വസന്തത്തിന്റെ നിറം

നീലയാണത്രേ വസന്തം! പറയുന്നു
നീലക്കരിംകൂവളപ്പൂ നിസ്സംശയം…!
ചോപ്പാണു വാസന്ത
മെന്നെതിർ വാക്കിനാൽ
തീർപ്പു കൽപിക്കുന്നു തീച്ചെമ്പരത്തിയാൾ…!

മഞ്ഞയാണല്ലോ വസന്തമെന്നാർക്കുന്നു
മഞ്ഞച്ചിരിയോ
ടരളിയും കൊന്നയും…
വെൺമതാനത്രേ
വസന്തവർണം എന്നു
കൺമിഴിച്ചപ്പോളതാ
പിച്ചി മുല്ലകൾ…!

ഉൽഫുല്ലകാന്തിയുണരും
ദളം നീർത്തി
നിൽപായ് പരിഭവം പൂണ്ടു പനീരലർ…
രാജമല്ലിപ്പൂ ഹസിപ്പൂ
വസന്തമീ
രാജകീയാഭയിലല്ലാതെ
യെങ്ങനെ…!?

പൂക്കാത്തതാരുണ്യ
ധാരികളൊന്നിച്ചൊ-
രൂക്കാർന്ന തർക്കം തുടങ്ങിയപ്പോഴുടൻ
നിത്യഹരിതമതല്ലാതെ
യേതുള്ളു
സത്യത്തിൽ വാസന്ത വർണമെ,ന്നങ്ങനെ…!

തർക്കവിതർക്കങ്ങ
ളേറീ, ഋതുകന്യ
യർക്കനുദിക്കെയതാ വന്നു തീർക്കുവാൻ…!
ഒറ്റയ്ക്കൊരു നിറമില്ലാ വസന്തത്തി-
നുറ്റവരേ! നിങ്ങ ളൊന്നറിഞ്ഞീടുക…!

മറ്റു ഋതുക്കളിൽ പൂക്കും ചെടികളും
ചെറ്റുണ്ടു, പക്ഷേ വസന്തമെത്തീടുവാൻ…
സപ്തവർണങ്ങളും പൂത്തു നിറയണം
ഗുപ്തമീ സത്യം ഗ്രഹിച്ചടങ്ങീടുക…!

ചിത്രവർണങ്ങളിൽ
പൂക്കൾ പൂത്തുമ്പികൾ
ചിത്രശലഭങ്ങളോമൽ പറവകൾ…
മൈത്രിയോടിപ്പൂവനിയിൽ മേളിക്കിലേ…
ചൈത്രസുഗന്ധവുമായ്
വസന്തം വരൂ…!

ആനുകാലികങ്ങളിലും ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും കഥകളും കവിതകളും വരാറുണ്ട്. തിരു.ദൂരർശൻ ഉൾപ്പെടെയുള്ള ചാനലുകൾ, വിവിധ ആൽബങ്ങൾ എന്നിവയ്ക്കും ഷോർട്ട് ഫിലിമുകൾക്കും സ്ക്രിപ്റ്റുകളും ഗാനങ്ങളും രചിച്ചിട്ടുണ്ട് രണ്ടു കവിതാ സമാഹാരങ്ങളി റക്കി. ഇപ്പോൾ ഒരു ചെറുകഥാ സമാഹാ രം അച്ചടിയിൽ. ആദ്യ പുസ്തകമായ 'നനവ്' ഡോ. അയ്യപ്പപ്പണിക്കർ കാവ്യോപഹാരവും [2009] രണ്ടാമത്തെ പുസ്തകമായ ഭൂകമ്പമാപിനി പ്രഥമ സുഗതകുമാരി കവിതാപുരസ്കാരവും [2021] നേടുകയുണ്ടായി. കൂടാതെ കഥയ്ക്കും കവിതയ്ക്കുമായി സമന്വയം കാവ്യ പ്രതിഭാപുരസ്കാരം, മാർത്തോമാ യുവദീപം സാഹിത്യ അവാർഡ്, വുമൺ ഓഫ് ലെറ്റേഴ്സ് അവാർഡ്, കനൽ കവിതാപുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ വേറെയും. അധ്യാപികയും സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളിൽ സജീവ സാന്നിധ്യവും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ മീഡിയ സെൽ ചെയർപേഴ്സണുമാണ്.പത്തനംതിട്ടയിലെ പള്ളിക്കൽ സ്വദേശി. കോട്ടയം നിവാസി.