റൈറ്റേഴ്‌സ് ബ്ലോക്ക് എഴുത്തുകാരന്റെ സൂര്യഗ്രഹണമാണ്. ആത്മാവിന്റെ വെളിച്ചമെല്ലാം കെട്ട്, ചിന്തയുടെ ചാക്കുനൂല്‍ക്കെട്ട് പൊട്ടി, വിഷാദത്തിന്റെ അമ്ലം തികട്ടി, ഏകാന്തതയുടെ ഇത്തിരിത്തുരുത്തില്‍ ചടഞ്ഞിരിക്കുന്ന കാലം. എഴുത്തിനെക്കുറിച്ചുള്ള ചിന്തകളായിരിക്കും തലച്ചോറു നിറയെ. പക്ഷേ, അക്ഷരങ്ങള്‍ ഒഴുക്കുനിലച്ച പുഴയിലെ ചത്തമീനുകളെപ്പോലെ കിടക്കും; ചേതനയറ്റ്. അതില്‍നിന്നു പുറത്തു വരാനും ഭൂമി ഗാഢമായ നിദ്രയിലാണ്ടു കിടക്കുമ്പോള്‍ സര്‍ഗാത്മകമായ ഉന്മാദത്തോടെ ഇരുട്ടിലേക്കു നോക്കി പുഞ്ചിരിക്കാനും രാവിലത്തെ ഇളം സൂര്യനെ ആത്മാഭിമാനത്തോടെ നോക്കാനുമുള്ള പിടച്ചിലിനെ മരണത്തിനു തൊട്ടുമുമ്പുള്ള മാരകമായ വടംവലിയോടു മാത്രമേ ഉപമിക്കാനാവൂ. അതെ, റൈറ്റേഴ്‌സ് ബ്ലോക്ക് എഴുത്തുകാരന്റെ മരണമാണ്; എഴുതാതിരിക്കുമ്പോഴും എഴുത്ത് സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും.
എല്ലാക്കാലത്തും റൈറ്റേഴ്‌സ് ബ്ലോക്കിനാല്‍ ആക്രമിക്കപ്പെടാറുണ്ട്, ഞാന്‍. മലയാള മനോരമയിലെ പത്രപ്രവര്‍ത്തനം മതിയാക്കി, കോളേജ് അധ്യാപകനായി കല്യാശ്ശേരിയില്‍ ജീവിച്ച കാലത്താണ് ഏറ്റവും സജീവമായി എഴുതിയത്. ആദ്യ പുസ്തകത്തിന്റെ ടൈറ്റില്‍ സ്റ്റോറിയായ കല്യാശ്ശേരി തീസിസ്, ഹിരോഷിമയുടെ പ്യൂപ്പ, 100 മില്ലി കാവ്യജീവിതം(രണ്ടു കഥകളും പുസ്തകത്തിലുണ്ട്.)- ഈ കഥകളെല്ലാം ഒന്നോ, ഒന്നരയോ മാസംകൊണ്ട് എഴുതിത്തീര്‍ത്തതാണ്. പിന്നീട്, മാതൃഭൂമിയില്‍ ജോലി കിട്ടി കോഴിക്കോടെത്തിയതോടെ മനസൊന്ന് സെറ്റിലാകാന്‍ സമയമെടുത്തു. എഴുതാത്ത ദീര്‍ഘമായ ഇടവേള വീണ്ടുമെത്തി. ഒന്‍പതു മാസം അതു നീണ്ടുനിന്നു. അക്കാലംപക്ഷേ എന്നെ ഒട്ടും സമ്മര്‍ദത്തിലാഴ്ത്തുകയോ, വേദനിപ്പിക്കുകയോ ചെയ്തിരുന്നില്ല. എഴുതാതിരിക്കുന്നു എന്ന് തോന്നിയിരുന്നുമില്ല. എഴുതാന്‍ ഉദ്ദേശിക്കുന്ന കഥയെപ്പറ്റി നിരന്തരം ആലോചിച്ചുകൊണ്ടോയിരുന്നു. ഓരോ തവണ കീ ബോര്‍ഡിനു മുന്നിലെത്തുമ്പോഴും ഇതെഴുതാനുള്ള പാകം മനസിനു വന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടു. നിരാശകളില്ലാതെ, വിമ്മിട്ടങ്ങളില്ലാതെ ദൈനംദിന ജീവിതത്തിന്റെ ചക്രമുരുട്ടി.
അങ്ങനെയങ്ങനെ പോകുമ്പോള്‍ ഏതോ ഒരജ്ഞാത രാത്രിയില്‍ കഥയുടെ കെട്ടുപൊട്ടി. 2015 ഡിസംബറിലെ രണ്ടാമത്തെ ആഴ്ച. കുറച്ചു ദിവസങ്ങള്‍ക്കൊണ്ട്, കൃത്യമായിട്ടോര്‍ത്താല്‍ ക്രിസ്മസ് രാത്രിയുടെ തലേന്ന് തൃശൂരിലെ ഒരു ലോഡ്ജുമുറിയിലിരുന്ന് കഥ പൂര്‍ത്തിയാക്കി- പ്രതിനായകന്‍. മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ തുടക്കക്കാരനായ ഒരെഴുത്തുകാരന് കിട്ടാവുന്ന പരിഗണനയും പ്രതികരണങ്ങളും തേടിയെത്തി. വീണ്ടും എഴുത്തില്ലാത്ത കുറച്ച് മാസങ്ങള്‍. ഒടുക്കം സഹയാത്രിക എന്ന കഥയിലേക്ക് വിരല്‍ പായിച്ചു. കഥ പാതിയില്‍ നില്‍ക്കുമ്പോഴാണ് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള താല്‍പര്യം ഡിസി ബുക്‌സ് പ്രകടിപ്പിച്ചത്. തലക്കെട്ടുറപ്പിച്ച ശേഷം കഥയെണ്ണിയപ്പോള്‍ ഏഴെണ്ണം മാത്രം. അതിലും കൂടുതല്‍ കൈയിലുണ്ട്, പ്രസിദ്ധീകരിച്ചതും അച്ചടിക്കപ്പെടാത്തതുമായി. പക്ഷേ, കണിശമായ കണക്കെടുപ്പ് ഏഴിലുടക്കിനിന്നു. ഒരെണ്ണം കൂടി വേണമല്ലോ എന്നൊരാന്തലില്‍ സഹയാത്രിക പെട്ടെന്ന് പൂര്‍ത്തിയാക്കി. വൈകാതെതന്നെ ഡിസി ബുക്‌സ് പുസ്തകമിറക്കി. വായനക്കാരുടെ സ്‌നേഹംകൊണ്ട് അഞ്ചുമാസത്തിനിടെ രണ്ടാം പതിപ്പും പുറത്തിറങ്ങി. അപ്പോഴും പുതിയതൊരെണ്ണം എഴുതാനാകാതെ ഞാന്‍ പിടയുന്നുണ്ടായിരുന്നു; ക്ഷമിക്കണം, പിടച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ആത്മഹത്യ ചെയ്യാന്‍ മുറിയില്‍ക്കയറി വാതിലടച്ചവന്റെ മാനസികാവസ്ഥയാണ് എഴുത്തുമേശയ്ക്കു മുന്നിലിരിക്കുമ്പോള്‍. തീവ്രമായൊരു പിടച്ചില്‍ ഉടലാകെ നിറയും. വിയര്‍ക്കും. വിരലുകള്‍ വിറയ്ക്കും. ഓരോ സെക്കന്റിലും ശ്രദ്ധ പതറും. എഴുനേറ്റ് പുറത്തുപോയി ഒരു സിഗരറ്റ് വലിക്കാനോ, ആരെയെങ്കിലും ഫോണ്‍ വിളിക്കാനോ തോന്നും. തീരെ പിടിച്ചുനില്‍ക്കാന്‍ പറ്റാതാകുമ്പോള്‍ അത് ചെയ്യും. പക്ഷേ, കോള്‍ പാതിയില്‍ പെട്ടെന്നു നിര്‍ത്തി വീണ്ടും തിരിച്ചെത്തും. അപ്പോള്‍ സതിയനുഷ്ഠിക്കാന്‍ പോകുന്നവളുടെ മാനസികാവസ്ഥയായിരിക്കും, എഴുത്തുകാരന്. പ്രചോദനമാണ് അക്ഷരങ്ങളുടെ തീയിലേക്ക് അയാളെ ഉന്തിയിടുന്നത്. ആ പൊള്ളുന്ന തീയില്‍ സ്വയമുരുകാന്‍ മനസ്സ് തയാറാകാതെ വരുമ്പോഴായിരിക്കണം റൈറ്റേഴ്‌സ് ബ്ലോക്ക് വരുന്നത്.
മഞ്ഞുകാലത്തെ പ്രഭാതങ്ങളില്‍ ഹിമപാളികള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യവെളിച്ചംപോലെ കഥയുടെ പുതിയൊരു പാത തെളിഞ്ഞു കിട്ടുമെന്നുള്ള പ്രതീക്ഷയാണ് ഓരോ എഴുത്തുകാരനെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. പുതിയ വെളിച്ചങ്ങള്‍ക്കു പിന്നാലെ അശാന്തനായി നടക്കുമ്പോള്‍ ചെന്നെത്തിച്ചേരാന്‍ ഇടയുള്ള അപരിചിതമായ വന്‍കരകളാണ് അയാളുടെ സ്വപ്നങ്ങളില്‍ നിറയാറുള്ളത്. വാക്കുകള്‍ കരിഞ്ഞുകിടക്കുന്ന വേനല്‍ മാറി, രൂപകങ്ങള്‍ തളിര്‍ക്കുന്ന വര്‍ഷകാലം വരുമെന്നുള്ള സ്വപ്നമാണ് ഇപ്പോള്‍ കാണാറുള്ളത്. പുതുമഴ പെയ്യട്ടെ, പെട്ടെന്നു തന്നെ….
പിന്‍കുറിപ്പ്- റൈറ്റേഴ്‌സ് ബ്ലോക്ക് വരാനും അതിനെക്കുറിച്ച് വാചാലനാകാനുമുള്ള സീനിയോറിറ്റിയും വലിപ്പവും ഇല്ല എന്നു തന്നെയാണ് വിശ്വാസം. എന്നാലും ഉള്ളിലുള്ള ഒരാന്തലിനെ കുറച്ചെങ്കിലും പുറത്തേക്കു കളയാമല്ലോ. ക്ഷമിക്കുക.