
ആ രാത്രി, കത്തിയെരിയുന്ന ചവറുകൂനക്കുള്ളിൽ നാണപ്പൻ മൃതശരീരം കണ്ടെത്തിയ ആ രാത്രി, ആ രാത്രിക്ക് മുമ്പുള്ള സമയങ്ങളിൽ തൻ്റെ കടയിൽ വന്ന് പോയവരെ കടക്കാരൻ പതിയെ ഓർത്തെടുത്തു. വന്നു പോയവരെ വരച്ചെടുക്കുന്നതുപോലെ ഓരോരുത്തരെയും കുറിച്ച് സാംസൺ ചോദിച്ച് മനസിലാക്കി.
അന്ന് നേർത്ത മഴച്ചാറ്റലിനൊപ്പം മലനിരകളിറങ്ങി ഇരുട്ട് പനത്തടിയിലെ കാഴ്ചകൾ മറച്ച്തുടങ്ങിയ സമയം. ഇനി ആരു വരാൻ എന്ന് കരുതി കട അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് മഴ നനച്ച ഇരുട്ട് വഴിയിലൂടെ ആ ജീപ്പ് വന്നത് .
‘ചേട്ടാ ഒരു തോർത്ത്’
പനമ്പാറയിലെ ജോഷിയാണ്. മുന്നിലെ സീറ്റിലിരിക്കുന്നതാരാണ്, സണ്ണിയാണോ ? ജീപ്പ് കടയുടെ മുന്നിൽ നിന്ന് അൽപ്പം നീക്കി നിർത്തിയിട്ടാണ് ജോഷി വന്നത്. പനത്തടിയിൽ ജീപ്പ് ഓടിക്കുന്ന വാഴഞ്ചേരിയിലുള്ള ജോഷിയെ അറിയാം. മറ്റതാരാണ് ? ജീപ്പ് നിർത്തുന്നതിനു മുമ്പ് ഒരു നോട്ടമെ കണ്ടുള്ളു. ജോഷിയുടെ കൂട്ടുകാരൻ സണ്ണിയാണോ?.
സാംസണ് ആ അറിവുകൾ ധാരാളമായി. ആ കടയിൽ അന്ന് വന്ന ഓരോരുത്തരെയും കണ്ടെത്തണം. പ്രത്യേകിച്ച് ജോഷിയെ, പിന്നെ കൂട്ടുകാരൻ സണ്ണിയെ .
വാഴഞ്ചേരി അത്ര അധിക ദൂരത്തോന്നുമായിരുന്നില്ല. മാണത്ത് മലയുടെ താഴ്വാരങ്ങളിലെ പച്ച പുതച്ച ഒരു ഗ്രാമം. കൃഷിയിടങ്ങളെ പകുത്ത് ഉള്ളിലേക്ക് പാകമാകാത്ത ഒരു ജീപ്പ് റോഡ്. വേലിയിൽ നിന്ന് വളർന്നിറങ്ങിയ കമ്പുകൾ ഇടയ്ക്കിടെ കാഴ്ച മറയ്ക്കുന്ന വഴി എത്തി നിൽക്കുന്നത് മലയുടെ ചരിവിലെ കുറെ വീടുകൾക്ക് മുന്നിലേക്കാണ്. ശീമക്കൊന്നകൾ അതിര് തിരിച്ച ഇടവഴി കേറി ചെല്ലുന്നത് ജോഷിയുടെ വീടാണ്.
ഇപ്പോൾ നമ്മൾ അവിടേക്ക് പോകണ്ട. അയാൾ അവിടെ ഉണ്ടോ എന്നറിയണം. ഉണ്ടെങ്കിൽ സ്ഥലം വിട്ട് പോകാതെ നോക്കണം. മഫ്ടിയിൽ ഉള്ളയാൾ അന്വേഷിക്ക്. പോലീസാണെന്നറിയരുത്. സാംസൻ്റെ നിർദ്ദേശം.
ജോഷി, ഇവിടാരുമില്ലെ ?
ശബ്ദം കേട്ടിറങ്ങി വന്ന ജോഷിയുടെ ഭാര്യ എൽസി , ജോഷിയെ അന്വേഷിച്ചെത്തിയ പരിചിതനല്ലാത്ത കൂട്ടുകാരനോട് അയാൾ കാഞ്ഞങ്ങാടിന് ഓട്ടം പോയെന്ന് പറഞ്ഞു. നാലു ദിവസമായി പോയിട്ട് . കുറച്ചു മുകളിലായുള്ള സണ്ണിയുടെ വീട്ടിൽ അമ്മ മാത്രമേയുള്ളൂ . സണ്ണി രണ്ടു മാസമായി ആലപ്പുഴയിലെവിടെയോ സെക്യൂരിറ്റി ജോലിയിലാണെന്നും പറഞ്ഞു .
ജോഷിയേയും സണ്ണിയെയും കണ്ടെത്തണം.
എല്ലാ വഴികളും അടഞ്ഞപ്പോഴാണ് നാണപ്പനിൽ നിന്ന് കിട്ടിയ കവർ ഒരു വെളിച്ചമായി മുന്നിലേക്ക് എത്തിയത് . ആ കവർ ചെന്നെത്തിയത് ജോഷിയെന്ന ജീപ്പ് ഡ്രൈവറിലേക്കാണ്. അയാൾക്ക് എന്തെങ്കിലും പങ്കുണ്ടാവുമോ? അയാളെ കണ്ടെത്തണം. സാംസൻ്റെ ചിന്തകൾക്ക് മേലെ മലനിരകൾ ഇറങ്ങി വന്ന തണുപ്പ് കൂടുകൂട്ടി.
രാജപുരത്തെ ഡ്രൈവർമാർ മംഗലാപുരത്തേക്കും കുടകിലേക്കും കാഞ്ഞങ്ങാട്ടേക്കും ഓട്ടം പോകുന്നത് പതിവാണ്. പലരും ദിവസങ്ങൾക്ക് ശേഷമാവും മടങ്ങി എത്തുക. അന്വേഷണത്തിൽ പനമ്പാറയിലെ ജോഷി ജീപ്പുമായി ഓട്ടം പോയിരിക്കയാണ്. ജോഷിയേയും സണ്ണിയേയും തിരക്കി പോയ പോലിസുകാർ രണ്ട് ദിവസമായ് ഓട്ടത്തിലാണ്. രണ്ട് പേരെയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. ജോഷിയുടെ ഫോൺ മൂന്ന് നാൾ മുമ്പ് മംഗലാപുരത്ത് സ്വിച്ച് ഓഫ് ആണ്. അയാൾ എവിടെപോയി?
ജോഷിയുടെ ഫോണിലെ കോൾ ലിസ്റ്റുകൾക്ക് നോക്കിയിരുന്ന സാംസണ് സണ്ണിയെ തിരക്കിപോയ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ എത്തി. സണ്ണിയെ കണ്ടെത്തിയില്ല. ആലപ്പുഴയിലും എറണാകുളത്തുമൊക്കെയായി സെക്യൂരിറ്റി ജോലി നോക്കുന്ന സണ്ണിക്ക് 40 വയസ്സായെങ്കിലും വിവാഹം കഴിച്ചിട്ടില്ല. അമ്മ മാത്രമെയുള്ളു വീട്ടിൽ . വല്ലപ്പോഴുമൊക്കെ വീട്ടിൽ എത്തുന്ന സണ്ണി അധിക നാൾ നാട്ടിൽ നിൽക്കാറില്ല. അന്വേഷണത്തിൽ സണ്ണി അടുത്ത നാളിലെങ്ങും നാട്ടിൽ എത്തിയിട്ടില്ല അയാളെ കണ്ടതായി നാട്ടിലെ ആരും പറയുന്നില്ല അയാളുടെ ഫോൺ നമ്പർ പോലും ആരുടെ കൈയിലുമില്ല. പിന്നെ ആ തുണിക്കടക്കാരന് സണ്ണിയെ കണ്ടതായി തോന്നിയതാവും.
ഇനിയെന്ത്?
ജോഷിയെയും സണ്ണിയെയും കണ്ടെത്താനായില്ല. ജോഷിയുടെ ഫോൺ കോളുകൾ പരിശോധിച്ചിട്ട് പ്രയോജനം കിട്ടിയില്ല. അന്വേഷണ പാളിപ്പോയോ ? വഴിയിൽ നിന്ന് കിട്ടിയ ഒരു കവറിൻ്റെ പുറകെ പോയത് വെറുതെ ആയോ? താൻ വന്നിറങ്ങിയ രാത്രിയുടെ ഇരുട്ടിൽ മരണപ്പെട്ടതാരാണ്? മരണപ്പെട്ടത് മദ്ധ്യവയസുള്ള ഒരാൾ. ശാസ്ത്രിയ പരിശോധന റിപ്പോർട്ട് അതാണ്. ശ്വാസം മുട്ടിയുള്ള മരണം. കൊന്നതാണ് ?
നല്ല നടപ്പിനാണ് തന്നെ ഈ മലനിരകളിലേക്ക് നാടുകാത്തിയത്. സാംസൺ എബ്രാഹാമിനെ നാടുകടത്തിയവർ തൻ്റെ ഈഅവസ്ഥ കണ്ടാൽ ചിരിക്കും. ഇല്ല, ഈ കേസ് താൻ തെളിയിക്കും. മരിച്ചവനെയും കൊന്നവനെയും കണ്ടെത്തും.
സാംസൺ സണ്ണിയെ അന്വേഷിച്ച് പോയ പോലീസുകാരെ വിളിച്ചു.
‘അത് കിട്ടിയോ ?’
‘കിട്ടി’
സാംസൻ്റെ ഫോണിലേക്ക് ഒരു മെസേജ് എത്തി.
സണ്ണിയുടെ ഫോൺ നമ്പർ.
(തുടരും….)









