റദ്ദ് ചെയ്യപ്പെട്ട ചരിത്രം മുഷ്ടി മടക്കുന്നു

ഈ ടാറിടാത്ത റോഡരികിലെ
കൈവരികൾ ദ്രവിച്ച
പൊളിഞ്ഞ പാലമുള്ള തോട്
പുഴുത്തു പോയി.

വടക്കോട്ടെന്നോ
പടിഞ്ഞാറേക്കെന്നോ
നിശ്ചയമില്ലാതെ ഒഴുകുന്ന തോട്ടിലേക്ക്
നിർത്തിനിർത്തിയൊരു വണ്ടി
അടുത്തടുത്ത് വരുന്ന മൂളൽ

“കൊറ കൊക്ക്
കൊറ കൊക്ക് കൊറ കൊക്ക്…”
എന്ന് കരഞ്ഞലഞ്ഞ്
പടിഞ്ഞാറേക്കരയിലെ
തോട്ടിൽ നിന്നും
പാതാളത്തവളകൾ
ജാഥയായി രൂപപ്പെട്ട്
ഇരുണ്ട മേഘങ്ങളെപ്പോലെ
മുറിഞ്ഞ മുതുകും
നിറഞ്ഞ കണ്ണുമായി വരുന്നു

നാടാകെ
അവരുടെ പ്രതിധ്വനി
ചളി നിറയെ
അവരുടെ കാൽവരകൾ
പടയോട്ടത്തിൽ
ചിതറിയോടിയ ഗറില്ലകളുടെ
ചരിത്രഭൂപടത്തിൻ വിദൂരസ്മരണ.

അവർ ആരാണെന്നു ഞാൻ
അന്വേഷിച്ചില്ല
‘കാഴ്ചയിൽ ദരിദ്ര്യരാണ്
മോഷണസ്വഭാവമുള്ളൊരു-
കൂട്ടം മാതിരി
പകലും വാതിലടച്ചേക്കണ’മെന്ന
അയൽക്കൂട്ടത്തെ താക്കീത്

വണ്ടി ഇരമ്പിയെത്തിയ
ചളിപ്പാടവും
അവർ മുറിച്ചു കടന്ന
പുഴുത്തതോടും നോക്കി
കൈവരിയിൽ ഇരിപ്പായിരുന്നു ഞാൻ.

ഡയപ്പറിൽ മൂത്രമിറ്റിച്ച്
‘അഴിച്ചു കളയൂ’
എന്നർത്ഥത്തിൽ കരയുന്ന
കുട്ടിയെപ്പോലെ
തിരിഞ്ഞും മറിഞ്ഞുമത്
വല്ലാണ്ട് അസ്വസ്ഥതപ്പെട്ടു

പിറ്റേന്നത്തെ പത്രത്തിൽ
തവളകളുടെ കൈകളിൽ
കൂച്ചുവിലങ്ങിട്ടിരുന്നു
അവർ ഇവരുടെ വീടിന്റെ
തറയിളക്കി
കല്ലിളക്കി
മണ്ണിളക്കി
വേരിളക്കി
തോട് കലക്കി
കുടിവെള്ളവും റദ്ദ് ചെയ്യപ്പെട്ട
മൂന്നാംനാൾ
കോലങ്ങൾ കത്തിപ്പടർന്നു

സത്യാഗ്രഹത്തിന്റെ
ഏഴാംനാൾ രാത്രി
റോഡിൽ ചോര കപ്പുന്ന
മാസ്ക് ചെയ്ത തവളകളുടെ ചിത്രം,
പിറ്റേന്ന് ലഹള
അവരുടെ തോട്ടിലെ
പൊളിറ്റിക്കൽ മാപ്പ് മാത്രം
എനിക്ക് വ്യക്തമായില്ല

ഞാൻ സ്കൂളിൽ പോകുന്നത്
പൊളിഞ്ഞ പാലത്തിന്
മുകളിലൂടെയാണ്
ഒരു തവളയുടെ
ചുരുട്ടിയ മുഷ്ടിക്കുള്ളിൽ
ആയിരം തവളകളുടെ
മുദ്രാവാക്യമെനിക്ക് പരിചയമാണ്
മഴ വരുമ്പോൾ
പാമ്പ് വരുമ്പോൾ
വണ്ടി വരുമ്പോൾ
എന്നെകാണുമ്പോൾപോലും
തവളകൾ ഒന്ന് രണ്ട്‌ മൂന്ന് എന്നിങ്ങനെ
നാല് ദിക്കിൽ നിന്ന് സംഘടിക്കും
അവരുടെ പിന്നിൽ
തോക്കോ വടിയോ
കമ്പോ കല്ലോ ഉണ്ടെന്ന്
ഞാൻ കരുതി

എല്ലാ ചാനലിലും
പ്രപഞ്ചത്തിന്റെ തുടിപ്പൊന്നാകെ
ചങ്കിലാക്കി കൊണ്ടുനടക്കുന്ന
തവളകളുമായി അന്തിച്ചർച്ച,
റോഡിലാകെ അവരുടെ ചോരക്കൊടി

എന്നുമവർ ഉരുണ്ട കണ്ണുരുട്ടി
യന്ത്രക്കയ്യൻ വില്ലനോട്
പറയുമായിരുന്നു;
“കൊറ കൊക്ക്
കൊറ കൊക്ക് കൊറ കൊക്ക്
നിങ്ങൾ ഇവിടെ നിന്ന് പോകണം
ഇവിടെയാരും ഇനി വരരുത്…”

തോട്ടിൽ നിന്ന്
അറസ്റ്റ് ചെയ്യപ്പെട്ട്
ചെതുമ്പലുകൾ
വാരിക്കെട്ടിയ വരാലുകൾ
മീഞ്ചന്തയിൽ തുറിച്ച കണ്ണടയ്ക്കുന്നു
അടുക്കളയിലൊരുവളൊന്നിനെ
എണ്ണയിൽ മുക്കി
പൊള്ളിച്ചെടുത്ത് വിളമ്പി വെച്ചു

ഫ്രീസറിനുള്ളിൽ
ധ്യാന സങ്കടം പോലെ
പിടലി വെട്ടിച്ച് വരാല്
തിരിഞ്ഞ് കിടന്നു
തവളകൾക്കൊപ്പം
മുദ്രാവാക്യം വിളിച്ച
അവരുടെ ഉദ്ദേശ്യവും
എനിക്ക് വ്യക്തമല്ല
വണ്ടിയുടെ
മുഴുത്ത തെറിപ്പാട്ട് കുടഞ്ഞിട്ട
ചെളിക്കൂനകളിൽ നാറാൻ തുടങ്ങി

ഒടുക്കം ഡിമാൻഡ്
അംഗീകരിച്ചെന്ന വ്യാജേനെ
പാതാളത്തവളകളുടെ കണ്ണിൽ
അല്പം ഇരുട്ട് കുടഞ്ഞിട്ടു
നിങ്ങൾ വെളിച്ചത്താണെന്ന് ദ്യോതിപ്പിച്ച്
തെളിഞ്ഞ നീറ്റിന് ഒരിടമെന്ന മട്ടിൽ
ഒരു പാതാളക്കുണ്ട് തീറെഴുതി
ആരും കാണാതെയതിൽ
ഒരുതുള്ളി കയ്പ്പ്
ചേർത്തിളക്കി

പിറ്റേന്ന് അതേ കുഴിയിലൂടെ
ഒരു ക്ലൂവും തരാതെ
പാതാളത്തവളകൾ
തൊട്ടടുത്ത സമുദ്രത്തിലേക്ക് പോയി(?)

ശരിക്കും അവർ
എങ്ങോട്ടാണ് പോയതെന്ന്
ഇപ്പോഴും ആർക്കും വ്യക്തമായറിയില്ല

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു