
ഓർമ്മയിൽ കാടുള്ള
കൊമ്പനാണിവൻ.
തുമ്പിക്കൈയിൽ
കോർത്ത കാട്ടുവള്ളികൾ.
പൊടിമണൽത്തൂവി
ത്തണുപ്പിക്കുമുൾച്ചൂട്.
ദാഹം തീർക്കുവാൻ
ഒഴുകും കാട്ടരുവികൾ.
വന്മരങ്ങൾ കുടനിവർത്തു
മുച്ചവെയിലുകൾ.
പനയോലകൾ ചതച്ചിട്ട
നിലാവുള്ള രാത്രികൾ.
നിന്നുറങ്ങുവാൻ തുനിയും
സ്നേഹവ്യഗ്രമാം ജാഗ്രത.
മദജലം വമിപ്പിക്കും
വശ്യഗന്ധങ്ങൾ.
പിടിയാനതൻസ്നേഹം
കാട്ടുംകുറുമ്പുകൾ.
ആവേഗങ്ങടർത്തുന്ന
വന്മര ശിഖരങ്ങൾ.
കാതോർക്കും ചിന്നം വിളി
വന്യമാം രതി സംഗമം.
ഓർമ്മയിൽ കാടുള്ള
കൊമ്പനാണിവൻ.
ഈന്തപ്പനക്കാടുകൾ
സ്വപ്നം കാണുന്നവൻ.
ദീപ്തമാം വർണ്ണങ്ങളിൽ
തിളങ്ങുന്ന മസ്തകം.
മുഖരിതം താളമേളങ്ങൾ
തീവട്ടികളാൾക്കൂട്ടങ്ങൾ.
വെള്ളിവെളിച്ചത്തിൻ
തീച്ചൂടിലെരിയുമ്പോഴും
മുന്നിൽ സകൗതുകം
നിൽക്കുന്നുപുരുഷാരം.
കൂർത്ത കമ്പാലവൻ
കുത്തിയ നീറ്റലിൽ
ഇടറുന്നു കാലുകൾ.
ഭയമാണവനെ പ്രാണ
വേദനയെക്കാൾ
വലുതല്ല കിനാവുകൾ.
ആയിരം ചീവീടുകൾ
പെരുക്കുന്ന മസ്തകം.
ഇടയുവാനൊരു വേള
കാടെന്നുകരുതും മനം.
സ്വയം മറന്നേപോകും
പന്തിമെരുക്കങ്ങൾ.
ഓർമ്മയിൽ കാടുള്ള
കൊമ്പനാണിവൻ.








