിറഞ്ഞുതുളുമ്പുകയും കവയിത്രിയോടുള്ള കുഞ്ഞിക്കുശുമ്പില്‍ ഞാന്‍ ഒരു ചെറുചിരിയോടെ കണ്ണുകള്‍ ചേര്‍ത്തടക്കുകയും ചെയ്യുന്നു.  എല്ലായ്പോഴും വഴികള്‍ തെറ്റിയ, അല്ലെങ്കില്‍ എവിടെയൊക്കെയോ മറന്നുവച്ച, കവിതകളുടെ എന്‍റെ വീട്, തിരിച്ചുകിട്ടലുകളുടെ സ്നേഹമഴയായി എന്നിലേക്കു പെയ്യാന്‍ തുടങ്ങുന്നു.  നന്ദി, റീമയ്ക്കും റീമയുടെ നക്ഷത്രപ്പൊട്ടുകള്‍ക്കും; ഹൃദയം നിറഞ്ഞൊഴുകുന്ന സ്നേഹവും.
അഗ്നിയും കഥകളും, വേഷപ്പകർച്ച, നൃത്തശാല, ഇടം, ഗോസ്റ്റ്റൈറ്റർ, പുതിയ നാവികയുടെ പാട്ടു തുടങ്ങിയ കഥാസമാഹാരങ്ങളും വൈമാനികൻ എന്ന ലേഖനസമാഹാരവുമാണ് പ്രധാന കൃതികൾ. കേരളസാഹിത്യ അക്കാദമി ഗീതാഹിരണ്യൻ പുരസ്ക്കാരം, വി പി. ശിവകുമാർ സ്മാരക കേളി അവാർഡ്, വനിതാ കഥ അവാർഡ്, ഡൽഹി കഥ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.