വളർത്തുമൃഗങ്ങൾ

ഒരാൾ വീട്ടിൽ
കഴുതയെ വളർത്തുന്നു ..
അത് പത്രം ഗേറ്റിൽ നിന്നും
ഉമ്മറത്തെത്തിക്കുമെന്നും
കട്ടൻ ചായയിലേക്ക്
പാൽ ചുരത്തുമെന്നും
ദോഷം വരുത്തുന്ന
അതിഥികളെ കുത്തി മണ്ടിക്കുമെന്നും
ആ വീടിനേയും അയാളെയും
ഒരു പട്ടിയെപ്പോലെ
സ്നേഹിച്ചു പരിപാലിക്കുമെന്നും
അയാൾ വിശ്വസിക്കുന്നു

അയാൾ
വീട്ടിൽ ഒരു ഓന്തിനെ വളർത്തുന്നു
അത് സമയാസമയങ്ങളിൽ
അയാളുടെ
മാനസിക വ്യാപാരങ്ങൾക്ക്
ഉചിതമായ
നിറം ചുവരിന് കൊടുക്കുമെന്ന്
അയാൾ വിശ്വസിക്കുന്നു

അയാൾ
ഒരു ഉടുമ്പിനെ വളർത്തുന്നു ,
അഭിപ്രായങ്ങളിൽ
ഉറച്ചു നിൽക്കാൻ
അത് സഹായിക്കുമെന്ന്
അയാൾ വിശ്വസിക്കുന്നു

അയാൾ ഒരു
കൂമനെ വളർത്തുന്നു
ദുരൂഹമായ പാതിരകളിൽ
അലാറം വെച്ചുണർത്താൻ
അത്
കൂട്ടുനിൽക്കുമെന്ന് അയാൾ കരുതുന്നു

അങ്ങനെ
അങ്ങനെ

ഇനി ഒരു പത്രപരസ്യമാണ് :
വളർത്തു മൃഗങ്ങൾക്ക്
യഥാവിധി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ
ഒരു മനുഷ്യനെ ആവശ്യമുണ്ട് എന്ന് .

അത് അയാൾ
ഫേസ് ബുക്കിലും
വാട്സ് അപ്പിലും
ഇൻസ്റ്റാഗ്രാമിലും ഇട്ട്
കാത്തിരിക്കുന്നു .

മലപ്പുറം ജില്ലയിലെ തവനൂർ ആണ് സ്വദേശം. എറണാകുളം ഇടക്കൊച്ചി അക്വിനാസ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസർ. സാമൂഹ്യമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.