വാമനപാദം

പെട്ടെന്നെല്ലാവർക്കും
ഉയരം കൂടിപ്പോയി

മുട്ടിനു മീതെ കെട്ടിയുറപ്പിച്ച
ലുങ്കികൾ, നിക്കറുകൾ, കാലുറകൾ
ഉണക്കമരങ്ങൾ താങ്ങിയ
കരിയിലക്കെട്ടുകളായി

ആകാശം മറയെ
കാലുകൾ
വഴിയറിയാതെ ചവിട്ടിമെതിച്ചു

ഞാനൊരു ചെത്തിപ്പൂവിൻ നടുവിൽ
തേനൊഴുകുന്നൊരു കുഴലിന്നുള്ളിൽ
കേസരനാരുകളൂരി മണത്തു രുചിച്ചു കഴിഞ്ഞൂ
മൂവിതളിന്മേൽ
ജീവിതമങ്ങനെ വിങ്ങി വിടർന്നൂ

പെട്ടെന്നാകാശം നിറയെക്കാൽപ്പെരുമകൾ പാറിമറഞ്ഞൂ സൂര്യൻ

ഇതളുകളെല്ലാം കരിനിറമായീ
ചുവടുകളേറ്റു ചതഞ്ഞുമറഞ്ഞു

ഒരു പൂക്കൂടയെടുത്തുനടന്നേൻ
ചുവടുകളാഞ്ഞു വരുന്നു വാനിൽ
പച്ച കറുപ്പുകൾ കാവി ചുവപ്പുകൾ
നാണം മറയാനുതകാതായീ

ഒരു പൂക്കൂടയിലിറ്റു സമത്വം
നുള്ളി നിറച്ചുനടന്നു വരുന്നേൻ
അതുകൊണ്ടൊരുമപ്പൊട്ടുകണക്കെ
വലയം തീർക്കണമെളിയൊരു മണ്ണിൽ

അതുകണ്ടുണരാൻ ചെറിയ മനുഷ്യർ
മലയും പുഴയും ചേർന്നു വരേണം

ഒരു വാക്കിൻ നറുനേരുകളവരെപ്പൊതിയും നേരമതിൻ തലവാനിൽ
തളരാതുയരണമതിനും മീതെ
വളരാനരുതൊരു വാമനപാദം

കോതമംഗലം കവളങ്ങാട് സെന്റ് ജോൺസ് എച്ച്.എസ്.എസ്. അധ്യാപകൻ, എറണാകുളം ഭാഷാധ്യാപക വേദി സെക്രട്ടറി, ആനുകാലികങ്ങളിൽ എഴുതുന്നു , കവിക്കൂട്ടം, സാഹിത്യവിചാരം എന്നീ സാഹിത്യ ഗ്രൂപ്പുകൾ നടത്തുന്നു