ഷ്യൻ സാഹിത്യത്തെ ഗൗരവമായി സമീപിക്കുമ്പോള്‍ നമുക്കു മുന്നില്‍ തടയുന്ന രണ്ടു ഉഗ്രസ്വരൂപങ്ങളാണ് ടോൾസ്റ്റോയിയും ദസ്തയവ്സ്കിയും. പല കാര്യങ്ങളിലും ഇവര്‍ക്കിടയില്‍ ഒരു സാമ്യം കാണുവാന്‍ കഴിയുമെങ്കിലും അവരുടെ ജീവിതാവസ്ഥകളും കാഴ്ചപ്പാടുകളും എഴുത്തുരീതികളുമൊക്കെ വ്യത്യസ്തങ്ങളാണ്.
റഷ്യയുടെ രണ്ട് പ്രവാചക പുത്രന്മാർ എന്ന നിലക്കാണ് ഈ എഴുത്തുകാരെ പൊതുവെ സമീകരിച്ചു കാണുന്നത്. എഴുത്തുകാരന് എന്ന നിലയ്ക്ക് ദസ്തയവ്സ്കി ടോൾസ്റ്റോയിയേക്കാള്‍ ഉന്നതനാണെന്ന് കാണേണ്ടി വരും ഏതളവുകോല് വെച്ച് പരിശോദിച്ചാല്‍ തന്നെയും.
ടോള്‍സ്റ്റോയിയുടെ പ്രധാനപ്പെട്ട രചനകളായി ഞാന്‍ പരിഗണിക്കുന്നത് ഇവാന് ഇലീച്ചിന്റെ മരണവും ഉയിര്‍ത്തെഴുന്നേൽപ്പുമാണ്.
ഇവാന് ഇലീച്ചിന്റെ മരണം ഒരു നോവലെറ്റാണെങ്കിലും വിശ്വസാഹിത്യത്തിലെ ഒരു പ്രമാണപെട്ട കൃതിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ടോൾസ്റ്റോയി സ്വയം ഇഷ്ടപ്പെട്ടിരുന്നത് ഉയര്ത്തെഴുന്നേല്പ്പിനെയും. വിപ്ലവത്തിനിടയില്‍ യസ്നായ സോള്യാന തകര്‍ക്കരുതെന്ന് ലെനിന് പ്രത്യേയക നിര്‍ദ്ദേശം നൽകിയിരുന്നത്രെ.
ടോള്‍സ്റ്റോയിയോടും കുട്ടിക്കാലം തൊട്ടേ എനിക്ക് ആരാധനയുണ്ടായിരുന്നു.
പത്തൊന്‍പതാം വയസ്സില്‍ ‘ഇവാന് ഇലീച്ചിന്റെ മരണം’ ആത്മാവിലുണ്ടാക്കിയ ക്ഷതങ്ങള്‍ ഇനിയും തോര്‍ന്നിട്ടില്ല. അക്കാലം തൊട്ടേ ടോൾസ്റ്റോയിയില്‍ ഞാന്‍ ഗവേഷണം ആരംഭിച്ചിരുന്നുവെന്നു പറയാം.
അന്തരസത്തയിലേക്കുള്ള എന്റെ മാര്‍ഗങ്ങള്‍ എന്ന ആത്മ കഥാപരമായ കുറിപ്പും ‘ഒഴിയാബാധ’ എന്ന നോവലെറ്റും അതിന്റെ ഭാഗമായി ഞന്‍ തര്‍ജ്ജമ ചെയ്യുകയുമുണ്ടായി.
അത്തരം അന്വേഷണങ്ങള്‍ക്കിടയില്‍ വിശ്വപ്രസിദ്ധനായ ആ മാനവ വാദിയും റഷ്യയിലെ അസ്നപ്പോവാ എന്ന ചെറിയ ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍ കിടന്നാണ് മരിച്ചത് എന്ന് ഞാന്‍ കണ്ടു. ആ അറിവ് എന്നില്‍ വലിയ ആഘാതമുണ്ടാക്കി.
എന്താണ് അത്തരമൊരു അന്ധമായ മരണത്തിലേക്ക് ആ പ്രഭുകുലജാതനും ചക്രവര്‍ത്തിക്ക് സമാനമായി റഷ്യന്‍ ചരിത്രത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്ത എഴുത്തുകാരന്റെ പതനത്തിനു നിദാനം എന്നറിയുന്നതിനായി നടത്തിയ അലച്ചിലുകള്‍ ഞെട്ടിപ്പിക്കുന്ന ചില ജീവിത രംഗങ്ങളിലേക്കും ചരിത്ര വസ്തുതകളിലേക്കമാണ് എന്നെ എത്തിച്ചത്. റഷ്യ പുറത്തേയ്ക്കു വിടാന്‍ വിസമ്മതിച്ചിരുന്ന സത്യങ്ങളാണവ.
അന്നാ കരനീന എഴുതി കഴിഞ്ഞ ശേഷം ടോള്‍സ്റ്റോയിയുടെ ബൗദ്ധിക ജീവിതത്തിന് ഒരു ദിശാവ്യതിയാനമുണ്ടായി. അദ്ദേഹം ഒരു ആത്മീയ ഗുരുവാകാന്‍ ആഗ്രഹിക്കുകയും അനേകം ആത്മീയ ഗ്രന്ഥങ്ങള്‍ എഴുതുകയും ചക്രവര്‍ത്തിയെ പരോക്ഷമായി വെല്ലുവിളിക്കുകയും ചെയ്തു.റഷ്യന്‍ ഗവണ്മെന്റ് അടിമകളെ സ്വതന്ത്രരാക്കുന്നതിന് രണ്ടു വര്‍ഷം മുന്‍പേ ടോള്‍സ്റ്റോയി തന്റെ അടിമകളെ സ്വതന്ത്രരാക്കി സ്വന്തം കൃതികളുടെ പകര്‍പ്പവകാശം റഷ്യന്‍ ജനതയുടെ ജന്മാവകാശമാക്കി പതിച്ചുകൊടുത്തു.
സന്യാസ ജീവിതം ഗൃഹസ്ഥനെന്ന നിലക്ക് അദ്ദേഹത്തെ പരാജിതനുമാക്കി. സാര്‍ ചക്രവര്‍ത്തിയായിരുന്ന അലക്സാണ്ടര്‍ രണ്ടാമന്റെ ജാരസന്തതിയും സേനയിലെ ചാരസംഘ തലവനുമായിരുന്ന ചേര്ത്ക്കോവ് എന്ന ഒരു പ്രഭു കുമാരന് ടോള്‍സ്റ്റോയിയെ വിധേയനാക്കുകയും ശിഷ്യ വേഷംകെട്ടി മരണം വരെ അലട്ടുകയും ചെയ്തു. ഭര്‍ത്താവിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാര്യയായ സോഫിയ ആന്ദ്രേവനയെ ക്ഷുഭിതയും ഭ്രാന്തിയുമാക്കി. വീട്ടില്‍ ടോൾസ്റ്റോയ്ക്ക് ശാന്തി തീരെയില്ലാതെയായി. എൺപത്തിരണ്ടാം വയസ്സില്‍ അന്തിമ ശാന്തിതേടി ടോള്‍സ്റ്റോയി വീട് വിട്ടിറങ്ങുമ്പോഴേ ന്യുമോണിയയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കന്യാ മഠത്തില്‍ നിന്നും ഭാര്യയെ ഭയന്ന് വീണ്ടും ഓടിപോകുന്നതിനിടെ അസ്റ്റ പോവയില് വീണുമരിച്ചു. ഒരു സാമ്രാജ്യ തുല്യമായ ജീവിതമാണ് അവിടെ നിലംപൊത്തിയത്.