ഒരിക്കൽ നിന്റെ ചാരക്കണ്ണുകളിലെ
അഗ്നിയെ ആവാഹിച്ച്
ഹൃദയത്തിൽ ഞാനൊരു
ഹോമകുണ്ഡമൊരുക്കും……
ജ്വലിക്കുന്ന കനലുകളിലേക്ക്
രക്തം കിനിഞ്ഞിറങ്ങുന്ന എന്റെ ശിരസ്സ്
ദശനേരവും വീണ്ടും വീണ്ടും
പഞ്ചമുഖന് ഹോമാഗ്നിയിൽ നേദിച്ച്
ഞാൻ ബലികാഴ്ചയൊരുക്കും…..
കെട്ടടങ്ങിത്തുടങ്ങുന ഹോമക്കനലുകൾക്കൊടുവിൽ
അമരത്വത്തിന്റെ അമൃതകുംഭവും നാഭിയിൽ ഒളിപ്പിച്ച്
ഞാൻ വരും….
നീയെന്ന ലങ്കയുടെ സ്വർണ്ണ മകുടങ്ങള
ഉന്മാദങ്ങളിൽ ആറാടിക്കാൻ…..
ഒരിക്കൽ നീ ചവിട്ടിയരച്ച എന്റെ മന്ദാരപുഷ്പങ്ങൾ
അന്നു നിന്റെ മാറിൽ പൂത്തു വിരിഞ്ഞുറങ്ങും,
ചുണ്ടിൽ ഒളിപ്പിച്ചൊരു കള്ളച്ചിരിയോടെ…
മദനരാവുകളുടെ
ആവർത്തന നതോന്നതങ്ങളിൽ
ഞാനൊരു മലർശരനാവും……
നിന്റെ നിഗൂഡതകളിൽ
അർദ്ധസോമകലകൾ തീർത്ത നഖചിത്രങ്ങൾ
എന്റെ ശാക്തേയസാക്ഷാത്കാരങ്ങളുടെ
പ്രതിബിംബങ്ങളാവും…..
എരിഞ്ഞടങ്ങുന്ന തീവെട്ടികളുടെ
അരണ്ട വെളിച്ചത്തിൽ….
അന്ന് നീ എന്റെ നെഞ്ചിൽ മുഖം ചേർത്ത്
ആത്മനിർവൃതിയിൽ തളർന്നുറങ്ങും…..
ഇതെന്റെ അഹങ്കാരമല്ല…..
ആത്മബലം….
നിന്നെ ഉള്ളിൽ നിറച്ചൊരുക്കിയ
ഉലയിൽ കാച്ചിയെടുത്ത……,
നിനക്കായി മാത്രം കാലങ്ങളായി രാകി മിനുക്കിയ
‘അഘോരചന്ദ്രഹാസം’….. എന്റെ പ്രണയം….
ഇനി ഞാൻ നിന്റെ പ്രണയത്തടവിൽ തളയ്ക്കപ്പെട്ട …,
ഒറ്റത്തലയുള്ള നിന്റെ മാത്രം രാവണൻ.