‘വരവിളിക്കോലങ്ങൾ’ (ഖണ്ഡകാവ്യം) ഭാഗം : ഒന്ന്

അവതാരികയിൽ നിന്ന് …

കാവ്യരചനയിൽ മാറ്റം പ്രതീക്ഷിക്കുന്ന കാവ്യം
പ്രൊഫ.സി.ആർ.പ്രസാദ്

ആത്മീയത മനുഷ്യരെ ദൈവാംശമായി കരുതുന്ന ചിന്താപദ്ധതിയാണ്. എല്ലാം മതങ്ങളുടെയും സാരാംശം അതുതന്നെയാണ്. ഈ ബന്ധത്തെ കണ്ടെത്തിവിശദീകരിച്ചത് മനുഷ്യരാണുതാനും. അഭേദബോധത്തിലേക്ക് എത്താനും അതിലൂടെ ദൈവാംശത്തെ സ്പർശിക്കാനുമുള്ള ത്വരയുണ്ടാക്കുകയാണ് ആത്മീയത ചെയ്യുന്നതെന്നു പറയാം. എന്നാൽ ഇതേ ആത്മീയതയുടെ പ്രയോക്താക്കളാകട്ടെ ലിംഗഭേദത്തെയും ജാതിഭേദത്തെയും ആചാരാനുഷ്ഠാനഭേദത്തെയും സൃഷ്ടിക്കുകയും പലതിനെയും അകറ്റിനിർത്തേണ്ടതാണെന്ന് വാദിക്കുകയും ചെയ്യുന്നകാഴ്ചയാണ് മനുഷ്യചരിത്രത്തിൽ പിന്നീടുണ്ടായത്. അതേബോധത്തിന്റെ പരിഷ്ക്കരിച്ച പതിപ്പുകൾ ഇന്നും സമൂഹത്തിൽ നിൽക്കുകയും ചെയ്യുന്നു.  മതം അധികാരത്തിനെതിരെയുള്ള സാമൂഹികസമത്വത്തിന്റെ ദർശനമാണ്  പങ്കുവെയ്ക്കാനുദ്ദേശിക്കുന്നതെങ്കിലും അതേമതമുപയോഗിച്ച് അധികാരസ്ഥാപനം നടക്കുമെന്ന് മനുഷ്യർ തെളിയിച്ചു. ഇതിനുകാരണം, ചുരുക്കത്തിൽ ദർശനത്തിന്റെ പ്രശ്നമല്ല അതിന്റെ പ്രയോഗത്തിന്റെ കുഴപ്പമാണ് എന്ന് നിസ്സംശയം പറയാം.

ജയനന്റെ വരവിളിക്കോലങ്ങൾ എന്ന കാവ്യം ഈ മാറ്റത്തെ അടയാളപ്പടുത്താനുള്ള ശ്രമമാണ്. മതദർശനത്തിന്റെ പ്രയോഗത്തെ വിമർശനബുദ്ധിയോടെ സമീപിച്ചവരും അതിനെ അധികാരസ്ഥാപനത്തിനായി ഉപയോഗിച്ചവരുമായ വ്യക്തികളുണ്ട്. ക്രിസ്തുവും ശ്രീനാരായണഗുരുവും ഇതിന്റെ ആദ്യഭാഗത്ത് നിൽക്കുന്നവരാണ്. ഇവരുടെ സമീപനങ്ങളെ മുൻനിർത്തി സ്ത്രീസത്തയെക്കുറിച്ചുള്ള വിചാരങ്ങളിലൂടെയുള്ള സഞ്ചാരമാണ് വരവിളിക്കോലങ്ങൾ.

ലഘുകവിതകളും നാട്ടുമൊഴിയുടെ ധാരാളിത്തത്തിലൂടെ വായനക്കാരിലേക്കു നേരിട്ടെത്തുന്ന രചനകളും കൂടുതൽ വന്നുകൊണ്ടിരിക്കുന്ന വർത്തമാനകാല കാവ്യവഴിയിൽ ഈ കാവ്യം വ്യത്യസ്തമാകുന്നുണ്ട്. പുതിയകവിത നൽകുന്ന ലാഘവത്വം ഈ കാവ്യത്തിനില്ല. അത്രപെട്ടെന്ന് വായിച്ചുപോകാവുന്ന അനുഭവാഖ്യാനമല്ല ഇതിനുള്ളത്. ജീവിതത്തെയും അത്രപെട്ടെന്ന് വായിച്ചെടുക്കാനാവില്ലല്ലോ.

എല്ലാം പെട്ടെന്നു വേണം, എല്ലാം ആഘോഷമാകണം, ലളിതമായുള്ളതുമത്രമേ ആകർഷിക്കപ്പെടൂ തുടങ്ങിയ സിദ്ധാന്തങ്ങളുടെ മുന്നിൽ അല്പം മാറിനിൽക്കുന്ന കാവ്യമാണ് ഇത്. മലയാളകവിതയുടെ തുടരുന്ന വഴിയ്ക്ക് ദിശാവ്യതിയാനം ആവശ്യമാണെന്ന തോന്നൽ ജിനനുണ്ടെന്നു തോന്നുന്നു. ഒരു പക്ഷേ, അത്തരമൊരു കാവ്യരചനാപദ്ധതിയ്ക്കുള്ള പ്രാരംഭമായി ഈ കാവ്യത്തെ കാണാനാണ് എനിക്കിഷ്ടം.

അനുഭവത്തെയും അനുഭൂതിയെയും മലയാളഭാഷയിലേക്ക് എങ്ങനെ കൊണ്ടുവരാമെന്നത് കവികളുടെ എക്കാലത്തെയും അന്വേഷണമാണ്. അത്തരമൊരന്വേഷണം ജിനനും ഇവിടെ നടത്തുന്നുണ്ട്. ഈ കാവ്യം വായിക്കുന്നതിന് മതം, ചരിത്രം തുടങ്ങിയവയുടെ ധാരണകൂടി ഉണ്ടായിരിക്കണം. പൂർവ്വഭാരങ്ങളൊഴിവാക്കിക്കൊണ്ട് വന്ന് അരങ്ങ് പിടിച്ച കവിതകൾക്ക് വിരാമമുണ്ടാകാനുള്ള കാലമായി എന്നു തോന്നുന്നു. കാരണം ചരിത്രബോധവും കാലബോധവും നഷ്ടപ്പെട്ടതിന്റെ കുഴപ്പങ്ങളിലൂടെയാണല്ലോ നമ്മുടെ സഞ്ചാരം. ആ കുഴപ്പങ്ങളിൽ നിന്നുള്ള  മോചനം ആഗ്രഹിക്കുന്ന എഴുത്തകളാണ് ഇനി ആവശ്യം. അതിനുള്ള ഒരു ശ്രമമായി ഈ കാവ്യത്തെ കാണുന്നു.

ഭാഗം ഒന്ന്

ഗുരുവിലാപം

ഓര്‍മ്മകള്‍ ചത്ത ജഡത്തില്‍
അന്നംചികയുന്നാത്മാക്കള്‍
ഇല്ല ഉണ്മ ഉര്‍വ്വരത
ഇല്ല കലമ്പല്‍ ഇന്ദ്രിയം
ഇല്ല കാലം നിശ്ചലത
ഇല്ല ചേതന ഉന്മാദം…….

മേഘക്കണ്ണീര്‍ നീലിമയില്‍
ശൂന്യാകാശം ഗിരിശൃംഗം

ദൃഷ്ടിപഥത്തില്‍ ആകാശം
ചിറകുമിനുക്കും പക്ഷി-
ക്കറിയാം കാറ്റിന്‍  തുഴ പോല്‍
വേഗതയല്ലോ വേദാന്തം….

മിഴിതൊട്ടുമിന്നലാട്ടം
മൊഴിതൊട്ടുതെന്നലാട്ടം

ശുദ്ധവേദം ചൊല്ലി മിത്ര
ഭാവം നടിച്ചു കണ്ണിമ
പൊതിഞ്ഞുകാഷായവസ്ത്രം
പുകഞ്ഞു പ്രണയവര്‍ണ്ണം
കണ്ണുകള്‍ കല്പിച്ചുറക്കി
കര്‍മ്മം കടലാഴങ്ങളില്‍…..
ശാന്തമല്ലുടല്‍; ശകാരം

മരണനാള്‍ കൊതിക്കിലും
അലിവില്ലമനംകൊണ്ട
കോപവും അതിന്‍ശാപവും
അറപ്പകന്നദേഹത്തില്‍
മുളയ്ക്കാന്‍ വെമ്പുന്നു വെറുപ്പ്….

ചിത്രങ്ങൾ – ശരത്ചന്ദ്രലാൽ 

മോഹം ശമിച്ച ദേഹത്തെ
നോവിക്കുന്നു സൂക്ഷ്മാണുക്കള്‍
വിരഹവ്യഥകൊണ്ട കാലം
മൃഗമായ് വാഴും പ്രണയം

അഴലുന്നു മാതൃകര്‍മ്മം
പ്രജ്ഞയില്‍ മുലപ്പാല്‍മണം
ആത്മാവിന്‍റെ പുറംപോക്കില്‍
ആരാണാവോ ‘ഞാനും നീയും ‘?
ഇത് ആരുടെദുഃഖം,ആരു-
മെരുക്കിവളര്‍ത്തും ദുഃഖം?

അറിഞ്ഞുദോഷം വളര്‍ന്നു
ദുഃഖമതിന്‍ സ്ഥായീഭാവം
ഒന്നുവിതുമ്പിയുണര്‍ന്നു
കര്‍മ്മം പരതി രമണന്‍
*’ഞാന്‍ ആര്?’
അമ്മയെനോക്കി മഹര്‍ഷി…

സൂക്ഷ്മം സ്ഥൂലം ദേഹം ദേഹി
സദ്ഗ്ഗതി ദുര്‍ഗതി പച്ച-
മരംപോല്‍ ശാഖികള്‍ ദേഹം
പച്ചമരം? ഇതാരുടെ
അന്നം ? സൂക്ഷ്മാണുക്കള്‍ കൊത്തി
മിനുക്കും ശില്പകുടീരം….

കുരിശില്‍ നിന്നു വളര്‍ന്നു
‘അലമുറ’യെന്ന ചരിത്രം
അനുരാഗം വിഷലിപ്തം
വൈരാഗ്യതവരമുക്തം….

ചിത്രങ്ങൾ – ശരത്ചന്ദ്രലാൽ 

നെഞ്ചലിവാര്‍ന്ന കരച്ചില്‍
പൈതൃകവഴികള്‍ പലത്
മഹര്‍ഷി- രമണന്‍,ഗുരു
നാരായണപരമ്പര
വേദംചൊല്ലിരമിച്ചവര്‍
വേദനതിന്നുമരിച്ചവര്‍….

കൂട്ടുകഷായംവേദാന്തം
സ്തോത്രംപാടും മന്ത്രസ്വരം
മാത്രഗണങ്ങള്‍ രാഗങ്ങള്‍
നേത്രമടച്ചാല്‍ ചുടുകാറ്റ്….

മൃത്യുവരുന്നോ കണ്ണുകള്‍
പരതി; സഹനം ശാന്തം
ജ്ഞാനംമൂത്ത കണ്ണുകളില്‍
സൂര്യന്‍ നിശ്ചലനക്ഷത്രം
ഹൃദയം പ്രേമം വര്‍ജ്യത
ദേഹവിനാശം മുക്തം
അകമിഴിനീരാല്‍ ഒന്നു
കുളിര്‍ന്നു സൂക്ഷ്മശരീരം…

ഋതുപരരക്തം അമ്മ-
ത്തായ് വഴി വ്യാകുലചിത്തം
ബോധം അവബോധം തൊട്ടു
ഉള്ളാഴത്തിലൊരഴല്‍ നോവ്
**കടലും കുന്നും ഗുരുവിന്
പ്രിയം ; കാറ്റിന്നടരുകള്‍….

ധന്യതകോറിയ ചിത്തം
വിഷാദം; മൃത്യുഭയത്താല്‍
സ്വച്ഛം ശരണം കണ്ണീരായ്
ചേതന നിത്യത ദുഃഖം
വഴിതെറ്റിച്ചോ സന്യാസം?

ഗുരുവിന് കടല്‍ ദുഃസ്വപ്നം
*കുന്നുംപാറ,ശിവഗിരി
പിള്ളത്തടം, പാലാര്‍മട
കടല്‍വെട്ടം കലിസ്പര്‍ശം
ഇടനെഞ്ചില്‍ കല്ലുവിളക്ക്
മുന്നില്‍ ചരിഞ്ഞ ദര്‍പ്പണം
മുളകൂനുന്നകുരിശില്‍
ദര്‍പ്പണമുള്ളു പിളര്‍ന്നു
രൂപം കണ്ടു പലകാലം.


*രമണ മഹര്‍ഷി -ബുദ്ധനുശേഷം മൌനത്തെ ഹൃദയത്തില്‍ പ്രകാശിപ്പിച്ച സന്യാസി. അന്ത്യനാളുകളില്‍ അമ്മയെ ആശ്രമത്തില്‍ ഒപ്പംകൂട്ടി

**ശുചീന്ദ്രത്തിനടുത്തുള്ള മരുത്വാമലയിലെ പിള്ളത്തടം, കോവളത്തിനടുത്തുള്ള കുന്നുംപാറ, വര്‍ക്കല ശിവഗിരി-കടലിനഭിമുഖമായ് ശ്രീനാരായണ ഗുരു ധ്യാനസ്ഥലികള്‍ കണ്ടെത്തി

തിരുവന്തപുരം കാക്കാമൂല സ്വദേശി. റിട്ടേർഡ് പഞ്ചായത്ത് സെക്രിട്ടറി. ബുദ്ധപൂർണ്ണിമ, സർപ്പ സീൽക്കാരത്തിൻറെ പൊരുൾ, കരിന്തണൽ, വയൽ ജീവി എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്