‘ലൂം നമ്മളൊന്നിച്ച് നനയുന്നു’

പുസ്തകപരിചയം – ഫായിസ് അബ്ദുള്ളയുടെ ‘ലൂം നമ്മളൊന്നിച്ച് നനയുന്നു’

‘ലൂം’ എന്ന കഥാപാത്രത്തിനു മുന്നിൽ തന്റെ പ്രണയത്തെ, ചിന്തകളെ, അടുക്കി വെച്ച ഓർമ്മകളെ വാക്കുകൾ കൊണ്ട് തുറന്നുകാട്ടുകയാണ് പ്രിയ കവി ഫായിസ് അബ്ദുള്ള. അവിടെ ഉന്മാദത്തിന്റെ ഉത്തുംഗതയിലും അർത്ഥവത്തായ വരികളെ പ്രസവിക്കുകയാണ് ലൂമെന്ന കാവ്യസങ്കൽപം.

മടിയുടെ മധ്യത്തിൽ തന്നെ മന്ത്രച്ചരടു കോർക്കുന്ന വീട്ടുകാരുടെ വെപ്രാളത്തെയാണ് ‘ നേർച്ചപ്പെട്ടി ‘ യിലൂടെ വരച്ചുകാട്ടുന്നത്.

ചെയ്ത തെറ്റിന് പടച്ചോൻ പൊറുത്തിട്ടും മറക്കാൻ ഭാവമില്ലാത്ത ഒട്ടുമിക്ക നാട്ടുകാരുടെയും കുനഷ്ടാണ് ‘ഇബ്രായിച്ച’ യിലൂടെ കുത്തിയൊലിച്ചത്.

പെണ്ണ് നോവാണെന്നിരിക്കെ, അവളുടെ ചൂട് താങ്ങാനാകാതെ വിയർത്തൊലിക്കുന്ന കൃതികളാണ് വിഷാദ ക്കാറ്റും, കൊടും ചതിയും. അറിയാതെയെങ്കിലും ആ ചൂട് വായനക്കാരിലേക്കും പകരുന്നുണ്ടെന്ന് നനഞ്ഞൊട്ടിയ അവരുടെ കണ്ണുകൾ വിളിച്ചോതുന്നത് കേൾക്കാം.

പഴമയുടെ അതിർവരമ്പുകൾക്ക് ചെവി കൊടുക്കാതെ തനതായ ശൈലിയിലൊരു കാവ്യസാഗരം കവി തന്നെയാണ് പണി കഴിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷെ, മറ്റൊരാളുടെയും നിശ്വാസത്തിനർഹമായില്ലെന്നതാവാം കവിയുടെ കയ്യൊപ്പിനിത്ര ചാരുത വരുത്തിയത്.

ഏതൊരു കവിയുടെയും എഴുത്തു പുസ്തകത്തിലിടം പിടിക്കുന്ന പകരമില്ലാത്തൊരു അദ്ധ്യായമാണ് അമ്മയെന്നിരിക്കെ അതിനെ ഉള്ളുലക്കുന്ന ഭാഷ കൊണ്ട് മനോഹരമായി വർണ്ണിച്ചിരിക്കുകയാണിവിടെ.

“അമ്മ മരിച്ചന്ന്
നാലര മണിക്ക് കയറുന്നൊരു കോണിപ്പടി വീണു.
രാത്രി കൊഴിഞ്ഞ ഇലകളൊക്കെയും
അമ്മ കിടന്ന പോലെ കിടന്നു. “

എന്നു തുടങ്ങുന്ന വരികളിലെ തീവ്രത അവസാനം വരെ നീണ്ടു നിൽക്കുന്നുണ്ട്.

സ്നേഹവും സാന്ത്വനവുമൊരുമിക്കുന്നിടം മനപൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നവർക്കിടയിലും, കാലക്രമേണ ബാല്യകാല സ്മരണകൾക്ക് ചിതയൊരുക്കുന്നവർക്കിടയിലും “മരണമില്ലാത്ത അറകളുടെ ഓമനപ്പേരാണ് ഓർമ്മകളെ” ന്ന് പറഞ്ഞ് വെക്കുകയാണ് കവി.

വാക്കുകൾ കൊണ്ടേറ്റ മുറിവുകൾക്ക് ഒരൊറ്റ സ്ഥാനമേയുള്ളൂ, ഹൃദയമാണത്. ഹൃദയത്തിനേറ്റ മുറിവിന് ഒത്തിരി ആഴം കൂടും, ഉണങ്ങിയില്ലെങ്കിലും പഴുക്കും. അങ്ങനെയൊരനുഭവമാണീ വരികളിൽ പ്രതിഫലിക്കുന്നത്.

“ഭൂതകാലത്തിൽ കൊളുത്തി
പിഴച്ചവനാണെന്ന് മാത്രം വിളിച്ചു.
അല്ലേലും പുറത്താക്കപ്പെട്ടവന്റെ
ആത്മാവറിഞ്ഞ
ആരാണീ ലോകത്തുള്ളത് ? “

കാത് പൊട്ടുന്ന ഉച്ചത്തിലാണീ ചോദ്യം ഓരോരുത്തരുടെയും ഹൃദയത്തിലും ജീവിതത്തിലും വന്ന് പതിക്കുന്നത്. ഒരിക്കലെങ്കിലും ഉള്ളറിയാൻ ശ്രമിക്കാതെ പോയവർക്ക് ആ വൃണങ്ങളെ പഴുപ്പിക്കുന്നത് മിച്ചം.

ഹൃദയങ്ങൾക്കിടയിൽ ദൂരം തീണ്ടിയിട്ടില്ലാത്ത മജ്നുവും, കഥകളിൽ പ്രണയം കോർത്ത ഷെഹർസാദും, മൊഞ്ചഴകിൽ ചോരപ്പുഴ കിനിഞ്ഞിറങ്ങിയ യൂസുഫുമൊരുമിക്കുന്ന പ്രണയത്തിന്റെ പുൽമേടുകളാണ് ഓരോ താളുകളും. അതിന്റെ ഒരറ്റത്ത് വിരലുകളാൽ താളമിടുന്ന കവിയും, കണ്ണും കാതും നിറച്ചു നീങ്ങുന്ന കാണികളും ഈ കൃതി പറയാതെ പറയുന്ന ദൃശ്യാവിഷ്കാരങ്ങളാണ്.

കഥ കേൾക്കാൻ ഓടിയെത്തുന്ന ജിന്നുകളും, മണമില്ലാത്ത മഞ്ഞപ്പൂവും, ഓർമ്മപ്പെയ്ത്തും ഒരുമിക്കുമ്പോഴാണ് ലൂമിനിത്ര ഭംഗി കൂടുന്നത്.

മലപ്പുറം ജില്ലയിൽ പുകയൂർ സ്വദേശിനി. ഇസ്ലാമിക വിമൻസ് കോളജിൽ സമൂഹശാസ്ത്ര ബിരുദത്തിന് പഠിക്കുന്നു. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്