രുചി

എരിഞ്ഞു തീർന്ന തീയുടെ തിരുശേഷിപ്പെന്നോണം അങ്ങിങ്ങായി ഉയരുന്ന കരിം പുകകൾ, തലങ്ങും വിലങ്ങും ഓടി തളർന്നു എന്ന് സൂചിപ്പിക്കും വിധത്തിൽ മുരൾച്ചയോടെ ഇടക്ക് തെരുവിനെ മുറിച്ചു പോവുന്ന സൈനികരുടെ വാഹനങ്ങൾ, അവരിൽ ചിലരുടെ ബൂട്ടിൻ്റെ ശബ്‌ദങ്ങൾ… അങ്ങിങ്ങായി കേൾക്കുന്ന തെരുവ് പട്ടികളുടെ ഓരിയിടൽ.

തെരുവ്, കലാപം നടന്ന തെരുവ്.

ഇന്നലെ വരെ നാനാവിധ മനുഷ്യരെ കൊണ്ടും വർണങ്ങൾ കൊണ്ടും ശബ്ദങ്ങൾ കൊണ്ടും കച്ചവടങ്ങൾ കൊണ്ടും നിറഞ്ഞിരുന്ന തെരുവ് ഇന്ന് അസ്ഥികൾ മാത്രം ശേഷിച്ച ഒരു പേക്കോലമായി മാറിയിരിക്കുന്നു.

ആ തെരുവിനെ തെരുവാക്കി നിലനിർത്തിയ പലതിനെയും അഗ്നി ഭുജിച്ചിരിക്കുന്നു, മനുഷ്യരെ അടക്കം. താനാണ് തൻ്റെ മതമാണ് തന്റെ ജാതിയാണ് തന്റെ രാഷ്ട്രീയമാണ് തന്റെ രക്തമാണ് ഉന്നതം അത് മാത്രമെ നില നിൽക്കേണ്ടതുള്ളൂ എന്ന ചിന്ത മനുഷ്യരിൽ കുത്തി വെച്ച് സ്വന്തം നേട്ടം കൊയ്യാൻ ശ്രമിച്ച ചില കുബുദ്ധികളുടെ തിരക്കഥയുടെ ബാക്കി പത്രം.

ചാനൽ റൂമിലെ ശീതീകരിച്ച ഫ്ലോറിലിരുന്ന് ഓരോരുത്തരും തങ്ങളുടെ കക്ഷികൾക്ക് വേണ്ടി ഘോര ഘോരം വാദിച്ചു കൊണ്ടിരിക്കുന്നുണ്ട് സ്വയം പ്രഖ്യാപിത ജഡ്ജിമാരെന്നു കരുതുന്ന ചില അവതാരകർ തങ്ങളുടെ അന്ന ദാതാവിൻറെ കക്ഷിക്കൊപ്പം ചേർന്ന് വിധി പറയുന്നുണ്ട്. ഇനിയെന്തു സംഭവിക്കും എന്നറിയാതെ ഭീതിയിലാണ്ടു പോയ, മുന്നിൽ വെറും ശൂന്യത മാത്രമായിപ്പോയ മനുഷ്യർ മറുവശത്ത് ജീവിതം ഇരുട്ടിലാണ്ട്‌ നിൽക്കുന്നുണ്ട്.

തെരുവിന്റെ കിഴക്കേ അറ്റത്ത് അന്നം തേടിയിറങ്ങിയ പട്ടികൾ കൂട്ടിയിട്ട മൃതദേഹങ്ങൾ കടിച്ചു വലിച്ചു കൊണ്ടിരിക്കുന്നു. ആ കൂട്ടത്തിലെ രണ്ടു പട്ടികൾ പരസ്പരം എന്തോ സംസാരിക്കുന്നുണ്ട്,

“ഇവയൊക്കെ പെട്ടെന്ന് തന്നെ ഇവിടെ നിന്നും മാറ്റി കളയുമോ ..?”

“ഹേയ്… സാധ്യതയില്ല ,ഇതൊക്കെ ജാതിയും മതവും തിരിച്ചു മാറ്റിയിടാനുണ്ട് …”

“ങേ…. ഇതപ്പോ തരം തിരിക്കാതെ ഇട്ടിരിക്കുന്നതാണോ….. എന്നിട്ടും എല്ലാ ശവശരീരങ്ങൾക്കും ഒരേ രുചി ആണല്ലോ ..?

കോഴിക്കോട് ബാലുശ്ശേരി സ്വദേശി. കൊമേഴ്സ് ബിരുദാനന്തര ബിരുദധാരി. നാട്ടിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി.ആനുകാലികങ്ങളിലും പോർട്ടലുകളിലും എഴുതുന്നു.