ഓക്ക് മരങ്ങളൊക്കെത്തന്നെയും ഒരു പുകമറയ്ക്കപ്പുറം നേര്‍ത്ത വെള്ളപുതച്ചത് പോലെ. കനത്ത നിശബ്ദതയായിരുന്നു എങ്ങും.തണുപ്പിനാല്‍ കോച്ചിവിറച്ചതായിരുന്നു പ്രഭാതം. 1910 ലെ നവംബര്‍ 22 ആയിരുന്നു ആ ദിവസം. അന്നത്തെ പ്രഭാതം ഉണര്‍ന്നത് വിശ്വപ്രസിദ്ധനായ എഴുത്തുകാരന്‍ ടോള്‍സ്റ്റോയിയുടെ മരണവാര്‍ത്ത കേട്ടായിരുന്നു. എല്ലാ പത്രങ്ങളുടെയും തലക്കെട്ടിനു താഴെ വിളറിവെളുത്ത ഒരു വൃദ്ധ സ്ത്രീയുടെ ചിത്രം. വെള്ളിനാരുപോലുള്ള നരച്ചമുടി മുഖത്തേക്ക് തൂങ്ങിക്കിടക്കുന്നു. ദൈന്യതയാര്‍ന്ന കണ്ണുകളില്‍ നിന്നും ഇറ്റിറ്റു വീഴുന്ന കണ്ണീര്‍ത്തുള്ളികള്‍ ചുക്കിച്ചുളിഞ്ഞ ആ മുഖത്തിലൂടെ ഉതിര്‍ന്നിറങ്ങുന്നു. അവസാനമായി തന്റെ പ്രാണേശ്വരനെ ഒരു നോക്ക് കാണാന്‍ വേണ്ടി അസ്റ്റപ്പോവാ എന്ന റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററുടെ വസതിയിലെ ചില്ലുജാലകത്തിലൂടെ ഏന്തി വലിഞ്ഞു നോക്കുന്ന ഒരു വൃദ്ധസ്ത്രീയുടെ ചിത്രം. ആരെയും കരളലയിപ്പിക്കുന്നതായിരുന്നു ആ കാഴ്ച. പക്ഷെ സോഫിയയ്ക്ക് അവസാനമായി ആ മുഖമൊന്നു കാണാന്‍ കഴിഞ്ഞില്ല. 

അതിന് കാരണക്കാരായവർക്കും അവരെ പഴി പറഞ്ഞ് ആ പാപക്കറ പുരണ്ടവർക്കും  സോഫിയയുടെ ഹൃദയത്തെ തിരിച്ചറിഞ്ഞവർ ഇന്നും മാപ്പ് നല്‍കില്ല. 

കാരണം അത്രമാത്രം പ്രാണനായിരുന്നു സോഫിയക്ക് ടോള്‍സ്റ്റോയി. ഇടനിലക്കാരാല്‍ വികൃതമാക്കപ്പെട്ട പ്രണയ ജീവിതത്തിന്റെ ഇരയായിരുന്നു അവര്‍. ടോള്‍സ്റ്റോയിയോടു സോഫിയക്കുണ്ടായിരുന്ന സമര്‍പ്പണം തിരിച്ചറിയാന്‍ കഴിയാതെ പോയ സമൂഹത്തിന് മുന്നില്‍ സോഫിയ ഇന്നും ഭര്‍ത്താവിന് സ്വര്യം കൊടുക്കാത്ത സ്ത്രീയാണ്, ഭാര്യയാണ്. 

വിവര്‍ത്തകനും സാഹിത്യകാരനുമായ വേണു. വി ദേശത്തിന്റെ ‘പ്രിയപ്പെട്ട ലിയോ’ എന്ന ആഖ്യായികയ്ക്ക് ടോള്‍സ്റ്റോയിയെ എന്ന പോലെ സോഫിയയുടെ ആത്മാവിനെ തൊട്ടറിയാനും സത്യസന്ധമായി അവതരിപ്പി ക്കാനും കഴിഞ്ഞിട്ടുണ്ട്.

ലോക സാഹിത്യ ചരിത്രത്തില്‍ ഇത്രയും പഴി കേള്‍ക്കാനിടയായിട്ടുള്ള ഒരു എഴുത്തുകാരന്റെ ഭാര്യ ഉണ്ടായിട്ടില്ല. അത്രയുമധികം കുത്തു വാക്കുകളുടെ നീറ്റലില്‍ നീറിപ്പിടഞ്ഞ ഒരു ജീവിതമായിരുന്നു സോഫിയയുടേത്. സ്വാര്‍ത്ഥമായ പ്രണയത്തിന്റെ ഇരയായിരുന്നു അവര്‍. പക്ഷെ ആ പ്രണയം അന്നും ഇന്നും ലോകം അംഗീകരിക്കുന്നില്ല. മാത്രമല്ല നിരന്തരമായി അവഗണിക്കപ്പെടുകയും ചെയ്യുന്നു.

അതേ സമയം ആ കാലഘട്ടത്തില്‍ത്തന്നെ റഷ്യ ആഘോഷിച്ച പ്രണയമായിരുന്നു മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളിലൂടെ സഞ്ചരിച്ച മഹാനായ ദസ്‌തേവിസ്‌കിയുടേത്. ലോകം അംഗീകരിച്ച ഒരു പ്രണയമായിരുന്നു അത്. ദസ്‌തേവിസ്‌ക്കിയുടെ പത്‌നി അന്നയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ‘അപൂര്‍വ്വാനുരാഗത്തിന്റെ 26 ദിവസങ്ങള്‍’ എന്ന പേരില്‍ വേണു.വി ദേശം തന്നെ ഭാഷാന്തരം ചെയ്തിട്ടുമുണ്ട്. പ്രണയത്തിന്റെ തീവ്രമായ പ്രകമ്പനങ്ങള്‍ അന്നയുടെ വാക്കുകളിലൂടെ, ജീവിതത്തിലൂടെ നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുന്നത് കാണാന്‍ കഴിയും.

ദസ്‌തേവിസ്‌കിയുടെ ജീവിതത്തിലെ മൂന്നാമത്തെ സ്ത്രീയാണ് അന്ന. ആദ്യ ഭാര്യ ക്ഷയരോഗം വന്ന് മരിച്ചതിന് ശേഷം പോളിനസുസ്ലോവ എന്ന ഒരു കാമുകി അദ്ദേഹത്തിനുണ്ടായി. പക്ഷെ അവര്‍ക്കൊന്നും ദസ്‌തേവിസ്‌കിയുടെ ജീവിതത്തില്‍ ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴി ഞ്ഞില്ല. അവര്‍ മറ്റൊരു കാമുകനൊപ്പം ഓടിപ്പോവുകയാണുണ്ടയത്. അതിന് ശേഷം സ്റ്റെനോഗ്രാഫറായി 26 ദിവസത്തേക്ക് മാത്രം നിയോഗിക്കപ്പെട്ട അന്നയിലാണ് യഥാര്‍ത്ഥ പ്രണയത്തിന്റെ ആഴം ദസ്‌തേവിസ്‌ക്കി ക്ക് കാണാന്‍ കഴിഞ്ഞത്. ചൂതാട്ടക്കാരന്‍ പുസ്തകത്തിന്റെ ചുരുക്കെഴുത്തിന് 26 ദിവസത്തേക്ക് മാത്രമായിരുന്നു അന്ന നിയോഗിക്കപ്പെട്ടത്. അതിനു മുന്‍പ് വായനയിലൂടെ മാത്രം ആരാധിച്ചു പോന്ന ദസ്‌തേവിസ്‌കി യുടെ ഒപ്പം ഇടപെടാനായതിൽ അന്ന അഭിമാനപുളകിതയായിരുന്നു. ആ ഇരുപത്താറ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രണയത്തിന്റെ അഗാധമായ സമുദ്രത്തിലേക്ക് അവര്‍ രണ്ടുപേരും എടുത്തെറിയപ്പെട്ടിരുന്നു. ആ ഇരുപത്താറു ദിവസങ്ങള്‍ക്കു ശേഷം പിരിയേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രണയവേദന സഹിക്കാന്‍ കഴിയാതെ ഒരു അന്യാപദേശത്തിലൂടെ അന്നയുടെ മനസ്സ് അറിയാന്‍ ശ്രമിച്ച ദസ്‌തേവിസ്‌കിക്ക് അവളുടെ പ്രണയം നേടിയെടുക്കുവാനും വിവാഹം കഴിക്കുവാനും സാധിച്ചു. 

ദസ്‌തേവിസ്‌കിക്കുവേണ്ടി സര്‍വ്വവും സമര്‍പ്പിച്ച ജീവിതമായിരുന്നു അന്നയുടേത്. വളരെയധികം പക്വമതിയായ ഒരു സ്ത്രീയായിരുന്നു അന്ന. അവള്‍ ഒരു കുഞ്ഞിനെയെന്നവണ്ണം ദസ്‌തേവിസ്‌ക്കിയെ ലാളിച്ചു, സ്‌നേഹിച്ചു, ശുശ്രൂഷിച്ചു. എഴുത്തില്‍  ഗൗരവതരമായി ഇടപെട്ടു. അതി സൂക്ഷ്മമായ കഥാപാത്ര നിര്‍ണ്ണയത്തില്‍ ദസ്‌തേവിസ്‌ക്കിയെ സഹായിച്ചു. ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും അദ്ദേഹത്തെ ആവുന്നത്ര രക്ഷിക്കാന്‍ കഠിനമായി പരിശ്രമിച്ചു. ഒരു ഘട്ടത്തില്‍ ദാരിദ്ര്യത്തിന്റെ കരകാണാക്കയത്തില്‍ നിന്നും ഉപദ്രവകാരിയായ ബന്ധുക്കളില്‍ നിന്നും രക്ഷിച്ചെടുത്തു വിദേശത്തേക്ക് കൊണ്ടുപോയി. കടുത്ത ദാരിദ്ര്യത്തില്‍ മൂന്നു മാസം പ്രായമുള്ള അവരുടെ കുഞ്ഞ് കാലാവസ്ഥയെ അതിജീവിക്കാനാവാതെ പിടഞ്ഞുമരിച്ചപ്പോഴും അന്ന ദസ്‌തേവിസ്‌ക്കിയെ കുറ്റപ്പെടുത്തിയിരുന്നില്ല. കാരണം അന്നക്ക് എല്ലാത്തിനേക്കാളും വലുത് ദസ്‌തേവിസ്‌കിയായിരുന്നു. ചൂതാട്ട കേന്ദ്രങ്ങളിലേക്ക് തിടുക്കപ്പെട്ട് പോകുമ്പോള്‍ അന്ന ദസ്‌തേവിസ്‌ക്കിയെ തടഞ്ഞിരുന്നു. അവളെ അവഗണിച്ചുകൊണ്ട് പുറത്തിറങ്ങിയ ദസ്‌തേവിസ്‌കിക്ക് ഒടുവില്‍ കുറ്റബോധം കൊണ്ട് ചൂതാട്ടം അവസാനിപ്പിക്കേണ്ടിയും വന്നു. അത്ര മാത്രം തീവ്രമായ വൈകാരികതയിലൂന്നിയ പ്രണയമായിരുന്നു അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. തന്റെ രക്ഷാദേവതയായാണ് അന്നയെ ദസ്‌തേവിസ്‌കി പരിഗണിച്ചിരുന്നത്. തകര്‍ന്നു ചിതറിപ്പോകുമായിരുന്ന ഒരു ജീവിതത്തെ സഹനം കൊണ്ടും സ്‌നേഹം കൊണ്ടും വിളക്കിയെടുത്തവളാണ് അന്ന. പക്ഷെ അന്ന സമൂഹത്തിന്റെ കുടുംബ സങ്കല്‍പ്പത്തിനുള്ളില്‍ മാന്യയാക്കപ്പെട്ടിരുന്നു. കാരണം സമൂഹം സ്ത്രീക്ക് കല്‍പ്പിച്ചു കൊടുത്ത  സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും മറ്റെല്ലാ ഭാവുകത്വങ്ങളുടെയും മൂര്‍ത്തീഭാവമായിരുന്നു അന്ന. അന്നയുടെ പക്വതയും വ്യക്തിത്വവും  പ്രണയാതുരമായ മനസ്സും അതിനോടൊപ്പം ചേര്‍ന്നുവെന്നത് വിസ്മരിക്കാന്‍ കഴിയാത്തതാണ്. 

ടോള്‍സ്റ്റോയിയുടെ ഭാര്യ സോഫിയ മാതൃകയാക്കപ്പെടേണ്ട ഭാര്യയായിരുന്നില്ല. അവള്‍ സമൂഹം വരച്ച വരയില്‍ തന്റെ വികാരങ്ങളെ തളച്ചിട്ടിരുന്നില്ല. അവള്‍ വളരെ നിഷ്‌കളങ്കമായിത്തന്നെ പ്രതികരിച്ചു. അതിനാല്‍ അവള്‍ സമൂഹത്തിന്റെ കണ്ണിലെ കരടായി മാറുകയാണുണ്ടായത്. ‘പ്രിയപ്പെട്ട ലിയോ’ എന്ന നോവലില്‍ ടോള്‍സ്റ്റോയിയുടെ ഭാര്യയുടെ മനസ്സ് എന്തായിരുന്നുവെന്ന് വായനക്കാരനെ തുറന്നു കാണിക്കാന്‍ തക്ക വിധത്തില്‍ സോഫിയയോടൊപ്പം നില്‍ക്കാനും അവരുടെ ഭാഗത്തു നിന്നും ചിന്തിക്കാന്‍ കഥാകാരനെ പ്രാപ്തനാക്കുവാനും വേണു.വി ദേശത്തിന് കഴിഞ്ഞിരിക്കുന്നു.

അന്നക്ക് ദസ്‌തേവിസ്‌കിയോടു തോന്നിയതുപോലെ സോഫിയ ടോള്‍സ്റ്റോയിയെ വളരെ ചെറുപ്പത്തിലേ ആരാധിച്ചിരുന്നു. ഒരു പക്ഷേ ടോള്‍സ്റ്റോയിയുടെ ഉള്ളിലുള്ള എഴുത്തുകാരനെയായിരുന്നു സോഫിയ പ്രണയിച്ചിരുന്നതെന്ന് ആ ജീവിതം പരിശോധിച്ചാല്‍ മനസിലാകും. ദസ്‌തേവിസ്‌കിയും അന്നയും തമ്മില്‍ ഇരുപത്തിയഞ്ച് വയസ്സ് പ്രായവ്യത്യാസം ഉള്ളപ്പോള്‍. സോഫിയയും ടോള്‍സ്റ്റോയിയും തമ്മില്‍ ഇരുപത് വയസ്സ് പ്രായ വ്യത്യാസം നില നിന്നിരുന്നു. സോഫിയ ഒരു വലിയ പ്രഭുകുടുംബം ഒറ്റക്ക് കൊണ്ടു പോവുകയും ടോള്‍സ്റ്റോയിയുടെ പന്ത്രണ്ട് കുട്ടികളെ പ്രസവിക്കുകയും, യുദ്ധവും സമാധാനവും പോലെ ബൃഹത്തായ ഒരു കൃതി ടൈപ്പ്‌റൈറ്റിംഗ് മെഷീന്‍ പോലുമില്ലാതിരുന്ന കാലത്ത് കൈകൊണ്ട് ആറ് പ്രവശ്യം പകര്‍ത്തി എഴുതുകയും ചെയ്തിരുന്നു. ടോള്‍സ്റ്റോയിയുടെ സര്‍ഗ്ഗാത്മകതയെ സോഫിയ എല്ലാത്തിനും ഉപരിയായി ആരാധിച്ചിരുന്നു. സോഫിയയുടെ ചില മാനസിക നിലയുമായി ടോള്‍സ്റ്റോയി പൊരുത്തപ്പെട്ടില്ലെങ്കിലും ടോള്‍സ്റ്റോയിയും സോഫിയയെ അളവറ്റ വിധം സ്‌നേഹിച്ചിരുന്നു. ഒരിക്കല്‍ ടോള്‍സ്റ്റോയിയുടെ ഒരു ശിഷ്യന്‍ സോഫിയയെക്കുറിച്ച് അപവാദം പറഞ്ഞപ്പോള്‍ അവനെ അരിവാള്‍ കൊണ്ട് അക്രമിക്കുകയും അതിനു ശേഷം നിലത്തുരുണ്ടുകിടന്നു കരഞ്ഞതും ടോള്‍സ്റ്റോയിക്ക് സോഫിയയോടുള്ള ആഴത്തി ലുള്ള പ്രണയം വ്യക്തമാക്കുന്നു.

ഭാര്യയും ഭര്‍ത്താവുമൊത്തുള്ള ദാമ്പത്യജീവിതത്തില്‍ ഭാര്യയുടെ സ്ഥാനം മറ്റൊരാള്‍ അപഹരിക്കുമ്പോള്‍ ഏതൊരു ഭാര്യയ്ക്കും മാനസിക വിഭ്രാന്തിയുണ്ടാവും. അതാണ് സോഫിയക്കും സംഭവിച്ചത്. സ്‌നേഹത്തിന്റെ പ്രതിഫലനമായിരുന്നുതാനുമത്. അത് സോഫിയയുടെ വാക്കുകളില്‍ ഇപ്രകാരമായിരുന്നു. ”ചെര്‍ത്‌ക്കോവുമായി അദ്ദേഹം അടുത്ത പ്പോള്‍ എന്നില്‍ നിന്നും അകലാന്‍ തുടങ്ങി.” പക്വതയോടെ കാര്യങ്ങളെ സമീപിക്കാന്‍ ആ നിഷ്‌കളങ്ക മനസ്സിന് കഴിയാതെ പോയതതിനാലാണ് അവള്‍ എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ടത് ടോള്‍സ്റ്റോയിയുടെ ശിഷ്യന്‍ ചെര്‍ത്‌ക്കോവിന്റെ കടന്നുവരവാണ് സോഫിയയുമായുള്ള ടോള്‍സ്റ്റോയിയുടെ ദാമ്പത്യ ജീവിതത്തെ അപഹരിച്ചത്. ടോള്‍സ്റ്റോയ് സ്ഥാപിച്ച മതത്തിന്റെ യുവനേതാവായിരുന്നു പ്രഭുകുമാരനായ ചെര്‍ത്‌ക്കോവ്.

ലൈംഗികതയുടെ കാര്യത്തില്‍ ടോള്‍സ്റ്റോയിക്ക് വ്യതിരിക്തമായ നിലപാടാണുണ്ടായിരുന്നത്. അമിതമായ ലൈംഗികാസക്തി ടോള്‍സ്റ്റോയിയെ കീഴടക്കിയിരുന്നു. അത് സോഫിയയുടെ ജീവിതത്തിലെ പെറുക്കിപ്പറയലില്‍ നിന്നും ഇടക്കുള്ള നെടുവീര്‍പ്പില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതാണ്. അക്‌സീനിയ എന്ന അടിമപ്പെണ്ണുമായുള്ള രഹസ്യബന്ധത്തില്‍ വളരെ മുന്‍പ് ടോള്‍സ്റ്റോയിക്ക് ഒരു ആണ്‍കുട്ടി പിറന്നിരുന്നു. ആ ആണ്‍കുട്ടിയാണ് ടോള്‍സ്റ്റോയിയുടെ മക്കളെ കുതിരവണ്ടിയില്‍ സ്‌ക്കൂളില്‍ കൊണ്ടുപോയിരുന്നത്. ആ അടിമപ്പെണ്ണ് അധികാരത്തിനായി കയറിവരുമോ എന്ന ആശങ്കയും സോഫിയക്കുണ്ടായിരുന്നു. വേഷ പ്രച്ഛന്നയായി സോഫിയ ആദ്യകാലത്ത് ടോള്‍സ്റ്റോയിയെ പിന്‍തുടര്‍ന്നിട്ടുമുണ്ട്.

‘ഉയര്‍ത്തെഴുന്നേല്‍പ്പ്’ എന്ന നോവലില്‍ ടോള്‍സ്റ്റോയി നായകനൊപ്പം തന്നെയാണ് നിലനിന്നിരുന്നത്. പ്രണയത്തിന്റെ പേരും പറഞ്ഞ് ഒരു സുന്ദരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ആസ്വദിക്കുകയും അതിനു ശേഷം അവളെ യാതനാപൂര്‍ണ്ണമായ വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ട് ആഡംബര ജീവിതത്തിലേക്ക് പോകുന്ന നായകനെ ചെയ്ത് പോയ പാപത്തില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ ടോള്‍സ്റ്റോയി ആവുന്നത്ര ശ്രമിക്കുന്നുണ്ട്. അത് സ്വന്തം ജീവിതത്തില്‍ ചെറുപ്പകാലത്ത് ടോള്‍സ്റ്റോയിക്ക് ഇത്തരമൊരു അനുഭവം ഉണ്ടയിരുന്നതുകൊണ്ടാണ്‌. അതിന്റെ കുറ്റബോധത്തില്‍ നിന്നാണ് ”ഉയിര്‍ത്തെഴുന്നേല്‍പ്പ്” എന്ന നോവല്‍ ഉണ്ടാകുന്നത്.

ടോള്‍സ്റ്റോയി ഒരു സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു എന്ന് ചരിത്രത്തില്‍ എവിടെയും പറയുന്നില്ലെങ്കിലും സോഫിയ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നില്ല. അവിടം ദുരൂഹമാണ്. ചെര്‍ത്‌ക്കോവിന്റെ വാക്കുകള്‍ പറയാതെ പറയുന്നത് ഇങ്ങിനെയാണ്. 

”ആദ്യ കാഴ്ചയില്‍ത്തന്നെ ഞങ്ങള്‍ അനുരക്തരായി. എന്താണ് എന്നെ മോഹിപ്പിച്ചതെന്ന് വ്യവച്ഛേദിച്ചെടുക്കുവാന്‍ ഞാനാളല്ല. അന്നു തുടങ്ങിയ ആത്മബന്ധം ഇന്നും മുറിവില്ലാതെ കുതിച്ചൊഴുകുന്നു.” എന്നാല്‍ ടോള്‍സ്റ്റോയിക്ക് അവസാനമായി ശിശു പിറക്കുന്നത് ചെര്‍ത്‌കോവില്‍ നിന്നും മറച്ചുവെക്കാന്‍ ടോള്‍സ്റ്റോയ് നന്നെ ബുദ്ധിമുട്ടി എന്ന് പറയപ്പെടുന്നു.

ചെര്‍ത്‌ക്കോവിനെ കാണാതിരിക്കുമ്പോള്‍ ടോള്‍സ്റ്റോയിക്ക് അസ്വാസ്ഥ്യം അനുഭവപ്പെടുമായിരുന്നു. ചെര്‍ത്‌ക്കോവിനെ പരിചയപ്പെട്ടതു മുതല്‍  ടോള്‍സ്റ്റോയിയുടെ വ്യക്തിജീവിത്തിലും ദാമ്പത്യ ജീവിതത്തിലും ചെര്‍ത്‌ക്കോവിന്റെ നിയന്ത്രണത്തിലായി. ടോള്‍സ്റ്റോയും ചെര്‍ത്‌ക്കോവും തമ്മില്‍ സ്വവര്‍ഗ്ഗ ലൈംഗികത നിലനിന്നിരുന്നുവെന്നതിന് എത്രയോ ദൃഷ്ടാന്തങ്ങള്‍ ചെര്‍ത്‌ക്കോവിന്റെയും ടോള്‍സ്റ്റോയിയുടെയും വാക്കുകളില്‍ നിന്നും ജീവിത സന്ദര്‍ഭങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ സാമാന്യബുദ്ധിയുള്ള വായനക്കാരന് കഴിയും. അവര്‍ക്കിടയില്‍ സ്വന്ത മായി ഒരിടം നഷ്ടപ്പെട്ട ഭാര്യയെക്കാണാന്‍ അവര്‍ രണ്ടുപേരും ശ്രമിച്ചി ട്ടില്ല. പ്രണയത്തിലെ സ്വാര്‍ത്ഥതയായിരുന്നു പിന്നീട് സോഫിയയെ കീഴ്പ്പെടുത്തിയത്. അത് മനസ്സിലാക്കിയെടുക്കുന്നതില്‍ ടോള്‍സ്റ്റോയി തികഞ്ഞ പരാജയമായിരുന്നു. പക്ഷെ സോഫിയയുടെ മാനസികവിഭ്രാന്തി ക്രൂരമായി ചെര്‍ത്‌ക്കോവ് ആസ്വദിക്കുന്നുണ്ടായിരുന്നു. 

ടോള്‍സ്റ്റോയി മരിച്ചുകിടക്കുമ്പോഴും ചെര്‍ത്‌ക്കോവ് ടോള്‍സ്റ്റോയിയുടെ വസതിയിലേക്ക് തിടുക്കപ്പെട്ട് പോയത് രേഖകളെല്ലാം കൈക്കലാക്കാനായിരുന്നു. അത്തരമൊരു വില്ലനാണ് ടോള്‍സ്റ്റോയി- സോഫിയ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. സര്‍വ്വകുറ്റവും സോഫിയയില്‍ ചാര്‍ത്തി ലോകത്തെ തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ സോഫിയ എത്രമാത്രം ടോള്‍സ്റ്റോയിയെ സ്‌നേഹിച്ചിരുന്നുവെന്നതിന്റെ തെളിവാണ് ടോള്‍സ്റ്റോയി വീടു വിട്ടിറങ്ങിയപ്പോള്‍ സോഫിയ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. പിന്നീട് ടോള്‍സ്റ്റോയി തിരിച്ചുവരുന്നതിനുവേണ്ടി അവര്‍ എഴുതിയ വരികളില്‍ ആ സങ്കടത്തിന്റെ ആഴക്കടല്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നതാണ്.

”പ്രിയപ്പട്ട ലിയോ……. വീട്ടിലേക്ക് തിരിച്ചു വരൂ. ഇനിയുമൊരു ആത്മഹത്യശ്രമത്തില്‍ നിന്നും എന്നെ രക്ഷിക്കൂ. എന്റെ ജീവിതത്തിന്റെ പൊരുൾ തിരിച്ചുവരൂ. അങ്ങാഗ്രഹിക്കുന്ന പോലെ ഞാന്‍ ജീവിക്കാം എല്ലാത്തരം ആര്‍ഭാടങ്ങളും ഉപേക്ഷിക്കാം. അങ്ങയുടെ സുഹൃത്തുക്കളു മായി ഞാനും ചങ്ങാത്തത്തിലാവാം. ഞാന്‍ സ്വയം ഭേദപ്പെടുത്തി ക്കൊള്ളാം ദയയുള്ളവളായിരിക്കാം. തിരിച്ചുവരൂ എന്നെ അങ്ങ് രക്ഷിച്ചേ തീരൂ”.

ഇത്രയും പ്രണയാതുരവും വേദന നിറഞ്ഞതുമായ വാക്കുകള്‍ക്ക് നേരെ ഏത് വായനക്കാരനാണ് മുഖം തിരിക്കാന്‍ കഴിയുക. ടോള്‍സ്റ്റോയി യുടെ മരണശേഷം സോഫിയ അനുഭവിച്ച പ്രാണവേദനയെക്കുറിച്ച് മകള്‍ പറയുന്നതിങ്ങനെ.

”പപ്പയുടെ മരണത്തിന്റെ പിറ്റേന്നുതന്നെ മമ്മ കിടപ്പിലായി. വ്യാധി കടുത്തതായിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമം വിധിച്ചു. രണ്ടാഴ്ചക്കുശേഷം താനെ എഴുന്നേറ്റു നില്‍ക്കാമെന്നായപ്പോള്‍ പ്രാഞ്ചി പ്രാഞ്ചി ഭര്‍ത്താവിന്റെ കുഴിമാടത്തിലേക്ക് നടന്നു. പൊടുന്നനെ വന്നുചേര്‍ന്ന ഭര്‍തൃവിയോഗത്തിന് താനാണ് മൂലകാരണമെന്ന വേദനയും നൈരാശ്യവും ആ വൃദ്ധയെ തകര്‍ത്തെറിഞ്ഞു. അവസാനകാലത്ത് ലിയോ അനുഭവിച്ച ദുരിതങ്ങളും വേദനയുമോര്‍ത്ത് മമ്മാ അനുതപിച്ചു. തനിക്കിനി മുന്നോട്ടു പോവാന്‍ കഴിയില്ലെന്ന് മമ്മക്ക് തോന്നി. അവര്‍ക്ക് രാത്രികളില്‍ വീണ്ടും ഉറക്കം നഷ്ടപ്പെട്ടു. കരച്ചില്‍ വെളുക്കുംവരെ നീണ്ടു. ഇരുട്ടിലേക്ക് നോക്കും തോറും മന: സാക്ഷിയുടെ കുറ്റപ്പെടുത്തല്‍ മമ്മായെ നീറ്റി.”

സോഫിയയുടെ സ്വാര്‍ത്ഥതയില്‍ അധിഷ്ഠിതമായ പ്രണയമായിരുന്നു ടോള്‍സ്റ്റോയിയെ ബുദ്ധിമുട്ടിച്ചത്. പക്ഷെ ആ മനസ്സിനെ മനസ്സിലാക്കാന്‍ ടോള്‍സ്റ്റോയിക്കുപോലും കഴിയാതെ പോയി. ചെര്‍ത്‌ക്കോവ് ഇത് മനസ്സിലാക്കി തന്റെ നിഗൂഢലക്ഷ്യങ്ങള്‍ക്ക് വേണ്ടി ടോള്‍സ്റ്റോയിയില്‍ നിന്നും സോഫിയയെ മന:പൂര്‍വ്വം അകറ്റി.

ചെര്‍ത്‌ക്കോവിന്റെ ഗൂഢപ്രവര്‍ത്തനങ്ങള്‍ക്ക് ഇരയായ സോഫിയ ജനങ്ങളാലും, വായനക്കാരാലും ക്രൂശിക്കപ്പെടുകയായിരുന്നു. ”ഭര്‍ത്താവിന് സ്വര്യം കൊടുക്കാത്തവള്‍” എന്ന ചീത്തപ്പേരിന് ലോകം അവളെ വിധിച്ചു. യാഥാര്‍ത്ഥ്യമെന്തെന്ന് മനസ്സിലാക്കാതെ ചരിത്രത്തിലെ കറുത്ത അധ്യായത്തില്‍ സോഫിയയെ തളച്ചിട്ടു. അതില്‍ നിന്നും സോഫിയയെ മോചിപ്പിക്കാന്‍ വേണു വി ദേശത്തിന്റെ ‘പ്രിയപ്പെട്ട ലിയോയ്ക്ക്’ കഴി ഞ്ഞിരിക്കുന്നു. ടോള്‍സ്റ്റോയി അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങളോടെന്നും നീതി പുലര്‍ത്തിയിരുന്നില്ല. കുടുംബത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുമാത്രമേ ഒരു സ്ത്രീ സ്വാതന്ത്ര്യവും സന്തോഷവും അനുഭവി ക്കുകയുള്ളുവെന്ന വാദത്തോടെയാണ് അദ്ദേഹത്തിന്റെ മിക്ക നോവലുകളും അവസാനിക്കുന്നത്. ടോള്‍സ്റ്റോയ് സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വന്തം ഭാര്യയോട് അദ്ദേഹം നീതി പുലര്‍ത്തിയിരുന്നോ എന്ന ചോദ്യം വായനക്കാരിലേക്ക് ഇറ്റിച്ചു കൊടുക്കുകയാണ് ‘പ്രിയപ്പെട്ട ലിയോ.’ ഒരിക്കല്‍ സോഫിയ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ”ചിത്രകാരന്‍മാര്‍ വരുമ്പോഴൊക്കെ ലിയോ എന്നെ വരപ്പിച്ചിരുന്നു. രേഖാചിത്രങ്ങളായിരി ക്കുമ്പോള്‍ അവയില്‍ ഞാന്‍ എന്നെ കണ്ടുവെങ്കിലും ചായമിടുന്നതോടെ അവയില്‍ ഞാനില്ലാതാവും.”

സോഫിയയുടെ ജീവിതം ഒരു മഹത്തായ എഴുത്തുകാരന് വേണ്ടി സമര്‍പ്പിച്ചതായിരുന്നു. എന്നിട്ടും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയായി ചരിത്രത്തിന്റെ ഏടുകളില്‍ ഇന്നും ഒളിഞ്ഞുകിടക്കുന്നു സോഫിയ. 

എന്നാല്‍ ദസ്‌തേവിസ്‌കിയുടെ പ്രാണേശ്വരിയായ അന്നയുടെ ആത്മഗതം ഇങ്ങനെയായിരുന്നു.

”എന്റെ സ്‌നേഹം തികച്ചും ബൗദ്ധികമായിരുന്നു. അത് മിക്കവാറും ആരാധന തന്നെയായിരുന്നു. മഹാപ്രതിഭയായ ഒരു മനുഷ്യനോടുള്ള ആദരം. കുലീനനായ ഒരാത്മാവിനോടുള്ള സമര്‍പ്പണം. ആ മനുഷ്യന്റെ ജീവിതസഖിയാകാന്‍ ഞാന്‍ മോഹിച്ചു. അദ്ദേഹത്തിന്റെ വേദനയും ഭാരവും പങ്കുവെക്കാന്‍ ഞാനാഗ്രഹിച്ചു. സന്തോഷം പകരുവാനും ദാഹിച്ചു. ഇതാണെന്റെ ഭാവനയെ ഉദ്ദീപിപ്പിച്ചത്. ദസ്‌തേവിസ്‌കി എന്റെ ദൈവമായിതീര്‍ന്നു എന്റെ ആദര്‍ശവും.”ദസ്‌തേവിസ്‌കിയെ വിവാഹം കഴിച്ചതിന് ശേഷം അന്നയുടെ ജീവിതത്തില്‍ ദാരിദ്ര്യവും പ്രതിസന്ധി കളും ധാരാളമായിരുന്നു.  

അന്ന പറയുന്നു. ”ആ മനുഷ്യനു വേണ്ടി ഞാന്‍ സര്‍വ്വവും സമര്‍പ്പിച്ചു. ഞാന്‍ എനിക്കു വേണ്ടി ജീവിച്ചതേയില്ല. ബന്ധുക്കളുടെയും വളര്‍ത്തുപുത്രന്റെയും ശല്യം സഹിക്കാനാവാതെ അദ്ദേഹത്തെയും കൊണ്ട് ഞാന്‍ നാടുവിട്ടു. നിങ്ങള്‍ക്കറിയാമോ? ആ നാടുവിടല്‍ കാരണമാണ് മൂന്നു മാസം പ്രായമുള്ള എന്റെ കുഞ്ഞു മരിച്ചത്.” പിന്നീട് ജനിച്ച മകന്‍ മൂന്നാമത്തെ വയസ്സില്‍ മരിച്ചു. എന്നിട്ടും സഹനത്തിന്റെ സമുദ്രങ്ങള്‍താണ്ടി ആ മനുഷ്യനില്‍ അന്ന ചാരിനിന്നു. അന്നയുടെ അവസാന നാളുകള്‍ ദാരുണമായിരുന്നു. ദസ്‌തേവിസ്‌കിയുടെ മരണ ശേഷം അന്ന ഒറ്റപ്പെട്ടു. അപ്പോഴേക്കും ലെനിന്‍ ദസ്‌തേവിസ്‌ക്കിയുടെ കൃതികള്‍ നിരോധിച്ചിരുന്നു. ദരിദ്രമായ ഒരു ജീവിതമായിരുന്നു അന്ന നയിച്ചത്. രോഗിയായി പട്ടിണിയിലും ദുരിതങ്ങളിലും കാലം കഴിച്ചുകൂട്ടിയ അന്ന അവസാനം വിലകുറഞ്ഞ റൊട്ടി ചൂടോടെ കഴിച്ചു ചെറുകുടല്‍ പൊള്ളി പ്പോയിരുന്നു. രണ്ട് ദിവസത്തിന് ശേഷം അവരുടെ അന്ത്യം സംഭവിച്ചു. 

ഇത്രയൊക്കെ ദുരന്ത സമാനമായ ജീവിതം നയിച്ചപ്പോഴും അന്നയുടെ ആത്മവിശ്വാസം കലര്‍ന്ന വരികള്‍ ഇതു മാത്രമായിരുന്നു. ”പുരുഷാന്തരങ്ങള്‍ നമിച്ചു പിന്‍മാറുന്ന ആ മഹാപ്രതിഭയുടെ ബൃഹത് കൃതികള്‍ എന്റെ വിരലുകളിലൂടെയാണ് വിടര്‍ന്നുവെന്നതാണ് എന്റെ ഏറ്റവും വലിയ ആനന്ദം. ദസ്‌നേവിസ്‌കിയുടെ ഭാര്യയായതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.”

ഹൃദയത്തിനു മീതെ ദൈവത്തിന്റെ കൈയ്യൊപ്പുള്ള വ്യക്തിയുടെ ജീവിതം ഇത്രമേല്‍ ദുരന്തങ്ങളും യാതനകളും നിറഞ്ഞതായിരുന്നിട്ടും അതില്‍നിന്നും മുന്നോട്ട് പോവാന്‍ ദസ്‌തേവിസ്‌കിയെ പ്രാപ്തനാക്കിയത് തന്റെ സ്റ്റെനോഗ്രാഫറും പിന്നീട് ഭാര്യയുമായിത്തീര്‍ന്ന പ്രാണേശ്വരി അന്നയാണ്. അത് ഒരു തുറന്ന പുസ്തകമായി ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുക്കാനും അവള്‍ക്കു കഴിഞ്ഞു. അന്നയുടെ ഓര്‍മ്മക്കുറിപ്പായ ”അപൂര്‍വ്വ അനുരാഗത്തിന്റെ 26 ദിവസങ്ങള്‍ക്ക് അവരുടെ ജീവിതത്തിന്റെ കയ്പും മധുരവും പകര്‍ത്തിക്കാണിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്”

സോഫിയയുടെ ജീവിതത്തിലെ പ്രണയവും, ഭ്രാന്തും, യാതനകളും, ആകുലതകളും, അവസാന നിമിഷങ്ങളിലെ അപൂര്‍വ്വതകളും ഇത്രമേല്‍ ഭാവുകത്വപരമായും വൈകാരികതകളോടും കൂടി വായനക്കാരന് മുന്നില്‍ വെളിപ്പെടുത്തിയ മറ്റൊരു നോവലും ഉണ്ടാവില്ല. ടോള്‍സ്റ്റോയിയുടെ ഭാര്യ സോഫിയയെക്കുറിച്ച് കേട്ടറിഞ്ഞ് മനസ്സില്‍ ഘനീഭവിച്ച തെറ്റിദ്ധാരണക ളുടെ കരിമേഘക്കൂട്ടങ്ങള്‍ പെയ്തു തോരാന്‍ സോഫിയയെ ഉള്ളറിഞ്ഞ് വീണ്ടും വീണ്ടും സ്‌നേഹിക്കാന്‍ ‘പ്രിയപ്പെട്ട ലിയോ’ എന്ന ആഖ്യായിക വഴിവെക്കുന്നു ‘അപൂര്‍വ്വ അനുരാഗത്തിന്റെ 26 ദിവസങ്ങള്‍’ എന്ന ഓര്‍മ്മ ക്കുറിപ്പാകട്ടെ അന്നയുടെയും ദസ്‌തേവിസ്‌ക്കിയുടെയും ജീവിതം തുറന്നു കാട്ടുന്നു. 

മഹാത്മാക്കളായ തന്റെ പുത്രന്‍മാരുടെ ജീവിത രഹസ്യങ്ങള്‍ പുറത്തു വിടുന്നതില്‍ എന്നും റഷ്യ വിമുഖയായിരുന്നുവല്ലോ. അനേകം റഷ്യന്‍ കൃതികള്‍ മലയാളത്തിന് പരിചയപ്പെടുത്തിയ വേണു.വി ദേശം ടോള്‍സ്റ്റോയിയുടെയും ജീവിത രഹസ്യങ്ങള്‍ സമഗ്രമായി പഠിച്ചതിന് ശേഷമാണ് ‘പ്രിയപ്പെട്ട ലിയോ’ എഴുതിയിരിക്കുന്നതെന്ന് വ്യക്തം. 

 
 
കോഴിക്കോട് സർവ്വകലാശാല താരതമ്യ സാഹിത്യ വിഭാഗം അധ്യാപിക. ആനുകാലികങ്ങളിൽ പതിവായി എഴുതുന്നു.