കടൽ കടന്ന് വന്നവൻ
കൈത്തോടു കണ്ട് പകച്ചു നിൽക്കുന്നു!..
പകലന്തിയോളം
കെട്ടിടം പണിക്ക് കല്ല് ചുമക്കുന്നവർ,
അടുത്ത മഴക്കാലം അതിജീവിക്കാത്ത
തങ്ങളുടെ ചേരിപ്പുരകളെയോർത്ത്
നെടുവീർപ്പിടുന്നു.
പഠിച്ചു തീർക്കേണ്ട വിഷയങ്ങളിൽ
തലപുകച്ച്,
വിദ്യാർത്ഥി
സിനിമാ കൊട്ടകയിലേക്ക്
തിരക്കിട്ട് നടക്കുന്നു.
അത്യപൂർവ്വമായി,
എന്നോ എഴുതിയേക്കാവുന്ന,
ഒരു നല്ല കവിതയ്ക്കുവേണ്ടി
പാവം കവി
ആയുഷ്കാലം മുഴുവൻ
ഉറക്കൊഴിക്കുന്നു.
പുറപ്പെട്ടുപോയ
മുടിയനായ പുത്രനുവേണ്ടി,
ഒരമ്മ
പാപികളെ പനപോലെ വളർത്തുന്ന
ദേവനു മുന്നിൽ,
തന്റെ അരുമയായ കാളക്കുട്ടനെ
നേർച്ച കഴിക്കുന്നു