
വെള്ളിയാഴ്ച്ചയായിരുന്നു,
പ്രാവുകൾ പെറുക്കിക്കൊണ്ടുവന്നു
ചുള്ളിക്കമ്പുകൾ നിറഞ്ഞ,
ബാൽക്കണിയിലിരിക്കുമ്പോൾ.
ഉറങ്ങാത്ത രാത്രികളിൽ,
തലച്ചോറിൽ ചുറ്റിക്കിടക്കുന്ന,
റൂഹിന്റെ തണ്ടു പോലെ,
നെറ്റിയിൽ ഇരുമ്പാണി,
തറക്കുന്നയൊരു നോവ്.
ഓർമ്മകളുടെ വിത്തുകൾ,
പുറന്തോടു പൊളിക്കാൻ
വ്യഗ്രത കാട്ടുമ്പോൾ,
കുറ്റബോധത്തിന് കീഴടങ്ങി,
രണ്ടു നഗരങ്ങൾക്കിടയിൽ,
അപരിചിത ഭാവങ്ങൾ,
അടര്‍ന്നു പോരാതെ,
ഒന്നില്‍നിന്നൊന്നിലേക്ക് പടരുന്ന,
അമ്പരപ്പിക്കുന്ന മൗനം.
പോയ പോലെ തന്നെ തിരിച്ച് വരേണ്ടതുണ്ടെന്നും,
മറ്റൊന്നുമെനിക്കുവേണ്ട,
നിന്നെമാത്രം മതിയെനിക്കെന്നും,
പറയുന്ന കാമുകിയുടെ വിളിയൊച്ചയ്ക്കിടയിൽ.
പതിനെട്ടാം നിലയിലെ ഈ ബാൽക്കണിയിൽ,
തനിച്ചായിപ്പോയ എന്നിലേക്ക്,
ശ്വാസം മുട്ടലിന്റെ,
ഒരു വള്ളിച്ചെടി വളർന്നു വരുന്നുണ്ട്,
ബാൽക്കണിയുടെ മൂലയിൽ.
വള്ളികൾ കയറുപോലെ
ബലം വെച്ചുകൊണ്ട്,
കനവിലൊരു കുരുക്കിടുന്നു.








