ശ്രാവണൻ വളരെ സൂക്ഷ്മതയോടെ ആ ശിൽപത്തിന്റെ അവസാന മിനുക്കുപണികളിലാണ്.
പൗർണ്ണമിനാളിൽ കൊട്ടാരത്തിലെ സിംഹാസന പാർശ്വത്തിൽ സ്ഥാപിക്കേണ്ട അപ്സ്സരസിന്റെ, ഒരാൾ പൊക്കമുള്ള, ശുഭ്ര ശിലയിൽ തീർത്ത വിഗ്രഹം. കൊട്ടാരം ക്ഷേത്രത്തിന്റെ കൂത്തമ്പലത്തിൽ പണ്ട് മുത്തച്ഛൻ പണിതുസ്ഥാപിച്ച ദേവദാസീ രൂപത്തെക്കാൾ കേമമാക്കണം ഇത്. രാജശില്പി പരമ്പരയിലെ ഏറ്റവും ശ്രേഷ്ഠനായ ശില്പി. ആ പേര് സ്വന്തമാക്കണം. അതിനുവേണ്ടി കഠിനമായ ഉപാസനകളാണ് ശ്രാവണൻ ചെയ്യുന്നത്. പണി പൂർത്തിയാകും വരെ മറ്റൊരു സ്ത്രീരൂപം കണ്ടുകൂടാ. അങ്ങനെ ഉണ്ടായാൽ അപ്സരസ്സിന് മാനുഷിക ഭാവം വന്നുചേരും. തന്റെ മുറപ്പെണ്ണായ മാളവികയെപ്പോലും കണ്ടിട്ട് എത്രയോ ദിവസങ്ങൾ.. അതോ മാസങ്ങളോ..
കുടുംബത്തിലെ മുതിർന്ന കാരണവന്മാരുടെ നിർദ്ദേശങ്ങളെയെല്ലാം ലംഘിച്ച് യവം കണക്കിൽ പൂർണ്ണത വരുത്തിയാണ് ഇത് നിർമ്മിച്ചത്. വല്യമ്മാവൻ പറഞ്ഞതുപോലെ ബുദ്ധിഭ്രമം, അപമൃത്യു ഇതൊക്കെ സംഭവിക്കാം. എന്നാലും ഒരു അളവിലും മാറ്റം വരുത്തിയില്ല.
കൊട്ടാരത്തിനടുത്തുള്ള ഉദ്യാനത്തോടുചേർന്ന് പനയോലമേഞ്ഞു കെട്ടിമറച്ച പണിശാല. അതിന്നടുത്തു തന്നെ മനോഹരമായ ഒരു പർണ്ണശാല. പണിതീരുംവരെ ശില്പി അവിടെയാണ് താമസിക്കേണ്ടത്. പരമ്പരയിലെ കാരണവന്മാരൊഴികെ ശില്പം നിർമ്മാണവേളയിൽ മറ്റാരുമത് കാണരുത് എന്നാണ് വിധി.
പൗർണ്ണമി കഴിഞ്ഞ് പത്താം നാൾ അന്നാണ് യുവരാജാവ് ചിത്രവർമ്മന്റെ പട്ടാഭിഷേകം. രാജഗുരുവിന്റെ നിർദ്ദേശപ്രകാരമാണ് അപ്സ്സരസിനെ പ്രതിഷ്ഠിക്കുന്നത്. കൊട്ടാരം ഇന്ദ്രസഭയ്ക്ക് തുല്യമാക്കുവാൻ.
പണിശാലയുടെ വാതിലിൽ ആരുടെയോ പാദ പതനം കേട്ട് ശ്രാവണൻ നോക്കുമ്പോൾ വല്യമ്മാവൻ സനകേശൻ കയറിവന്നു. അവൻ അദ്ദേഹത്തെ നമസ്കരിച്ചു. സനകേശൻ ആ സുന്ദരീ രൂപത്തെ ആപാദചൂഡം വീക്ഷിച്ചു. പിന്നെ ശ്രാവണനെയും. ഉണ്ണീ… അരുത് എന്നുപറഞ്ഞിട്ടുള്ള കാര്യങ്ങൾ നീ മറന്നിരിക്കുന്നു. പൂർണ്ണചൈതന്യ ബിംബം അത് ദൃഷ്ടി കർമ്മം കഴിഞ്ഞാൽ ശില്പിയെ കൊണ്ടുപോകും കേട്ടിട്ടില്ലേ. കൂത്തമ്പലത്തിലെ ദേവദാസിയുടെ വിഗ്രഹം. അതിന്റെ പെരുവിരൽകണക്കിൽ മാറ്റം വരുത്തിയിരുന്നു എന്നിട്ടും പ്രതിഷ്ഠ കഴിഞ്ഞ് നാൽപതിയൊന്നാം നാളിൽ നിന്റെ മുത്തച്ഛൻ അമ്പലത്തിന്റെ ആൽത്തറയിൽ രക്തം ഛർദ്ദിച്ചാണ് മരിച്ചത്.
ഇപ്പോൾതന്നെ ഇതിലെ ബാധകൾ നിന്നിൽ ഞാൻ കാണുന്നു. കുലദൈവങ്ങളെ ഈ വംശം ഇവനിലൂടെയാണ് മുൻപോട്ടുപോകേണ്ടത്. ഇനി എന്താ ചെയ്ക.. ശ്രാവണാ, അപ്സരസ്സിന്റെ നട്ടെല്ലുഭാഗത്തെ അളവിൽ മാറ്റം വരുത്തുക കണ്ടില്ലേ അവിടെ കുണ്ഡലനി പ്രഭാവം ഉണരുവാനായി വെമ്പൽകൊള്ളുന്നു. പൂർണ്ണചൈതന്യം.. പാടില്ല കുട്ടീ. അത് ശാസ്ത്രവിധിക്ക് എതിരാണ്.
അങ്ങനെ പറഞ്ഞിട്ട് സനകേശൻ നടന്നുനീങ്ങിയപ്പോൾ ശ്രാവണൻ ഉളിയും ചുറ്റികയും കൈകളിലെടുത്തു. അമ്മാവനെ അനുസരിക്കുകതന്നെ. മാളവികയുമായി തന്റെ മംഗലം പറഞ്ഞുറപ്പിച്ചിട്ടുള്ളതാണ്.അമ്മാവനെ ധിക്കരിച്ചുകൂടാ.
അവൻ അപസ്സസിന്റെ പിൻഭാഗത്തെത്തി. അവളുടെ നട്ടെല്ലുഭാഗത്ത് ഉളിയമർത്തി ചുറ്റിക ഓങ്ങിയപ്പോൾ “അരുതേ.. ” എന്നൊരു യാചന… തലയ്ക്കുള്ളിൽ അനേകം വണ്ടുകളുടെ ഇരമ്പൽ… കണ്ണുകളിൽ ഇരുൾബാധിക്കുന്നു.. ബോധമണ്ഡലം മാഞ്ഞുപോകുന്നു. ഉളിയും ചുറ്റികയും കൈയ്യിൽ നിന്നും ഊർന്നുപോയി. ശരീരം ഭാരമില്ലാതെ ആകാശത്തിലൂടെ പറന്നുയരുന്നു. ചുറ്റും നക്ഷത്രക്കൂട്ടങ്ങൾ.. കൈകളിൽ ആരോ മുറുകെ പിടിച്ചിട്ടുണ്ടല്ലോ.. ഇത്.. ഇതവൾത്തന്നെ.. അപ്സരകന്യക.. സർവ്വാഭരണ ഭൂഷിതയായി.. അവളുടെ മന്ദഹാസത്തിൽ പൂനിലാവ് വിരിയുന്നു. തന്നെ പുല്കുവാനായിട്ടവൾ ചേർത്തുപിടിക്കുമ്പോൾ ശ്രാവണൻ ശബ്ദമുയർത്തി “നിർത്തൂ”…!!!
തലയ്ക്കുള്ളിലെ തിരയിളക്കം മെല്ലെ കേട്ടടങ്ങിയപ്പോൾ എല്ലാം പഴയപടി. തന്റെ കൈകളാൽ സൃഷ്ടിക്കപ്പെട്ടവൾ എന്നാലും ആദ്യം കാണും പോലെ അവൻ ആ രൂപത്തെ കൺചിമ്മാതെ നോക്കിനിന്നുപോയി.
മലരമ്പന്റെ വില്ലിനെ വെല്ലും പുരികങ്ങൾ അഴിച്ചിട്ട കേശഭാരം, ചുംബനം തേടുന്ന അധരങ്ങൾ, മനോഹരമായ നാസിക എന്തിന്റെയോ സൂചനപോലെ ഉയർന്നുനിൽക്കുന്നു. ദൃഷ്ടി തെളിയിച്ചിട്ടില്ലെങ്കിലും താമരയിതൾപോലെ വിടർന്ന കണ്ണുകൾ. ശംഖു കടഞ്ഞെടുത്തപോലെയുള്ള കഴുത്ത്, നഗ്നമായമാറിടത്തിൽ പൊൻകുടം കമഴ്ത്തിയതുപോലെ കുചങ്ങളും മുകുളങ്ങളും, ഒതുങ്ങിയ ഇടുപ്പും വിടർന്ന അരക്കെട്ടും.. അഴകാർന്ന നിതംബാഭയും നഗ്നമായ കണങ്കാലുകൾക്കുമുകളിൽ ഞൊറിയിട്ട ആടകൾ. ആലിലവയറിന് മാറ്റുകൂട്ടുന്ന പൊക്കിൾക്കൊടി. അവിടെ അല്പ്പംകൂടി മോടിപിടിപ്പിക്കേണ്ടിയിരിക്കുന്നു. ഈ സൃഷ്ടിചെയ്യുമ്പോൾ താനേതോ സ്വപ്നലോകത്തായിരുന്നുവോ… ശ്രാവണൻ ചെറിയ ഉളിയാൽ അവളുടെ പൊക്കിൾക്കൊടിയിൽ മൃദുവായി ഒന്നുതട്ടി.. ശ്യോ.. ഒരു ശീൽക്കാരം ഉയർന്നുവോ.. ഇനി മാളവികയെങ്ങാനും ആകുമോ.. അവൻ പണിശാലയുടെ വെളിയിൽ വന്നുനോക്കി. അവിടെ ആരുമില്ലായിരുന്നു.
രാത്രിയിൽ ശ്രാവണൻ കൊട്ടാരത്തിലെ ക്ഷേത്രത്തിന്റെ മുറ്റത്തെത്തി. കൂത്തമ്പലത്തിൽ ലാസ്യഭാവത്തിൽ നടന്നാമാടുന്ന ദേവദാസീ ശില്പം. തന്റെ മുത്തച്ഛന്റെ കരവിരുത്.. ജീവൻ തുടിക്കുന്ന രൂപം. എന്നാലും തന്റെ ശില്പത്തോളം വരില്ല.
പിറ്റേന്നു രാവിലെ ശ്രാവണൻ ആരും കാണാതെ രഹസ്യമായി ആ പച്ചിലക്കൂട്ടുകൾ ശേഖരിച്ചു. അഞ്ചുതരം പച്ചിലകൾ അവ വെള്ളോട്ടു പാത്രത്തിലിട്ട് അരച്ചെടുക്കുന്ന പച്ചിലച്ചാർ ശിലാവിഗ്രത്തിൽ തേച്ചു പിടിപ്പിച്ചു നാഴികകൾ കഴിയുമ്പോൾ രാമച്ചത്താൽ തിരുമ്മി കുളിപ്പിക്കുന്ന സമയം ഉളിപ്പാടുകൾ മാഞ്ഞുപോകും. മേനി മൃദുവാകും. ഇത് തലമുറകളായി കൈമാറിവരുന്ന രഹസ്യവിദ്യ.
ഒരു സാധകം പോലെ ശ്രാവണൻ ആ ജോലി തുടർന്നുകൊണ്ടേയിരുന്നു അപസ്സരസിന്റെ അംഗപ്രത്യഗം.. പച്ചിലചാറുകൊണ്ട് ഉഴിഞ്ഞു. അവന്റെ മനസ്സിൽ ഇപ്പോൾ പണിശാല ഇല്ല ഭൂമിയില്ല കാതുകളിൽ അവ്യക്തമായി കേൾക്കുന്ന അവളുടെ ഞരക്കങ്ങൾ മാത്രം. മാറിടങ്ങളെതഴുകുമ്പോൾ അവ്യക്തമായി അവൻ കേട്ടു.. “ശ്യോ.. പതുക്കെ”
.
ഒരുനിമിഷം ശ്രാവണൻ ഞെട്ടി പുറകോട്ടുമാറുവാൻ ശ്രമിച്ചു. ഇല്ല., തനിക്കതിനാകുന്നില്ല… അവളുടെ കൈകൾ തന്നെ വട്ടംചുറ്റിയിരിക്കുന്നു. തയ്ക്കുള്ളിൽനിന്നും അഗ്നിവലയങ്ങൾ.. അത് ചെറുതിൽ നിന്നും വലിയവയായി.. പുറത്തേക്കുവന്ന് തന്നെ വലയം ചെയ്യുന്നു.. ചലിക്കുവാനാകുന്നില്ല..”വിടൂ.. ” അവൻ അലറിവിളിച്ചു.. ഒരുനിമിഷം.. ബോധമനസ്സ് മെല്ലെയുണർന്നു.. ഇല്ല എല്ലാം തോന്നലുകൾ മാത്രം.. കിതപ്പോടെ അവൻ തറയിലേക്കിരുന്നു
മദ്ധ്യാഹ്നം കഴിഞ്ഞപ്പോൾ മിനുക്കുപണികൾ പൂർത്തിയായി. ഇനി ദൃഷ്ടി ഇടുന്ന കർമ്മം മാത്രം ബാക്കി. അവന് സ്വയം അഭിമാനം തോന്നി. മുത്തച്ഛന്റെ ശില്പത്തെക്കാൾ കേമമായിട്ടുണ്ട്. ദേവന്ദ്രൻ പോലും കണ്ടാൽ മോഹിക്കും ഇവളെ.
ദൃഷ്ടി ഇടുവാൻ മനസ്സിനുള്ളിൽ ശക്തമായ പ്രേരണ തോന്നുന്നു. മുഹൂർത്തതിന് മുൻപ് അങ്ങനെ ചെയ്താൽ.. വരുന്നത് വരട്ടെ ഇപ്പോൾ ഇവിടെ ആ കർമ്മം നടക്കണം.. ശ്രാവണൻ ചെറിയ ഉളിയും ചുറ്റികയും കയ്യിലെടുത്തു. അൽപനേരം അപ്സരകന്യാ വിഗ്രഹത്തിന് മുൻപിൽ ധ്യാനനിമഗ്നനായി നിന്നു. കുണ്ഡലനിയെ സഹസ്രാരത്തിൽ ധ്യാനിച്ച് മനസ്സ് ഏകാഗ്രമാക്കി. പിന്നെ അവളുടെ ഇരുമിഴികളിലും ഓരോ ചെറിയ തട്ട്.. സൂര്യശോഭയോടെ ആ കണ്ണുകൾ വിടരുന്നു, മൃദു മന്ദഹാസത്തോടെ. ആ കണ്ണുകളുടെ പ്രകാശം താങ്ങുവാനാകാതെ ശ്രാവണൻ തന്റെ കണ്ണുകൾ ഇറുകെയടച്ചു.
സായഹ്നമായിട്ടും ശ്രാവണൻ പുറത്തേക്കുവരാതെയായപ്പോൾ എല്ലാവരും പരിഭ്രമിച്ചു. സനകേശൻ പണിശാലയിലേക്ക് ചെന്നു. അവിടെ വെറുംതറയിൽ ഏതോ മായാലോകത്തിലെന്നപോലെ കിടന്ന ശ്രാവണനെ വെളിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പുറത്തുവന്നപ്പോൾ അവൻ അമ്മാവന്റെ കൈകൾ തട്ടിമാറ്റി മെല്ലെ കുളത്തിന്നരികിലേക്ക് പിൻരിഞ്ഞുനടന്നു. അവന്റെ തോളറ്റം നീണ്ട മുടിയിഴകൾക്കിടയിലൂടെ അരിച്ചിറങ്ങി വരുന്ന അസ്തമയസൂര്യന്റെ കിരണങ്ങൾ. അഗ്നികുണ്ഡത്തിൽ നിന്നുമുയരുന്ന ജ്വാലകൾ പോലെ. ആ പോക്കുകണ്ട് മാളവിക പൊട്ടികരഞ്ഞുകൊണ്ട് അവളുടെ പിതാവ് സനകേശന്റെ തോളിലേക്ക് ചാഞ്ഞു. എല്ലാം കൈവിട്ടുപോയിരിക്കുന്നു കുട്ടീ.. അദ്ദേഹത്തിന്റെ വാക്കുകളിൽ ദുഃഖം അലയടിച്ചു.
രാത്രി.. ശ്രാവണൻ ഉദ്യാനത്തിന്റെ കൽക്കെട്ടിൽ ആകാശത്തേക്ക് കണ്ണും നട്ടുകിടന്നു. ഇനി രണ്ടുനാൾ കഴിഞ്ഞാൽ പൗർണ്ണമി. ചന്ദ്രന്റെ രൂപപരിണാമം അതാണ് സൂചിപ്പിക്കുന്നത്. ആകാശം നിറയെ നക്ഷത്രങ്ങൾ. എന്തോ ഒരു ക്ഷീണം. അവൻ മെല്ലെ മയക്കത്തിലാണ്ടു. ഒരു കുളിർകാറ്റുകടന്നുവന്നു, രാമച്ചത്തിന്റെ സുഗന്ധവുമായി..
ആരോ കാലുകളിൽ മെല്ലെ തഴുകുന്നു. മൃദുലമായ ഒരു തലോടൽ. ആരോ തന്നിലേക്കമരുന്നു പിന്നെ തന്റെ ചുണ്ടുകളെ ആ ആധരങ്ങളാൽ ബന്ധിക്കുന്നു. അതെ അവൾ അപ്സ്സര കന്യ. ഇലച്ചാറുകളാൽ താൻ മൃദുവാക്കിയ കുചഭാരം നെഞ്ചിലേക്കമരുമോൾ ശ്രാവണൻ അവളെ ബലമായി പിടിച്ചക്കറ്റി. “നിർത്തൂ.. ഞാൻ നിന്റെ പിതാവാണ് നിനക്ക് രൂപവും ജീവനും പകർന്നുതന്നവൻ. എന്നെ കാമിക്കുവാൻ പാടില്ല. അത് നിനക്കാപത്താണ്.. ശില്പിക്ക് നിന്നെ വീണ്ടും ശീലയാക്കി മറ്റുവാനുമറിയാം”
അതു കേട്ട് അവൾ പറഞ്ഞു. “അല്ലയോ ശ്രാവണാ… അങ്ങയുടെ ഉപാസനയിലൂടെ അങ്ങെനിക്ക് ജീവൻ നൽകി. എന്നാൽ ഞാൻ എങ്ങനെ അങ്ങയുടെ മകളാകും. അങ്ങയുടെ രേതസ്സിനാലല്ല ഞാൻ ജനിച്ചത്. ഉറങ്ങിക്കിടന്ന എന്നെ കല്ലിൽ നിന്നും കണ്ടെടുത്തത് അവിടുത്തെ കർമ്മം ജീവൻ പകർന്നത് അങ്ങയുടെ ഇച്ഛ. ജീവന്റെ കിരണങ്ങൾ പകർന്നു നൽകി അങ്ങ് എന്നെ ഉണർത്തിയപ്പോൾ ഞാൻ ആദ്യമായ് കണ്ടത് ഈ മോഹനരൂപം. ഇലച്ചാറുകൊണ്ടെന്നെ തഴുകുമ്പോൾ ഞാൻ അനുഭവിച്ചത് പിതൃവാത്സല്യമല്ല മറിച്ച് കാമത്തിന്റെ പ്രസരണം. എന്നെ വീണ്ടും ശിലായാക്കിയാൽ അങ്ങും ശിലയായിമാറും കാരണം അങ്ങയുടെ അർദ്ധപ്രാണനാണ് ഇപ്പോൾ എന്നിലുള്ളത്. നമ്മൾ ഒന്നാണ് വരൂ എന്നെ സ്വീകരിക്കൂ..” പ്രജ്ഞയറ്റവനെപ്പോലെ ശ്രാവണൻ കിടക്കുമ്പോൾ അവൾ അവനെ ഗാഡമായി പുണർന്നു.
പെട്ടന്ന്.. ഇടിമുഴക്കം പോലെയൊരു ശബ്ദം ഉയർന്നു.. ” ഹേ.. രാജശിൽപീ.!!!. ശാസ്ത്രവിധികളെ ലംഘിച്ച് താങ്കൾ ചെയ്യുന്ന ഈ നീചകർമ്മത്തിന് ശിക്ഷ അനുഭവിച്ചേ മതിയാകൂ. ഇന്ദ്രസദസ്സിലെ അപ്സ്സരസിനെ സ്വയം സൃഷ്ടിച്ച് അവളെ പ്രാപിക്കുവാൻ ശ്രമിച്ച നീ ശിലയായി മാറും. ഇവളിൽ നീ സന്നിവേശിപ്പിച്ച പ്രാണനെ നാം കൊണ്ടുപോകുന്നു.”
അടുത്ത നിമിഷം അവൾ തന്നിൽനിന്നും അകന്നകന്നു പോകുന്നതവൻ കണ്ടു. തന്റെ നേരെ നീട്ടിപ്പിടിച്ചിരിക്കുന്ന കൈകൾ. കൈവെടിയരുതേ എന്ന യാചന.
ശ്രാവണൻ ഒരു കൊടുങ്കാറ്റുപോലെ പണിശാലയിലേക്ക് പാഞ്ഞു. ഇല്ല അവൾ. തന്റെ അപ്സരസ്സ് അവിടെത്തന്നെയുണ്ട്.. ഭ്രാന്തമായ ആവേശത്തോടെ അവൻ അവളെ തന്റെ കൈകളിൽ കോരിയെടുത്ത് ചുമലിൽ കിടത്തി ക്ഷേത്രനടയിലേക്ക് പാഞ്ഞു. അവിടെ കൂത്തമ്പലത്തിനു സമീപമുള്ള പീഠത്തിന് മുകളിൽ ശ്രാവണൻ ഇരുന്നു. പൂനിലാവിൽ കുളിച്ചുനിൽക്കുന്ന ദേവദാസീ രൂപം… അവനിൽ വല്ലാത്ത പിരിമുറുക്കം സൃഷ്ടിച്ചു. മനസ്സിന്റെ ബോധമണ്ഡലം മാഞ്ഞുപോയിരുന്നു..
തന്റെ അപ്സരസ്സിനെ അവൻ അരുമയോടെ മടിയിൽ കിടത്തി. കൽവിളക്കിന്റെ പൊൻപ്രഭയിൽ അവർ നാഗങ്ങളെപ്പോലെ പുളയുമ്പോൾ.. ഒരു മിന്നൽപ്പിണർ അവർക്കുമേൽ പതിച്ചു. പിന്നെ ക്രമേണ ചലനശേഷി നശിച്ചു..
ശ്രാവണൻ എഴുന്നേൽക്കുവാൻ ശ്രമിച്ചു… ഇല്ല അതിനാകുന്നില്ല. ശരീരങ്ങൾ തമ്മിൽ ഒട്ടിച്ചേർന്നു പോകുന്നു. ജീവചേതനയുടെ ശിലയിലേക്കുള്ള പരിണാമം..
കണ്ണിൽ.. കണ്ണിൽ.. നോക്കി ആലിംഗനബദ്ധരായിരിക്കുന്ന ആ രണ്ട് ശിലാ പ്രതിമകൾ. നൂറ്റാണ്ടുകളായി ഇന്നും ആ ക്ഷേത്രത്തിൽ മാറ്റമില്ലാതെ ഇരിക്കുന്നു. നഷ്ടസ്വപ്നങ്ങളുടെ പ്രതീകം പോലെ.