
മരണപ്പെട്ടതാരെന്നറിയില്ല. കൊന്നതാരെന്നറിയില്ല. വാർത്തകളും വർത്തമാനങ്ങളുമായി രാജപുരം കൊലക്കേസ് എല്ലായിടവും നിറഞ്ഞു. ആ കുടിയേറ്റ ഗ്രാമത്തിൽ പറയത്തക്ക കുറ്റവാളികളാരും തന്നെയുണ്ടായിരുന്നില്ല. ചെറിയ അടിപിടി – കഞ്ചാവു കേസുകളിലും വാറ്റ് കേസുകളിലും പെട്ട് പ്രതികളായ ചിലർ. അവരെല്ലാം സ്റ്റേഷനിലേക്ക് വിളിക്കപ്പെട്ടു. ഓരോരുത്തരെയും സാംസൺ നന്നായി ചോദ്യം ചെയ്തു. ആരിൽ നിന്നും ഒരു വിവരവും കിട്ടിയില്ലെങ്കിലും ഒറ്റ ദിവസം കൊണ്ട് സാംസൺ എന്ന സി.ഐ പ്രശ്നക്കാരനാന്നെന്ന് രാജപുരം മുഴുവൻ ചർച്ചയായി. കൂർഗ് മലനിരകൾ കടന്ന് മാണത്ത് മലയിലേയും പഴയഞ്ചാൽ, ചുള്ളിക്കര, കല്ലാർ, കോഴിച്ചാൽ, പനത്തടിയിലേയും ഇടവഴികളെച്ചുറ്റി രാത്രികളിൽ രഹസ്യമായ് കടന്നുപോകുന്ന ജീപ്പുകളും ലോറികളും മറ്റു വാഹനങ്ങളും ഇപ്പോൾ കാണാറില്ല.
ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് അന്വേഷിച്ച് കർണ്ണാടകയിലെ അതിർത്തി പ്രദേശങ്ങളിലും റാണിപുരത്തും രാജപുരത്തെ ഗോത്രക്കുടിലുകളിലും പനത്തടിയിലും കല്ലാറിലുമെല്ലാം പോലീസ് അലഞ്ഞ് തിരിഞ്ഞു. ആരും ഇല്ല, ആരെയും കാണാതായിട്ടില്ല.
മുന്നിലെ ഇരുട്ടിനെ നാണപ്പൻ ഭയന്ന് തുടങ്ങിയിട്ട് നാലു ദിവസമായി. കണ്ണുകൾ അടയ്ക്കുമ്പോൾ വെന്തുരുകുന്ന പച്ചമാംസത്തിൻ്റെ മണമാണ് ചുറ്റിലും. ഇരുട്ടു വീണ കാഴ്ചയിൽ കണ്ണുകളറ്റ ഒരു മുഖം ഒളിച്ചിരിക്കുന്നതുപോലെ. രണ്ട് ദിവസം കഴിഞ്ഞാണ് പോലീസ് സ്റ്റേഷനിൽ നിന്ന് നാണപ്പനെ വിട്ടയച്ചത്. ആ സി.ഐ യുടെ കുനുഷ്ട് ചോദ്യങ്ങളിൽ താൻ കട്ട കാര്യങ്ങളെല്ലാം പറയേണ്ടി വന്നു. ഇടയ്ക്കിടെ നിരന്ന് നിൽക്കുന്ന കവുങ്ങിൻ തോട്ടങ്ങൾ മനസിലേക്കെത്തും . പഴുത്ത അടയ്ക്കകളുടെ കാഴ്ചകാണാൻ അയാൾ കണ്ണടയ്ക്കും. വീടിനുള്ളിലെ ഇരുപ്പ് ഒരു മടുപ്പായ് നാണപ്പന്. ഇനി അടുത്ത നാളുകളിലൊന്നും രാത്രി സഞ്ചരിക്കാൻ കഴിക്കുമെന്ന് തോന്നുന്നില്ല.
മാണത്ത് മലയുടെ മുകളിൽ വെയിൽപ്പാടുകൾ കുറഞ്ഞപ്പോൾ അയാൾ പുറത്തേക്കിറങ്ങി. എവിടെ പോകുകയാണെന്ന ഭാര്യയുടെ ചോദ്യത്തിന് അയാൾ ഉത്തരമൊന്നും പറഞ്ഞില്ല. കശുമാവിൻ തോട്ടത്തിനരുകിലെ നടപ്പ് വഴിയിലൂടെ മുകളിലേക്ക് നടന്നു. വലതുവശത്തേക്ക് തിരിഞ്ഞ് മലകടന്ന് താഴേക്ക് ഇറങ്ങി. പള്ളിയുടെ അരികിലേക്ക് പോകാൻ ആ പകലിലും അയാൾക്ക് പേടി തോന്നി.
മാണത്തു മലയിലെ കരിമ്പാറകൾ ചവിട്ടിക്കടന്ന് അയാൾ പടിഞ്ഞാറോട്ടു നടന്നു. മലഞ്ചെരിവിന് താഴെ തെക്കോട്ടു കിടക്കുന്ന പഴയ എസ്റ്റേറ്റ് പാത കാണാം. പാതയ്ക്ക് അങ്ങേയറ്റം നിറഞ്ഞ കൊക്കോ തോട്ടങ്ങളായിരുന്നു ഒരു കാലത്ത്. പഴുത്തു തുടത്ത കൊക്കോ കായ്കൾ പേറിയ ലോറികൾ മംഗലാപുരത്തേക്ക് പോകുമായിരുന്നു. കൊക്കോക്ക് വില കുറഞ്ഞ് എസ്റ്റേറ്റ് നശിച്ചു. കൂർഗ് മലനിരകളിൽ
നിന്നിറങ്ങി വന്ന കാട് കൊക്കോ തോട്ടങ്ങളെ വിഴുങ്ങി. വഴിയുടെ അങ്ങേ അറ്റം ചെന്ന് നിൽക്കുന്നത് പഴയ ബംഗ്ലാവിലേക്കാണ്. ആൾ താമസമൊഴിഞ്ഞ ബംഗ്ലാവിന് ചുറ്റും കാടുമൂടി പല ഭാഗങ്ങളും അടർന്ന് വീണു പഴകി പോയിരുന്നു. ബംഗ്ലാവിന് മുന്നിലെ റോഡ് കടന്ന് താഴേക്ക് പോയാൽ കുറെ കവുങ്ങിൻ തോട്ടങ്ങളുണ്ട്. ഇപ്പോൾ അടയ്ക്കകൾ പഴുത്ത് തുടങ്ങിക്കാണും. ആ ഭാഗത്തെങ്ങും ആരും ഉണ്ടാകാറില്ല. രണ്ട് കുല വെട്ടി എടുക്കണം. ആ ആവേശത്തിൽ നാണപ്പൻ വേഗം നടന്നു.
വളർന്ന് ഇറങ്ങിയ കാട് പഴയ നടവഴികളെ മറച്ചിരുന്നു. താഴെ മരങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ബംഗ്ലാവിൻ്റെ ഭാഗങ്ങൾ കാണാം. താഴേക്കിറങ്ങിയ നാണപ്പൻ പൊടുന്നനെ നിന്നു. പിന്നെ കാട്ടുപൊന്തകൾക്ക് പുറകിലേക്ക് അൽപ്പം മാറി താഴേക്ക് സൂക്ഷിച്ചു നോക്കി.
അവിടെ ഒരു ജീപ്പ് കിടപ്പുണ്ടോ? ഉണ്ട്. അത് തോന്നലല്ല. ആൾ താമസമില്ലാത്ത ഇടമാണ് ആരാണ് വണ്ടിയിവിടെ കൊണ്ടിട്ടിരിക്കുക. ആരെങ്കിലും ഉണ്ടോ ? തന്നെ ആരും കാണാതിരിക്കാൻ നാണപ്പൻ അവിടെ മറഞ്ഞ് ഇരുന്നു.
നാണപ്പന് അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല. കെട്ടിടത്തിനുള്ളിൽ നിന്നും രണ്ട് പേർ ജീപ്പിനരികിലേക്ക് വന്നു. അവിടെ നിന്ന് അവർ സംസാരിക്കുന്നത് വ്യക്തമായി കാണാം. ആരായിരിക്കും അവർ ? നാണപ്പൻ ഒന്ന് ഞെട്ടി വിറച്ചു. ആ രാത്രിയിലെ ജീപ്പിൻ്റെ ശബ്ദം ഉള്ളിലൂടെ പാഞ്ഞ് പോയി. കത്തിക്കരിഞ്ഞ മൃതശരീരത്തിൻ്റെ, മരണത്തിൻ്റെ മണം നാണപ്പനെ ചുറ്റി നിന്നു. ആത്മാവ് നഷ്ടമായതു പോലെ
അയാൾ തിരിഞ്ഞോടി.
പഴയ എസ്റ്റേറ്റ് ബംഗ്ലാവിൽ നാണപ്പൻ കണ്ട ജീപ്പും ആളുകളും കൊലപാതകവുമായി ബന്ധമുള്ളവരാണെന്ന് സാംസണ് ഉറപ്പായിരുന്നു. നാണപ്പൻ ആ വിവരം സ്റ്റേഷനിൽ വന്ന് പറഞ്ഞതിൽ അത്ഭുതം തോന്നി. സാംസൺ ആദ്യമായി നാണപ്പനെ അനുകമ്പയോടെ നോക്കി.
അവരെ പിടികൂടാനുള്ള ഒരുക്കങ്ങൾ വേഗത്തിലായിരുന്നു. മാണത്ത് മലയുടെ താഴെ പഴയ എസ്റ്റേറ്റ് ബംഗ്ലാവിലേക്കുള്ള വഴി പോലീസ് ജീപ്പുകൾ ഇട്ട് ബ്ലോക്ക് ചെയ്തിട്ട് അവിടെ രണ്ട് പോലീസുകാരെ നിർത്തി. ബാക്കിയുള്ളവരെകൂട്ടി മല കയറുമ്പോൾ അന്തിമയങ്ങിയിരുന്നു. കാട്ടുപള്ളകൾ വകഞ്ഞ് മാറ്റി നാണപ്പൻ കാണിച്ചു തന്ന വഴിയിലൂടെ അവർ നടന്നു. മലയുടെ നെറുകയിൽ കരിമ്പാറക്കൂട്ടങ്ങളിൽ കിടന്നിരുന്ന കുറുക്കന്മാർ അവരെ കണ്ട് മുകളിലെ കാടുകളിലേക്ക് ഓടി.
മലയുടെ ഇറക്കത്തിൽ വഴി കാണിച്ച് നാണപ്പൻ മുമ്പേ നടന്നു. കൈയിലെ ടോർച്ച് ലൈറ്റുകൾ തെളിക്കരുതെന്ന് സാംസൺ എല്ലാവർക്കും നിർദ്ദേശം നൽകി.
ബംഗ്ലാവിൻ്റെ ദൂരെ കാഴ്ച്ചകൾ കണ്ടുതുടങ്ങി. താഴെ നിന്ന് കാണാത്ത വിധം കാട്ടുപള്ളകൾക്കരികിലൂടെ ചെറു ചെറു സംഘങ്ങളായി അവർ താഴേക്ക് ഇറങ്ങി. ബംഗ്ലാവിനരികിലെ വളർന്ന് നിന്ന മാവിൻ്റെ മറവിൽ അൽപ്പ നേരം നിന്നു. നേരിയ ഇരുട്ട് വീണ മുറ്റത്ത് ഒരരികിലായ് നാണപ്പൻ പറഞ്ഞ ജീപ്പ് കിടപ്പുണ്ട്. അടുത്ത് ആരെയും കാണുന്നില്ല. ബംഗ്ലാവിനകത്ത് ഒരു ചെറിയ വെളിച്ചം. ഒരു തിരിനാളം ചലിക്കുന്നു . അവിടെ ആരോ ഉണ്ട്. സാംസൺ പതിയെ മുന്നോട്ട് നടന്നു. മറ്റ് പോലീസുകാർ സാംസനെ പിൻതുടർന്നു. ആ മുറിയിൽ കത്തിച്ചു വെച്ച മെഴുകുതിരി വെട്ടത്തിൽ രണ്ട് പേർ ഇരിക്കുന്നത് വ്യകതമായി കാണാം. മറ്റാരെങ്കിലും ഉണ്ടോ ?
സാംസൺ കൂടെയുള്ളവർക്ക് ചില നിർദ്ദേശങ്ങൾ കൊടുത്തു. പിന്നെ അതിവേഗത്തിൽ ആ മുറിയിലേക്ക് പാഞ്ഞു. ആ രണ്ട് പേർക്ക് ഒന്നു ചലിക്കാൻ’ കഴിയുന്നതിന് മുമ്പ് അവർ പിടിയിലായി കഴിഞ്ഞു . അവരിൽ നിന്ന് എതിർപ്പുകളൊന്നും ഉണ്ടായില്ല. രക്ഷപെടാൻ കഴിയില്ലെന്നവർക്ക് ഉറപ്പായി. പോലീസ് അവിടത്തെ എല്ലാമുറികളും അരിച്ചു പെറുക്കി. എന്നാൽ അവർ ഉപയോഗിച്ച കുറച്ചു വസ്ത്രങ്ങളല്ലാതെ മറ്റൊന്നും അവിടെന്നും കിട്ടിയില്ല. വഴിയിൽ നിർത്തിയിട്ടിരുന്ന ജീപ്പ് വിളിച്ചുവരുത്തി അവരെയും കൊണ്ട് പോലീസ് സംഘം സ്റ്റേഷനിലേയ്ക്ക് തിരിച്ചു.
മലനിരകളിറങ്ങി വന്ന കറുത്ത മേഘങ്ങൾ രാജപുരത്തിന് മേലെ മഴയായ് പെയ്തിറങ്ങി. രാജപുരം തണുക്കെ രാത്രി മുഴുവൻ മഴ പെയ്തു. മഴനനഞ്ഞ രാത്രിക്ക് ശേഷം രാജപുരം ഉണർന്നെഴുന്നേറ്റപ്പോഴേക്കും അതൊരു വാർത്തയായി കഴിഞ്ഞിരുന്നു. കുടുക്കുമലയിലെ കൊലപാതക കേസിലെ പ്രതികളെ പിടിച്ചു. പോലീസ് സ്റ്റേഷൻ വളപ്പ് ആളുകളെ കൊണ്ട് നിറഞ്ഞു. പ്രതികളെ കാണാൻ സ്റ്റേഷനകത്തേക്ക് ആളുകൾ എത്തി നോക്കി. രാവിലെ പ്രതികളെ കാണിക്കുമെന്ന് ആരോ പറഞ്ഞു .
സ്റ്റേഷന് പുറകിലെ ക്വാർട്ടേഴ്സിൽ നിന്ന് സാംസൺ സ്റ്റേഷനിലേക്ക് പോയി സാംസണെ കണ്ട് എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ അകന്ന് നിന്നു.
” ആള് പുലിയാ, എത്ര പെട്ടെന്നാണ് പ്രതികളെ പിടിച്ചത് ” ആളുകൾ അടക്കം പറഞ്ഞു.
( തുടരും…..)









