വിങ്‌സ് ഓഫ് ഫ്രീഡം

കായൽക്കരയിലെ റിസോർട്ടിന്റെ മുറ്റത്തെ പൂന്തോട്ടത്തിലേക്കു ഇരുട്ട് പതുക്കെ അരിച്ചെത്തി. തോട്ടത്തിലെ എൽ ഇ ഡി ബൾബുകൾ കൺ മിഴിച്ചു.

നല്ല മഴ, പിശറൻ കാറ്റും. കായലിന്റെ നെഞ്ചിലേക്ക് മഴ പതിയെ പെയ്തിറങ്ങുന്നത് കാണാൻ എന്തൊരു ചന്തം. വർണ്ണ വിളക്കുകളുടെ പ്രകാശത്തിൽ മഴത്തുള്ളികൾ ചിതറുന്നത് കാണാൻ അതിലേറെ ഭംഗി.

സിറ്റൗട്ടിലെ ചൂരൽ കസേരയിൽ മഴ നോക്കി അലസത വാരിപ്പുതച്ച് മൂന്ന് പേർ.

ഉമ, ശ്യാമ, സീമ

അടുത്ത സുഹൃത്തുക്കൾ, പേരിനും സ്വഭാവത്തിനും ചിന്തകൾക്കും സാമ്യം. ഒഴിവു ദിനം ചിലവഴിക്കാൻ തിരഞ്ഞെടുത്തതാണ് ഈ റിസോർട്ട്. ഔദ്യോഗിക ജീവിതത്തിന്റെയും വീട്ടിലെ തിരക്കുകളുടെയും വീർപ്പുമുട്ടലിൽ നിന്നും ഒരു ചേഞ്ച് വേണമെന്ന് ആഗ്രഹിച്ചു കൊണ്ടാണ് മൂന്നുപേരും ഒത്തുകൂടിയത്.

മൂന്നാളും അമ്പതിനുമേൽ പ്രായമായവർ. കുട്ടികളുടെ പഠിപ്പ് കഴിഞ്ഞു, ശാരീരികമായ അസ്വസ്ഥതകൾ, മാനസിക പിരിമുറുക്കങ്ങൾ മൂവരേയും വല്ലാതെ വലക്കുന്നുണ്ട്. ഇടയ്ക്ക് ശ്യാമ പറയും…

“നമുക്ക് എങ്ങോട്ടെങ്കിലും ഓടിപോയാലോ” എന്ന്

“എങ്ങോട്ട് പോകാൻ? നല്ല കഥ” മറ്റു രണ്ടു പേരും കൈമലർത്തും.

ഭൂമിക്ക് മുകളിലും സൂര്യനു താഴെയും ഉള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് അവർ സംസാരിക്കാറുണ്ട്. ഒരു മറയുമില്ലാതെ. അത് തന്നെയാണ് അവരുടെ ബോണ്ടിങ്ങും.

അവിടെ പുസ്തകങ്ങളുണ്ട് യാത്രകളുണ്ട് സിനിമയുണ്ട് തമാശകൾ ഉണ്ട് കുസൃതികൾ ഉണ്ട്, അല്ലെങ്കിൽ എന്താണ് ഇല്ലാത്തത്?

“ഒരു പ്രായം കഴിഞ്ഞാൽ വല്ലാത്ത വിരസതയാണടോ. ” ഉമ പറയും.

“കുട്ടികൾ അവരുടെ ജോലി, ലൈഫ്, തിരക്ക് അങ്ങനെ… നമ്മളും ഓഫീസും വീടും “

വല്ലാത്ത വിരസത തോന്നാറുണ്ട് ചില സമയങ്ങളിൽ. ഈ കാര്യത്തിൽ ഒരേ അഭിപ്രായമാണ് മൂന്നാൾക്കും.

മറ്റുള്ളവർ പറയും” കുട്ടികൾ വലുതായി സെറ്റായി. നിങ്ങൾക്ക് കെട്ടിയോനും കെട്ട്യോൾക്കും കൂടെ അവിടെ അടിച്ചുപൊളിച്ചിരുന്നാൽ പോരെ? “

പക്ഷേ മധ്യവയസ്സു കഴിയുമ്പോൾ ഉണ്ടാകുന്ന മൂഡ്‌ സ്വിങ്സ് അത് മറ്റൊരാൾക്ക് മനസ്സിലാവില്ല. ടെൻഷൻ ഹോർമോണൽ ഇമ്പാലൻസ്, മെനോപോസ്, വിയർപ്പ്, ദേഷ്യം, ക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്തൊക്കെ പ്രശ്നങ്ങൾ.

ഇതിൽ നിന്നൊക്കെ രക്ഷനേടാൻ ആണ് യാത്രകൾ.. കുടുംബത്തോടൊപ്പം ഒക്കെ യാത്രകൾ ചെയ്യാറുണ്ട്. പക്ഷേ എന്നാലും നമുക്ക് മാത്രമായിട്ട് ഒന്ന് പോകണമെന്ന് അവർ എപ്പോഴും പറയും. പക്ഷേ, സമയം കിട്ടണ്ടേ? പ്ലാൻ ചെയ്തു പ്ലാൻ ചെയ്തു ഒന്നും നടക്കാതായി. ഒന്നു മാറി ഒന്നു മാറി നൂറുനൂറ് പ്രശ്നങ്ങൾ.

“ഒന്നാലോചിച്ചു നോക്കിയേ” ശ്യാമ പറഞ്ഞു. “ആണുങ്ങൾക്കാണെങ്കിൽ ഒരു ട്രിപ്പ് പോകണമെങ്കിൽ ഒന്ന് പറഞ്ഞാൽ മതി. മിനിറ്റുകൾക്കുള്ളിൽ അവർ പ്ലാൻ ചെയ്യും. ഒരു ഷർട്ട് രണ്ട് ടീഷർട്ട്, ഒരു പാൻറ് കഴിഞ്ഞു. വണ്ടിയെടുക്കുക പോവുക. അത്രയേ ഉള്ളൂ”. “നമുക്കോ?എന്തിനെക്കുറിച്ചൊക്കെ ചിന്തിക്കണം, പ്ലാൻ ചെയ്യണം, എടുത്തു വയ്ക്കണം, ഒരുക്കി വയ്ക്കണം ഭക്ഷണം ഉണ്ടാക്കി വെക്കണം, ഹൊറിബിൾ “

ഒന്നോർത്തു നോക്കിയാൽ ശരിയാണ്. ചട്ടക്കൂടുകൾ എല്ലാം എപ്പോഴും സ്ത്രീകൾക്ക് മാത്രമാണല്ലോ. അവർക്കൊന്നു പോകണമെങ്കിൽ, അനുവാദം, ലീവ്, വീട്ടുകാര്യം, കുടുംബക്കാര്യം, എങ്ങോട്ട്? ആരൊക്കെയുണ്ട് കൂടെ? എവിടെ താമസിക്കും? എങ്ങനെ പോകും? ബുക്ക് ചെയ്തോ? സേഫ് ആണോ? പോകുന്ന സ്ഥലത്ത് പരിചയക്കാർ ഉണ്ടോ? പെട്ടെന്ന് എന്തെങ്കിലും ഒരു ആവശ്യം വന്നാൽ എന്തു ചെയ്യും? ചോദ്യങ്ങളുടെ പെരുമഴയാണ്. ഇതിനൊക്കെ സമാധാനം ബോധിപ്പിച്ചു ബോധിപ്പിച്ച് അവസാനം പോക്ക് തന്നെ വേണ്ടെന്ന് വയ്ക്കും.

അങ്ങനെയല്ല ഇത്തവണ.

സാധാരണ പെൺകൂട്ടുകളുടെ അഡ്വഞ്ചർ ട്രിപ്പുകളും പ്ലാനുകളും ഒക്കെ അവർ സോഷ്യൽ മീഡിയകളിൽ ഒക്കെ കാണാറുണ്ട്. പക്ഷേ ഒരേ തൂവൽ പക്ഷികൾ ആണെങ്കിൽ മാത്രമല്ലേ ഒരു രസമുള്ളൂ. മൂന്നുപേരും ഉറപ്പിച്ചു തന്നെയാണ്. പോയേ പറ്റൂ. മാറണം. റിലാക്സ് ചെയ്തേ പറ്റൂ. എല്ലാം മറന്ന് സൗഹൃദം ആസ്വദിച്ച് കളിച്ചു ചിരിച്ചു … അവർ തീരുമാനിച്ചു.

“ഈ ക്‌ളീഷേ കളിയൊന്നും ഇനി വേണ്ടടെ”

“മക്കളൊക്കെ സെറ്റായി സെറ്റിലായി. ഭർത്താക്കന്മാർ ആണെങ്കിൽ റിട്ടയർമെന്റ് കഴിഞ്ഞ് ഗ്യാങ് ടൂർ നടത്തുന്നു. അല്ല ഇത് എന്താ നമുക്ക് ഇതൊന്നും പറ്റൂലെ ” ഉമ രോഷം കൊള്ളാറുണ്ട്.

എന്തായാലും എല്ലാ തടസ്സങ്ങളും അതിജീവിച്ച് ഒത്തുകൂടിയതാണ് ഇത്തവണ.

തണുപ്പ് കനത്തു ഒപ്പം മഴയും.

“മഴയെ…. തൂമഴയെ….” ഉമ പതിയെ മൂളി. അവൾക്കു മഴ എന്നാൽ വല്ലാത്ത ഭ്രാന്ത് ആണ്. മഴ നോക്കി ഇരിക്കാൻ, ഒക്കെ വളരെ ഇഷ്ടമാണ്.

“ഒന്ന് ചില്ലായാലോ ” സീമ ചോദിച്ചു. ബാഗിൽ നിന്നും രണ്ട് ബിയർ ബോട്ടിൽ പുറത്തെടുത്തു.

കൂട്ടുകാരികൾ രണ്ടുപേരും ആർത്തു വിളിച്ചു.

“നീയൊക്കെ കുലസ്ത്രീ ആണോടെ “? ശ്യാമ പുച്ഛിച്ചു.

“ഹതു കൊള്ളാം, ഒന്ന് പോ പെണ്ണെ. ഒരു കുലസ്ത്രീ വന്നേക്കുന്നു ”

“കുലസ്ത്രീയെ ” മൂന്നാളും പൊട്ടിച്ചിരിച്ചു.

പരമ്പരാഗത സ്ത്രീ വാർപ്പുകളോട് അവർക്ക് പുച്ഛം ആയിരുന്നു. അല്ലെങ്കിൽ തന്നെ സമൂഹമാണ് സ്ത്രീകളെ അങ്ങനെ ആക്കിയത്. വളരെ ഹാപ്പിയായ കുടുംബജീവിതമാണ് മൂവരുടേയും. സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും സ്ത്രീയുടെ ഇഷ്ടങ്ങളെയും സമൂഹവും കുടുംബക്കാരും ചേർന്ന് എപ്പോഴും വിലക്കിട്ട് പൂട്ടുന്നതിനെ പൊട്ടിച്ചെറിയാൻ ഉള്ള ത്വര ഇവർക്ക് എപ്പോഴും കൂടെ ഉണ്ടായിരുന്നു.

തണുത്ത ബിയർ മൂന്നു ഗ്ലാസ് കളിലായി പകർന്നു. തിളങ്ങുന്ന സ്വർണ്ണ കുമിളകൾ.

മൂന്നുപേരും രഹസ്യമായി പ്ലാൻ ചെയ്തതായിരുന്നു ആ ബിയർ. ഒരു ബിയർ കഴിച്ചു എന്നോർത്ത് ഒന്നും തകരില്ല ഒന്നുമില്ല എന്ന് അവർക്ക് അറിയാമായിരുന്നു.

പതിയെ ചവർപ്പ് നുണഞ്ഞു.

പക്ഷേ ആ ബിയറിനെക്കാൾ അവരെ ലഹരി പിടിപ്പിച്ചത് ആ ഒത്തുചേരലായിരുന്നു. സാഹിത്യം,സിനിമ, രാഷ്ട്രീയം, പാട്ടുകൾ, ഓഫീസിലെ തമാശകൾ, വീട്ടിലെ കുസൃതികൾ, വിശേഷങ്ങൾ, പരസ്പരം കളിയാക്കി തലയറഞ്ഞു ചിരിച്ചു. ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം നിറഞ്ഞു. മൊബൈലിലെ പാട്ടിനൊപ്പം ചുവടുകൾ വച്ചു.

അങ്ങനെ വർത്തമാനം പറഞ്ഞു പറഞ്ഞു രാത്രിയുടെ ഏതോ യാമത്തിൽ മൂന്നാളും ഉറക്കത്തിലാണ്ടു.

നേരം പുലർന്നു.മഴ തോർന്നിരുന്നു. കായൽ ശാന്തയായി ആകാശം നോക്കി മലർന്നു കിടക്കുന്നു. തോട്ടത്തിലെ നക്ഷത്രക്കുളത്തിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. ഒരു വെള്ളാമ്പൽ മൊട്ട് വിടരാൻ വിതുമ്പി നിൽക്കുന്നു.

നല്ല തണുപ്പ്. സൂര്യന് അവരെ ഉണർത്താൻ ഒരു മടിപോലെ. ചൂട് ചായ ഊതിക്കുടിച്ചുകൊണ്ട് സീമ വിളിച്ചു

“ഉമേ, വാ ഒന്ന് നടന്നു വരാം ” വാക് വെയിലൂടെ പതുക്കെ അവർ നടന്നു.

വളരെ മനോഹരമായ അന്തരീക്ഷം. ദൂരെ മലകൾ മഞ്ഞുമൂടി കിടക്കുന്നു. ഉറക്കം വിട്ടുണരാൻ മടി കാണിക്കുന്ന കുഞ്ഞിനെപ്പോലെ.

ഭക്ഷണം ഒക്കെ കഴിഞ്ഞു. കുറേനേരം സ്വിമ്മിംഗ് പൂളിൽ നീന്തിത്തുടിച്ചു.

“മനസ്സും ശരീരവും ലൂസ് ആയ പോലെ. വല്ലാത്തൊരു ഭാരക്കുറവ്. ഒരു തൂവല് പോലെ, അല്ലെ ” സീമ ചിരിച്ചു.

മറ്റു രണ്ടുപേരും തലകുലുക്കി. നല്ല ചൂടുള്ള ചായയുമായി വീണ്ടും അവർ ഒത്തുകൂടി.

അപ്പോഴാണ് ശ്യാമ പറഞ്ഞത്, “അതെ അടുത്ത ഞായറാഴ്ച എന്റെ കസിൻ സൗമിനി ചേച്ചിയുടെ അറുപതാം പിറന്നാൾ ആണ്. വളരെ ഗ്രാന്റായിട്ടാണ് ഹസ്ബൻഡ് മക്കളും കൂടി നടത്തുന്നത്.”

എല്ലാവരും ആഘോഷിക്കാൻ ഓരോ കാരണം കണ്ടെത്തുകയാണ്. മക്കളുടെ വിവാഹം, മക്കളുടെ കുഞ്ഞുങ്ങളുടെ, ഭർത്താവിന്റെ പിറന്നാള്, പുതിയ കാർ മേടിച്ചതിന്റെ, വെഡിങ് ആനിവേഴ്സറി ആഘോഷങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ടു പോവുകയാണ്.

“അതെ, അതെ ആഘോഷിക്കാൻ ഓരോരുത്തർക്കും ഓരോ കാരണം ” ഉമ ചിരിച്ചു.

“പക്ഷേ എനിക്കെന്തോ ഇതൊക്കെ സ്ഥിരം കാണുന്ന ഒരു ഏർപ്പാടല്ലേ, ഒരു വെറൈറ്റി ഇല്ലല്ലോ ഒന്നിലും “

“ഓ ഇതിലിപ്പോ എന്ത് വെറൈറ്റി, എല്ലാവരെയും വിളിക്കുന്നു, പാർട്ടി നടത്തുന്നു, ചില്ലാകുന്നു. “സീമ ചുണ്ട് കോട്ടി.

“അതല്ലടോ. ഈ റുട്ടീൻ ലൈഫ്, ഇതിൽ നിന്നും മാറി ചിന്തിക്കാൻ അല്ലേ നമ്മൾ ഇവിടെ കൂടിയത്. എല്ലാവരും ചെയ്യുന്നത് ചെയ്യുന്നതിൽ എന്താണ് ഒരു ത്രില്ല് “

ശ്യാമ കുർത്തയുടെ കൈ മടക്കിക്കൊണ്ടു പറഞ്ഞു.

“നമ്മൾ ആഘോഷിക്കുന്നത് മക്കളുടെ പിറന്നാൾ, ഭർത്താവ് വാങ്ങിയ കാറിനെ ചൊല്ലി, മകന്റെ പുതിയ വീട്, മകളുടെ പ്രമോഷൻ, ഫോറിൻ ട്രിപ്പ്സ് ഇതൊക്കെയല്ലേ “

ഉമയും സീമയും കണ്ണും കാതും കൂർപ്പിച്ചു. ” നീ എന്താണ് പറഞ്ഞു വരുന്നത്? “

ശ്യാമ പെട്ടെന്ന് ഉഷാറായി . “നമുക്ക് എത്ര വയസ്സായി 53… 54 അല്ലെ. നമ്മൾ സ്വതന്ത്രരായില്ലേ? “

“എങ്ങിനെ?”

“13 വയസ്സ് മുതൽ തുടങ്ങിയതാ പിരീഡ്സ്. അന്നൊക്കെ എന്തായിരുന്നു. മാറിയിരിക്കണം. അശുദ്ധമാക്കാൻ പാടില്ല. അവിടെ പോകാൻ പാടില്ല ഇവിടെ പോകാൻ പാടില്ല. ആൺകുട്ടികളോടു മിണ്ടാൻ പാടില്ല. ഇറക്കമുള്ള പാവാട ഇട്ടോണം.”

“അതുകഴിഞ്ഞ് കല്യാണം കഴിഞ്ഞപ്പോഴോ അതിനേക്കാൾ നിയന്ത്രണങ്ങൾ. മനുഷ്യന്റെ നല്ലകാലം മുഴുവനും ഇങ്ങനെ അരുതുകളുടെ കൂടെയായിരുന്നു.” ശ്യാമ ഒരു ദീർഘനിശ്വാസം പൊഴിച്ചു.

“അത് ശരിയാടോ” ഉമ സപ്പോർട്ട് ചെയ്തു. “ആ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ടപ്പോൾ ഞാനും ഓർത്തു എന്റെയൊക്കെ കഴിഞ്ഞ കാലം ഇങ്ങനെയൊക്കെ ആയിരുന്നല്ലോ എന്ന്”

“ഒരു നല്ല ഉടുപ്പിടാൻ, ഒന്ന് യാത്ര പോകാൻ , ഷോപ്പിംഗ് നടത്താൻ കൊതിച്ചിട്ടുണ്ട് ഞാനും ” സീമ കൂട്ടിച്ചേർത്തു.

“കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ നൈറ്റി എന്നുള്ള സഞ്ചിക്ക് അകത്തായിരുന്നു എന്റെ ജീവിതം. എനിക്കിഷ്ടമില്ലാത്ത വേഷം. കല്യാണ തലേന്ന് വരെ പാവാടയും ബ്ലൗസും ഇട്ട് നടന്ന ഞാൻ, പെട്ടെന്ന് ഒരു കുഴലിനകത്തേക്ക് ഇറക്കിയ പോലെ ആയിപ്പോയി. “

“നമ്മുടെ സമൂഹമാണ് തീരുമാനിക്കുന്നത് കല്യാണം കഴിഞ്ഞാൽ പെൺകുട്ടി എന്ത് ഇടണം എന്ത് ഇടരുത് എന്ന് “.

“പക്ഷേ ഇന്നത്തെ പെൺകുട്ടികൾ വളരെ ബോൾഡ് ആണ്. അവർക്കിഷ്ടമുള്ള വസ്ത്രം, അവരുടെ സ്വാതന്ത്ര്യം “

“അതെന്താ നമുക്കു നല്ല വിദ്യാഭ്യാസം ഇല്ലായിരുന്നോ,ജോലിയില്ലായിരുന്നോ? പക്ഷേ തീരുമാനമെടുക്കാനുള്ള ധൈര്യം നമുക്കുണ്ടായിരുന്നില്ല, അത് തന്നെയാണ് കാര്യം” ഉമ കൂട്ടിച്ചേർത്തു.

“അതെ അതെ എല്ലാവരെയും പേടി… ഭർത്താവിനെ പേടി, ഭർത്താവിന്റെ വീട്ടുകാരെ പേടി, നാട്ടുകാരെ പേടി, സമൂഹത്തെ പേടി, മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നുള്ള പേടി, എന്തൊരു ദുരന്തമായിരുന്നു ആ കാലം” സീമ കൈയടിച്ചു.

“സമ്മതിച്ചല്ലോ രണ്ടാളും. അത് തന്നെയാണ് ഞാൻ പറഞ്ഞത് നമുക്കീ സ്വാതന്ത്ര്യം ഒന്ന് ആഘോഷിക്കണം”

“ഒരു പെൺകുട്ടി ഋതുമതിയാവുമ്പോൾ അവളെ സമൂഹം കൽപ്പിക്കുന്ന ചട്ടക്കൂടിനുള്ളിൽ പൂട്ടി ഇടുന്നതിനുവേണ്ടി ഒരുപാട് ആഘോഷങ്ങളും ആചാരങ്ങളും ഇന്നും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട് ” ഉഷാറായി ശ്യാമ.

“എന്നാൽ ഇതിൽ നിന്നും മോചനം നേടിക്കഴിയുമ്പോൾ എന്തുകൊണ്ടാണ് അവളെ വാർദ്ധക്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാൻ ആളുകൾ വ്യഗ്രത കാണിക്കുന്നത്? “

“നീ എന്താ പറഞ്ഞു വരുന്നത്? “

“അതെ അത് തന്നെ, Why can’t we celebrate Menopose? “

ഉമയും സീമ യും ആവേശം കൊണ്ടു.

“ബലേ.. ബലേ, നൈസ് ഐഡിയ, ഇട് വർക്സ് ” ഉമ ചാടി എഴുന്നേറ്റു.

“ശാരീരികമായ അസ്വസ്ഥതകളിൽ നിന്നും മാനസികമായ പിരിമുറുക്കത്തിൽ നിന്നും നമ്മൾ മോചനം നേടുന്നത് നമ്മളല്ലാതെ ആരാണ് ആഘോഷിക്കേണ്ടത്? “

“നമ്മുടെ വീട്ടുകാർ, നമ്മുടെ കുട്ടികൾ, സഹപ്രവർത്തകർ ഇതിനെ എങ്ങനെ കാണും? ” സീമ പുരികം ചുളിച്ചു.

“എങ്ങനെ കണ്ടാലെന്താ എനിക്കൊരു ചുക്കുമില്ല” ശ്യാമ പറഞ്ഞു.

“അല്ല നിങ്ങൾക്ക് കുഴപ്പമുണ്ടോ? നിങ്ങളെന്റെ ഒപ്പം ഉണ്ടെങ്കിൽ നമ്മൾ ഇത് പൊളിക്കും “

“അതെന്തൊരു ചോദ്യമാണടോ? നമ്മൾ പൊളിക്കാതെ പിന്നെ? “

ആ കൂട്ടുകാർക്ക് പിന്നെ ഒരു സംശയവും ഉണ്ടായില്ല. അന്നു മുഴുവൻ അവർ അതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു.

സ്വാതന്ത്ര്യം അതിനെക്കുറിച്ച് മാത്രമായിരുന്നു അവരുടെ ചിന്ത. ഉമയുടെ മോള് ബാംഗ്ലൂരാണ് വർക്ക് ചെയ്യുന്നത്. അവൾ ഒരു സൈക്കോളജിസ്റ്റ് ആണ്. സീമയുടെ മോള് ഒരു ജേണലിസ്റ്റും.

സ്പോട്ടിൽ തന്നെ അവർ മക്കളുമായി ഈ വിവരം ഷെയർ ചെയ്തു. വലിയ പിന്തുണയായിരുന്നു മക്കളിൽ നിന്ന് അവർക്ക് കിട്ടിയത്.

“അമ്മ ഗുഡ്.. ഗോ എഹെഡ് “

ആ സപ്പോർട്ടിന്റെ ബലത്തിൽ അവർ ത്രിൽഡ് ആയി.

രണ്ടുദിവസത്തെ ട്രിപ്പ് ഒക്കെ കഴിഞ്ഞ് മനസ്സൊക്കെ ഒന്ന് സ്വസ്ഥമായി പുതിയ ആകാശങ്ങളെ വെട്ടിപ്പിടിക്കുന്നതിന് ആവശ്യമായ ഉണർവോടെ മൂവരും വീടുകളിൽ തിരിച്ചെത്തി.

മൂവരും അവരുടെ തീരുമാനം ഫാമിലിയിൽ അറിയിച്ചു. മൂന്നുപേരുടെയും ഭർത്താക്കന്മാരും മക്കളും വലിയ സപ്പോർട്ട് ആണ് അവർക്ക് നൽകിയത്.

ഡേറ്റ് തീരുമാനിച്ചു വിളിക്കേണ്ടവരുടെയൊക്കെ ലിസ്റ്റെടുത്തു. ഫുഡ്‌ തീരുമാനിച്ചു. ചെറിയൊരു മ്യൂസിക് പ്രോഗ്രാം.

എല്ലാവരും ചോദിച്ചു “എന്താ കാര്യം? എന്താ കാര്യം “

“അതൊക്കെ സർപ്രൈസ് ” മൂവരും ചിരിച്ചുകൊണ്ടു പറഞ്ഞു.

“ഞങ്ങൾ മൂന്നാളും കൂടി ചേർന്ന് ഒരു പാർട്ടി അറേഞ്ച് ചെയ്യുന്നു. അത്രയേ ഉള്ളൂ ഒരു സന്തോഷം. “

അങ്ങനെ ആ ദിവസം വന്നെത്തി. മൂവരും ഭംഗിയായി വേഷമൊക്കെ ധരിച്ചു ചടുലമായി വേദിയിൽ എത്തി. മൂവരും പെട്ടെന്ന് യുവതികളായതു പോലെ.

എല്ലാവരും ആകാംക്ഷ യോടെ ഉറ്റു നോക്കി.

വേദിയിൽ കെട്ടിയ ബാനർ അവർ മൂവരും ചേർന്നു ഓപ്പൺ ചെയ്തു.

“വിങ്‌സ് ഓഫ് ഫ്രീഡം”

വർണ്ണ ബലൂണുകൾ പൊട്ടിച്ചിരിച്ചു. അതേ ആഘോഷങ്ങൾക്ക് തുടക്കമായി.

ആളുകൾ അന്തം വിട്ടു. ഉമ മൈക്ക് കൈയിലെടുത്തു. ഇത് നമ്മൾ സ്ത്രീകളുടെ ആഘോഷമാണ്. “സെ ബൈ ടു പിരിഡ്‌സ്, വെൽക്കം മെനോപോസ്.”

അവിടവിടെ നിന്നും കുശുകുശുക്കലുകൾ ഉയർന്നു.

“ഹതുകൊള്ളാം, ആഘോഷിക്കാൻ വേറൊരു കാരണവും കണ്ടില്ല ” സുനന്ദ മേനോൻ മൂക്ക് ചുളിച്ചു.

“എന്തും ആകാമെന്നായോ”

“കാഷിന്റെ അഹങ്കാരം”

“ഭർത്താക്കന്മാരെ പറഞ്ഞാൽ മതീലോ, തോന്നിയവാസം.”

ആളുകൾ ചേരി തിരിഞ്ഞു. ചിലർ സപ്പോർട്ട് ചെയ്തു. ചിലർ പുച്ഛിച്ചു.

ശ്യാമ പുഞ്ചിരിച്ചു.

അങ്ങനെ നാട്ടുകാർക്ക് ചർച്ച ചെയ്യാൻ, സപ്പോർട്ട് ചെയ്യാൻ, പുച്ഛിക്കാൻ, ട്രോളാൻ ആ വൈകുന്നേരത്തേക്ക് മാത്രമല്ല കുറച്ചു ദിവസത്തേക്ക് പുതിയൊരു വിഷയം ഇട്ടുകൊടുത്തുകൊണ്ട്, മ്യൂസിക് ബാന്റിന്റെ താളത്തിനൊപ്പം അവർ ആൾക്കൂട്ടത്തിൽ അലിഞ്ഞു.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ. 'മഴയിലേയ്ക്ക് തുറക്കുന്ന ജാലകം', 'വെയിൽ എഴുതിയ ചിത്രങ്ങൾ','ഒടുവിലത്തെ വളവ് ' എന്നീ മൂന്ന് കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥയും കവിതയുമെഴുതാറുണ്ട്.