രേഖ്ത

ഗ്രാമഫോണിൽ നിന്നൊഴുകിയ പ്രണയത്തിന്റെ നിസ്സഹായതയെക്കുറിച്ചുള്ള തേങ്ങലുകളെ മായ്ച്ചു കളയാൻ കടലോരക്കാറ്റ് ശ്രമിച്ചു കൊണ്ടിരുന്നു. ബാൽക്കണിയിലെ ചാരുകസേരയിലിരുന്ന് അനിരുദ്ധൻ ഉച്ചവെയിലിന്റെ ചൂടേറ്റ് തിളയ്ക്കുന്ന തിരമാലകളെ നോക്കി. എട്ടു വർഷത്തിനു ശേഷമാണ് കടൽക്കരയിലെ തന്റെ ആ വീട്ടിലേയ്ക്ക് തിരിച്ചു വരുന്നത്. അതും ബാക്കിവെച്ച ഒരു യാത്രപറച്ചിലിനായി മാത്രം. ഗായത്രി വരാൻ സമയമായിട്ടില്ല. വന്നാലും മുൻപുള്ള സ്വാതന്ത്ര്യങ്ങൾ ഇന്ന് നിലനിൽക്കുന്നില്ലെന്ന ബോധ്യത്തോടെ തന്നെയാണ് അവിടേയ്ക്ക് വന്നത്. കാലത്തിന്റെ സഞ്ചാരപഥത്തിൽ വീണ്ടും കണ്ടുമുട്ടുമ്പോൾ പലതും എതിർദിശയിലേക്കുള്ള യാത്രയിലായിരിക്കും.

ആദ്യമായി ഗായത്രിയെ കാണുന്നത് തിരുവനന്തപുരത്തെ ടൗൺഹാളിൽ നടന്ന കഥക് നൃത്തസന്ധ്യയിൽ വെച്ചാണ്. അടുത്ത സുഹൃത്തും കലാക്ഷേത്രത്തിലെ പ്രിൻസിപ്പാളുമായ ബാനർജിയുടെ ക്ഷണം സ്വീകരിച്ച്, ശൂന്യമായ തന്റെ ഒരു സായാഹ്‌നത്തെ കൂടി തള്ളിനീക്കാനായുള്ള ശ്രമം ചെന്നവസാനിച്ചത് അപ്രതീക്ഷിതമായ ആ കൂടിക്കാഴ്ചയിലാണ്. സ്വയംമറന്ന് നൃത്തത്തിലലിഞ്ഞു ചേർന്ന അവളിലെ നർത്തകി അനിരുദ്ധനെ ആകർഷിച്ചു. അത് ആ നൃത്തവേദിയിൽത്തന്നെ അവസാനിപ്പിക്കാമായിരുന്നു, പക്ഷേ അവളെ പരിചയപ്പെടണമെന്ന ആഗ്രഹം സുഹൃത്തിന്റെയടുത്ത് പ്രകടിപ്പിച്ചു. ഒന്ന് അനുമോദിക്കണം അത്രയേ ഉണ്ടായിരുന്നുള്ളു. പരിപാടി കഴിഞ്ഞ് അവൾ വന്നു. ചായങ്ങളും ചമയങ്ങളുമില്ലാതെ.

‘കുട്ടീ, മനോഹരമായി നൃത്തം ചെയ്തു. കലയെ അവതരിപ്പിക്കുന്നതോടൊപ്പം അതിലലിഞ്ഞ് ആസ്വദിക്കാനും കഴിയുന്നിടത്താണ് ആത്മസമർപ്പണം സാധ്യമാകുന്നത്. ഗായത്രി അനുഗ്രഹീതകലാകാരിയാണ്. . എല്ലാവിധ ഭാവുകങ്ങളും നേരുന്നു.’ അനിരുദ്ധൻ ആത്മാർത്ഥമായി ഗായത്രിയെ അഭിനന്ദിച്ചു. ‘നല്ല വാക്കുകൾ പറയാൻ കാണിച്ച അങ്ങയുടെ മഹാമനസ്കതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. കാണാനും പരിചയപ്പെടാനും ലഭിച്ച ഈ അവസരത്തിലെ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. സാറിന്റെ ഗസലുകൾ അത്രത്തോളം എന്റെ മനസ്സിനെ സ്പർശിച്ചിട്ടുണ്ട്.’
നിരുപാധികമായി പ്രകടിപ്പിച്ച ആ സന്തോഷം അവളുടെ മുഖത്തെ പ്രകാശിപ്പിച്ചു. അവളുടെ ആ പ്രകാശം തന്റെ ഇരുട്ടിന്റെ ഉള്ളറകളിലേക്ക് പരക്കുന്നതായി അനിരുദ്ധന് തോന്നി. ‘കഥക് ഗസലുകൾ ഗായത്രിയുടെ ഒരു സ്വപ്നമാണ്. പക്ഷേ ഭാഷ മനസ്സിലാക്കിയെടുക്കാൻ ബുദ്ധിമുട്ടാണെന്ന ഒരു വിശ്വാസം മനസ്സിലുറച്ചു പോയി. അതുകൊണ്ട് ഭജനങ്ങളാണ് പരിപാടികൾക്കായി തിരഞ്ഞെടുക്കാറുള്ളത്. ‘ അത്രയും പറഞ്ഞ് ബാനർജി ഗായത്രിയുടെ നേർക്ക് തിരിഞ്ഞു. ‘ഗസലുകളെ അറിയണമെങ്കിൽ അനിരുദ്ധനോളം അറിവുള്ള ഒരാളെ ഇവിടെ കാണാൻ സാധിക്കില്ല. നിങ്ങൾ സംസാരിക്കൂ.’ ബാനർജി ഗ്രീൻ റൂമിലേക്ക് നടന്നു.

ഗായത്രിയുടെ സ്വന്തം സ്ഥലം തിരുവനന്തപുരം ആണോ?’ അനിരുദ്ധൻ അന്വേഷിച്ചു. ‘അല്ല, പാലക്കാട്. കലാക്ഷേത്രത്തിലെ നൃത്താധ്യാപികയായി ഇവിടെ വന്നിട്ട് ഒരു മാസം ആകുന്നതേ ഉള്ളു. ഇതിനു മുൻപ് പത്തു വർഷത്തോളം പഠനവും ഗവേഷണവുമൊക്കെയായി ഡൽഹിയിലായിരുന്നു.’ ഗായത്രി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ‘ഗസലുകളെക്കാൾ വിരളമാണ് കേരളത്തിൽ കഥക് പരിപാടികൾ. ഗായത്രിക്ക് വളരാനുള്ള സാഹചര്യങ്ങൾ കൂടുതൽ അവിടെത്തന്നെയായിരുന്നില്ലേ?’ അനിരുദ്ധൻ ഒരോർമ്മപ്പെടുത്തൽ പോലെ തിരക്കി. ‘അതെ, പക്ഷേ, സെന്റിമെന്റ്സ്. നാട്ടിൽ നിന്ന് ദൂരയാണെങ്കിലും ഈ ദേശത്തിന്റെ ഒരു കോണിലാണല്ലോ. കൂടണയുന്ന ദേശാടനപ്പക്ഷിയുടെ സമാധാനം.’ വൈകാരികതകൾ അന്യമായിത്തീർന്നിരുന്നെങ്കിലും ഗായത്രിയുടെ പ്രസന്നമായ സംസാരം അനിരുദ്ധന് ആശ്വാസകരമായാണ് തോന്നിയത്. തന്റെയുള്ളിലെ ശൂന്യതയ്ക്കു മുകളിൽ അവളുടെ വെളിച്ചം വീണതു കൊണ്ടാവാം, അതിന്റെ ആഴത്തെക്കുറിച്ച് താനിന്ന് പെട്ടന്ന് ബോധവാനായത് പോലെ. അപ്പോഴേക്കും ബാനർജി തിരിച്ചു വന്നു. ‘ ഗായത്രിയ്ക്ക് താല്പര്യമുണ്ടെങ്കിൽ അടുത്ത ഞായറാഴ്ച ശംഖുമുഖം ബീച്ചിൽ എന്റെ പ്രോഗ്രാം ഉണ്ട്. വൈകിട്ട് അഞ്ചര മുതൽ എട്ടര വരെയാണ് പരിപാടി. ഡിന്നറും കഴിഞ്ഞ് പിരിയാം. ഗായത്രിയ്ക്ക് ഗസലുകളെക്കുറിച്ച് കൂടുതൽ അറിയുകയുമാവാം.’ അനിരുദ്ധൻ അറിയിച്ചു. ‘തീർച്ചയായും. വരാം സാർ.’ അവൾ വിനീതയായി മറുപടി പറഞ്ഞു.

ഒരാഴ്ചയ്ക്കപ്പുറം ഗസൽസന്ധ്യ കഴിഞ്ഞ് കടൽക്കരയിലെ ‘സീ ഗൾ’ റെസ്റ്റോറന്റിൽ ചെന്നിരുന്ന് അവർ ഭക്ഷണം ഓർഡർ ചെയ്തു. ‘ഗസലുകളൊക്കെ കേൾക്കാറുണ്ടെങ്കിലും സാറിനെക്കുറിച്ച് വ്യക്തിപരമായി ഒന്നും അറിയില്ല. ആളുകളെക്കുറിച്ച് അറിയാൻ പൊതുവെ ഞാൻ ശ്രമിക്കാറില്ല.’. ഗായത്രി ഒരു ക്ഷമാപണസ്വരത്തോടെ പറഞ്ഞു. ‘കൂടുതൽ അറിയേണ്ട. പക്ഷേ ആവശ്യത്തിന് അറിയുകയും വേണം.’ അനിരുദ്ധൻ തന്റെ നിലപാട് തുറന്നു പറഞ്ഞു. ‘ഗായത്രിക്ക് എന്നെക്കുറിച്ച് അറിയേണ്ടത് ചോദിച്ചോളൂ.’ അവൾ മുഖത്ത് ശ്രമപ്പെട്ട് ചിരി വരുത്തി. ‘പാടിയ കുറേ പാട്ടുകളൊഴിച്ച് സാറിനെക്കുറിച്ച് ഒന്നും തന്നെ അറിയില്ല.’ അനിരുദ്ധൻ ശാന്തമായി പുഞ്ചിരിച്ചു. ‘സ്വന്തം സ്ഥലം തിരുവനന്തപുരം തന്നെയാണ്. കോഴിക്കോട് ആർ ഇ സിയിൽ സിവിൽ എഞ്ചിനീയറിംഗിന് പഠിക്കുമ്പോഴാണ് ഗസലുകൾ തലയ്ക്ക് പിടിച്ചത്. കോഴ്സ് കഴിഞ്ഞ് ജോലിയുടെ പേരിൽ ബോംബേയ്ക്ക് വണ്ടി കയറിയത് തന്നെ ആ ലക്ഷ്യവുമായിട്ടാണ്. പിന്നെ അതായി ജീവിതം. മുപ്പത്തഞ്ചാം വയസ്സിൽ വിവാഹം. ലേഖയുമായി. എഞ്ചിനീയറിംഗ് കോളേജിൽ വെച്ചുണ്ടായ ആദ്യപ്രണയം. പക്ഷേ അത് അവളുടെ രണ്ടാം വിവാഹവും. അവളായിരുന്നു എന്തിനും ഉള്ള പ്രചോദനം, ബോംബെയിലേക്കുള്ള ഒളിച്ചോട്ടത്തിനുള്ള മറ്റൊരു കാരണവും. കുട്ടികൾ ഉണ്ടായില്ല. ഞങ്ങളുടെ വിവാഹജീവിതത്തിന് അധികം ആയുസ്സുമുണ്ടായില്ല. ബ്രെയിൻ ട്യൂമർ ആയിരുന്നു. പിന്നെ ഞാനും എന്റെ ഗസലുകളും ബാക്കി.’

‘നാട്ടിൽ ആരൊക്കെ ഉണ്ട്?’ അനിരുദ്ധൻ തന്റെ ജീവിതത്തിൽ നിന്നും ഗായത്രിയിലേക്ക് തിരിഞ്ഞു. ‘അച്ഛനൊഴികെ എല്ലാവരും. അച്ഛൻ മരിച്ചിട്ട് പതിനൊന്നു വർഷമായി. അന്നെനിക്ക് പതിനേഴു വയസ്സാണ് പ്രായം. അച്ഛനില്ലാത്ത കുട്ടിയായത് കൊണ്ട് വേഗം വിവാഹം കഴിപ്പിച്ചയക്കാനുള്ള ധൃതിയായി എല്ലാവർക്കും. അതിൽ നിന്ന് രക്ഷപ്പെടാൻ കൂടിയാണ് പാലക്കാട്‌ നൃത്തവിദ്യാലയം ഉണ്ടായിട്ടും കഥക് മതി എന്ന് പറഞ്ഞു ഡൽഹിയിലെ കോളേജിൽ അഡ്മിഷൻ എടുത്തത്. വല്ലപ്പോഴും ഓണത്തിനും വിഷുവിനും ഒക്കെ പോകും നാട്ടിൽ. അത്രതന്നെ.’ ഗായത്രി ഓർമ്മയിൽ തങ്ങിയ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അനിരുദ്ധൻ മനസ്സിൽ അവളുടെ പ്രായം കണക്ക് കൂട്ടി. തന്നേക്കാൾ പതിനഞ്ചു വയസ്സിനു താഴെ പ്രായമുള്ള ഒരു പെൺകുട്ടിയാണ് മുൻപിലിരിക്കുന്നത് എന്നറിഞ്ഞിട്ടും അവളെ കൂടുതലായി അറിയണം എന്ന ഒരു ആഗ്രഹം മനസ്സിലുടലെടുക്കുന്നത് അനിരുദ്ധൻ ശ്രദ്ധിച്ചു. ‘ഗായത്രി വിവാഹം കഴിച്ചതാണോ?’ അയാൾ ഭാവഭേദം വരാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു. ‘ഇല്ല, എന്റെ മനസ്സിൽ വിവാഹം എന്ന ഒരു കൺസപ്റ്റൊന്നും ഇപ്പോൾ ഇല്ല. പരസ്പരം മനസ്സറിഞ്ഞു സ്നേഹിക്കുന്ന രണ്ടു പേർക്കിടയിൽ അങ്ങനെ ഒരു ഫോർമാലിറ്റിയുടെ ആവശ്യമുണ്ടോ. അതൊക്കെ അവകാശങ്ങൾ വേണ്ടവർക്കല്ലേ. അവകാശമുണ്ടായത് കൊണ്ട് മാത്രം ആരെയെങ്കിലും സ്നേഹിക്കാനോ അത് നിലനിർത്താനോ കഴിയില്ലല്ലോ.’ ഗായത്രി ഒന്നു നിർത്തിയിട്ട് പുഞ്ചിരിച്ചുകൊണ്ട് തുടർന്നു.

‘അച്ഛന്റെ മരണം മനസ്സിലുണ്ടാക്കിയത് നികത്താനാവാത്ത ഒരു വിടവാണ്. അത് നികത്താൻ പലരെയും പ്രതിഷ്ഠിച്ചു നോക്കി മനസ്സിൽ, ബന്ധങ്ങൾക്ക് പല പേരുകൾ നിശ്ചയിച്ചു കൊടുത്തുകൊണ്ട്. അത് യഥാർത്ഥത്തിൽ പ്രണയമല്ല എന്ന് തിരിച്ചറിയുമ്പോൾ ഓടിയകലും. മറ്റാരെയും കുറ്റം പറയാൻ കഴിയില്ല. എനിക്ക് വേണ്ടത് പൂർണത തരുന്ന എന്തോ ഒന്നായിരുന്നു. അത് എന്താണെന്ന് തിരിച്ചറിയാൻ പറ്റാതെ പോയത് എനിക്ക് തന്നെയാണ്.’ പെട്ടന്ന് മാറിയ സംസാരത്തിന്റെ ഗതി, ഒന്നിനുമല്ലാതെ തുടങ്ങിയ ഒരു സന്ധ്യ എന്തിന് അങ്ങനെയൊരു നിമിഷത്തിൽ വന്നു നിന്നു എന്ന ചിന്ത അനിരുദ്ധനെ അസ്വസ്ഥനാക്കിയെങ്കിലും അവളുടെ സാന്നിധ്യത്തോടുള്ള പ്രിയം ഏറിക്കൊണ്ടിരിയ്ക്കുന്നത് അയാളറിഞ്ഞു. അന്തരീക്ഷത്തിൽ കലർന്ന ഉപ്പുരസം അവളുടെ മനസ്സിലെ കടലാഴങ്ങളെ വിളിച്ചോതി.

പെട്ടന്ന് ഒരു പുഞ്ചിരി ഗായത്രിയുടെ ചുണ്ടിൽ പടർന്നത് അനിരുദ്ധൻ ശ്രദ്ധിച്ചു. ‘ഞാൻ കരുതിയിരുന്നത് സാർ ഒരു ക്രോണിക് ബാച്ചിലർ പ്ലേബോയ് ആണെന്നാണ്.’ പറഞ്ഞു കഴിഞ്ഞതിനെക്കുറിച്ചോർത്ത് ഗായത്രി പെട്ടന്ന് നെറ്റിയ്ക്ക് കൈകൊടുത്ത് തലകുനിച്ചിരുന്നു.

അനിരുദ്ധൻ ഉറക്കെ പൊട്ടിച്ചിരിച്ചു. വിഷാദമൂകമായ അന്തരീക്ഷം ആ ഒരൊറ്റ ഒറ്റവാക്യത്തിൽ നിവർന്നു നിന്നു. ‘എന്നിട്ടും ഡിന്നറിനു ക്ഷണിച്ചപ്പോൾ ഗായത്രി വന്നല്ലോ. ബ്രേവ് ഗേൾ.’ ഗായത്രി മുഖമുയർത്തി. അനിരുദ്ധൻ തന്റെ ട്രിമ്മ് ചെയ്ത താടിയിൽ വിരലോടിച്ചു കൊണ്ട് ഗായത്രിയുടെ കണ്ണുകളിലേക്ക് നോക്കി. ‘അല്ല, അത് പിന്നെ, ഐ വാസ് ടൂ എക്സൈറ്റഡ് ടു മീറ്റ് യു.’ ഗായത്രിയ്ക്ക് എഴുന്നേറ്റ് കടലിൽ ചാടണമെന്ന് തോന്നി. ‘ഏതായാലും അച്ഛന്റെ സ്ഥാനത്തല്ല കണ്ടതെന്നറിഞ്ഞതിൽ സന്തോഷം.’ അനിരുദ്ധന് ഗായത്രിയുടെ മുഖത്ത് നിറഞ്ഞ അങ്കലാപ്പിൽ കൗതുകം തോന്നി. അവൾ തനിക്ക് മുൻപിലെ ഗ്ലാസ്സിൽ വാക്കുകൾ പരതി. അവർക്കിടയിലെ അന്തരീക്ഷത്തിലേക്ക് കടൽക്കാറ്റ് തണുപ്പുള്ള കാന്തികകണങ്ങൾ കൊണ്ട് നിറച്ചു കൊണ്ടിരുന്നു.

ശുഭരാത്രി ആശംസിച്ച് ഒരു ഗസൽ പരിഭാഷപ്പെടുത്താനായി വരുന്നയാഴ്ച അനിരുദ്ധന്റെ വീട്ടിൽ വെച്ചു കാണാമെന്നുറപ്പിച്ച് പിരിയുമ്പോഴേക്കും അവർക്കിടയിലെ ഔപചാരികത നേർത്തിരുന്നു.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഗായത്രി അനിരുദ്ധന്റെ കടൽക്കരയിലെ വീടിനു മുൻപിലെത്തി. ‘രേഖ്ത’ എന്ന് പിച്ചളത്തകിടിൽ അടയാളപ്പെടുത്തിയ മുൻവശത്തെ പകുതി ചാരിയ വാതിലിൽ ഒരു ഗസൽ ഗായത്രിയെ വരവേറ്റു. അവൾ അകത്തു കടന്ന് വീടാകെ പരതി. അനിരുദ്ധൻ ബാൽക്കണിയിലെ ചാരുകസേരയിലിരുന്ന് കടൽക്കാറ്റേറ്റ് ഉറങ്ങുകയായിരുന്നു. കടൽക്കരയിലേക്ക് തുറക്കുന്ന ആ ലോകത്തിന്റെ മനോഹാരിത ഗായത്രി കുറച്ചു നേരം നോക്കി നിന്നു. പിന്നീട് അനിരുദ്ധന്റെ കയ്യിൽ തട്ടിവിളിച്ചു. ‘ഗായത്രി വന്നിട്ട് ഒരുപാട് നേരമായോ?’ അയാൾ കണ്ണു തിരുമ്മിക്കൊണ്ട്ചോദിച്ചു. ‘ഇല്ല വന്നേയുള്ളൂ.’

ഗായത്രി അനിരുദ്ധനെ അഭിമുഖീകരിച്ചു കൈവരിയിൽ ചെന്നിരുന്നു. അനിരുദ്ധൻ നിവർന്നിരുന്നു. അയാൾ അടുത്തിരുന്ന ഗ്രാമഫോണിലെ റെക്കാർഡ് മാറ്റിയിട്ടു. ‘മിക്ക ഗസലുകളും ശായരികളും ‘രേഖ്ത’യിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ചിതറിക്കിടക്കുമ്പോഴും കലർന്നു കിടക്കുന്നത് എന്നാണത്തിന്റെ അർത്ഥം. പ്രണയത്തിന്റെ ഭാഷയാണ് രേഖ്ത.’ അനിരുദ്ധൻ വാചാലനായി. ‘റൂമിയുടെ മസ്നവി പോലെ പല വിശ്വവിഖ്യാത കൃതികളുണ്ടായിട്ടുണ്ട് രേഖ്തയിൽ. പേർഷ്യനും സംസ്കൃതവും ഹിന്ദിയും ഉറുദുവും എല്ലാം അതിൽ ഉണ്ട് പരസ്പരം അവിരോധികളായി. കഥക് നൃത്തത്തിലും ഉപയോഗിക്കുന്ന ചില ‘ഠുമ്‌രി’ കൾ രേഖ്തയിലാണ്’. ഗായത്രിയുടെ മുഖത്ത് ചിരി പടർന്നു. ‘ഠുമ്‌രി കഥക്കിലെത്തുമ്പോൾ മാദകത്വം നിറഞ്ഞ പ്രണയമാണ്. നൃത്തത്തിന്റെയും സംഗീതത്തിന്റെയും അഭേദ്യബന്ധത്തെ വിളിച്ചോതുന്ന ഒന്നാണത്.’ അറിവും അനുഭവങ്ങളും പങ്കുവെച്ച് അവർ ദീർഘനേരം സംസാരിച്ചിരുന്നു. രേഖ്തയിലെ ബാൽക്കണിയിൽ കടൽക്കാറ്റും ഗ്രാമഫോണിൽ നിന്നോഴുകുന്ന ഗസലും മനസ്സിനിണങ്ങിയ ഒരു കൂട്ടും ചേർന്ന് പുതിയ ഓളങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നത് ഇരുവരും അറിഞ്ഞില്ല.

‘കേട്ടു പരിചയമുള്ള ഒരു ഗസൽ തന്നെ ഗായത്രിക്ക് പരിചയപ്പെടുത്താം.’ അനിരുദ്ധൻ ഗ്രാമഫോണിനെ നിശ്ശബ്ദമാക്കി.

‘കോയി ഫരിയാദ് തേരേ ദിൽ മേൻ ദബി ഹോ ജെയ്സേ,
തൂ നേ ആംഖോ സേ കോയി ബാത്ത് കഹി ഹോ ജെയ്‌സേ.
നീ നിന്റെ കണ്ണുകൾ കൊണ്ട് എന്തോ പറഞ്ഞത് പോലെ,
ഒരു അപേക്ഷ നീ മനസ്സിൽ ഒതുക്കിയത് പോലെ…’ ഗസൽ പാടുമ്പോൾ അനിരുദ്ധൻ മറ്റൊരാളാണ്. പക്ഷേ, ആ വരികൾ അദ്ദേഹം ബോധപൂർവം തിരഞ്ഞെടുത്തതാണെന്ന് അവൾക്ക് തോന്നി. കണ്ട നിമിഷം മുതൽ തന്റെ ലോകം അയാളുടെ ലോകത്തേക്ക് ഒതുങ്ങിയിരിക്കുകയാണ്.

ഗായത്രിയുടെ വിടർന്ന കണ്ണുകളിലെ പുതിയൊരു ഭാവവ്യത്യാസം തന്റെ ഹൃദയത്തിൽ മറ്റൊരു താളമിടുന്നതായി അയാൾക്ക് തോന്നി. തന്റെ വലുതായിക്കൊണ്ടിരിക്കുന്ന ശൂന്യതകളെ തിരിച്ചറിഞ്ഞിട്ടും അവിടെ ആരെയും ഇതുവരെ പ്രതീഷ്ഠിക്കാൻ കഴിയാഞ്ഞതാണ്. പക്ഷേ കഴിഞ്ഞ രണ്ടാഴ്ചയായി മനസ്സ്‌ ഗായത്രിയിൽ തട്ടി നിൽക്കുകയാണ്. ഒരടി മുൻപോട്ട് നീങ്ങാതെ. മനസ്സുകളെ കോർത്തിണക്കാനുള്ള ഒരു മന്ത്രത്താൽ എന്ന പോലെ അനിരുദ്ധനിലേക്ക് ബന്ധിക്കപ്പെട്ടത് പോലെ ഗായത്രിയ്ക്ക് തോന്നി. അവൾ അനിരുദ്ധനെ കണ്ണെടുക്കാതെ നോക്കിയിരുന്നു. അയാൾ ഗാനവും വിവരണവും നിർത്തി ഗായത്രിയുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു കുറച്ചു നേരം. പറയാത്ത കുറേ വാക്കുകൾ കൊണ്ട് അവർക്കിടയിൽ വൻ തിരമാലകളുയർത്തി ഒരു കടൽക്കാറ്റ് ആഞ്ഞു വീശി. ഗായത്രിയുടെ കണ്ണുകളിൽ പെട്ടന്നൊരു നനവ് പടർന്നു. ആ കണ്ണുകളിലേക്ക് നോക്കാൻ താൻ പെട്ടന്ന് അശക്തയായത് പോലെ, അവൾ തന്റെ കൈവിരലുകളിൽ എന്തോ തിരഞ്ഞു. ഗായത്രിയുടെ ചുവന്നു കുനിഞ്ഞ മുഖം അനിരുദ്ധനെ മോഹിപ്പിച്ചു, പക്ഷേ അയാളെ അമ്പരപ്പിച്ചു കൊണ്ട് അവൾ മുദ്രകളും ഭാവങ്ങളും ചേർത്ത് നാലു വരി പാടി.

‘നസർ നേ നസർ സേ മുലാഖാത്ത് കർ ലി,
രഹേ ദോനോ ഖാമോഷ് മഗർ ബാത്ത് കർ ലി
ഉസ്‌കെ ബാദ് മൊഹബ്ബത്ത് കോ ജബ് ജാനാ ഹം നേ,
ഇൻ ആംഖോ നേ രോ രോ കെ ബർസാത് കർ ലി…’

അനിരുദ്ധൻ കസേരയിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്തെത്തി. കടൽക്കാറ്റ് അവളുടെ മുഖത്തേക്ക് വിതറിയിട്ട മുടിയിഴകൾ കൈവിരൽ കൊണ്ടൊതുക്കി. ഗായത്രി മുഖമുയർത്തി അനിരുദ്ധന്റെ കണ്ണുകളിലേക്ക് നോക്കി. അയാൾ അവളെ ഗാഢമായി ചുംബിച്ചു. ഒരു ചുംബനത്തിൽ നിന്ന് ചുംബനങ്ങളുടെ താഴ്‌വാരത്തേക്ക് ആ സന്ധ്യ അവരെ കൂട്ടിക്കൊണ്ടുപോയി.

അനിരുദ്ധൻ തന്റെ കിടക്കയിൽ പുറംതിരഞ്ഞു കിടന്ന ഗായത്രിയുടെ ശരീരത്തിലൂടെ വിരലുകളോടിച്ചു. ഇക്കിളിപ്പെടുത്തിയ സ്പർശത്തിൽ അവൾ ചിരിച്ചു. അയാൾ അവളുടെ കഴുത്തിൽ ചുംബിച്ചു. ‘ഗായത്രി…’ അവൾ തന്റെ ശരീരത്തിൽ പരതി നടന്ന അനിരുദ്ധന്റെ വിരലുകൾ ബലമായി പിടിച്ച് ചുംബിച്ച് കവിളത്തമർത്തി വെച്ചു. ‘ഉം…എന്താ? ഈ ദിവസത്തിന്റെ മനോഹാരിത നഷ്ടപ്പെടുത്തുന്ന എന്തെങ്കിലും പറയാനുദ്ദേശിക്കുന്നുണ്ടെങ്കിൽ വേണ്ട.’ അവൾ താക്കീത് നൽകി. അനിരുദ്ധൻ ചിരിച്ചു. ‘ഗായത്രീ നമുക്കിവിടെ ചിതറിക്കലർന്ന് കിടന്നാൽപ്പോരെ? ഗായത്രി അമ്പരപ്പോടെ തിരിഞ്ഞു കിടന്നു, അനിരുദ്ധന്റെ വാക്കുകളുടെ പൂർണ്ണ അർത്ഥം അയാളിൽ നിന്നറിയാനായി. ‘വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ നിന്ന് നിനക്ക് ഇങ്ങോട്ട് താമസം മാറിക്കൂടെ?’. ഗായത്രി എന്ത് പറയണമെന്നറിയാതെ അനിരുദ്ധന്റെ കണ്ണുകളിൽ എന്തോ തിരഞ്ഞു. അവളുടെ കണ്ണുകളിൽ വീണ്ടും നനവ് പടർന്നു. അവളുടെ പ്രതികരണത്തിൽ അനിരുദ്ധന് എന്ത് പറയണമെന്നറിയാതെയായി. അയാൾ ഗായത്രിയുടെ ചുണ്ടുകളിൽ ചുംബിച്ചു, വീണ്ടും വീണ്ടും. ഉത്തരമോ ചോദ്യമോ ഓർക്കാത്ത വിധം അവളിലേക്ക് അലിഞ്ഞുചേരണമെന്ന് മാത്രമാണ് അപ്പോൾ അയാൾക്ക് തോന്നിയത്.

ഗായത്രി അനിരുദ്ധനോടൊപ്പം രേഖ്തയിൽ താമസമാക്കി. ഗസലും കഥകും കൂട്ടിയിണക്കി അവരൊന്നിച്ച് കഥക് ഗസലുകൾ അവതരിപ്പിച്ചു. ആ കടൽക്കാറ്റിനൊപ്പം പ്രണയവും സംഗീതവും നൃത്തവും അലിഞ്ഞുചേർന്ന് രണ്ടുവർഷം സ്വപ്നം പോലെ കടന്നുപോയി. ഗായത്രി നൃത്തം ചെയ്തു കൊണ്ടിരിക്കെ ഒരു വേദിയിൽ മൈക്കിനു പിറകിലേക്ക് അനിരുദ്ധൻ കുഴഞ്ഞു വീണു. നാലാം നാൾ ആശുപത്രിയിലെ ഐസിയുവിൽ ബോധം തെളിഞ്ഞപ്പോൾ പാതിശരീരത്തിനേറ്റ തളർച്ചയല്ല അനിരുദ്ധനെ തളർത്തിയത്. അണു ബാധയെത്തുടർന്നുണ്ടായ കഫക്കെട്ട് മൂലം ശ്വാസതടസ്സമൊഴിവാക്കാൻ വേണ്ടി തൊണ്ടക്കുഴിയിലുണ്ടാക്കിയ ദ്വാരം തന്റെ ശബ്ദത്തെ നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നുള്ള തിരിച്ചറിവാണ്.

വലതുകാലിനും കൈയ്ക്കും ഉള്ള ബലഹീനതകൾ നിലനിന്നെങ്കിലും ഗായത്രിയുടെ സ്നേഹസാമീപ്യത്തിലും പരിചരണത്തിലും അനിരുദ്ധൻ ആരോഗ്യം പതിയെ വീണ്ടെടുത്തു. അവളുടെ തോളിൽ ചായ്‌ഞ്ഞും കൈപിടിച്ചും അയാൾ വീണ്ടും നടക്കാൻ പഠിച്ചു തുടങ്ങി. അനിരുദ്ധന്റെ അനുഗ്രഹീതമായ ശബ്ദം അപ്പോഴും ചിതറിത്തെറിച്ചുകൊണ്ടിരുന്നു. അയാൾ സംസാരിക്കുന്നത് മനസ്സിലാക്കാൻ ഗായത്രിയ്ക്ക് മാത്രമേ സാധിച്ചിരുന്നുള്ളു. അവൾക്കും ചില കാര്യങ്ങൾ മനസ്സിലാവാതെ വരുമ്പോൾ അയാൾ കോപാക്രാന്തനാവും. കയ്യിൽ കിട്ടുന്ന സാധനങ്ങൾ വലിച്ചെറിയും. ഗായത്രി പക്ഷേ അതിനോട് പ്രതികരിച്ചില്ല. ക്ഷമയോടെ ആ സമയം കടന്നുപോകാനനുവദിക്കുക മാത്രമാണ് ചെയ്യേണ്ടതെന്ന് അവൾ തീരുമാനിച്ചുറപ്പിച്ചതാണ് . പൂർവാവസ്ഥയിലേക്ക് തിരിച്ചു വന്നാലും ഇല്ലെങ്കിലും ആ പ്രണയത്തിന് കോട്ടം തട്ടുകയില്ലെന്നുള്ള പരിപൂർണ്ണ ബോധ്യവും അവൾക്കുണ്ടായിരുന്നു .

തന്റെ ശബ്ദത്തേക്കാൾ അനിരുദ്ധനെ വേദനിപ്പിച്ചത് ഗായത്രിയുടെ മുടങ്ങിപ്പോയ നൃത്താധ്യാപനവും പരിപാടികളുമാണ്. അത് അയാളെ അലട്ടിക്കൊണ്ടിരിയ്ക്കുമ്പോഴാണ് ഡൽഹിയിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ ബാനർജിയോടൊപ്പം നൃത്തശില്പം അവതരിപ്പിക്കാനുള്ള ക്ഷണം അവൾ നിരസിച്ചത്. അത് അയാളെ വിഷാദിയാക്കി. അനിരുദ്ധൻ ഗായത്രിയുടെ തീരുമാനം മാറ്റാൻ ശ്രമിച്ചു. ‘ഗായത്രി നീ ഒരു കലാകാരിയാണ് അത് മറക്കരുത്. നിന്റെ സ്നേഹം ഇപ്പോൾ എന്നെ ദുഖിപ്പിക്കുകയാണ് ചെയ്യുന്നത്. ‘ അനിരുദ്ധൻ ഇടറിയ പരുക്കൻ ശബ്ദത്തിൽ പറഞ്ഞു. ‘ആ ശബ്ദത്തോട് ചേർന്നു നിൽക്കുമ്പോഴാണ് എന്റെ ചിലങ്കകൾ സന്തുഷ്ടരാവുന്നത്. ഡോക്ടർ പറഞ്ഞതല്ലേ ഒരു വർഷം കൊണ്ട് പരമാവധി മാറ്റങ്ങളുണ്ടാവുമെന്ന്. ഇപ്പോൾ എന്റെ മുൻപിൽ അതാണ് ആദ്യത്തെ ലക്ഷ്യം. പിന്നെ അടുത്ത മാസം മുതൽ കോളേജിൽ പോയി തുടങ്ങില്ലേ, തത്കാലം ഒരു വർഷത്തേക്ക് പരിപാടികൾ വേണ്ടെന്നു വെക്കുന്നു എന്നല്ലേയുള്ളൂ. പരിപാടികളൊക്കെ എല്ലാ വർഷവും വരും. ഒരിത്തിരി കൂടി ക്ഷമ ശീലിക്കേണ്ടിയിരിക്കുന്നു.’ ഗായത്രി സ്നേഹത്തോടെ ശകാരിച്ചു.

‘ഗായത്രി ഈ സമർപ്പണം നിന്റെ കലയോടാണ് കാണിക്കേണ്ടത്. നിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ലക്ഷ്യവും അതായിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു വർഷം എന്നത് ഒരു ചെറിയ കാലയളവല്ല.’ അനിരുദ്ധന്റെ വാക്കുകളിൽ സാധാരണയില്ലാത്ത കോപത്തിന്റെ നിഴലുകൾ ഗായത്രി കണ്ടു. ‘അത് നമ്മുടെ പ്രണയത്തെ വില കുറച്ച് കാണുന്നത് കൊണ്ടാണ്. ഇതും കല പോലെ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ഇന്ന്. ഒരു കലാകാരിയായത് കൊണ്ട് മാത്രമാണോ അങ്ങെന്നെ കൂടെ ജീവിക്കാൻ ക്ഷണിച്ചത്? ഒരു സ്നേഹബന്ധത്തിൽ ഒരാൾ മാത്രമല്ലല്ലോ നിലനിൽക്കുന്നതും നിലനിൽക്കേണ്ടതും. ഈ പ്രണയവും സമർപ്പണവും എന്നിൽ കുടികൊള്ളുന്ന കല പോലെ എന്റെ ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്.’ ഗായത്രി ദുഖത്തോടെ പ്രതികരിച്ചു. ‘കുട്ടീ, നിന്റെ ഈ സ്നേഹം കാണുമ്പോൾ ഞാൻ മരണത്തെയാണ് ആഗ്രഹിച്ചു പോകുന്നത്. എന്റെ വിയോഗത്തിൽ ഏറ്റവും ദുഖിക്കാനുള്ള ഭാഗ്യം നിനക്ക് തന്നെയായിരിക്കും, പക്ഷേ അത് നിന്നെ സ്വാതന്ത്രയാക്കും. അതാവും ഇനി നിനക്ക് തരാൻ എനിക്ക് പറ്റുന്ന ഏറ്റവും വലിയ ഭാഗ്യം.’ ശരീരത്തോടൊപ്പം മനസ്സിന് വന്ന തളർച്ചയാണ് അനിരുദ്ധന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നതെന്നറിയാമായിരുന്നതുകൊണ്ട് ഗായത്രി മറുപടി പറഞ്ഞില്ല. പക്ഷേ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അനിരുദ്ധൻ നിശ്ശബ്ദനായി.

ഗായത്രി രാവിലെ കണ്ണുതുറക്കുമ്പോൾ രേഖ്ത ശൂന്യമായിരുന്നു. മേശപ്പുറത്തെ ഫ്ലവർവേസിനടിയിൽ ഇരുന്ന കത്ത് ഗായത്രി നിവർത്തി വായിച്ചു.

‘പ്രിയപ്പെട്ട ഗായത്രി,

നിന്നോട് ക്ഷമ ചോദിക്കുന്നു. എനിക്ക് പോകാതിരിക്കാൻ കഴിയില്ല. നിന്റെ വളർച്ച മുരടിച്ചു പോകുന്നത് കണ്ടുനിൽക്കാൻ എനിക്കാവില്ല. ഈ പ്രണയത്തിന്റെ കടലിന് മീതെ മാത്രം പറക്കാനുള്ളതല്ല ഗായത്രി നിന്റെ ജീവിതവും കഴിവുകളും. അതിന് ഈ കടൽ വറ്റിയേ മതിയാവൂ എങ്കിൽ ആ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയാണ്. യാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ എനിക്കാവില്ല കുട്ടീ. എന്നെക്കുറിച്ചോർത്ത് ദുഖിക്കാതിരിക്കുക. പ്രായക്കൂടുതൽ കൊണ്ടുള്ള അനുഭവജ്ഞാനമാണെന്ന് കരുതിക്കോളൂ. നീ എന്നെങ്കിലും മനസ്സുകൊണ്ട് എനിക്ക് നന്ദി പറയും. എത്രനാൾ വേണമെങ്കിലും ആ വീട്ടിൽ നിനക്ക് കഴിയാം. മറവി അനുഗ്രഹിക്കുമ്പോൾ പോവുക. മനസ്സിന്റെ വാതിൽ വീണ്ടും തുറന്നിടുക. എന്റെ അനുഗ്രഹങ്ങൾ എപ്പോഴും നിന്റെ കൂടെ ഉണ്ടാവും.

അനിരുദ്ധൻ

ഗായത്രി കസേരയിലിരുന്ന് മേശപ്പുറത്തു തലചായ്ച്ചു കിടന്നു. അവളുടെ കണ്ണിൽ നിന്നും നീർത്തുള്ളികൾ പുറത്തേക്ക് ഒഴുകി.

എട്ടു വർഷം! പക്ഷേ ആ വീടിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കാലം അവിടേയ്ക്ക് കടന്നു ചെല്ലാത്തത് പോലെ. അന്ന് നേരെ പോയത് ഋഷികേശിലേക്കാണ്. സ്വാമി ശിവാനന്ദന്റെ ആശ്രമത്തിലേക്ക്. പണ്ടും ആൾക്കൂട്ടത്തിൽ നിന്നും ഒളിച്ചോടാൻ തോന്നുമ്പോൾ പോകുന്നത് അങ്ങോട്ടായിരുന്നു. ധ്യാനവും പ്രാർത്ഥനയും ചികിത്സകളും ശരീരത്തിന്റെ വൈകല്യങ്ങളെ ഏറെക്കുറെ തീർത്തെങ്കിലും വാകിംഗ് സ്റ്റിക് ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല. അതിനനുവദിക്കാഞ്ഞത് ശരീരമാണോ മനസ്സാണോ എന്ന് വിലയിരുത്താനും ശ്രമിച്ചിട്ടില്ല. ഗായത്രിയാണ് അത് വാങ്ങിക്കൊണ്ടു വന്ന് കയ്യിൽ പിടിപ്പിച്ചത്. അവളുടെ കൈയ്യായാണ് അതിനെ ഇന്നും കാണുന്നത്. അതുപേക്ഷിക്കുക എന്ന ആഗ്രഹം എവിടേയും ഉടലെടുക്കാത്തത് കൊണ്ടാവാം ആ താങ്ങ് ഒരു കുറവായിത്തോന്നാഞ്ഞത്. ഇത്രയും വർഷത്തിനിടെ ഒരു പ്രാവശ്യം മാത്രമാണ് ഗായത്രിയെക്കുറിച്ച് അന്വേഷിച്ചത്. അവിടെ നിന്നിറങ്ങി മൂന്നു വർഷത്തിനു ശേഷം. അന്ന് അവളുടെ ഗുരുവും കൂടിയായ ബാനർജി പറഞ്ഞത് അവൾ ഡൽഹിയിലെ കലാക്ഷേത്രയിലേക്ക് പോയിയെന്നും വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചുവെന്നുമാണ്. മനസ്സുകൊണ്ട് മംഗളങ്ങൾ നേർന്ന് ആശ്വസിക്കാൻ ശ്രമിച്ചു. അതിനുശേഷമാവണം വീണ്ടും സംഗീതം വീണ്ടെടുക്കാനുള്ള തോന്നലുണ്ടായത്.

ഒന്നര വർഷം മുൻപാണ് കാലിഫോർണിയയിലെ ബെർക്കിലി യൂണിവേഴ്സിറ്റിയിൽ നിന്നും മുൻപ് വന്ന ക്ഷണം പരിഗണിച്ചത്. കത്തെഴുതി രണ്ടാഴ്ചയ്ക്കകം നിയമനത്തിന്റെ ഉത്തരവ് വന്നു. ഒരു വർഷം വിസിറ്റിംഗ് പ്രൊഫസറായി രണ്ടുമാസത്തിലൊരിക്കൽ രണ്ടാഴ്ചത്തേക്ക് പോയി വന്നു. അവിടത്തെ യൂണിവേഴ്സിറ്റി ഡീനിന്റെ നിർദേശപ്രകാരമാണ് ജീവിതം അങ്ങോട്ട് പറിച്ചു നടാൻ തീരുമാനിച്ചത്. പോകാൻ രണ്ടാഴ്ച ബാക്കിയുള്ളപ്പോഴാണ് ബാനർജിയെ വിളിച്ചതും ഗായത്രി ഒരാഴ്ച തിരുവനന്തപുരത്തുണ്ടെന്നും അറിഞ്ഞത്. പോകും മുൻപ് ഗായത്രിയെ ഒന്ന് കാണാൻ സാധിക്കുമോ എന്ന് ബാനർജി വഴി അന്വേഷിച്ചു. രേഖ്തയിൽ വെച്ചുള്ള കൂടിക്കാഴ്ച അങ്ങനെ തീരുമാനിച്ചുറപ്പിച്ചതാണ്. ഓർമ്മകളിലൂടെ സഞ്ചരിച്ച് വീണ്ടും അവിടെത്തന്നെ വന്നു നിന്നു. മനസ്സിലെവിടെയോ നിലനിന്നിരുന്ന നഷ്ടബോധത്തെ ഓർമ്മയിലെ തിരകൾ തീരത്തെത്തിച്ചത് അനിരുദ്ധനറിഞ്ഞു. അയാൾ കണ്ണടച്ച് കസേരയിൽ ചാരിയിരുന്നു.

‘ഞാനാദ്യം ഈ വീട്ടിൽ വന്നപ്പോഴും ഇതുപോലെ സാറ് ഉറക്കത്തിലായിരുന്നു. അനിരുദ്ധൻ ഞെട്ടിയെഴുന്നേറ്റു മറ്റൊരു കാലത്തിലെ ഗായത്രിയിലേക്ക്. അവളുടെ മുഖം പ്രസന്നമായിരുന്നെങ്കിലും കണ്ണുകൾക്ക്‌ ചെറിയ കലക്കമുണ്ടെന്നു അയാൾക്ക് തോന്നി. കടൽക്കാറ്റടിച്ചിട്ടാവാം. അത് പണ്ടത്തെപ്പോലെ നിത്യശീലമായിരിക്കില്ലല്ലോ. ‘ഗായത്രി വന്നിട്ട് ഒരുപാട് നേരമായോ.?’ ശബ്ദം നേരെയാക്കിക്കൊണ്ട് അയാൾ ചോദിച്ചു. ‘ഇല്ല. വന്നേയുള്ളു.’ അവൾ തിരിഞ്ഞു നിന്ന് ചുറ്റുവട്ടവും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു. ‘ഞാൻ കാലിഫോർണിയയിലേക്ക് പോകുന്ന വിവരം ബാനർജി പറഞ്ഞിട്ടുണ്ടാകുമല്ലോ. ഗായത്രി ഇവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ ഒന്ന് കാണാമെന്ന് കരുതി.’ പരമാവധി നിർവികാരപരമായി സംസാരിക്കാൻ അയാൾ ശ്രമിച്ചു. ‘ഇനിയൊരു കൂടിക്കാഴ്ച ഉണ്ടായില്ലെങ്കിലോ അല്ലേ.’ ഗായത്രി പരിഹാസഭാവത്തിൽ പറഞ്ഞു. ഗ്രാമഫോണിൽ പാടിക്കൊണ്ടിരുന്ന റെക്കാർഡ് മാറ്റി വേറൊന്നിട്ട ശേഷം അവൾ അനിരുദ്ധന് അഭിമുഖമായി ബാൽക്കണിയുടെ കൈവരിയിൽ ചെന്നിരുന്നു. അവളുടെ ആ സമീപനത്തിൽ അനിരുദ്ധൻ അസ്വസ്ഥനായി. ഒരു നിമിഷത്തെ മൂകതയിലേക്ക് ഗ്രാമഫോണിൽ നിന്നും ഗസലൊഴുകിയെത്തി.

‘പറഞ്ഞറിയിച്ചുകൊണ്ടൊരു വേർപിരിയൽ അല്ലേ?’ ഗായത്രിയുടെ മുഖത്ത് പരന്ന രോഷത്തിന്റെ ചുവപ്പ് അനിരുദ്ധനെ വേദനിപ്പിച്ചു. ‘ഗായത്രീ…’ പക്ഷേ അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല. ‘ഞാൻ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്. ഒരു ചരടു കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല എന്നതായിരുന്നോ എന്നിൽ കണ്ടെത്തിയ കുറവ്?’ പുറത്തേക്ക് പ്രവഹിക്കാൻ വെമ്പിനിന്ന അഗ്നിപർവ്വതം പോലെ അവൾ പൊട്ടിത്തെറിച്ചു. പക്ഷേ അടുത്ത ക്ഷണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ കണ്ണുകൾ പൊത്തി ഏങ്ങലടിച്ചു കരഞ്ഞു. അടുത്തു ചെന്ന് അവളെ പുണർന്ന് ആശ്വസിപ്പിക്കണമെന്ന് തോന്നിയെങ്കിലും അതിനുള്ള സ്വാതന്ത്ര്യമെടുക്കാൻ അനിരുദ്ധന് കഴിഞ്ഞില്ല. ഒരു നിസ്സഹായത തന്നെ പൊതിയുന്നതായി തോന്നി അയാൾ കസേരയിലേക്ക് ചായഞ്ഞ് കണ്ണുകളടച്ചു. അവളനുഭവിച്ച ദുഖത്തിന്റെ തീവ്രതയിൽ നിന്നൊരു കണം മാത്രമാണ് തന്നെ ഇത്രത്തോളം പൊള്ളിച്ചതെന്നുള്ള തിരിച്ചരിച്ചറിവ് അനിരുദ്ധനെ തളർത്തി. അയാൾ ഒന്നും പറയാതെ അവളെ കരയാനനുവദിച്ചു.

തിരകളോ കടൽക്കാറ്റോ അവളുടെ തേങ്ങലുകൾ ഒളിപ്പിക്കാൻ ശ്രമിച്ചില്ല. നിമിഷങ്ങൾ കുറേ കടന്നു പോയി. പെയ്തു കനം കുറഞ്ഞ മനസ്സോടെ ഗായത്രി വീണ്ടും സംസാരിച്ചു തുടങ്ങി. ‘അന്ന് ആദ്യം മനസ്സിലുണ്ടായത് ആധിയാണ്. ആ സുഖമില്ലാത്ത അവസ്ഥയിൽ വീണ്ടും എന്തെങ്കിലും സംഭവിച്ചാലോ, എങ്ങനെ എല്ലാം ഒറ്റയ്ക്ക് ചെയ്യും, മരുന്നുകൾ മുടങ്ങിയിട്ടുണ്ടാവുമോ അങ്ങനെ എന്തൊക്കെയോ. തിരഞ്ഞു പരമാവധി. പോയത് സ്വയം തീരുമാനമായിരുന്നല്ലോ എന്ന തിരിച്ചറിവ് വന്നത് പിന്നീടാണ്. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നവൻ ഭാഗ്യവാനാണ്, അത് വിധിയായി സ്വീകരിക്കേണ്ടി വരുന്നവൻ നിസ്സഹായനും. അന്നേരം ഞെട്ടലാണുണ്ടായത്. പ്രണയാന്ധതയിൽ മുങ്ങിക്കിടക്കുമ്പോൾ എന്നെങ്കിലും ഉപേക്ഷിക്കാമെടാമെന്നുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കാനാവില്ലല്ലോ. ഉപേക്ഷിക്കുന്നവന്റെയും ഉപേക്ഷിക്കപ്പെടുന്നവന്റെയും ദുഃഖത്തിന്റെ ആഴങ്ങൾ വളരെ വ്യത്യസ്തമാണ്. മരിക്കണമെന്ന് തോന്നിയിരുന്നു. പക്ഷേ, അപ്പോഴും നിങ്ങൾ തിരിച്ചു വന്നാൽ ദുഖിച്ചെങ്കിലോ എന്നോർത്ത് അതും ചെയ്യാൻ സാധിച്ചില്ല.’ അത്രെയും പറഞ്ഞ് ഗായത്രി മുഖം തിരിച്ച് തിരകളിലേക്ക് നോക്കി. അവളുടെ കണ്ണുകളിൽ നിന്ന് വീണ്ടും ഒരു നീർച്ചാൽ രൂപം കൊണ്ടു.

താനൊരു മാപ്പില്ലാത്ത കുറ്റത്തിന് പ്രതിക്കൂട്ടിൽ നിൽക്കുന്നതായി അനിരുദ്ധന് തോന്നി. എതിർവാദങ്ങൾക്ക്‌ പ്രസക്തിയില്ലെന്ന് അയാൾക്കറിയാമായിരുന്നു. ഇനി എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും അവളനുഭവിച്ച ദുഃഖങ്ങൾ യാഥാർഥ്യമല്ലാതാവില്ലല്ലോ. മനസ്സ്‌ കടൽപോലെ ക്ഷോഭിച്ചിരുന്നെങ്കിലും അഞ്ചു നിമിഷം നീണ്ടു നിന്ന നിശബ്ദത അവസാനിപ്പിക്കാൻ അനിരുദ്ധൻ തീരുമാനിച്ചു. തനിക്കിനി ആശ്വാസം കണ്ടെത്താനുള്ള വാർത്തകളും അവളിൽ തന്നെയാണ് നിലനിൽക്കുന്നത്. ‘ഗായത്രീ കാലം ഒരുപാട് കഴിഞ്ഞില്ലേ. ഡൽഹിയിലെ ജീവിതവും നൃത്തസന്ധ്യകളും വിവാഹവുമൊക്കെ നിന്നെ എല്ലാം മറക്കാൻ പഠിപ്പിച്ചിട്ടുണ്ടാവും എന്നാണ് ഞാൻ കരുതിയത്.’ ഗായത്രി കണ്ണ് തുടച്ച് കലങ്ങിയ കണ്ണുകളോടെ അനിരുദ്ധന്റെ കണ്ണുകളിലേക്ക് നോക്കി. ‘ ശരിയാണ് ഡൽഹി ഒരുപാട് ആശ്വാസം തന്നു. നൃത്തസന്ധ്യകൾ പിന്നീടുണ്ടായില്ല. ആത്മാവു നഷ്ടപ്പെട്ടവർ എങ്ങനെയാണ് ആത്മസമർപ്പണം നടത്തുന്നത്?’ അനിരുദ്ധന്റെ കണ്ണിൽ നനവ് പടർന്നു. അയാൾ കൂട്ടിപ്പിണച്ച തന്റെ വിരലുകളിലേക്ക് നോക്കി വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് തലയാട്ടി. ഗായത്രി തുടർന്നു. ‘പിന്നെ, വിവാഹം. ബാനർജി സാർ നിർബന്ധിച്ചതു കൊണ്ട് ഒന്നു രണ്ടു പേരെ കണ്ടു. അപ്പോൾ മനസ്സിലായി എനിക്ക് മറ്റാരെയും പ്രണയിക്കാൻ കഴിയില്ലെന്ന്. ശ്രമിക്കണം എന്നുപോലും തോന്നിയില്ല. പ്രണയമില്ലാതെ വിവാഹത്തിന്റെ എന്താവശ്യം? അല്ലെങ്കിൽ സാറിനെ മനസ്സുകൊണ്ട് വെറുക്കാൻ കഴിയണമായിരുന്നു. എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് ഉപേക്ഷിച്ചുപോയ ഒരാളെ എനിക്കെങ്ങനെ വെറുക്കാൻ കഴിയും?’ എട്ടു വർഷത്തിനിപ്പുറത്തേക്കാണെങ്കിലും താൻ തിരിച്ചുവന്നത് ഒരു നിമിഷം പോലും മുൻപോട്ട് ചലിക്കാത്ത യാഥാർഥ്യത്തിലേക്കാണെന്ന് അനിരുദ്ധൻ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.

ഇത്തവണ മനസ്സിനെ നിയന്ത്രിക്കാൻ അയാൾ ശ്രമിച്ചില്ല. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കണക്കുപരീക്ഷയ്ക്ക് തോറ്റ കുട്ടിയുടെ ദുഃഖം അയാളെ തിരഞ്ഞെത്തി. മറ്റൊരു വിഷയത്തിലും തോൽക്കുന്നത് പോലെയല്ല കണക്കിന് തോൽക്കുന്നത്. അവിടെ അളക്കപ്പെടുന്നത് തന്റെ ബുദ്ധിയും ചിന്താശേഷിയും മാത്രമല്ല ബാക്കിയുള്ള ജീവിതത്തിലെ ജയപരാജയങ്ങൾക്കുള്ള സാധ്യതകൾ കൂടിയാണ്. തന്റെ കണക്കുകൂട്ടൽ എട്ടുവർഷം മുൻപ്‌ തന്നെ തെറ്റിയതാണ്. അതറിയാൻ വൈകിയെന്ന് മാത്രം. ‘ഞാൻ ഗായത്രിയ്ക്കൊരു ബാധ്യതയാവുന്നു എന്ന് തോന്നിത്തുടങ്ങിയിരുന്നു അന്ന്. അടുത്തിരിക്കുന്നതല്ല നല്ലത് എന്ന് തോന്നിത്തുടങ്ങിയാൽ പിന്നെ അകന്നു നിൽക്കണം, പറ്റാവുന്നത്ര അകലത്തിൽ. അതാണ് ശരിയെന്നു തോന്നി. നിനക്ക് വേണ്ടി. പക്ഷേ, ഞാൻ നിസ്വാർത്ഥനായി സ്വാർത്ഥനാവുകയാണ് ചെയ്തതെന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ഞാൻ ശരിയാകുമായിരുന്നു, നീ മറിച്ചൊരു തീരുമാനമെടുത്തിരുന്നെങ്കിൽ. പക്ഷേ, നീ എന്നെ തോൽപ്പിച്ചു കളഞ്ഞു കുട്ടീ. ക്ഷമ ചോദിക്കാൻ പോലും ഞാൻ അശക്തനാണ്‌.’ അയാൾ തലകുനിച്ചു. ‘ഒരാൾ ശരിയാവുമ്പോൾ മറ്റൊരാൾ തെറ്റായിക്കൊള്ളണമെന്നുള്ളത് പിടിവാശിയല്ലേ ? രണ്ടുപേരും ശരിയായിക്കൂടെ? എന്റെ ശരികളെ തിരഞ്ഞെടുക്കാൻ എന്നെ അനുവദിക്കണമായിരുന്നു. ബന്ധങ്ങൾ ബാധ്യതയായിത്തീരുന്നത് സ്നേഹം നിലനിൽക്കാതാവുമ്പോഴാണ്. എന്റെ പ്രണയം എന്റെ കലപോലെ സത്യമായിരുന്നു, ശരിയും. ഒന്നിന് വേണ്ടി മറ്റൊന്ന് ഉപേക്ഷിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ ആ സമയത്ത് കലയെ താത്കാലികമായി മാറ്റിനിർത്താൻ ഞാനെടുത്ത തീരുമാനം ദുഖത്തോടെയല്ല എന്ന് മനസ്സിലാക്കാൻ അങ്ങ് ശ്രമിച്ചില്ല. അകലണമെങ്കിൽ ആദ്യം മനസ്സ്‌ കൊണ്ട് അകലണമായിരുന്നു.’

ഗായത്രി ദീർഘമായി ശ്വസിച്ചു കൊണ്ട് തിരമാലകളിലേക്ക് നോക്കി. അടക്കിപ്പിടിച്ചതിൽ കുറച്ചെങ്കിലും പുറത്തേക്കൊഴുകിയപ്പോൾ അവൾക്ക് മനസ്സ്‌ കുറേ ശാന്തമായത് പോലെ തോന്നി, കൂടുതൽ പറയാനുള്ള ശക്തിയില്ലാത്തത് പോലെയും. അനിരുദ്ധന്റെ മനസ്സിലെ കുറ്റബോധത്തിന്റെ തിരമാലകൾ വാനോളമുയർന്നിരുന്നു. അയാളും കുറച്ചു നേരം തിരകളിലേക്ക് നോക്കിയിരുന്നു. ഒരു ശക്തമായ കാറ്റ് അനിരുദ്ധനെ ആ നിമിഷത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് ചാരിവെച്ച വാകിംഗ്സ്റ്റിക്കെടുത്ത് ഊന്നി ഗായത്രിയുടെ മുൻപിൽ ചെന്നു നിന്നു. ഗായത്രി അയാളുടെ വരവ് അറിഞ്ഞെങ്കിലും അനങ്ങിയില്ല. അയാൾ അവളുടെ താടിയിൽ പിടിച്ച് തനിക്ക് നേരെ മുഖമുയർത്തി. ‘ഗായത്രീ. എന്നോട് ക്ഷമിക്കൂ. രേഖ്തയുടെ അർത്ഥം മറന്നു പോയത് ഞാനാണ്.’ ഗായത്രി എഴുന്നേൽക്കാതെ അനിരുദ്ധന്റെ അരക്കെട്ടിലൂടെ ചുറ്റിപ്പുണർന്ന് വയറിൽ തലചായ്ച്ചു. അവളുടെ കണ്ണിൽ നിന്നും നനവ് അയാളുടെ ജുബ്ബയിലേക്ക് പടർന്നു. ‘നിയോഗമായിരിക്കാം പക്ഷേ, ജീവിതത്തിൽ എന്തൊക്കെയോ പഠിക്കാൻ എടുത്ത സമയം പാഴായിപ്പോയത് പോലെ. പലതും മായ്ച്ചു തുടങ്ങാനായിരിക്കുന്നു എന്ന ഒരു തോന്നൽ. നിന്റെ ചിലങ്കകൾ എനിക്ക് വേണ്ടി താളമിടണം വീണ്ടും. നീ എന്നിലലിയും പോലെ എന്റെ ഗസൽ നിന്റെ നൃത്തതിൽ ലയിക്കണം.’ അനിരുദ്ധൻ ഇടത് കൈകൊണ്ട് ഗായത്രിയെ മുറുകെ ചേർത്തു പിടിച്ചു. ഗ്രാമഫോൺ അപ്പോഴും കടൽക്കാറ്റിനുവേണ്ടി പാടിക്കൊണ്ടിരുന്നു.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്