വടക്കോട്ടുള്ള വണ്ടി

പേരും പേച്ചും അറിയാത്ത ദിക്കുകളിലൂടെ തീവണ്ടി പാഞ്ഞു പോകുമ്പോൾ സ്റ്റേഷനുകൾ തമ്മിൽ മണിക്കൂറുകളുടെ അകലമുണ്ട്. ചുവപ്പു വിളക്കുകളെ പേടിച്ച് ഇടക്കു നിന്നു പോകുന്ന വിജനങ്ങളായ പേരില്ലാ സ്ഥലങ്ങൾ !!

വരണ്ടുണങ്ങിയ കുന്നുകളിലെ ചിതറിക്കിടക്കുന്ന കല്ലുകൾക്കിടയിലൂടെ തല നീട്ടുന്ന പച്ച പുൽനാമ്പുകൾ കടിച്ചു മേയുന്ന മെല്ലിച്ച പശുക്കൾ. ഉച്ചിയിൽ കത്തുന്ന സൂര്യൻ. കാത്തു നിന്ന് മടുത്ത തീവണ്ടി എഞ്ചിനുകൾ ഉറക്കെ ശബ്ദമുണ്ടാക്കുമ്പോൾ ചാണക ഉരുളകൾ വീടിൻ്റെ ഭിത്തിയിൽ അടിച്ചു പരത്തി ചാണകപ്പെരട്ടി ഉണ്ടാക്കുന്ന മുഷിഞ്ഞ തുണിയുടുത്ത  പെണ്ണുങ്ങളുടെ നരച്ച കണ്ണുകളിൽ നിർവ്വികാരത നിറഞ്ഞു നിന്നു. നിത്യവും റെയിലുകളിലൂടെ പാഞ്ഞു പോകുന്ന അസംഖ്യം തീവണ്ടികളിൽ നിന്നും അലസമായി മാത്രം അവരുടെ മേൽ സ്ഥിരം പതിക്കുന്ന അപരിചിത ദൃഷ്ടികളെ അവർ ശ്രദ്ധിക്കാറേയുണ്ടാവില്ല. ആരു പോയാലും വന്നാലും അവർക്കൊന്നുമില്ലാത്തതു കൊണ്ട്.

അങ്ങ് ദൂരെയെവിടെയോ രണ്ടറ്റവും കൂട്ടിമുട്ടാൻ വിധിക്കപ്പെട്ട സമാന്തരപാളങ്ങളിലൂടെ പുതിയ അപരിചിതത്വങ്ങളെ തേടി പാഞ്ഞു പോകുന്ന തീവണ്ടികൾക്ക് സ്റ്റേഷനുകളോട് ഒന്ന് പ്രണയിക്കാൻ പോലും നേരം കിട്ടാറില്ലെന്നതാണ് വാസ്തവം.

ആറി തുടങ്ങുന്ന ഇരുണ്ട സന്ധ്യകളെ ചുവപ്പണിയിക്കുന്ന ചുൽഹാ അടുപ്പുകൾ കത്തിയെരിയുമ്പോൾ വിയർപ്പു മണക്കുന്ന കയറ്റു കട്ടിലിൽ മലർന്നു കിടന്ന് ഹുക്ക വലിച്ച്, ഏതോ ഒരു തലേക്കെട്ടുകാരൻ ആകാശത്തേക്ക് പുകയൂതി. ആ പുകമറയിൽ, വിളർത്ത ചന്ദ്രൻ്റെ തുണ്ട് കുറച്ചു നേരം മറഞ്ഞു. താഴെക്കിറങ്ങി വരുന്ന കുന്നുകളുടെ കൂറ്റൻ നിഴലുകൾ…

പിന്നിലേക്കോടിക്കൊണ്ടിരിക്കുന്ന പേരറിയാത്ത ഗ്രാമത്തിന് ഏസി ബോഗിയുടെ അകത്തെ ഇരുണ്ട ചില്ലുകളിലൂടെ കൈ വീശി ആരോടൊ യാത്ര പറയുന്നു, അമ്മയുടെ മടിയിലിരുന്നു കൊണ്ട് ഒരു കൊച്ചു യാത്രക്കാരി.

ഉറക്കച്ചടവോടെ വാഷ്ബേസിൻ്റെയും ബാത്ത് റൂമിൻ്റെയും വാതിലിനു പുറത്ത് ബ്രഷും പേസ്റ്റും ടവ്വലുമായി മായി നീണ്ട കാവൽ നിൽപ്പ്. ഏതോ ഒരു സുന്ദരി സ്റ്റേഷൻ വന്നിരിക്കുന്നു. ആളും ആരവവും ബഹളവും. ആരുടെയൊ കയ്യിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണുടഞ്ഞു പോയ മൺചായ കപ്പിൻ്റെ തുണ്ടിൽ  ചായത്തുള്ളികൾ. അവ്യക്തമായ അനൗൺസ്മെൻറുകൾ അറിയാത്ത ഭാഷയുമായി കലമ്പൽകൂടുമ്പോൾ ഒന്നും പറയാനാവാതെ ഈ ഏക ഭാഷാപണ്ഡിതൻ ആംഗ്യം കാണിച്ചു കൊണ്ടൊരു ചൂട് ചായ മേടിച്ച് മൊത്തിക്കുടിച്ചു. ചുണ്ടുകൾ തമ്മിൽ ഒട്ടിപ്പോകുന്ന ചായയുടെ കടും മധുരത്തിൽ ഏലക്കായയുടെയും മണ്ണിൻ്റെയും മണം. അപരിചിതത്വം ചെറുതായിട്ടൊന്ന് ഭയപ്പെടുത്താൻ ഒരുങ്ങുമ്പോഴേക്കും വണ്ടി ഒരു ചെറിയ ഒച്ചിനെപ്പോലെ നീങ്ങാൻ തുടങ്ങിയിരുന്നു.

യാത്രയയപ്പുകളുടെ പതിവ് നാടകങ്ങൾ കണ്ണീരായും കൈ വീശലായും തീവണ്ടിയെ അനുഗമിക്കുമ്പോൾ ഏതോ യാത്രക്കാരൻ വൈകി വാങ്ങിക്കുടിച്ച ചായക്കാശിന് തുക്കിപ്പിടിച്ച സ്റ്റീൽ പാത്രവുമായി പിന്നാലെ ഓടുന്ന ജീവനക്കാരൻ. വളഞ്ഞ് പിരിഞ്ഞ പാളങ്ങളിലേക്ക് തെന്നിയിറങ്ങി ട്രെയിൻ വിചാരിക്കാത്ത ഏതോ ട്രാക്കിലൂടെ വീണ്ടും യാത്ര ആരംഭിച്ചിരിക്കുന്നു. പച്ചയും ചുവപ്പും കൊടികൾ ചുരുട്ടി കക്ഷത്തു വച്ച് വലിയ ഹാമറുകൾ കൊണ്ട് പാളത്തിൽ തട്ടി മുട്ടോളം മടക്കി വച്ച കാക്കി പാൻ്റുകൾ ധരിച്ച് വിശ്രമമില്ലാതെ റെയിലിൻ്റെ നടുക്ക് കൂടി സഞ്ചരിക്കുന്ന സംരക്ഷകർ. കുലുക്കം വെടിഞ്ഞ് സൗമ്യമായി ഓടാൻ തുടങ്ങിയ വണ്ടിയിൽ നിന്നും തിരിഞ്ഞു നോക്കി സുന്ദരി തീവണ്ടിയാപ്പീസിന് കൈ വീശി യാത്രാമൊഴി ചൊല്ലി. ഇനിയും കാണാം, എന്നെന്ന് പറയാനാവില്ല. ആ കൂടിക്കാഴ്ചയുടെ  ആകസ്മികതയും കയ്യടക്കവും എത്ര സുന്ദരമാണ്.!!

ഗംഗയുടെ അനുജത്തി ഭാഗീരഥിയുടെ (ഹുഗ്ലീനദി )കുറുകെ ബ്രീട്ടീഷുകാർ കെട്ടിയുണ്ടാക്കിയ ഹൗറാ ബ്രിഡ്ജ്. ബംഗാളികളുടെ വികാരമായിരുന്ന പുരാതന കൽക്കട്ട നഗരത്തിലേക്കുള്ള കവാടം. പശ്ചിമ ബംഗാളിൻ്റെ കൽക്കട്ട. സാംസ്ക്കാരികതയുടെ ചുവന്ന കൽക്കട്ട. കൽക്കട്ട തീസിസ് മുതൽ ഇങ്ങോട്ട് കൊൽക്കത്ത വരെയുള്ള രാഷ്ട്രീയകഥകളുടെ കെട്ടുകാഴ്ചകൾ എഴുതാൻ എനിക്കറിയില്ല. ഒന്ന് പിണങ്ങിയാൽ തുടുക്കുന്ന അന്നത്തെ കൽക്കത്ത, അവൾ ഒരു സുന്ദരി തന്നെയായിരുന്നു. ചതോപാധ്യായ മാരുടേയും ബന്ദോപാധ്യായ മാരുടെയും രബീന്ദ്രസംഗീതത്തിൻ്റെയും സത്യജിത്ത് റായിയുടേയും അമലേന്ദുവിൻ്റെയും ശ്രീരാമകൃഷ്ണൻ്റെയും നരേന്ദ്രൻ്റെയുമൊക്കെ തൃപുരസുന്ദരി!. സലിൽ ദായുടെ കൽക്കട്ട . പിന്നെ മറ്റു പലരുടെയും .

കൊറൊമാൻഡൽ എക്സ്പ്രസ് ഹൗറ സ്റ്റേഷൻ്റെ ഔട്ടറിൽ പച്ച വിളക്ക് മിന്നാനായി നിർത്തിയിട്ടു. കെട്ടുപിണഞ്ഞ റെയിൽ പാളങ്ങളിൽ കൂടെ തലങ്ങും വിലങ്ങും പായുന്ന ട്രെയിനുകൾ. തിളക്കുന്ന ചൂടിൽ വെള്ളി പോലെ തിളങ്ങുന്ന പാളത്തിനു മുകളിൽ കുന്തിച്ചിരുന്ന് പറങ്കിപ്പുണ്ണിന് ചൂട് കായുന്ന മനുഷ്യരുള്ള രോഗാതുരമായ കൽക്കട്ട. തെരുവു വേശ്യാലയങ്ങളും കൂട്ടിക്കൊടുപ്പുകാരും  ഭിക്ഷക്കാരുമുള്ള ശ്വാസം മുട്ടിക്കുന്ന കൽക്കട്ട.

എൺപതുകളിൽ നാലോ അഞ്ചോ രൂപക്ക് അമ്പതിൽപരം കിലോമീറ്ററുകൾ യാത്ര ചെയ്യാൻ സാധിക്കുന്ന കൽക്കത്തയിലെ ‘ട്രാമുകൾ. തീവെപ്പും കൊള്ളയും ഭയന്ന് ട്രാം ചാർജ് വർദ്ധനവിൽ വളരെ കാലത്തേക്ക് ആരും കൈ വച്ചില്ല. ഷോപ്പിങ്ങ് കോംപ്ലക്സിലൂടെയും തിരക്കുള്ള അങ്ങാടിയിലൂടെയുമൊക്കെ നുഴഞ്ഞു കയറിപ്പോവുന്ന ട്രാം സാധാരണ ബംഗാളികളുടെ വാഹനമായിരുന്നു.

സുഖം വിൽക്കുന്ന സോനാഗാച്ചിയുടെ, ഗുദാം പോലെ തോന്നിപ്പിക്കുന്ന പഴകി ദ്രവിച്ച കെട്ടിടങ്ങളുടെ മട്ടുപ്പാവിലും കോണിപ്പടികളിലുമൊക്കെയിരുന്ന് മുടി ചിക്കി ചീവി, കാലം ആഴത്തിൽ  മുഖത്ത് വീഴ്ത്തിയ കുഴികളിൽ  ചായങ്ങൾ നിറച്ചും രോഗാതുരമായ ശരീരത്തിൽ കടുത്ത മുല്ലപ്പൂ സെൻറുകൾ പൂശിയും കൈമാടി വിളിക്കുന്നവരുടെ അടുക്കലേക്ക് കണ്ണടച്ച് പാലു കുടിച്ചു കൊണ്ട് പോകുന്നവർ. ഇരുട്ടു വീണ ഇടുങ്ങിയ ഇടനാഴികളിലെ ചൂടും വിയർപ്പും വായ്നാറ്റവും നിറഞ്ഞു നിൽക്കുന്ന കുടുസുമുറികൾക്ക്  വെളിയിൽ ദുർമ്മേദസ്സു പിടിച്ച വീർത്ത ശരീരങ്ങളുമായി കാലത്തോട് കലഹിക്കുന്ന നര കയറിയ ദീദിമാരെ കാണാം. അവരുടെ നഷ്ട വസന്തത്തിൻ്റെ കണക്കുകൾ സൂക്ഷിക്കുന്ന വലിയ കിത്താബുകളുടെ അവസാന ഏടുകളിൽ പുതിയ സുന്ദരിമാരുടെ പേരും മേൽവിലാസവും എഴുതിച്ചേർക്കുന്നതിവരാണ്. എം ആർ പി യും ജി എസ് ടി യുമൊക്കെ ചേർത്ത് നവയൗവ്വനത്തിന് വില പറയുന്നതും, പോലീസ് ഏമാന്മാർക്ക് മാസപ്പടി കൊടുക്കുന്നതും പുതിയ ഉരുപ്പടികൾ വരുമ്പോൾ വിവരം അറിയിച്ച് ക്ഷണിച്ച് വരുത്തുന്നവരും മറ്റാരുമല്ല. സോനാഗാച്ചിയിലെ നാലു ചുമരുകൾക്കും അഴുക്കുപിടിച്ച കട്ടിലുകൾക്കും കിടക്കകൾക്കും ചെറിയ കിളിവാതിലുകൾക്കും അടക്കിപ്പിടിച്ച നൊമ്പരങ്ങളുടെയും,  എതിർത്തു തോൽപ്പിക്കാനാവാതെ തളർന്നു പോയ അലർച്ചകളുടെയും നിലവിളികളുടെയും കഥകൾ  പറയാനുണ്ടാവും. സ്വയം ആത്മാഹുതി നടത്തി ഗതികിട്ടാതെ പറന്നു നടക്കുന്ന ആത്മാക്കളുടെ  മൗനം പേറുന്ന ചിറകടിയൊച്ചകൾ ഇവിടെ മാറ്റൊലി കൊള്ളുന്നു. ദയയുടേയും കാരുണ്യത്തിൻ്റെയും സാന്ത്വനത്തിൻ്റെയും അലകൾക്ക് സോനാഗാച്ചിയുടെ ഗേറ്റിലെ കാവൽ നായ്ക്കളെ മറികടക്കാനാവില്ല…… ഒരിക്കലും.

തേൻകണങ്ങൾ പോലെ മധുരിക്കുന്ന രബീന്ദ്രസംഗീതം. ബംഗാളി ഭാഷ പൊതുവെ സമൃദ്ധമായ നാസികങ്ങളും അനുനാസികങ്ങളും കൊണ്ട് സുന്ദരവും കേൾക്കാൻ ഇമ്പമുള്ളതുമാണ്. 1913 ൽ സാഹിത്യത്തിൽ നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു ഗുരു രവീന്ദ്രനാഥ ടാഗോർ. ഗുരു സ്ഥാപിച്ച ശാന്തിനികേതനിൽ വിദ്യാർത്ഥികൾ പ്രകൃതിയുടെ ഗന്ധവും കാറ്റും വെളിച്ചവും നുകർന്ന് പഠിക്കുന്നു.

അന്ന് ബുദ്ധിജീവികളുടെ നാട് തന്നെയായിരുന്നു ബംഗാൾ. അന്ന് എന്നതിന് ഊന്നൽ കൊടുക്കേണ്ടതായിട്ടുമുണ്ട്, നിർഭാഗ്യവശാൽ.

പല ബംഗാളി നോവലുകളും മലയാളത്തിലേക്ക് പരിഭാഷയായി കിട്ടിയിട്ടുണ്ട്. താരാശങ്കർ ബാനർജിയുടെ ഗണദേവത, ബിഭൂതിഭൂഷൻ ബന്ദോപാദ്ധ്യായ യുടെ പഥേർ പാഞ്ചാലി, ആശാ പൂർണ്ണാദേവിയുടെ
പ്രഥമ പ്രതിശ്രുതി.

ബംഗാളിൻ്റെ സിനിമ  ലോകസിനിമയായിരുന്ന കാലം. സത്യജിത്ത് റായ്, മൃണാൾ സെൻ,

ബുദ്ധദേബ് ദാസ് ഗുപ്ത റിത്വിക് ഘട്ടക്ക് തുടങ്ങിയവർ വിശ്വ പ്രസിദ്ധ സിനിമകളുടെ വക്താക്കളായിരുന്നു. ഫിലിം സൊസൈറ്റി ട്രെൻറും അതിൻ്റെ സംസ്ക്കാരവും ശക്തമായി നിലവിലുണ്ടായിരുന്ന കാലഘട്ടമായിരുന്നു, എൺപതുകൾ. അതിൽ അംഗമാവുന്നതും ബംഗാളി സിനിമകൾ സബ്ടൈറ്റിലുകളോടെ കാണുകയും അത് പിന്നീട് വിസ്തരിക്കുകയും അവലോകനം ചെയ്യുന്നതുമൊക്കെ ഒരു ബുദ്ധിജീവിയുടെ വ്യക്തമായ അടയാളമായിരുന്ന കാലം. അശ്വനി ഫിലിം സൊസൈറ്റിയിലൂടെ കുറെ ബംഗാളി സിനിമകൾ കണ്ടിരുന്നു അന്ന് എങ്കിലും സിനിമാസ്വാദനത്തിൻ്റെ മേഖലകൾ വ്യത്യസ്തമായി മാറിയത് പിന്നീട് കുറേ കഴിഞ്ഞാണ്‌.

സിനിമാ സംഗീതത്തിൽ കേരളം കീഴടക്കിയ ബംഗാളിയായിരുന്നു സലിൽ ദാ എന്ന് സ്നേഹപൂർവം വിളിക്കുന്ന സലിൽ ചൗധരി. എണ്ണമറ്റ ഹിറ്റുകൾ മലയാളത്തിലുണ്ട്, സലിൽ ദായുടെ.

സോനാഗാച്ചിയുടെ അതിഗംഭീര ക്ലൈമാക്സായി കൽക്കത്ത ന്യൂസ് എന്നൊരു സിനിമയുണ്ട്. ദിലീപും മീരാ ജാസ്മിനും അഭിനയിച്ചത്.

ചെന്നൈയിലേക്ക് കൊറോമാൻഡലിൽ തന്നെ തിരികെ വരുമ്പോൾ ഒരു ബംഗാളി സുഹൃത്തിനെക്കിട്ടി. ബിമൽ റോയ്. സംസാരിക്കാൻ എം ടി യെക്കാളും പിശുക്ക് കാണിച്ച ബിമൽ റോയ് സുന്ദരനായിരുന്നു. ഒരു അരവിന്ദ് സ്വാമിയെപ്പോലെ..

കണ്ണ് തുറന്നപ്പോൾ അലറിപ്പെയ്യുന്ന മഴയുടെ ശബ്ദത്തിനിടയിൽ സുബ്ബൂ ലക്ഷ്മിയുടെ “കൗസല്യാ സുപ്രജാ “
അവ്യക്തമായി കേട്ടു. സമയം അഞ്ച്. സ്വപ്നം ചിലർക്ക് ചില കാലമൊത്തിടും. പുലർച്ചെ ആയതു കൊണ്ട് സാദ്ധ്യത ഏറും. എന്തായാലും കുറച്ച് കൂടെ കിടക്കാം. പുതപ്പ് തലവഴി മൂടിയിട്ട് നീണ്ട് നിവർന്ന് കിടന്നു.

കോഴിക്കോട് എടക്കാട് സ്വദേശി. കേരള ഗവർമെൻ്റിൻ്റെ ഫുഡ് ടെസ്റ്റിങ്ങ് ലാബിലെ ഡെപൂട്ടി അനലിസ്റ്റ് ആയി റിട്ടയർ ചെയ്തു . എഴുത്തിനോടൊപ്പം ഇംഗ്ലീഷ് - മലയാളം പരിഭാഷയും ചെയ്യാറുണ്ട്.