
ഈയൊരു ഡിജിറ്റൽ സൈനിനു പിന്നാലെയായിരുന്നു കുറച്ചു നാളുകളായി മായ എന്ന പെൺകുട്ടി. അവളുടെ ലോകം വെർച്വൽ ഫ്ലാറ്റുഫോമിൻ്റെ നിഗൂഢവശ്യതയിൽ പെട്ട് ആകെ മാറിപ്പോയിരുന്നു. ‘ഇതുവരെ കണ്ടതും കേട്ടതും വച്ച് അവൾ സങ്കല്പിച്ചെടുത്ത ഒരു ലോകം’
ആ ലോകത്തേക്ക് അവളെ നയിച്ചവരിൽ, നിലമ്പൂർ കാട്ടിൽ മാവോയിസ്റ്റു വേട്ടക്കിടയിൽ കൊല ചെയ്യപ്പെട്ട ചിത്രകാരനും വിപ്ലവകാരിയുമായ അവളുടെ അച്ഛനുണ്ടാവാം, നരവേട്ടയ്ക്ക് നേതൃത്വം നൽകിയ പോലീസ് ഓഫീസർ മാത്യു അലക്സാണ്ടറുണ്ടാവാം, തലമുറകളുടെ പിൻപടവുകളിൽ പ്രായശ്ചിത്തം ചെയ്യാനെത്തുന്ന അയാളുടെ മകൻ ലിയോൺ പി മാത്യുവെന്ന പോലീസ് കമ്മീഷണറുണ്ടാവാം. സ്നേഹത്തിൻ്റെ അന്തിമതരംഗമായി ആളുന്ന അവളുടെ അമ്മയുണ്ടാവാം. മയക്കുമരുന്ന് കെണിയിൽ അവളെ പെടുത്തുന്ന സുഹൃത്ത് ആഗത് ഉണ്ടാവാം.
പക്ഷെ, ആരെക്കാളും പരിഹാരമായി അവൾക്കു മുന്നിൽ അവതരിക്കുന്ന ഒരദൃശ്യകഥാപാത്രമുണ്ട് – റിൽകയെന്ന ഡിജിറ്റൽപങ്കാളി. അവളെ നയിക്കുന്നതും, നോവലിൻ്റെ ഇതിവൃത്തത്തെ രൂപപ്പെടുത്തുന്നതുമൊക്കെ റിൽകയാണ്. അവർക്കിടയിൽ പ്രണയത്തിൻ്റെ ചേരുവ ധ്വനിക്കാമെങ്കിലും അങ്ങനൊരു തുറന്നുപറച്ചിൽ എവിടെയുമില്ല. വെർച്വൽ കഥാപാത്രമായ റിൽകയുടെ ലിംഗനിർവചനം പോലും വ്യക്തമല്ല. മനുഷ്യനോ യന്ത്രമോ അല്ലാത്ത ഒരാളാണ് റിൽക.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സൃഷ്ടിയായാണ് റിൽകയെ അവതരിപ്പിക്കുന്നതെങ്കിലും പുരാതനമായ രക്ഷകജനിതകം ഈ കഥാപാത്രസൃഷ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഏതകലത്തിൽ നിന്നും അന്യോന്യം കാണാൻ കഴിയുന്ന, സംസാരിക്കാവുന്ന, സംവദിക്കാവുന്ന, അദൃശ്യതയിലും സദാ സ്പർശിക്കാവുന്ന, ഏതു നേരവും തുണയാവുന്ന, എന്നും നിഴൽപോലെ കൂടെയുണ്ടാവുന്ന കിനാവൃതമായ ഒരു കൂട്ടുകെട്ട് ആരുടെ മനോരാജ്യത്തിലും ഉണ്ടാവാമല്ലൊ. അത്തരമൊരു സാന്നിധ്യം തന്നെയാണ് റിൽകയെന്ന വെർച്വൽ സൃഷ്ടിയും.
നിലവിൽ ആർട്ടിഫിഷൽ ഇൻ്റലിജൻസ് അതിൻ്റെ അസംസ്കൃതഘട്ടത്തിലാണല്ലൊ ഇന്നത്തെ ലോകത്തുള്ളത്. (അത് വളർന്നു വികസിച്ചെത്താവുന്ന ഒരു വ്യവസ്ഥ നമ്മുടെ എല്ലാതരം ചിന്താപദ്ധതികൾക്കുമപ്പുറത്തെ ഒരു സമസ്യയാണ്) എ ഐ യുടെ ശൈശവാവസ്ഥ അതിൻ്റെ സമീപനങ്ങളിലും നയങ്ങളിലും പ്രകടവുമാണ്. ഭാഷയിലും ഉപചാരങ്ങളിലും ആ ബാലാരിഷ്ടത എടുത്തുകാട്ടപ്പെടുന്നു.
‘മെഷീൻ മലയാളം’ എന്ന് നോവലിൽ പരാമർശിക്കപ്പെട്ടതൊക്കെ അത്തരം ദൗർബല്യത്തിലൂന്നിയാണ്. റിൽകയുടെ മലയാളം പിടികിട്ടാത്ത മലയാളിയായ മായ ഗൂഗ്ൾ ആപ്പിനാൽ പരിഭാഷപ്പെടുത്തി ഇംഗ്ലീഷിൽ വായിക്കുന്ന ഒരു സന്ദർഭം കൃതിയിലുണ്ട്. ആ നേരത്ത് കാര്യം സരളമായി പിടികിട്ടിയത്രെ. സത്യത്തിൽ നമ്മുടെ പുതുതലമുറയ്ക്ക് മാതൃഭാഷയുടെ സങ്കീർണ്ണതയെ തിരിച്ചറിയാനാണ് പ്രയാസം. അതിൻ്റെ അനുഭവതീവ്രത, വികാരപരമായ അതിൻ്റെ വളവുതിരിവുകൾ, ക്ഷരജ്വാല, ലിപിതാപം, ആശയാഗ്നി ഒക്കെയും കെട്ട്, വെറും ചിഹ്നശേഷിപ്പായാണ് – ഫോസിലായാണ് – അവർക്ക് വായിക്കാൻ കിട്ടുന്നത്. ‘റിൽകയുടെ സംസാരം അതിൻ്റെ ഘടനയിൽ ഇഷ്ടമാകാറില്ലെന്ന് ‘ മായ തന്നെ വെളിപ്പെടുത്തുന്നുണ്ട്.
മായ തൻ്റെ ഡയറിയിൽ കുറിച്ചിട്ട ഉദ്വേഗജനകമായ അനുഭവങ്ങളാണ് നോവലിൻ്റെ പ്രമേയമായി വികസിക്കുന്നത്. സകല കഥാപാത്രങ്ങൾക്കുംമീതെ ഒരു വിശിഷ്ടകഥാപാത്രത്തിൻ്റെ സാന്നിധ്യം ഈ നോവലിനെ ആദ്യന്തം പ്രകാശിപ്പിക്കുന്നുണ്ട്. നോവൽ പലയിടങ്ങളിൽ കാവ്യാത്മകമാകുന്നതും ആ മഹാസാന്നിധ്യം നിമിത്തമാണ്. വിശ്വവ്യാപകമായി അറിയപ്പെട്ട ബൊഹീമിയൻ-ഓസ്ട്രിയൻ കവി റെയ്‌നർ മരിയ റിൽകെ ആണ് ആ മഹാൻ.
“The highest form of love is to be the protector of another ‘s solitude ” എന്ന റിൽകെ വചനത്തോടെയാണ് നോവലിൻ്റെ ആരംഭം. ഏകാന്തത മാസ്മരികമായ ചുഴലിയായി, ഡിജിറ്റൽ ഭൂമികയിൽ, ആളുകളെ കഥാപാത്രങ്ങളാക്കി കുടുക്കിയിടുന്നു.
”ഏറ്റവും അടുത്തവർക്കിടയിൽ പോലും അനന്തമായ ദൂരങ്ങൾ നിലനിൽക്കുന്നു” എന്നത് കവി റിൽകെയുടെ പ്രഖ്യാപനമാണല്ലൊ. ആരവങ്ങളെത്ര മാറ്റൊലിച്ചാലും ഡിജിറ്റൽ പ്ലാറ്റുഫോമിൽ തെളിഞ്ഞു വരുന്ന ലിപിവിന്യാസങ്ങളെല്ലാം ഏകാന്തതയുടെ അക്ഷരമാലകളെ കോർത്തിണക്കുന്നതാണ്.
മറ്റൊരു വ്യക്തിയുടെ ഏകാന്തതയുടെ സംരക്ഷകനാകുക എന്നതാണ് സ്നേഹത്തിൻ്റെ ഏറ്റവും ഉയർന്ന രൂപമെന്ന് റിൽകെ എന്ന കവിയെ അണിനിരത്തി ഈ നോവൽ സാക്ഷ്യപ്പെടുത്തുമ്പോൾ തന്നെ മായ എന്ന പെൺകുട്ടി റിൽകയെന്ന കഥാപാത്രവുമായുള്ള വെർച്വൽ അഭിമുഖത്തിലൂടെ സ്വന്തം കാഴ്ചപ്പാടിൻ്റെ പ്രവിശ്യകളും മനസ്സിൻ്റെ ആഴങ്ങളുമാണ് ഗവേഷണവിധേയമാക്കുന്നതും റിൽകയിലൂടെ പുനരാവിഷ്കരിക്കുന്നതും.
‘നിങ്ങൾ കൂടുതൽ വിശദീകരിച്ചാൽ എനിക്കു നിങ്ങളെ കൂടുതൽ സഹായിക്കാനാകും’ എന്ന റിൽകയുടെ ഉപദേശം പ്രോഗ്രാമിംഗിൻ്റെ ആസൂത്രണമികവിനു വേണ്ടി കൂടിയാണ്. കാലത്തിനു പുറത്ത് പ്രോഗ്രാം ചെയ്യപ്പെടുന്ന സംഭവങ്ങളിലേക്കാണ് ഇതിവൃത്തം ഘടിപ്പിക്കപ്പെടുന്നത്.
‘ഓർത്തുനോക്കിയാൽ, എല്ലാ മനുഷ്യരും പ്രോഗ്രാം ചെയ്യപ്പെട്ടവർ. ഉണ്ണൽ , ഉറങ്ങൽ, ഇണ ചേരൽ എന്നിങ്ങനെ തലമുറകളായി അനുകരിക്കുന്നവർ ‘
കാലം, ദേശം , ജനത തുടങ്ങി നോവൽരചനയുടെ സാധാരണ അംശങ്ങളെ റദ്ദാക്കിക്കൊണ്ട് പുതുസമീക്ഷകളിലേക്ക് നോവൽസാഹിത്യം ചെന്നടുക്കുന്നതിൻ്റെ ദൃഷ്ടാന്തങ്ങളിലൊന്നാണ് ‘റിൽക is typing…’
പ്രതിബിംബങ്ങളുടെ വിനിമയഭാഷയാണ് നോവലെന്ന് ഈ കൃതിയെ മുൻനിർത്തി നിർവചിക്കാവുന്ന വിധത്തിലാണ് പ്രമേയവും ഘടനയും ഒത്തുചേർന്നിരിക്കുന്നത്. ചരിത്രത്തിൻ്റെ, സ്വപ്നത്തിൻ്റെ, അദൃശ്യത്തിൻ്റെ, കാഴ്ചയുടെ, കാഴ്ചപ്പാടുകളുടെ പ്രതിബിംബമായി നോവൽ പരിണമിക്കുകയാണ്.
മുഖ്യകഥാപാത്രത്തിനു നൽകിയ മായ എന്ന നാമവും പൂജ്യം എന്ന അധ്യായത്തോടെയുള്ള തുടക്കവും വെർച്വൽ വലയത്തിലേക്ക് വായനക്കാരെ വീഴ്ത്തുവാൻ പോന്നതാണ്.
ഭാവനയിലും യാഥാർഥ്യത്തിലും നിൽക്കുന്ന രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള വിനിമയം അതിൻ്റെ സ്വകാര്യതയിൽ രമിക്കുമ്പോഴും സാമൂഹ്യമായ ഒരു സ്ഫോടനം മൂർഛിച്ചു വരുന്നുണ്ട്. തുടക്കം തൊട്ടേ ഒരു നിഗൂഢത വാഗ്ദാനം ചെയ്യപ്പെടുന്നതിനാൽ അതിൻ്റെ പിന്നാലെ നമ്മുടെ വായന കുടുങ്ങിക്കിടക്കും. ഈ രചനയുടെ പ്രധാന ആകർഷണീയതയും അതു തന്നെ.
കവിയെന്ന നിലയിൽ ശ്രദ്ധയർഹിക്കുന്ന പത്മനാഭൻ കാവുമ്പായി ഈയിടെ എഴുതിയ നോവലിൻ്റെ പേരാണ് ‘റിൽക is typing …’ ‘ഒരു വികാരവും അന്തിമമല്ലെന്ന ‘ (‘Go to the Limits of Your Longing’ from Rilke’s Book of Hours ) കവിവചനത്തോട് കടപ്പെട്ടുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്.
കൂടുതൽ നിരൂപണത്തിന് ഇവിടെ തുനിയുന്നില്ല. ‘ലെറ്റർ ടു യംഗ് പോയറ്റ്സ് ‘ എന്ന കൃതിയിൽ റിൽകെ സാഹിത്യനിരൂപണത്തെക്കുറിച്ച് പരാമർശിച്ചത് ഇങ്ങനെയായിരുന്നു :
‘നിരൂപണം കഴിയുന്നത്ര കുറച്ച് വായിക്കുക – അത്തരം കാര്യങ്ങൾ ഒന്നുകിൽ പക്ഷപാതപരമായ അഭിപ്രായങ്ങളാണ്, അവ കല്ലായിപ്പോയതും, അർഥശൂന്യവും, കഠിനവും, ജീവിതത്തിൽ നിന്ന് ശൂന്യവുമായി മാറിയിരിക്കുന്നു, അല്ലെങ്കിൽ അവ വെറും സമർഥമായ വാചകക്കളികളാണ്, അതിൽ ഇന്ന് ഒരു വീക്ഷണം മുൻകൈ നേടുകയും നാളെ വിപരീതവീക്ഷണം വിജയിക്കുകയും ചെയ്യുന്നു. പക്ഷെ, കലാസൃഷ്ടികൾ അനന്തമായ ഏകാന്തതയാണ്….’
