വിധവകളുടെ ഉദ്യാനം

പൊടുന്നനെ ആകാശം കറുത്തിരുളും
അത്രമേൽ സങ്കടങ്ങളുടെ
ചുടുകട്ടകളടുക്കി പണിത വീടുകളെ
മഞ്ഞു വന്നു പൊതിയും
വിധവകൾ വെളുത്ത ഉടയാടകളഴിച്ചിടും
ഉച്ഛത്തിൽ പ്രണയ കവിതകൾ വായിക്കും
ഒരു പെരുമഴയുണ്ടാകും
രതിയുടെ ഉഷ്ണക്കാറ്റ് വേരുപിഴുത
മരങ്ങളൊക്കെ ഓടിവരും, കെട്ടിപ്പിടിക്കും
വിധവകളുടെ ഉദ്യാനമുണ്ടാകും.
 
മരണവണ്ടികൾ-
സ്വർഗ്ഗത്തിലേക്കുള്ള വഴിയിൽ
തമ്മിലിടിച്ചു മറിയും
നിലാവ് ഉദ്യാനവഴിയിലൊക്കെ 
തീക്കനൽ പൊട്ട്തൂക്കും
അന്നേരമാകും മരിച്ചു പോയവരൊക്കെ  
ആദ്യരാത്രിയിലെ ചുംബനത്തിൽ നിന്ന്
ജീവനെ നുള്ളിയെടുക്കുക
ഉദ്യാനത്തിലെ പാട്ടുകാരായെത്തുക
 
ഇരുട്ടുമുറി, വെളുത്ത വസ്ത്രങ്ങൾ
 
ഉണങ്ങിപ്പോയ മുലഞെട്ട്,
 
ഉന്മാദമെരിയിച്ചുകളഞ്ഞ
 
അഴുകിയ പ്രാർത്ഥനകൾ,
 
വിധവകൾ-
 
ഒക്കെയും മറന്നു പോകും
 
നൃത്തംചെയ്തും ചുംബിച്ചും
 
ചോരനിറമുള്ള കാലത്തെ പൂക്കളാകും
 
ആസക്തിയുടെ വിയർപ്പുമണം പരത്തും
തുറുകണ്ണുകളുടെ (സദാചാര) കാഴ്ചകളെയെല്ലാം  
ഇരുട്ടിലേക്കിറക്കികൊണ്ടുപോകും
 
മൂർദ്ധാവിലെ
ചുവന്ന പൊട്ട് മായ്ച്ചുകളഞ്ഞ ദൈവം
ജിജ്ഞാസയുടെ താഴു പൊട്ടിക്കും
ഇരിക്കപ്പൊറുതിയില്ലാതെ ഓടിവരും
അവളുടെ പരിഹാസം വിടർത്തിയിട്ട
ചുണ്ടുകളിൽ നോക്കിയിരിക്കും
 
 
ഞാനോ നിങ്ങളോ
അബോർട്ട്‌ ചെയ്തുകളഞ്ഞ കുഞ്ഞുങ്ങളെ
ഉന്മാദത്തിന്റെ ഇടവേളകളിൽ 
അവൾ മുലയോട് ചേർക്കും പാലൂട്ടും
വെളുക്കും മുൻപേ ജീവിച്ചു തീർക്കും
 
പൊടുന്നനെ, ഉന്മാദത്തെ വച്ചുമാറാനൊരു 
കൊടുങ്കാറ്റുവരും
നിലാവിന്റെ ചില്ലുടയ്ക്കും
നിങ്ങളുടെ കണ്ണുകളിൽ വളരുന്ന ഉദ്യാനത്തെ 
പൂമ്പാറ്റകളാക്കി പറത്തികൊണ്ടു പോകും
 
കാടുവെട്ടിമാറ്റിയ മരുഭൂമിയപ്പോൾ  
ഉറക്കെ കരയുന്ന കിളികളുടെ
ശബ്ദം മാത്രം കേൾപ്പിക്കും.
 
 

പിരിച്ചെഴുത്തു എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 'ഉമ്മ' എന്ന കവിതയ്ക്ക് 2016 ൽ കാസർഗോഡ് രാവണേശ്വരം അസോസിയേഷൻ കവിത പുരസ്‌കാരം ലഭിച്ചു. 2017 ൽ പാം പുസ്തകപ്പുര അക്ഷരതൂലിക കവിത പുരസ്കാരത്തിൽ രാജ്യമെന്ന കവിത മൂന്നാം സ്ഥാനം നേടി. ദുബായിൽ സെയിൽസ്എക്സിക്യൂട്ടീവ് ആണ്. മലപ്പുറം തിരൂർ ഏഴൂർ സ്വദേശി.