വികൃതിപ്പയ്യൻ

ശല്യക്കാരനായ ഒരു
വികൃതിപ്പയ്യനാണ് എനിക്ക് മഴ

എഴുതുമ്പോൾ ഒളിച്ചിരുന്ന്
പൊട്ടിയ ഓടിന്റെ വിടവിലൂടെ
താഴെക്കൂർന്നു വീണ്
പേപ്പർ നനച്ചുകളയും

അയയിൽ വിരിച്ചിട്ട തുണികളെ
എത്ര അപേക്ഷിച്ചാലും
ഉണങ്ങാൻ സമ്മതിക്കുകയേയില്ല

വീടിന് പുറത്തിറങ്ങുമ്പോഴൊക്കെ
തൊട്ടുകളിയിൽ കേമനായ
ഒരു കുട്ടിയായി മാറി
ഓടിവന്ന് തൊട്ടുകളയും

കാറ്റിനെയും കൂട്ടിവന്ന്
കുടയുടെ വില്ലൊടിക്കും

സ്‌കൂളിലേക്ക് നടക്കുമ്പോൾ
പാഞ്ഞുവരുന്ന ഒരു വാഹനത്തിന്
എന്നെ ചെളിവെള്ളത്തിൽ കുളിപ്പിക്കാൻ
ഒത്താശ ചെയ്യും

ഇടക്ക് പിണങ്ങിപ്പോയ്ക്കളയും
തിരിച്ചുവരുമ്പോൾ കലിതുള്ളും

വികൃതിപ്പയ്യന്മാരെ പണ്ടേ
എനിക്കിഷ്ടമല്ല.

മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശം. അധ്യാപകനായി ജോലിചെയ്തുവരുന്നു. 'കടലാസ്സ് പൂക്കൾ ' എന്ന 29 കവിതകൾ അടങ്ങുന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.