കേട്ടതൊക്കെ
നുണയാണ്
കാട്ടില്‍ ഒരു സിംഹം ഇല്ല,
അവിടെ ഒരു രാജാവില്ല,
കൌശലക്കാരനായ
കുറുക്കന്‍ മന്ത്രിയില്ല,
ചതിച്ചു വീഴ്ത്തുന്ന
ഇര പിടിയന്മാരില്ല ,
കാട്ടില്‍ വിശപ്പിനു
ഒരര്‍ത്ഥം മാത്രം.
കാട്ടിലെ നീതിയുടെ
കണ്ണുകള്‍ പുറത്തേക്ക്
തുറന്നു തന്നെയാണ് ..
കാട്ടില്‍ രക്തസാക്ഷികളില്ല,
വിഴുപ്പു ചുമക്കുന്ന
പ്രതിഷ്ടകള്‍ ഇല്ല,
നാറിത്തുടങ്ങിയ
കൊടികള്‍ ഇല്ല,
ചങ്ങലകളോ
കാരാഗൃഹങ്ങളോ ഇല്ല ..
കാടിനു ഒറ്റ മുഖം മാത്രം.
നാട്ടില്‍ ഇപ്പോഴും
രാജാക്കന്മാരുണ്ട്
രാജാപ്പാര്‍ട്ടിന്
സേവയോതുന്ന
തേവാരങ്ങളുണ്ട്
അന്തപ്പുരങ്ങളില്‍
എന്തൊക്കെയോ
ചീഞ്ഞു നാറുന്നുണ്ട്
തെരുവിലെ പകലില്‍
ചോരയുടെ
പിഞ്ചു ചാലുണ്ട്
രാത്രികളില്‍
ഒറ്റിക്കൊടുക്കലിന്റെ
സിംഹാസനങ്ങള്‍ ഉണ്ട്
കൊലവിളിക്കുന്ന
മുഖം മൂടികള്‍ ഉണ്ട്
കാടിനെ നാടാക്കിയവരേ
നാടിനെ കാടാക്കേണ്ട
കാലം അസ്തമിച്ചിരിക്കുന്നു
ചിന്ത കൊണ്ടെങ്കിലും
വല്ലപ്പോഴുമെങ്കിലും
ഒന്ന് കാട് കയറുക