രാജപുരത്തെ കൊലപാതകം -അവസാന ഭാഗം

ചീഞ്ഞളിഞ്ഞ ഇലകൾക്കടിയിൽ അടങ്ങി ഒളിഞ്ഞിരുന്ന അട്ടകൾ എവരുടെയും കാലുകളിൽ ചോരപടർത്തി തൂങ്ങിയാടി. അറപ്പും വെറുപ്പും പേടിയുമായി പോലീസുകാർ അട്ടകളെ തട്ടിയകറ്റാനും പറിച്ചെറിയാനും നോക്കി.

“സർ ദാ….. ഇപ്പോൾ അവയെ കളയാം. പറിച്ചെറിയല്ലെ. അവയുടെ കൊമ്പുകൾ കാലിലിരിക്കും. അത് കാലിൽ പഴുപ്പുണ്ടാക്കും.” ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിളിച്ചു പറഞ്ഞു

പിന്നെ അവരുടെ കൈയിലുണ്ടായിരുന്ന സാനിറ്റൈസർ കാലുകളിലേക്ക് സ്പ്രേ ചെയ്തു. സാനിറ്റസറിൻ്റെ ലഹരിയിൽ മയങ്ങിയ അട്ടകൾ ജീവസറ്റ പോൽ താഴെ വീണു.

മുകളിലേക്കുള്ള യാത്ര മൂന്ന് കിലോമീറ്ററോളമായി. വനത്തിൻ്റെ ഇരുളിമ കുറഞ്ഞ് വന്നു മുന്നിൽ പുൽമേടുകളുടെ തെളിച്ചം രാവിലെയാണെങ്കിലും മുകളിലേക്കുള്ള നടപ്പ് ആയാസകരമായി. സഞ്ചാരികൾക്കായി പണി കഴിപ്പിച്ചിട്ടുള്ള ഇരുമ്പ് കൈവരികളിൽ പിടിച്ചു നിന്നും മരച്ചുവട്ടിലെ ഇരുമ്പ് ബെഞ്ചുകളിൽ ഇരുന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ കരുതിയിരുന്ന വെള്ളവും ബിസ്കറ്റും കഴിച്ചും ക്ഷീണമകറ്റി ‘മുകളിലേക്ക്.

മഞ്ഞിൻ്റെ കുളിർമ്മയ്ക്കപ്പുറം പുൽമേടുകളുടെ മനോഹര കാഴ്ച കോട പുതച്ച മലനിരകൾ ചരവുകളിൽ താഴേക്ക് താഴേക്ക് വളർന്ന് പോകുന്ന വനത്തിൻ്റെ പച്ചപ്പ്
. അങ്ങ് താഴെ മരങ്ങളിൽ പൂത്തുവിടർന്ന പൂക്കളുടെ സ്വപ്നലോകം. സൂര്യൻ്റെ നേർത്ത തെളിച്ചത്തിൽ വനഭൂമിയാകെ പൂത്തുലഞ്ഞ കാഴ്ച . പുൽമേടുകളെ പകുത്ത് മാറ്റി കല്ലും മണ്ണും പാറയും നിറഞ്ഞ ചെറുവഴിയിലൂടെ മുന്നിലെ ഓരോ മലയും കടന്ന് ഒന്നു തെന്നിയിൽ താഴേ കൊക്കയുടെ അഗാധതയിലേക്ക് മറയുന്ന നടപ്പുവഴിയിലൂടെ മെല്ലെ അവർ നടന്നു. മുന്നിൽ ആവി നിറഞ്ഞ ആന പിണ്ടം. ആനകൾ ചവിട്ടി മെതിച്ച് കടന്ന് പോയ വഴികൾ. മലഞ്ചെരിവിലൂടെ താഴെ വനത്തിലേക്കിറങ്ങുന്ന ആനക്കൂട്ടങ്ങളെ നേർത്ത മഞ്ഞിൻ്റെ ഉള്ളിലൂടെ കാണാം.

ഈ പുൽമേടിൽ എവിടെയെങ്കിലും അവൻ …ജോസുണ്ടാകുമോ അയാൾക്ക് ഒളിച്ചു കഴിയാൻ ഈ മലയെ കണ്ടുള്ളോ. എപ്പഴും തൊട്ടുപോകുന്ന മഞ്ഞിൻ കൂട്ടങ്ങളിൽ കുളിർന്ന് പോകുന്നു .
“അതെന്താ ആ മലയിൽ ആനക്കൂട്ടം പോലെ? “
“അതാണ് സാർ ഹിൽ ടോപ്പ് മലനിരകൾ “

ഇറങ്ങിയും കയറിയും എറെ നടന്ന് ആയാസപ്പെട്ടാണ് എല്ലാവരും ആകാശത്തെ തൊട്ടു നിൽക്കുന്ന ആ വലിയപാറയ്ക്ക് മേൽ കയറിയത്. എത്ര മനോഹരകാഴ്ച ദൂരേക്ക് കുടക് മലനിരകൾ
ആഴങ്ങളിൽ നേർവര പോലെ പയസ്വനി. മഞ്ഞും മരങ്ങളും മലകളും വനങ്ങളും മഞ്ഞിൽ പുതഞ്ഞ വനഭൂമികളും എല്ലാം താഴെ താഴെ. ഇവിടെ തൊട്ടു ചേർന്ന് കൈവിരൽ തുമ്പിൽ ആകാശം മാത്രം . മുഖത്തുരുമ്മി കടന്ന് പാറി പോകുന്ന മഞ്ഞിനിടയിലൂടെ ആകാശത്തെ തൊട്ട് നോക്കാൻ കൊതി തോന്നി. താഴെ അങ്ങ് താഴേക്ക് കാഴ്ചയില്ല. പെരുവിരൽ തുമ്പിൽ ഒരു വിറയൽ. ഹോ …. കാലൊന്ന് തെന്നിയാൽ പ്രാണൻ താഴേക്ക് താഴേക്ക് മലയുടെ അഗാധതയിലേക്ക് പോകും. ജോസ് അയാൾ ഇവിടെ നിന്തെങ്ങാനും താഴേക്ക് ചാടിയിരിക്കുമോ?.

വെറുതെ അവിടെയെല്ലാം ഒന്ന് നോക്കി. അയാൾ വന്നതായി തെളിവൊന്നുമില്ല. ഇനി മടങ്ങാം. മലയുടെ മറ്റൊരു ഭാഗത്ത് കൂടീ താഴേക്ക്. മുന്നിലെ വിശാലമായ പുൽപ്പരപ്പിനെ തണുപ്പിച്ചു നിന്ന കോട ചെറു കാറ്റിൽ താഴേക്ക് പോയി.

“അതെന്താണ് കുളമോ?”

“അത് മൃഗങ്ങൾക്ക് വെള്ളം കുടിക്കാനുള്ള മഴ വെള്ള സംഭരണിയാ”

മിക്കവാറും വൈകിട്ടും രാത്രിയുമൊക്കെ ആനകൾ വരും. പുൽമേട്ടിൽ കെട്ടി നിർത്തിയിരിക്കുന്ന ചെളിവെള്ളം ആനകളുടെ കാലടികൾ പതിഞ്ഞ ചെളികുണ്ട് ഉഴുതുമറിച്ച പോൽ . പുൽമേട് രാത്രിയിൽ ആനകൾ വന്ന് പോയിട്ടുണ്ടാകും.

“അതെന്താ മലഞ്ചെരുവിൽ ഒരു ഷെഡ് ?”

” അത് സഞ്ചാരികൾക്ക് മഴ നനയാതെ കയറി നിൽക്കാനും കാറ്റു കൊള്ളാനും ഇരിക്കാനും മറ്റും തയ്യാറാക്കിയ ഷെൽട്ടറാണ് സർ. “

തകര ഷീറ്റ് കൊണ്ട് നിർമ്മിച്ച ഷെഡ്. ചുറ്റിലും ചെറിയ കിടങ്ങ് അത് കടന്ന് പോകാൻ ചെറിയ മരപ്പാലം. എന്ത് കൊണ്ടോ ആനകൾ അത് നശിപ്പിച്ചിട്ടില്ല .

” ഹോ….. സർ ദാ… ഇവിടെ”

“എന്താണ് ?”

” ജോസ്, ജോസാണ് സർ”

തകര ഷെഡിൻ്റെ കോലായിൽ കയർത്തുമ്പിൽ ഊയലാടി ജോസ്. മരണത്തിൻ്റെ തണുപ്പിലും കോടമഞ്ഞിൻ്റെ കുളിർമ്മയിലും തണുത്തുറഞ്ഞ് സാംസൺ അന്വേഷിച്ച കേസിലെ പ്രതി. റാണിപുരത്തെ മറ്റൊരു കാഴ്ചയായ്, രാജപുരത്തെ കൊലപാതക കേസിൻ്റെ അവസാന കാഴ്ചയായ് മുന്നിൽ.

(അവസാനിച്ചു)

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.