വറചട്ടിയിൽനിന്നും തത്സമയം

മേശപ്പുറത്തിരിക്കുന്ന നിത്യചെലവിലേക്കുള്ള സാധനങ്ങളുടെ നീണ്ട ലിസ്റ്റിലേക്കും, കൈയിൽ ചൈനീസ് വിശറിപോലെ വിരിച്ചുപിടിച്ചിരിക്കുന്ന ഒരുപിടി വർണ്ണശബളമായ നോട്ടുകളിലേക്കും ശരത് മാറിമാറി നോക്കി . തന്നെപ്പോലുള്ളവരുടെ ജീവിതങ്ങളിൽനിന്നും വാർന്നൊലിച്ചുപോയ നിറങ്ങളാണ് കൈയിലിരിക്കുന്ന നോട്ടുകളിൽ കറയായ് പറ്റിപ്പിടിച്ചിരിക്കുന്നതെന്ന തോന്നലിൽ അവ അറിയാതെ ഞെരിഞ്ഞുപോയി.

അടുത്തിടെയായി കുടുംബ ബഡ്ജറ്റുമായുള്ള കാര്യങ്ങളിൽ ശരതും ഭാര്യ ലതികയുമായുള്ള വാക്കേറ്റങ്ങൾ പതിവായിമാറിയിട്ടുണ്ട്. ഇന്നും പതിവു തെറ്റിച്ചിട്ടില്ല. കലവറയിൽനിന്നും, കഴിഞ്ഞുപോയ സാധനങ്ങളുടെ കണക്കെടുക്കുകയായിരുന്ന ശ്രീമതിയുടെ ഒച്ചയനക്കങ്ങൾ കുറച്ചു നേരമായി കേൾക്കാനില്ലായിരുന്നു.

ഇവളെവിടെപ്പോയെന്നു ശരത്ത് ചിന്തിക്കുന്ന നേരത്താണ് ലതിക ഒരു നോട്ടുബുക്കുമായി ശരത്തിനുമുന്നിൽ പ്രത്യക്ഷപ്പെട്ടത്. നോട്ടുബുക്ക് മേശപ്പുറത്ത് ശരത്തിനു മുന്നിലേക്ക് നിരക്കിവെച്ച് ലതിക പോരിനെന്നപോലെ വന്നുനിന്നു .

“നിക്ക് പിടിച്ചു ജീവിക്കാൻ കഴിവില്ല എന്നാണല്ലോ നിങ്ങടെ പരാതി, ആ പുസ്തകം തുറന്നൊന്നു നോക്കണം, അപ്പോളേ നിങ്ങൾക്ക് ഇതൊക്കെ ലതികേടെ കഴിവുകേടല്ലെന്നു മനസ്സിലാവൂ”

ഒരു നിമിഷം നിറുത്തിയ ലതിക തുടർന്നു

“ഇങ്ങനെ ഞെങ്ങിഞെരുങ്ങി എത്രയെന്നും എവിടേക്കെന്നുംമാത്രം മനസ്സിലാവുന്നില്ല.”

ഈയിടെയായാണ് ജീവിതത്തെപ്പറ്റി വലിയതോതിലുള്ള ആശങ്കകൾ ശരത്തിനെ കീഴടക്കിത്തുടങ്ങിയത്.
ഇത്രനാളും വലിയകാറ്റിനോടു മല്ലിട്ടു നില്ക്കുന്ന ഒറ്റക്കരിമ്പനപോലെ ഉറച്ചുനിന്നിരുന്ന ശരത്തിന് ഇപ്പോളിപ്പോൾ ചെറുകാറ്റിലും ഇടറുന്നുവോയെന്ന സംശയം മനസിൽ ഉടലെടുത്തു തുടങ്ങിയിരിക്കുന്നു.
പഴയതുപോലെ മുന്നൂറ്ററുപതും പണിയെടുക്കാനൊന്നും ആവതില്ലാതായിരിക്കുന്നു. ചെറുപ്പം പടിയിറങ്ങിത്തുടങ്ങിയെന്ന തിരിച്ചറിവ് ഇന്ന് ശരത്തിനുണ്ട്.

കൂലിപ്പണിയെടുത്തു കിട്ടുന്ന കാശുകൊണ്ട് അരിഷ്ടിച്ച് ജീവിക്കുമ്പോഴായിരിക്കും മാരണമായി പേറോ , മരണമോ ,കല്ല്യാണമോയൊക്കെ കടന്നുവരുന്നത്. ഇങ്ങനെ വരുന്ന സന്ദർഭങ്ങളിൽ നടുവൊടിയുന്ന കുടുബ ബഡ്ജറ്റിനെ കരകയറ്റാനുള്ള സാമ്പത്തികശാസ്ത്രമൊന്നും ശരത്തിനും ലതികയ്ക്കും അറിയാതിരുന്നതുകൊണ്ട് ഈവിധത്തിലുള്ള കലഹങ്ങളിലായിരിക്കും ഒടുക്കം അവരെ ചെന്നെത്തിക്കാറ്.

ആകെ മുറുകിനില്ക്കുന്ന അന്തരീക്ഷത്തിലേക്ക് ഇത്തിരി വെടിമരുന്നുമായാരിക്കും ശരത്തിന്റെ അമ്മയുടെ പലപ്പോഴുമുള്ള കടന്നുകയറ്റം.

“ഇത്തരത്തിലാണെങ്കിൽ യ്യ് ന്റെ കുട്ടീനെ കൊലക്കു കൊടുക്കൂല്ലോ “

“കാർന്നോന്മാരായുള്ള ചരിത്രമൊന്നും നണക്കറിയാഞ്ഞിട്ടാ”

തള്ളയുടെ ചൊറിച്ചില് മരുമോൾക്ക് അത്ര രസമുള്ള കാര്യമൊന്നുമല്ല

“അപ്പോ നിങ്ങളോ തള്ളേ’ യെന്നു ചോദിക്കാനൊരുമ്പെടുകയും ചെയ്യും ലതിക. കാർന്നോന്മാരുടെ കഥകൾ കുറയൊക്കെ ലതികയ്ക്കറിവുള്ളതുകൊണ്ടും കെട്ടിയോന്റെ ‘അമ്മയിരിക്കുമ്പം നിന്റെ ചെത്തം ഈ വീട്ടിലുയരരുതെന്ന’ ശാസനമുള്ളതുകൊണ്ടും മൗനം പാലിക്കുകയാണു പതിവ്. എന്നാൽ ചിലപ്പോളൊക്കെ ആ വീടൊരു പടക്കളമായിമാറാരുമുണ്ട്.

പുല്ലാനിക്കാടുകൾ പടർന്നുകിടക്കുന്ന കോട്ടക്കുന്നിനോട് ഓരംചേർന്ന്‌ കൂണുകൾപോലെ പത്തുമുപ്പതു വീടുകൾ നിരന്നുകിടക്കുന്ന പ്രദേശമാണ് പുന്നാംപറമ്പ്. പുന്നാംപറമ്പിലെ മുൻതലമുറയെ ശാപം പോലെ ഗ്രസിച്ചിരുന്ന വിപത്തിനെക്കുറിച്ച് കെട്ടിയോൻ പറഞ്ഞറിവാണ് ലതികയ്ക്കുള്ളത്.

പെണ്ണുങ്ങൾ പട്ടിപെറുമ്പോലെ പെറ്റുകൂട്ടുന്ന കാലമായിരുന്നത്. കൂടിയ അംഗസംഖ്യയെ തീറ്റിപ്പോറ്റുന്നതിനുളള ഗതിയില്ലാതെ ആയപ്പോഴായിരിക്കണം പുന്നാം പറമ്പിലെ ചില ആൺജന്മങ്ങൾ കുടകിലേക്കെന്നോ കൊയമ്പത്തൂർക്കെന്നോ പറഞ്ഞിറങ്ങിയത്.

ഒരുപറമ്പിൽനിന്നും മറ്റൊന്നിലേക്ക് വാലുപിടിച്ചോടുന്ന പൂവാലികളെപ്പോലെ പുന്നാംപറമ്പിലെ ആൺപിറപ്പുകളേതാണ്ട് ഒന്നിനു പുറകെ ഒന്നായി അപ്രത്യക്ഷമാവുകയും, അവരുടെ യാത്രകൾ ഒരുപ്പോക്കുകളായിരുന്നെന്ന് തിരിച്ചറിയുകയും ചെയ്തതായിരുന്നു പുന്നാംപറമ്പ് നേരിട്ട ദുരവസ്ഥ.

പൈതങ്ങളുടെ വിശപ്പിന്റെ ഒടുങ്ങാത്ത കരച്ചിലുകളാണ് പുന്നാംപറമ്പിന്റെ ശാപമോ ദുര്യോഗമോ എന്തുതന്നെയായാലും പ്രതിരോധിച്ചുകളയാമെന്ന ഉറപ്പിലേക്ക് അവിടുത്തെ പെണ്ണുങ്ങളെയെത്തിച്ചത്.

കോട്ടക്കുന്നിലെ പൂത്തുനില്ക്കുന്ന പുല്ലാനിക്കാടുകൾക്ക് വാറ്റുചാരായത്തിന്റെ ഗന്ധമായി മാറിയത് അക്കാലത്തായിരുന്നു. തലമുറകൾക്കിപ്പുറം പുന്നാംപറമ്പിലെ കാര്യങ്ങളേതാണ്ട് മെച്ചപ്പെട്ട അവസ്ഥയായിട്ടുണ്ട്.

ശരത്തിന്റെ അച്ഛനും കുടകിലേക്കെന്നും പറഞ്ഞ് ഒരുപ്പോക്കുപോയയാളാണ്. പൂമുഖത്തിരിക്കുന്ന കറുപ്പും വെളുപ്പും കാലഘട്ടത്തിലെടുത്ത കുടുംബഫോട്ടോ മാത്രമാണിന്ന് അച്ഛന്റെ ഓർമ്മ നിലനിറുത്തുന്ന ഏക വസ്തു.

തന്നെയൊക്കെ ഇത്രവരെയെത്തിക്കാൻ പെടാപ്പാടു പെട്ട അമ്മയ്ക്കു മുകളിൽ മരുമോളുടെ ശബ്ദമുയരരുതെന്ന തന്റെ ശാസനത്തിന് ന്യായമുണ്ടെന്ന് ശരത്തു കരുതിപ്പോന്നു. എന്നാൽ ശരത്തിന് നിയന്ത്രിക്കാനാവാത്തവിധം ചിലപ്പോഴൊക്കെ അമ്മായിയമ്മയും മരുമകളുമായുള്ള പടപ്പുറപ്പാടുകൾ ആ കൊച്ചുവീടിനെ വലിയൊരു യുദ്ധക്കളമാക്കാറുമുണ്ടായിരുന്നു.

ജയിക്കാൻവേണ്ടി ഏതറ്റംവരെയും പോകുന്ന പ്രകൃതക്കാരിയായിരുന്നു ശരത്തിന്റെ അമ്മ. ഒരു വെകുന്നേരം നീണ്ടുനിന്ന വാക്പ്പോരിനൊടുവിൽ ശരത്തിന്റെയമ്മ കിണറിന്റെ മതിലിലേക്ക് വലിഞ്ഞുകയറിയതും ആത്മഹത്യാഭീഷണി മുഴക്കിയതും കണ്ടുനിന്ന ശരത്തിനു സഹികെട്ടു .

‘ങ്ങളെ ഞാനിന്നു കൊല്ലും ‘ പല്ലുഞ്ഞെരിച്ചു കൊണ്ടാണയാൾ അമ്മയെ വലിച്ചുതാഴെയിറക്കിയത്.

അതോടെ ആയമ്മയുടെ മട്ടുമാറിയത് പൊടുന്നനെയായിരുന്നു.

‘ന്നെ ഞെക്കിക്കൊല്ലുന്നേ’ യെന്നു വലിയവായിൽ കാറിക്കൊണ്ടവർ വടക്കുപുറത്തെ മുറ്റത്തു കിടന്നുരുണ്ടു.

ആകെ വിരണ്ടുപോയ ശരത്തും ലതികയും അമ്മയെ പിടിച്ചുവലിച്ചുകൊണ്ട് അകത്തേക്കു കൊണ്ടു പോകാനുള്ള ശ്രമം നടത്തിയെങ്കിലും സംഗതി കൈവിട്ടുപോയിരുന്നു. ഓടിക്കൂടിയ നാട്ടുകാർക്കുമുമ്പിൽ ആയമ്മ പൊട്ടിക്കരഞ്ഞു.

” യ്യോ ന്റെ ചെക്കനിങ്ങനൊരു പെങ്കോന്തനായിപ്പോയല്ലോ …”

“അവൾടെ കൂട്ടം കേട്ട് അവനെന്നെ പോക്കിക്കൊല്ലാൻ നോക്ക്യായിരുന്നു … പെറ്റിട്ടപ്പോൾ പോയതാ തന്ത ഞാനിത്രേം ആക്കിയില്ലേ ന്ന്ട്ടും യ്ക്കീ ഗതി വന്നല്ലോ ഈശ്വരാ”

അമ്മയുടെ നിലവിളികേട്ടു ഓടിക്കൂടിയവർ തനിക്കുനേരെ തിരിയുന്നതുകണ്ട് ശരത്തു നിന്ന് വിക്കി.

“അമ്മയീ പറയുന്ന കാര്യങ്ങളൊന്നും ബടെ ണ്ടായിട്ടേയില്യാ”

“അങ്ങനെ പറഞ്ഞൊഴിയാൻ വരട്ടേ” ആൾക്കൂട്ടത്തിലാരോ ആണ്

“ഇന്നത്തെ കാലത്തെ മക്കള് തന്തേം തള്ളേനേം മുക്കിലിട്ടു ചവിട്ടിക്കൂട്ടുന്ന വീഡിയോകൾ നമ്മള് മൊബൈയിലില് എത്ര കാണാറുള്ളതാ”

ആൾക്കൂട്ടം അതു ശരിവെച്ചു.

ശരത്തിന്റെ കാര്യം കൂടുതൽ പരുങ്ങലിലായി.

കൂട്ടത്തിൽ തലമൂത്തയാൾ ശരത്തിനെ സമീപിച്ച് ഇത്തിരി കടുപ്പത്തിൽ പറഞ്ഞു.

“നിന്നെ വളർത്തി വലുതാക്കാനായി തള്ള തിന്ന തീയൊക്കെ നിനക്ക് ഞാമ്പറഞ്ഞു തന്നിട്ടു വേണന്നില്ലല്ലോ, ആയമ്മയ്ക്ക് നീയേയുള്ളൂ… അതോർത്തു പെരുമാറിയാൽ നിനക്കു കൊള്ളാം”

മൂകം തലതാഴ്ത്തിനിന്ന ശരത്ത് തലയാട്ടി ശരിവെച്ചു.

അവിടംകൊണ്ടൊന്നും തീരാനുളളതായിരുന്നില്ലത്.

മറ്റൊരിക്കൽ അമ്മായിയമ്മയും മരുമകളും രണ്ടുതലയ്ക്കലും തിരികൊളുത്തി തുടങ്ങിയപ്പോൾ മക്കളെ അക്ഷരം പഠിപ്പിച്ചുകൊണ്ടിരിക്കുന്നിടത്തുനിന്നും ശരത്ത് ഭ്രാന്തുപിടിച്ചെന്നോണം എഴുന്നേറ്റോടി.

മുറ്റത്തെ കോണിലെ ദൈവപ്പുരയിലേക്കോടിക്കയറിയ ശരത്ത് അതിനുള്ളിൽ മൂലയ്ക്കു ചാരിവെച്ചിരുന്ന വാളെടുത്തുറഞ്ഞു തുള്ളി. എന്തൊക്കയോ ആക്രോശിച്ച് മണ്ടിപ്പാഞ്ഞിട്ടും കലിയടങ്ങാതെ മണ്ട വെട്ടിപ്പിളർന്ന് ചോരയൊലിപ്പിച്ച് ശരത്ത് തളർന്നുവീഴുന്നതിന് അമ്മായിയമ്മയും മരുമകളും ഒരുമിച്ചാണ് ദ്യക്സാക്ഷികളായത്.

അന്നു ശരത്ത് പണികഴിഞ്ഞിറങ്ങിയതുതന്നെ ഇത്തിരി വൈകിയായിരുന്നു. ഒന്നുരണ്ടു കടകളിൽകൂടി കയറിയതോടെ വീടെത്തുംമുമ്പ് ഇരുട്ടു വീഴുമെന്ന തോന്നലിൽ ശരത്ത് നീട്ടിവലിച്ചു നടന്നതുകാരണം വീടെത്താറായപ്പോഴേക്കും നന്നായി അണയ്ക്കുന്നുണ്ടായിരുന്നു.

ഒരു സ്ക്കൂട്ടറോ ബൈക്കോ വാങ്ങിക്കണമെന്നാഗ്രഹം ശരത്തിന് ഇല്ലാഞ്ഞല്ല. ഉയർന്നു മാനംമുട്ടുന്ന ഇന്ധനവില മോങ്ങാനിരിക്കുന്ന നായുടെ തലയിൽ വീഴുന്ന തേങ്ങയാവുമെന്ന തിരിച്ചറിവിൽ ആ മോഹമുപേക്ഷിച്ച മട്ടാണ് ശരത്ത് .

വീടിനുമുന്നിലെ പഞ്ചായത്തു റോഡിൽ ഓരം ചേർത്തു നിറുത്തിയിട്ടിരുന്ന ഇതര സംസ്ഥാന രജിസ്ട്രേഷനുള്ളതും ഏതോ മലയാളീ സംഘടനയുടെ പേരെഴുതി ഒട്ടിച്ചിട്ടുള്ളതുമായ വാഹനത്തെ ശരത്ത് ശ്രദ്ധിക്കാതിരുന്നില്ല. പടിക്കലും മുറ്റത്തുമായി കൂടിനില്ക്കുന്ന ആളുകളെക്കൂടി കണ്ടപ്പോൾ ശരത്തിന്റെ കിതപ്പിന്റെ ആഴംകൂടി .

ആൾക്കൂട്ടത്തിനിടയിൽനിന്നും മെമ്പർ സുഗുണേട്ടൻ ശരത്തിന് കണ്ടതും ഓടിയെത്തി.

“കോളടിച്ചല്ലോ”

സുഗുണേട്ടൻ ശരത്തിന്റെ ചുമലിൽപിടിച്ചു കുലുക്കി.

അന്ധാളിച്ചെന്നപോലെ നിന്ന ശരത്തിനോട് മെമ്പർ തുടർന്നു.

“ഇതിനെയാണ് കാർന്നോന്മാര് ആട്ടം നിലച്ച തൊട്ടി കൊട്ടത്തളത്തിലെന്നു പറയാറ്, നമ്മളെല്ലാവരും കരുതിയിരുന്നതുപോലെ ഒരുപ്പോക്കുപോയ നിന്റെയച്ഛൻ ഇതാ തിരിച്ചെത്തിയിരിക്കുന്നു.”

ഏതോ ആസ്പത്രിയിൽ തളർന്നു കിടപ്പായിരുന്നത്രേ, ആൾടെ കൈയിലിരുന്ന നിങ്ങടെ പഴയ കുടുംബ ഫോട്ടോയുടെ പിന്നിലെ വിലാസം തിരഞ്ഞുപിടിച്ച് അന്നാട്ടിലെ മലയാളി സംഘടനാ പ്രവർത്തകരാണ് നിന്റെച്ഛനെ ഇവിടെയെത്തിച്ചത്.

കേട്ടതൊക്കെ വിശ്വസിക്കാനാവാതെ വിറയങ്ങലിച്ചു നില്ക്കുന്ന ശരത്തിന്റെയടുത്തേക്ക് യാത്രപറയാനായി മലയാളി സംഘടനയുടെ പ്രവർത്തകരെത്തി. ശരത്തിന്റെ കൈപിടിച്ചുകുലുക്കി യാത്ര പറഞ്ഞിറങ്ങിയ അവർക്കൊപ്പം മെമ്പർ സുഗുണനുംകൂടി .

വീട്ടിന്നുള്ളിലേക്ക് ഓടിക്കയറിയ ശരത്തു കണ്ടത് , കട്ടിലിൽ വൃത്തിയായിവിരിച്ചു കിടത്തിയിരിക്കുന്ന മെലിഞ്ഞുണങ്ങി തളർന്ന അവസ്ഥയിലുള്ള രൂപത്തിന്നരുകിലെ സ്റ്റൂളിലിരുന്ന് ഉറ്റസുഹൃത്ത് ജിതേഷ് എന്തൊക്കയോ കൗതുകത്തോടെ ചോദിച്ചറിയുന്ന കാഴ്ചയാണ്.

ജിതേഷിന്റെ ചോദ്യങ്ങളറിയാത്തമട്ടിൽ മച്ചിൽ മിഴിയുറപ്പിച്ചു നിർവ്വികാരമായി കട്ടിലിൽ കിടക്കുന്ന രൂപത്തെ സാകൂതം നോക്കിക്കൊണ്ട് ലതികയും മക്കളും നില്പുണ്ടായിരുന്നു, കൂടാതെ അവർക്കടുത്തുതന്നെ, അറിയാതെ ചോർന്നൊലിക്കുന്ന കണ്ണുകളെ മുണ്ടിന്റെ കോന്തലയാൽ ഇടയ്ക്കിടയ്ക്ക് തുടച്ചുകൊണ്ട് അമ്മയും നിന്നിരുന്നു.

ശരത്തിനെക്കണ്ട് ജിതേഷെഴുന്നേറ്റു .

“അല്ല ! നമ്മുടെ അച്ഛന്മാര് ഏതാണ്ടൊരേ സമയത്തു പോയവരാണല്ലോ. ആളെപ്പറ്റി വല്ല വിവരോം കിട്ടുമോന്നു നോക്കിയതാ” ജിതേഷിന്റെ സ്വരത്തിൽ നിരാശ നിറഞ്ഞിരുന്നു.

മലയാളിസമാജം കാര് വച്ചിട്ടുപോയതാണെന്നു തോന്നുന്നു. ഉമ്മറത്തു തൂക്കിയിട്ടിരിക്കുന്ന കുടുംബ ഫോട്ടോയ്ക്ക് സമാനമായൊന്ന് ജനൽപ്പടിയിലിരുപ്പുണ്ട്. ഫോട്ടോ കൈയിലെടുത്തു സൂക്ഷിച്ചു നോക്കിയ ശരത്ത് കട്ടിലിലെ രൂപത്തെ നോക്കി സമ്മതമെന്നോണം തലകുലുക്കി.

ശരത്തിന്റെ കുടുംബം വളരെ നന്നായി തന്നെ തങ്ങളുടെ കർത്തവ്യം ഏറ്റെടുക്കുകയുണ്ടായി.

ഇടയ്ക്ക് അമ്മമാത്രം; ‘നിന്റെച്ഛന് ഇത്രേം നിറമില്ലായിരുന്നെടാ,’ ‘ചിരി ഇങ്ങനെയായിരുന്നില്ല,’ എന്നിങ്ങനെ ചില്ലറ സംശയങ്ങളും പരാതികളുമായി ശരത്തിനു മുന്നിലെത്തുകയുണ്ടായി. അപ്പോളൊക്കെ ചെറുചിരിയോടെ അമ്മയെ സ്വാന്ത്വനിപ്പിക്കാൻ ശരത്തിനായി.

ക്ഷീണമേറിവന്ന അച്ഛനെ ശുശ്രൂക്ഷിക്കാൻ പണിമെനക്കെട്ട് ശരത്തും വീട്ടിൽ കൂടിയിട്ടും വീട്ടുകാര്യങ്ങളെല്ലാം സുഗമമായി പോകുന്നതിൽ ലതികയ്ക്ക് ആശ്ചര്യമായിരുന്നു. പിന്നെ ദൈവപ്പുരയുടെ മൂലയിൽ കുറെ നാളായി രക്തക്കറപുരളാതെ തുരുമ്പെടുത്തിരിക്കുന്ന വാളിനെക്കുറിച്ചോർത്തപ്പോൾ അവൾ സ്വയം സമാധാനിച്ചു.

അങ്ങനെയൊരു ദിവസം ആസന്നമായിരുന്നതു തന്നെ സംഭവിച്ചു. കാർന്നോരുടെ ജഢതുല്യമായിരുന്ന ശരീരത്തിൽ അവശേഷിച്ചിരുന്ന ജീവന്റെതുടിപ്പും നിലച്ചുപോയി.

മരണാനന്തര ചടങ്ങുകൾക്ക് ഒത്തുകൂടിയ ജനങ്ങളൊന്നാകെ ശരത്തിന്റെയും വീട്ടുകാരുടെയും പ്രവൃത്തി വലിയ ത്യാഗമായി പ്രകീർത്തിക്കുകയുണ്ടായി. വീട്ടിൽനിന്നും ആളും ബഹളവുമൊഴിഞ്ഞപ്പോൾ ശരത്തും ജിതേഷും തൊടിയിലെ വിറകുപുരയിലൊത്തുകൂടി.

മദ്യക്കുപ്പിയിൽനിന്നും ഗ്ലാസിലേക്ക് ശ്രദ്ധയോടെ മദ്യം പകരുകയായിരുന്ന ജിതേഷിന് തന്റെ മൊബൈലിൽ അജ്ഞാത നമ്പറിൽനിന്നുമെത്തിയ സന്ദേശം ശരത്ത് ശബ്ദംതാഴ്ത്തി വായിച്ചു കേൾപ്പിച്ചുകൊണ്ടിരുന്നു.

“നമ്മൾ തമ്മിലുള്ള കരാറിൻ പ്രകാരമുള്ള കാര്യങ്ങൾ പ്രതീക്ഷിച്ചതിലും ഭംഗിയായി പൂർത്തിയാക്കാൻ താങ്കൾക്ക് കഴിഞ്ഞതിൽ സന്തോഷം, നേരത്തേ പറഞ്ഞുറപ്പിച്ചതും താങ്കൾ മുൻകൂറായി കൈപ്പറ്റിയതിൽ കുറച്ചുമുള്ള തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറിയിട്ടുണ്ട്”

കേട്ടിരുന്ന ജിതേഷ് മദ്യഗ്ലാസുയർത്തി ഒന്നുമൊത്തിക്കൊണ്ട് തലയാട്ടി.

എന്നിട്ടു ശരത്തിനോടു ചോദിച്ചു.

“അപ്പോ ഞാമ്പറഞ്ഞ കാര്യമോ “?

“ഉം മ്മക്ക് നോക്കാടോ ,യ്യാദ്യം ഫോട്ടോയെനിക്കിട്ടു താ”

ശരത്ത് മറുപടിയായി പറഞ്ഞു.

അയച്ചുകിട്ടിയ ജിതേഷിന്റെ അച്ഛന്റെ പഴയകാല ഫോട്ടോ തന്റെ ഫോണിലെ അജ്ഞാത നമ്പറിലേക്ക് ചേർത്തുകൊണ്ട് അടിക്കുറിപ്പായി ശരത്തിങ്ങനെയെഴുതി.

‘വർഷങ്ങൾക്ക് മുമ്പായി പുറപ്പെട്ടുപോയ എന്റെ സുഹൃത്തിന്റെ അച്ഛന്റെ ഫോട്ടോയാണിത്. ഇദ്ദേഹത്തെ എവിടെവെച്ചെങ്കിലും കണ്ടുകിട്ടുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഞങ്ങളിലേക്കെത്തിക്കുക’

പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയാണ്.