രാത്രിയിൽ ഉറങ്ങാത്തവരുടെ മൗനം ഒരുതരം സംഗീതമാണ്.
നിങ്ങളവരെ പ്രണയിച്ചിട്ടുണ്ടോ?
നിശ്ചലതയുടെ ചലനം കുറിക്കുന്നവരുടെ മനസ്സിന്റെ അടിത്തട്ടിൽ വിശപ്പും ദാഹവും നിറയ്ക്കേണ്ട കോപ്പകൾക്കായിവർ യാചിച്ചു കൊണ്ടേയിരിക്കും.
അവർക്കിടയിൽ ഓർത്തുവയ്ക്കാൻ ഒരോർമ്മപോലുമില്ലാത്ത ശൂന്യമായവന്റെ മനസ്സിൻ ഭ്രമണം എനിക്കനുഭവമായി.
അതിൽ സ്നേഹത്തിന്റെ അനുഭവത്തിലൂടെ നിഷേധിക്കാൻ വയ്യാത്ത ശക്തിയാൽ ഞാനവനിലേക്കെത്തിച്ചേർന്നു.
അവനെന്നെ കീഴ്പ്പെടുത്തിയ മാന്ത്രിക സ്പർശനത്താൽ
ഞാനവന്റെ തടവുകാരിയായി.
ഞാനെന്നാത്മാവിനെ സ്നേഹിക്കുന്നപോൽ അവനെ ഞാൻ സ്നേഹിക്കും,
അപ്പോളവനെന്നെ ആലിംഗനത്താൽ വീർപ്പുമുട്ടിക്കുന്ന കരങ്ങളിൽ വിറയാർന്ന ചുണ്ടുകളാൽ ചുംബനമുത്തുകളവനർപ്പിക്കും.
രാത്രിയുടെ ഭീകരതയിലുറങ്ങുന്ന മനുഷ്യരെ ഒറ്റക്കാക്കി,
ഉറക്കമില്ലായ്മയിൽ ക്ഷീണിതരായ ഞങ്ങളൊന്നായി നെടുവീർപ്പിടും.
മുങ്ങി മരിക്കാൻ പോകുന്ന ആത്മാക്കളെ പോൽ പ്രണയത്തെ നേരമ്പോക്കായി കാണുന്ന ഇന്നത്തെ തലമുറകൾക്കിടയിൽ ഞങ്ങളുടെ പ്രണയം വിഗ്രഹത്തെപോൽ പൂജിക്കപ്പെടും.