
രാത്രി വണ്ടിതൻ
വേഗദൂരങ്ങൾക്കു സാക്ഷിമാത്രമായ്
ഞാനീ ജനലിറമ്പിൽ
ആരെയോ കാത്തിരിക്കയാണിപ്പഴും
ആളുകൾ പലരും
പിരിഞ്ഞുകഴിഞ്ഞെങ്കിലും
ആരവങ്ങൾ പിന്നെയും
ബാക്കിയായതും
പുകമഞ്ഞു പുതയുന്ന
വഴിയിറമ്പുകൾക്കപ്പുറം
രാത്രി തൻ മൗനമെന്തേ
കനക്കുന്നു പിന്നെയും ?
രാത്രിവണ്ടിയേതോകൊടും
കാനനപാതകൾതാണ്ടവേ
എൻമിഴിയടച്ചു ഞാനുറക്കമാവുന്നതിൻ
മുന്നേയറിയിന്നു
നിളയിന്നു മൊഴുകുന്നു
ശാന്തമെങ്കിലുമതിന്നുൾ
കനവുകൾ പോലും
തപിക്കുന്നു പിന്നെയും
കഥയെത്രയോ ചൊല്ലുവാൻ
കാത്തിരിക്കുന്നൊരാളെങ്കിലും
അറിവിൻ്റെയഗ്നിയിൽ
ദഹിച്ചതാ മുൾക്കനവുകൾ പണ്ടേ
നിറം മങ്ങിയെങ്കിലും
അറിയുന്നു ഞാനീ
നിലാവും രാത്രിതൻ
വിരഹ നൊമ്പരങ്ങളും
കവിത വറ്റിയകന്നൊരീ
കരളിൻ്റെ യാത്മനൊമ്പരങ്ങളും
ഗുരുവസ്തമിച്ചൊരീ
കഠിനരാവിലറിയുന്നു ഞാൻ സഖീ.
(എം.ടി യുടെ മരണത്തിൽ അനുശോചിച്ച് എഴുതിയത്)
