ലേബർ റൂമിലുമെന്നിലും മഴ പെയ്യുന്നുണ്ട്

രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടി
ദാർശനിക വ്യഥയറിഞ്ഞ്
മഹാപ്രളയം താണ്ടിയ
ഗതികെട്ട രണ്ടു പേർ.

ഏക വിപ്ളവകാരിയായവൾ
വേദനയുടെ വെയിൽ തുമ്പുമേറി
പുതുജീവന്റെ കണ്ണീര് വാർക്കുന്ന
ചിരിയടർന്ന് കിടക്കുമ്പോൾ

പുറത്തൊരു കസേരയിൽ
നിലയുറപ്പിക്കാനാവാതെ
വട്ടം കറങ്ങുന്ന ആത്മ
സംഘർഷ ജീവിയായി ഞാനും.

വളരെ പഴകിയ ഓടുകളടർന്നു
വീണ പിന്നാമ്പുറങ്ങൾ പോലെ
അതിദ്രുതം പായുന്നു മനസ്സ്.

ഓർമ്മപ്പൊട്ടുകൾക്ക്
ചിതലരിപ്പുണ്ടങ്കിലും
ഒട്ടുമേ ദയയില്ലാതെ
സഞ്ചരിക്കുന്നുണ്ടിപ്പോഴും
പ്രസവ മുറിയുടെ ഇടനാഴി
കടന്ന നിലവിളികൾ.

ഒരു രാത്രിമഴയ്ക്ക് മുൻപ്
പിരിഞ്ഞു പോയവർ

തണുപ്പിന്റെ ചില്ലടർന്ന്
നെഞ്ചിലേക്ക് വീണ
മിന്നലുകൾ പോലെ
എടുത്ത തീരുമാനങ്ങൾ .

മുപ്പതു പോയിട്ട്
മുഷിഞ്ഞൊരു രൂപ
പോലുമില്ലാത്ത
കാലിയായ കീശ
വിഴുങ്ങി ഒറ്റു കൊടുത്തവർ.

വിണ്ടുകീറിയ ഹൃദയത്തിലേക്ക്
ഉപ്പ് പരലുകൾ വാരിയിട്ട്
പൊട്ടിച്ചിരിച്ചവർ.

സ്മാർത്ത വിചാര നാളുകളിൽ
കടിച്ച പച്ച നെല്ലിക്കതൻ
മധുരമിന്ന് നാവിലേക്ക്
നീളൻ വരാന്ത കടന്ന്
വിരുന്നു വരുന്നുണ്ട്.

നിന്റെ പ്രണയ രാജ്യത്തിന്റെ
ഇരു കരകളിലും
എന്നെ മറന്നു വെക്കാത്തതാവാം
ഭൂമിയില്ലാത്തവരുടെ
കണ്ണ് വറ്റി ഉപ്പുറഞ്ഞ
ദുഃഖത്തിലൊക്കെ
നമുക്കും പങ്ക് ചേരാനായത്.

പ്രാണനും മരണവും
പരസ്പരം പായാരം
ചൊല്ലുന്ന മുറിയുടെ പുറത്ത്
ഹൃദയ വേവുമായി നിന്നെ
കാത്തിരിപ്പുണ്ട് ഞാൻ
നമ്മളിൽ മനസ്സ് മറന്നു
വെച്ചു പോയവരുടെ
ഓർമ്മകളുമായി .

ലേബർ റൂമിലുമെന്നിലും
മഴ പെയ്യിക്കുവാൻ ആരോ
വരുന്നുണ്ട്.

ആലപ്പുഴയിലെ മണ്ണഞ്ചേരി സ്വദേശം. ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും കവിതകൾ എഴുതുന്നു. ഗവ. ജീവനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വലിയവിളയിൽ താമസിക്കുന്നു