അന്തിപ്പത്രത്തിൻ്റെ
അടക്കം പറച്ചലിലെ മടുപ്പ്
പുറത്തേക്ക് നീട്ടി തുപ്പിയപ്പോൾ
ഓർമ്മയിൽ നിന്നും
ഊർന്നുവീഴുന്നു,
ഒരു വള്ളി പൊട്ടിയ ട്രൗസർ !
മകൻ വാട്ടർകളറിൽ വരച്ച്
മിനുക്കുപണികളാൽ
വൃത്തിയാക്കുന്നു
പിൻവശം കീറിയ വള്ളി ട്രൗസർ
ഇളങ്കാലുകൾ അമർത്തി ചവുട്ടി
വട്ടുരുട്ടി ചരൽക്കുന്നിറങ്ങുന്ന
ഒരുകിരുകിരുപ്പ്
ഉള്ളങ്കാലിലൂടെ നെറുകന്തലയി-
ലേക്കു പാഞ്ഞുകയറുന്നു
ഒരെട്ടു വയസ്സുകാരൻ്റെ മട്ടും, –
ഭാവവും എന്നിൽ പിറക്കുന്നു
അലക്കിയാൽ മാറിയിടാൻ
ട്രൗസറില്ലാത്ത കാലമെന്നെ
തുറിച്ചു നോക്കുന്നു!
കരച്ചിലിൻ്റെ ഒരു തിക്കുമുട്ടൽ
തൊണ്ടയിൽ കുരുങ്ങുന്നു
എങ്കിലും
മനസ്സിൻ്റെ ചരൽപ്പറമ്പിലൂടെ
വള്ളി പൊട്ടിയ ട്രൗസറിട്ട്
വട്ടുരുട്ടി പാഞ്ഞു പോകുന്നുണ്ട്
ഇപ്പോഴും.