വളർത്തുദോഷം അഥവാ Childhood Upbringing

സീൻ 1

ആശുപത്രിയുടെ നരച്ച ഇടനാഴിയിൽ ഫാനിന് സ്പീഡുള്ള ഇടം നോക്കി മനോരാജ്യത്തിൽ മുഴുകിയിരിക്കുമ്പോഴാണ് മരുന്നുകച്ചവടക്കാരൻ മത്തായിയെ ഗൈനക്കോളജിസ്റ്റ് മാലതി ക്ലിപ്പിട്ടു പിടിച്ചത്.

“എടാ നീ OP യിലോട്ട് വാ… ഒരു കാര്യം പറയാനുണ്ട്.”

സമയം 3.35. രാവിലത്തെ OP കഴിഞ്ഞു. ഇനി അഞ്ചരയ്ക്കേ ഉള്ളൂ. സിസ്റ്റർ ഊണുകഴിക്കാൻ പോയി. റൂമിൽ ഡോക്ടറും മത്തായിയും മാത്രം.

“എടാ നീ പറഞ്ഞ പേഷ്യന്റ്  വന്നിരുന്നു “

” മറ്റേ….. കല്യാണം കഴിച്ചിട്ട് മൂന്നു മാസമായ…”

“അതു തന്നെ.. വല്ല Vaginismus ഉം ആണോന്ന് വിചാരിച്ച് PV ചെയ്യാൻ ഞാൻ വിരലും കൊണ്ട് ചെന്നതും ടേബിളിൽ കിടന്ന പെണ്ണ് എണീറ്റ് ജനാലവഴി ചാടി അണ്ണാനെപ്പോലെ മാവിന്റെ മുകളിൽ കയറിയിരുന്നു.”

ചിരിക്കണോ കരയണോന്നറിയാതെ മത്തായി ബ്ലിംഗസ്യയായപ്പോൾ ഡോക്ടർ തുടർന്നു:

“അതല്ല തമാശ… ആ പാവം പയ്യൻ, അവളുടെ ഹസ്ബന്റ് പറയുകയാണ്… ഇതു തന്നെയാണ് മാഡം എന്റേം  പ്രശ്നമെന്ന് “

ഡോക്ടർ പതിവില്ലാതെ ഇത്തിരി ജോളി മൂഡിലാണെന്ന് മനസ്സിലാക്കിയ മത്തായി അടക്കിവച്ച ചിരി മജീഷ്യൻ വായീന്ന് റിബൺ പുറത്തെടുക്കും പോലെ ഒന്നൊന്നായി പുറത്തെടുത്തു.

മെലിഞ്ഞ് സീറോ സൈസ് ഉള്ള ഒരു സിസ്റ്റർ 10-40 കേസ്ഫയലുകൾ താങ്ങിപ്പിടിച്ച് ഒപ്പിടാൻ കൊണ്ടുവന്ന ഗ്യാപ്പിൽ കഴിഞ്ഞ മാസം ഒരു വെളുപ്പാൻകാലം ഭാവനാലോലനായേകനായി ബൈക്കോടിച്ചു പോവുമ്പം  ഹിപ്പിരാജു തടഞ്ഞു നിർത്തി സഹായം ആവശ്യപ്പെട്ടത് മത്തായി ഓർത്തു.

“എടാ മത്തായീ ഓഫീസിൽ എന്റെ കൂടെ ജോലി ചെയ്യണ ഷിബുമോൻ പെണ്ണുകെട്ടിയിട്ട് മാസം മൂന്നായി. പക്ഷേ, അവനെ അവള് തൊടാൻ സമ്മതിക്കണില്ല.”

“അതിന് ഞാനെന്തു വേണം?”

”നിനക്ക് ഡോക്ടർമാരുമായിട്ടുള്ള ഇരിപ്പുവശം വച്ച് ഇത് ഗൈനക്കോളജിസ്റ്റിനെയാണോ സൈക്കാട്രിസ്റ്റിനെയാണോ കാണിക്കേണ്ടത് എന്ന് ഒന്നു പറയണം.”

“അവൾക്ക് അവനെ പിടിച്ചു കാണില്ല.”

“അതല്ലേ രസം. അവര് 8 വർഷം പ്രേമിച്ച് കെട്ടിയതല്ലേ?”

“അപ്പം പ്രശ്നം മെഡിക്കൽ ആണ് “

“തന്നെ… തന്നെ… അവന് ഡോക്ടറോട് പറയാൻ പങ്കം. നീ ഒരു ഇൻടോ ഇട്ടു വച്ചാൽ അവൻ പോകും”

ആദ്യം ഗൈനക്കോളജിസ്റ്റ് പിന്നെ സൈക്കാട്രിസ്റ്റ് എന്ന് നറുക്കെടുപ്പിലൂടെ കണ്ടുപിടിച്ച പ്രകാരം Dr. മാലതിയെ നിർദ്ദേശിച്ച കാര്യം മജീഷ്യന്റെ റിബൺ പോലെ slow motion ൽ ചിരിക്കുന്നതിന് പാരലൽ അയി മത്തായി ഓർക്കുകയുണ്ടായി.

“ഓരോരോ കേസ്കെട്ടുകള് കൊണ്ട് തലേ വച്ചു തന്നിട്ട് ചിരിക്കേന്നും വേണ്ട… ബാക്കി കേള്..”

അപ്പോഴേക്കും സിസ്റ്റർ ഒപ്പും വാങ്ങി സംപ്രീതയായി മടങ്ങി.

“മാവീന്ന് വലിച്ചിറക്കി, അന്നത്തേയ്ക്ക് വീട്ടിപ്പോവാൻ ഞാൻ പറഞ്ഞു.രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും വന്നു”

മത്തായി ചന്തീടെ ബാക്കി പകുതി കൂടി കസേരേടെ നട്ടെല്ലിലേക്ക് ചാമ്പി നിവർന്നിരുന്നു.

“സൈക്യാട്രിസ്റ്റിന് റഫർ ചെയ്യുന്നതിന് മുമ്പ് നമ്മുടെ വക കൗൺസിലിംഗ് ഒന്നു നോക്കാമെന്നു കരുതി ഫ്രീ ടൈമായ 3 മണിക്ക് വരാൻ ഞാൻ പറഞ്ഞു. പാവം പയ്യൻ കൃത്യം 2.55 ന് അവളേം കൊണ്ട് വന്നു. ”

മത്തായി ബാഗിന്റെ വലതു വശത്തെ വലയറയിൽ നിന്നും കുപ്പിവെള്ളമെടുത്ത് കുടിച്ചു.

“പയ്യനെ വെളിയിൽ നിർത്തി ഞാൻ ഒറ്റയ്ക്ക് കൗൺസിൽ ചെയ്യാമെന്ന് വച്ചു. “

മേശപ്പുറത്തിരുന്ന കുപ്പീന്ന് കുറച്ചു വെള്ളമെടുത്ത് ഡോക്ടറും കുടിച്ചു.

“നിനക്ക് ഇഷ്ടമില്ലാത്ത കല്യാണമാണോ കൊച്ചേ?”

“അല്ല മാഡം എനിക്ക് ഷിബൂനെ ഭയങ്കര ഇഷ്ടമാ… 8 വർഷം പ്രേമിച്ചാ ഞങ്ങൾ കെട്ടിയത് “

“പിന്നെന്താ ഇങ്ങനെ?”

“ഇഷ്ടമാണെന്ന് വച്ച് ഇങ്ങനെ വൃത്തികെട്ട ഇച്ചിച്ചി കാര്യങ്ങൾ ചെയ്യാമോ മാഡം? ഷിബു പണ്ടൊന്നും ഇങ്ങനെ അയിരുന്നേ ഇല്ല”

മത്തായി ചെയ്തതിന് വിപരീതമായി ഡോക്ടർ ചന്തി കസേരേടെ മുമ്പിലേക്ക് നീക്കി മേശപ്പുറത്ത് കൈമുട്ട് ഊന്നി ബലം വരുത്തി.

“ഞാൻ ലൈൻ മാറ്റിപ്പിടിച്ചു. നിനക്ക് കുഞ്ഞിക്കാലു കാണണ്ടേ.. വാവയെ കളിപ്പിക്കണ്ടേന്ന് ചോദിച്ചു. “

“വേണം വേണം വാവയെ എനിക്ക് വലിയ ഇഷ്ടമാ”

“കൊച്ച് ഏതുവരെ പഠിച്ചു.?”

“M Com”

ഡോക്ടർ ചന്തി വീണ്ടും പുറകോട്ട് നീക്കി കസേരയിൽ ചാരിയിരുന്നു.

“ഞാൻ പത്താം ക്ലാസ്സിലെ ബയോളജി പുസ്തകമെടുത്ത് ചില കൂതറ ടീച്ചർമാർ പഠിപ്പിക്കാതെ വിടുന്ന പ്രത്യുത്പാദനം എന്ന പാഠം വായിച്ച് കേൾപ്പിച്ചു. ചില പടങ്ങളും കാണിച്ചു. “

“എന്നിട്ട്?” മത്തായി വാ തുറന്നു.

“എന്നിട്ടെന്തായി അവള് കരഞ്ഞോണ്ടിറങ്ങിപ്പോയി “

ഡോക്ടർ കറങ്ങുന്ന കസേര 90 ഡിഗ്രി തിരിച്ച് മൊബൈൽ ചാർജ്ജ് ചെയ്യാൻ കുത്തിയിട്ട് വീണ്ടും തിരിഞ്ഞു.

“പിറ്റേന്ന് ആ പയ്യൻ ഒറ്റയ്ക്ക് വന്നു. എനിക്ക് കരയണോ ചിരിക്കണോ എന്നറിയാൻ വയ്യാതായിപ്പോയി “

“മാഡം, ഇന്നലെ ഇവിടന്ന് ചെന്നുടനെ അവൾ സ്വന്തം അമ്മേടെ ചെവിട്ടിലടിച്ചു. അച്ഛനെന്ന് പറയുന്ന വൃത്തികെട്ട ജന്തുവിനെ മേലിൽ കാണണ്ടാന്നു പറഞ്ഞ് കതകടച്ചുകിടന്നു. എന്നാലും എന്റെ തള്ളേ നിങ്ങൾ ഇത്രേം നികൃഷ്ടവേല ചെയ്തിട്ടാണല്ലോ എന്നെ ഉണ്ടാക്കിയത് എന്ന് ആക്രോശിച്ചു കൊണ്ടാണ് കതകടച്ചത്. 
ആരും കമാന്നൊരക്ഷരം മിണ്ടിയില്ല. സന്ധ്യയായപ്പം അവളെ മുറിയിൽ കാണുന്നില്ലെന്നും പറഞ്ഞ് എല്ലാരും പേടിച്ചു. വീടുമുഴുവൻ തെരഞ്ഞു. ഒടുവിൽ പറമ്പിന്റെ മൂലയ്ക്ക് നൊച്ചി മരത്തിൻ്റെ മറവിൽ മുത്തശ്ശീടെ കുഴിമാടത്തിൽ ചെന്ന് അവള് ചീത്ത വിളിക്കുന്നു..’കൂതറ കിളവീ.. അച്ഛനും അമ്മയും മലമ്പുഴ ഡാം കാണാൻ പോയപ്പോൾ ഒഴുകിവന്ന ചന്തമുള്ള വട്ടീന്ന് കിട്ടിയ ചക്കരയാണ് ഞാനെന്നു പറഞ്ഞ് പറ്റിച്ച അസത്തേ.. നിങ്ങള് ചത്തത് നന്നായി… ഇല്ലെങ്കി ഞാൻ കൊന്നേനേ…. വാ തുറന്നാ കള്ളം മാത്രം പറയുന്ന ഈ പേട്ടു കിളവിക്കു വേണ്ടിയാണല്ലോ ഞാൻ എന്നും സന്ധ്യക്ക് വിളക്ക് വച്ചോണ്ടിരിന്നത് ”

”അവസാനം എന്തായി ഡോക്ടർ? “

“എന്താവാൻ? ഒരു തീരുമാനമാവുന്നതുവരെ ഇങ്ങോട്ട് വരണ്ടാന്നുപറഞ്ഞ് ഞാൻ നിങ്ങടെ തണ്ണിക്കമ്പനി സൈക്കാടിസ്റ്റ് ഡിക്രൂസിൻ്റടുത്തേക്ക് വിട്ടു”
“സോറി മാഡം”

“അതൊന്നും കുഴപ്പമില്ല. എനിക്ക് മാസം തോറും 30-32 കേസുകൾ ഇങ്ങനെ വരാറുണ്ട്. ഇന്നലെ ഒരു സംഭവം നടന്നു. അതുകൂടി കേട്ടിട്ട് പോ… രണ്ട് പെമ്പിള്ളേർ വന്നു. കല്യാണമൊന്നും കഴിച്ചിട്ടില്ല.. MA ക്ക് ഒരുമിച്ച് പഠിച്ചവരാ.. അതിൽ ഒരു പെണ്ണ് കഴിഞ്ഞ ആഴ്ച ചിറ്റപ്പൻ്റെ വീട്ടിൽ പോയപ്പം അവിടെ അമ്പലക്കുളത്തിൽ കുളിച്ചു. അങ്ങ് ദൂരെ ആണുങ്ങളെ കടവിൽ രണ്ട് പയ്യന്മാർ കുളിക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് അവന്മാർ വല്ല വേണ്ടാതീനോം ചെയ്ത് അത് വെള്ളത്തിക്കൂടി വന്ന് ഇനി വല്ല ഗർഭമോ മറ്റോ ഉണ്ടാകാൻ ചാൻസുണ്ടോന്നറിയാൻ വന്നതാ… ഇവളൊക്കെ എന്തിന് MA വരെ പഠിക്കണതോ എന്തോ…!”

സീൻ 2

സൈക്കാട്രിസ്റ്റ് ഡിക്രൂസിൻ്റെ ബാൽക്കണി.

ഡോക്ടറും മത്തായിയും..,സ്മിർണോഫ്, സോഡ, കാഷ്യു എന്നിത്യാദിയും…

“എടേ നീ പറഞ്ഞ കേസ് ഇവിടെ വന്നിരുന്നു. എത്ര പറഞ്ഞിട്ടും രക്ഷയില്ല.”

ഡോക്ടർ ഗ്ലാസ്സിൽ ഒരു ഐസ് ക്യൂബ് കൂടി ഇട്ടു.

“Childhood Upbringing.. മാറ്റാനേ പറ്റത്തില്ല “

മത്തായി ഗ്ലാസ്സിൽ തണുക്കാത്ത സോഡഒഴിച്ചു.

“ഈ കേസിൽ അവളുടെ തള്ളയാണ് പ്രതി. ഗൈനക്കോളജിസ്റ്റിന്റെ കൗൺസിലിംഗ് കഴിഞ്ഞ് വന്ന് അവൾ തള്ളേടെ ചെവിട്ടിൽ അടിച്ചെന്നല്ലേ പറഞ്ഞത്? ഞാൻ കണ്ടെങ്കിൽ അവരെ കവിളിമടൽ വെടി അടിച്ചേനേ.. childhood upbringing.. ഹ… ഹ…ഹ..”

“സാറേ ഈ ഏഴുവയസ്സുവരെ പഠിക്കണ കാര്യങ്ങൾ പിന്നെ തിരുത്താൻ പറ്റില്ലാന്ന് പറയണത് ശരി തന്നേ?”

“ആര് പറഞ്ഞ് ?  നീ സൈക്ക്യാട്രി പഠിച്ചിട്ടുണ്ടോ? DSM 5 വായിച്ചിട്ടുണ്ടോ?… എന്നാലും കാര്യമുണ്ട്.. ഈയിടെ ഒരു മഹിളാമണി, പെരിയ വായനക്കാരി… കോപ്പിലെ എഴുത്തുകാരി.. രാവിലെ  ഓർഹാൻ പാമുക്;  ഉച്ചയ്ക്ക് : ഉമ്പർട്ടോ എക്കോ; വൈകീട്ട് ഓഷോയുടെ സമ്പൂർണ്ണ കൃതികൾ… ഒരു ലിഫ്റ്റ് കൊടുത്തപ്പോ കാറിന്റെ  പുറകിലേ ഇരിക്കുള്ളൂന്ന്… മുമ്പിക്കേറിയാ നാട്ടുകാര് വല്ലതും പറഞ്ഞാലോന്ന്… വായിച്ചതും എഴുതിയതും വേയ്സ്റ്റ് ! … Childhood Upbringing “

“അതൊക്കെ പോട്ടേ സാറേ.. ഈ കേസ് എന്തായി?”

”വെളീപ്പറയൂലങ്കി പറയാം.. സെമൻ സിറിഞ്ചിലെടുത്ത് ഇൻജക്ട് ചെയ്ത് കൊച്ചിനെയുണ്ടാക്കാൻ അവള് സമ്മതിച്ച്.. Sedative കൊടുത്തിട്ട് വേണം ചെയ്യാനെന്നും പറഞ്ഞു. “

“ഇതൊക്കെ വിജയിക്കുമോ സാറേ?”

“പിന്നെ… വിജയിക്കാതെ ?.. നീ ഈ ബാൽക്കണീൽ എണീറ്റു നിന്ന് ചുറ്റും ഒന്ന് നോക്ക് . എത്ര വീടുകളുണ്?”

“പത്ത് മുന്നൂറു വരും “

“മുന്നൂറല്ല.. മുന്നൂറ്ററുപത്.. അവിടെയൊക്കെ നടക്കുന്നത് ഇതൊക്കെ തന്നെ… അല്ലാതെ നീ വിചാരിക്കും പോലെ .. പെണ്ണുകെട്ടാത്തോണ്ട് നിനക്കറിയത്തില്ല മോനേ… അതു കൊണ്ടല്ലേ എനിക്കിത്തറേം patients… ബിവറേജിൽ ഇത്തറേം ക്യൂ…!”

ഡോക്ടർ മടമടാന്ന് രണ്ട് പെഗ്ഗ് കൂടി കഴിച്ചു.

“എടാ മരുന്നുകച്ചവടക്കാരൻ  — മോനേ, ഒരു കയ്യബദ്ധം പറ്റി എങ്ങനെയെങ്കിലും.. എന്നു പറഞ്ഞാ 40 സെക്കന്റ് മതി കൊച്ചുണ്ടാവാൻ… സംശയമുണ്ടെങ്കിൽ യൂറോളജിസ്റ്റ് അരുൺ പരീദിനെ  വിളിച്ച് ചോദിക്ക്.. “

ഒഴിഞ്ഞ ഗ്ലാസ്സ്  മത്തായി നിറച്ചതും ഡോക്ടർ വിഴുങ്ങിയതും ഒരുമിച്ചായിരുന്നു.

“അതായത് എങ്ങനെയെങ്കിലും ഊറിപ്പിടിച്ചു കഴിഞ്ഞാൽ ഓക്കാനം, പ്രസവം, നൂലുകെട്ട്, കരപ്പൻ, വട്ടച്ചൊറി, വയറ്റിളക്കം, LKG, LPG, ട്യുഷൻ, അബാക്കസ്, പാലുകാച്ച്, ആടിയറുതി, തെരണ്ടുകല്യാണം, പതിനാറടിയന്തിരം, കാർലോൺ, അതിരുതർക്കം, പള്ളുവിളി, പൊങ്ങച്ചം, സാഡിസം, മെസോക്കിസം, എൻട്രൻസ്, PSC, പൊരുത്തം, സ്ത്രീധനം, കല്യാണം, ബേബി സിറ്റിംഗ് ഇങ്ങനെ ഓരോന്ന് കഴിഞ്ഞ്…. (ഒരു പെഗ്ഗ് വീണ്ടുമടിച്ച് ചിറി തുടച്ച ശേഷം )… കൊന്നയ്ക്കാപറിക്കാനൊന്നും നേരം കിട്ടാതെ അങ്ങനെയങ്ങ് പൊക്കോളും ! നാട്ടുകാര് കണ്ട് അസൂയപ്പെടേം ചെയ്യും…”

“എന്നാപ്പിന്നെ ഞാനങ്ങോട്ട്… “

“പോടാ… പോ… പോലീസുപിടിക്കാതെ വീട്ടിച്ചെല്ല്… പോണവഴിക്ക് അഞ്ചാലുംമൂട് അമ്മിണീടെ വീട്ടിൽ കേറീട്ട് പോ… ഞാമ്പറഞ്ഞെന്നേയുള്ളൂ… നിനക്ക് വേണോങ്കി മതി. ആയ കാലത്ത് ഇങ്ങനെ വെറുതേ തൂക്കിക്കോണ്ട് നടന്നിട്ട് വയസ്സാവുമ്പം എന്നെപ്പോലെ കൊറോണ കൊറോണാന്ന് കിടന്ന് കാറിയിട്ട് ഒരു കാര്യവുമില്ല !

തിരുവന്തപുരം കാക്കാമൂല സ്വദേശി. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും എഴുതുന്നു.