റെയിൽ

അമാവാസിനിറമുള്ള രാത്രിയാണ്
ഞാൻ അതിന് തെരഞ്ഞെടുക്കുന്നത്.

എന്റെ പുറകെ
ആരും വരരുത് !

നിശബ്ദരാകാത്ത മുളം കാടുകളും
പാമ്പുകളുടെ നനുത്ത സീൽക്കാരങ്ങളും
നിലാവുറഞ്ഞ രാത്രി
സംഗീതമാകുന്നുണ്ട്,
എനിക്ക് പിന്നിൽ .

ഇരുട്ട്
എന്റെ ഭയത്തെ അകറ്റുന്നുണ്ട്.
എനിക്ക് പുറകിലേക്ക്
കുറച്ച് മാത്രകളുടെ നീളമേയുള്ളു.

മുന്നിലേയ്ക്ക്
വർഷങ്ങളുടെ പക
റെയിൽപാളം പോലെ നീണ്ട് കിടക്കുന്നു…

ഇപ്പോൾ
എന്റെ പുറകിലൊരു നിഴലുണ്ട്,
അതിന്റെ കൈയ്യിലൊരു കൊടുവാളും.

മുഖമില്ലാത്ത അവൻ
എനിക്കു മുമ്പേ പുഴ കടക്കുന്നു
ഇളക്കിമാറ്റിയ
ഒരു തറക്കല്ലിൽ നിന്നും
ചോര  പുഴനിറത്തെ കലക്കുന്നു.

ഇപ്പോൾ
നിലാവ് മേഘങ്ങളെ വകഞ്ഞുമാറ്റുന്നു
പുറകെ
ആയിരം സൂര്യനുദിക്കുന്നു.

ഒരു റെയിൽ
ഇനിയും നീണ്ടു കിടക്കുന്നു.
ഒരു റെയിൽ  ഇനിയും  നീണ്ടു കിടക്കുന്നു.

കവയിത്രി, കഥാകൃത്ത്. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റിബോർഡിൽ സബ് എൻജിനീയറായി ജോലി ചെയ്യുന്നു. തുശ്ശൂർ ജില്ലയിൽ മണ്ണുത്തി - മാടക്കത്രയിലാണ് താമസം. "ദേ ജാവു', 'പ്രാണാദൂതം' എന്നീ രണ്ടു ചെറുകഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും സജീവം