മൗനത്തിന്റെ ഒളിയിടങ്ങളിൽ
തേഞ്ഞവാക്കുകൾ
പെറുക്കിവെച്ച് കളിക്കുന്നു.
ഒഴിപ്പിച്ചെടുത്ത കളത്തിൽ വെക്കുന്ന
ആദ്യത്തെ അക്ഷരം തന്നെ
നിന്നെ തിരയാതെ എടുത്തു നീട്ടുന്നു.
വാക്കുകൾക്കെങ്കിലും ഓർമ്മകളുണ്ട്
അകലെ വലിച്ചെറിഞ്ഞാലും
മുറുകെക്കെട്ടിയ കണ്ണുമായി
അവ വീണ്ടും നമ്മെത്തന്നെ തിരഞ്ഞുവരും.
അപ്പോൾ എന്നിലെ പട്ടത്തെ
ഒരു തീക്കൊള്ളിയുടെ കത്തിക്കാളലിലേക്ക്
മുറുകെ ചേർത്തു കെട്ടുന്നു.
മഴമുറിച്ചുനീന്തിയ എന്റെ നിലവിളികൾ
പിന്നെ നിന്നെതേടി വരില്ല.
ചെവികളിൽ തറച്ച ആണികൾ തഴുകി
നിന്റെ ബധിരത ആഘോഷിക്കുക.
വാക്കുകൾ മരിച്ചുപോകുന്ന വരുംകാലത്ത്
വായിച്ചുതേഞ്ഞ നിന്റെ സന്ദേശങ്ങളുടെ
വിത്തുകൾ നിനക്ക് അടയിരുന്നു
മുളപ്പിക്കാൻ തിരികേ തരേണ്ടതുണ്ട്.