വാരിയെല്ലിൻ്റെ നിഴൽ

ഇല്ല, സായാഹ്നങ്ങളിലൊന്നും
നിൻ്റെ കൂടെ
തെരുവോരങ്ങളിലൂടെയുള്ള
ഒറ്റ നടത്തത്തിൽ പോലും
ഞാനിട്ടത് നിറമുള്ള
കുപ്പായമായിരുന്നില്ല.

ആപാദചൂഡം
കറുപ്പിൽ പൊതിഞ്ഞ്,
നിൻ്റെ കാലടികൾ തൊട്ട്
ഞാൻ ഏന്തി വലിഞ്ഞു…

ആരവങ്ങളിൽ നിന്ന്
ആരവങ്ങളിലേക്ക്
നീ ഉയരുമ്പോഴും,
ആൾക്കൂട്ടത്തിലേക്ക്
ഒരു യാഗാശ്വം പോലെ
നീ കുതിക്കുമ്പോഴും
ഞാനാഗ്രഹിച്ചത്,
മുഖം തുടയ്ക്കാനായി
ഒരു നിറമുള്ള
തൂവാലയെങ്കിലും നീ
തരുമെന്നായിരുന്നോ..?

നീയായി നേടിത്തരുന്ന
ആഗ്രഹങ്ങളല്ലാതെ,
എനിക്ക്, എൻ്റെ സ്വന്തം മനസ്സ്,
ഹൃദയം, ആത്മാവ്…
അതെ, ഇതെൻ്റെ തിരിച്ചറിവ്.
ഞാനതാണ്, തികച്ചും.

ഇനി
ജന്മാന്തരങ്ങളായി
നിൻ്റെ ലിംഗവിശുദ്ധിയെ,
അതിൻ്റെ പാരമ്പര്യത്തെ
കെടുത്തിക്കളഞ്ഞ
ഒന്ന് ഞാൻ
ചോദിക്കട്ടെ..

സായന്തനങ്ങൾക്കപ്പുറത്ത് ,
സൂര്യനുറങ്ങാൻ
പോവുമ്പോൾ
ഭൂമിയുടെ പാതി
അധികാരത്തിലേക്കും
ഞാൻ വളരുന്നതും
പ്രപഞ്ചത്തിൻ്റെ വക്രതയിൽ
കാലിടറിയ നിൻ്റെ
ബോധം ഉടയുന്നതും
എന്നിലെ
ആഴങ്ങളിലേക്ക് നീ
വഴുതി വീഴുന്നതും
അറിയാത്തതെന്ത്..?

ഈ ചോദ്യത്തിൻ്റെ പ്രാധാന്യം
അറിയാൻ
എത്ര നൂറ്റാണ്ടുകൾ
നീയിനിയും..?
അല്ലെങ്കിൽ വേണ്ട.,
ഞാനിവിടെ നിർത്താം.

നിൻ്റെ വിശുദ്ധ ഗ്രന്ഥങ്ങളെ
കാത്തുവെച്ച്
നീയുറങ്ങുക., എന്നെയൊരു
നിഴലായി തെറ്റിദ്ധരിച്ച്.

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പൂക്കാട് സ്വദേശി. ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. ഖത്തറിൽ അധ്യാപകനായിരുന്നു. ചെറുകഥാ രചനയ്ക്ക് മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരകപുരസ്കാരം, സമന്വയം കഥാ പുരസ്കാരം, സാഹിതി ഇൻ്റർനാഷണൽ, പ്രവാസി കൗൺസിൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. 'അക്വേറിയം' ഏറ്റവും പുതിയ കഥാസമാഹാരം. ഇപ്പോൾ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിൽ അദ്ധ്യാപകൻ.