
ഖസാക്ക് വെറും ഒരു കഥയല്ല. കഥകളുടെ കൂടാരമാണ്. പ്രാക്തന വിശ്വാസങ്ങളുടെ ഒറ്റപ്പെട്ട തുരുത്ത്. അതിൽ അഭിരമിച്ചു കഴിയുന്ന മനുഷ്യരും ആത്മ സ്ഥലികളായ് മണ്ണും പ്രകൃതിയുംവരെ ഇതിഹാസതുല്യരാകുന്ന കഥ. മനുഷ്യകാമനകളുടെ ഒടുങ്ങാത്ത ചുഴിയിൽപ്പെട്ട് വ്യഥിതനായ് പാപക്കുരുതിയിലെ കളമൂട്ടലുകളായ് കൂട് മാറി കൂട് മാറി അലഞ്ഞ് കയറിവരുന്ന വെറും വഴിയാത്രക്കാരനാണ് ഖസാക്കിലെ ഏകാദ്ധ്യാപക വിദ്യാലയമായ ഞാറ്റുപുരയിലെ രവി എന്ന അധ്യാപകൻ. മലയാളിയുടെ വായനയിലെ ഒടുങ്ങാത്ത കരിമ്പനകാറ്റിനെ കുറിച്ച് മായ ബാലകൃഷ്ണൻ എഴുതുന്നു: രവി ആരുമല്ല ഖസാക്ക് ഒന്നുമല്ല, എന്നിട്ടും…
ഇത് വെറും ഒരു കഥയല്ല. കഥകളുടെ കൂടാരമാണ്. പ്രാക്തന വിശ്വാസങ്ങളുടെ ഒറ്റപ്പെട്ട തുരുത്ത്. അതാണ് ഖസാക്ക്. അതിൽ അഭിരമിച്ചു കഴിയുന്ന മനുഷ്യരും ആത്മ സ്ഥലികളായ് മണ്ണും പ്രകൃതിയുംവരെ ഇതിഹാസതുല്യരാകുന്ന കഥ. മനുഷ്യകാമനകളുടെ ഒടുങ്ങാത്ത ചുഴിയിൽപ്പെട്ട് വ്യഥിതനായ് പാപക്കുരുതിയിലെ കളമൂട്ടലുകളായ് കൂട് മാറി കൂട് മാറി അലഞ്ഞ് കയറിവരുന്ന വെറും വഴിയാത്രക്കാരനാണ് ഖസാക്കിലെ ഏകാദ്ധ്യാപക വിദ്യാലയമായ ഞാറ്റുപുരയിലെ രവി എന്ന അധ്യാപകൻ.

ആദ്യാവസാനം വരെ വായനക്കാർക്ക് പിടികൊടുക്കാതെ ഒരു മിതഭാഷിയുടെ ഭാവം പകർന്ന് രവി നടന്ന വഴികളിലൂടെ എഴുത്തുകാരൻ നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ്. വാക്കുകൾക്കും വരികൾക്കുമിടയിലെ അപ്രമേയ സാംഗത്യം അതായത് എഴുത്തിന്റെ അടവു നയം വായനയുടെ പുതുതലം സൃഷ്ടിക്കുന്നു ഖസാക്കിന്റെ ഇതിഹാസത്തിൽ.
1968 ൽ പുറത്തിറങ്ങിയ ഒ വി വിജയന്റെ ഈ പുസ്തകം മലയാളനോവൽ സാഹിത്യത്തെ ഇഴകീറി ഖസാക്കിനു മുൻപും ശേഷവും എന്ന് ഖ്യാതി കുറിക്കപ്പെട്ട ഒന്നാണല്ലോ. വായനക്കാരിൽ ഇതിഹാസതുല്യമായ ഭൂമിക പ്രതിഷ്ഠിച്ചു കൊണ്ട് ചെതലിയും മിയാൻ ഷേയ്ക്ക് തങ്ങൾ പള്ളിയും രവി ബസ് വന്നിറങ്ങുകയും തിരിച്ച് ഖസാക്ക് ഇറങ്ങി വരികയും ചെയ്ത കൂമൻ കാവ് അങ്ങാടിയും നടുമ്പറമ്പും ഏകാധ്യാപക വിദ്യാലയമായ ഞാറ്റുപുരയും ചൂളമടിക്കുന്ന കരിമ്പനക്കൂട്ടങ്ങളും തോട്ടിറമ്പിൽ പറന്നു നടക്കുന്ന തുമ്പികളും ഖസാക്കിൽ എങ്ങും നിറയുന്ന വാങ്കു വിളിയുടെ മുഴക്കവും ചിത്രതുല്യമായ് ഭാവനയിൽ പകർത്തി വച്ചു തരുന്നു ഈ പുസ്തകം.
കാലഘട്ടത്തിന്റെ മുദ്ര പതിച്ചു കൊണ്ട് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ വിത്ത് പാകുന്ന കഥാ സന്ദർഭങ്ങളും കോർത്തുവച്ചിട്ടുണ്ട് ഇതിൽ.

നിരക്ഷരരായ മനുഷ്യർ, ആ ഭൂമികയുടെ ഇതിഹാസതുല്യമായ കഥകളിൽ കുമിഞ്ഞ് കഴിയുന്നു. മതവും ജാതിസ്പർദ്ധയും കുനുകുനാന്ന് എങ്ങും കാണാം. എങ്കിലും വർഗ്ഗീയ കലാപങ്ങൾക്കൊന്നും ഇടകൊടുക്കാത്ത വെറും ഗ്രാമീണ കുന്നായ്മകൾ മാത്രമേ ആവുന്നുള്ളൂ അവ. പുതിയ സ്ക്കൂൾ വരുന്നതിനെതിരെയുള്ള ഖസാക്കിന്റെ മൊല്ലാക്കയുടെ തത്രപ്പാടുകൾ കണ്ടാൽ തന്നെ അറിയാം അതെല്ലാം അതിജീവനത്തിനായുള്ളത് മാത്രമായിരുന്നു എന്ന്.
നിഷ്കളങ്ക ബാല്യമായ കുഞ്ഞാമിനയും പ്രായത്തിനൊത്ത മനസോ ശരീരമോ കൈവന്നിട്ടില്ലാത്ത നാലു അമ്മമാരുടെ കിളിയായ ഖസാക്കിന്റെ അപ്പുക്കിളി; പുനർജ്ജനികളായ തുമ്പികളെ പിന്തുടർന്ന് കൈവിടാത്ത ബാല്യവും പേറി “ഏ്ത്തോ കത പറഞ്ഞു താടാ ഏ് ത്തോ ” എന്ന് ശിമ്മിഷ്ടം കൂട്ടി രവിക്കു പുറകേ നടക്കുന്ന ഖസാക്കിന്റെ അപ്പു ക്കിളി. ഖസാക്കിന്റെ സുന്ദരി കള്ളിപ്പാറുവായ മൈമൂന; ആബിദയെന്ന പാവം പെൺകുട്ടിയുടെ ജീവനിൽ കരിനിഴൽ വീഴ്ത്തി പുറംസൗന്ദര്യത്തിന്റെ മേച്ചിൽപ്പുറങ്ങളിൽ അവൾ തന്നെത്തന്നെ വീതിച്ചു കൊടുക്കുന്നു.
ദുഃഖ പുത്രിയായ് ചാന്തുമ്മയും മക്കൾ കുഞ്ഞു നൂറുവും ചാന്തു മുത്തുവും കണ്ണുകളെ ഈറനണിയിക്കുന്നു. എന്തു കിട്ടിയാലും ആദ്യം
“അത് തെ്ക്ക്ന് കൊടുക്ക്. തെ്ക്കൻ എന്ന് വലുതാവും ഉമ്മാ.” എന്ന് പറഞ്ഞ് തങ്ങളുടെ പ്രതീക്ഷയുടെ മുനകൂർപ്പിച്ച് ഇരിക്കുന്ന ഒരമ്മയും മകളും. വിശ്വാസങ്ങളുടെ വഴിയേ ചെതലിയുടെ താഴ്വാരങ്ങളിൽ എത്തപ്പെടുന്ന നൈജാമലിയെ മിയാൻ ഷേയ്ക്ക്ന്റെ പിൻഗാമിയെന്ന് മുദ്രകുത്തി മൊല്ലാക്ക കൂടെകൂട്ടുന്നു. അതിനുപിന്നിലെ പ്രചോദനം അവന്റെ ആകാരസൗകുമാര്യത്തെ ചൂഷണം ചെയ്യുക എന്നത് വളരെ ഗോപ്യമായി അവതരിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. തൊഴിലാളിയായും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും ആവേശം പൂണ്ടു അവസാനം പോലീസിന്റെ കമ്മ്യൂണിസ്റ്റ് അടിച്ചമർത്തലുകളിൽ വഴിപ്പെട്ട് വിശ്വാസത്തിലേക്ക് തിരിയുകയാണ് ഖസാക്കിന്റെ ഖാലിയാരായി സ്വയം പ്രഖ്യാപിക്കുന്ന നൈസാമലിയും.
ജന്മിയായ ശിവരാമൻ നായർ , രവിയുടെ സുഹൃത്താവുന്ന മാധവൻ നായർ, ചെത്തു തൊഴിലാളിയായ കുപ്പുവച്ചൻ, ദൈവപ്പുരയും മന്ത്രവാദവുമായി നടക്കുന്ന കട്ടാടൻ പൂശാരി. ഗോപാലു പണിയ്ക്കർ കഥാപാത്രങ്ങൾ ഓരോന്നും കാടിറങ്ങിയും നടുമ്പറമ്പത്തും തോട്ടുവക്കിലും അറബിക്കുളത്തിലും എല്ലാം കറങ്ങി നടക്കുന്നത് നമുക്ക് കാണാം. ബോധാനന്ദാശ്രമത്തിൽ നിന്നും സ്വാമിനിയുടെ കാവിയും ചുറ്റി ഇറങ്ങി എന്നു തുടങ്ങുന്നിടത്തു തന്നെ എഴുത്തിന്റെ മുഴക്കോൽ തെരുപ്പിടിപ്പിച്ചു കൊണ്ടുവരുന്നുണ്ട്. ഓണേഴ്സ് ബിരുദം പൂർത്തിയാക്കാൻ കഴിയാത്തതിന്റ്റെ കാര്യകാരണങ്ങളിലേക്ക് നമ്മൾ മുന കൂർപ്പിച്ചിരിക്കുമെങ്കിലും സ്ക്കൂൾ ഇൻസ്പെക്ഷനു വരുന്ന ഇൻസ്പെക്ടറുമായി സംസാരിച്ച് കൂമൻ കാവ് വരെ പിന്തുടരുമ്പോഴും അത് പൂർണ്ണമായും പിടിതരാതെ നമ്മെ തുടർന്നുകൊണ്ടിരിക്കും. ആകാംക്ഷക്ക് തിരികൊളുത്തി പദ്മയും ചിറ്റയും അച്ഛനുമൊക്കെ മാറിമാറി വന്നു പോകുന്നുണ്ട്. വിദേശ യൂണിവേഴ്സിറ്റിയിൽ ആസ്ട്രോ ഫിസിക്സിൽ ഗവേഷണത്തിനു അവസരം ലഭിച്ചിട്ടും പോകാതെ വഴിചുറ്റി തിരിയുന്നവന്റെ മാനസികാവസ്ഥ വീണ്ടും നമ്മെ പരിത്യക്തയാക്കുന്നു.
ദൈവപ്പുരയിൽ എത്തുന്നതും പതിയെ ആ മനസിന്റെ തിളമറിയലുകൾ വായനക്കാരിൽ പുതിയ ഭൂപടം തെളിയുകയായി. സൂരിയുടെ ആടിത്തിമർക്കലിൽ ജമന്തി പൂക്കുന്ന ഗന്ധത്തിൽ.. കുമിഞ്ഞുകൂടിയ ആസക്തികളിൽ.. മരണത്തിന്റെ ചാവേറുകൾ ഓരോന്നായി ചെതലിയുടെ താഴ് വരയിലൂടെ യാത്രയാകുമ്പോഴും, എഴുത്തിന്റെ അടവുകൾ സകലതും അടരുകളായ് വ്യഥിതനായ രവിയുടെ മനസ് തുറക്കുന്നു. ഒരിടത്തുപോലും ശ്ലീലത്തിന്റെ കെട്ടുപൊട്ടിക്കാതെയുള്ള എഴുത്തിന്റെ അടവുനയം.
മദ്യവും മദിരയും ആഘോഷമാക്കിയവനെ ഭാഷയുടെ സൗന്ദര്യശാസ്ത്രവും അളവു കോലും വച്ച് വാക്കുകളുടെയും പ്രയോഗശൈലിയുടേയും പൂമഴ പെയ്യിച്ച് മുടിചൂടാമന്നൻ ആകുന്ന നോവലിസ്റ്റ് കലാസൃഷ്ടിയെ ഉത്തുംഗശൃംഗത്തിൽ എത്തിക്കുന്നു.
വിളയാട്ടം എന്ന ഒറ്റ അധ്യായത്തിൽ എഴുത്തിന്റെ മാസ്മരികതയിൽ വായനക്കാരന്റെ നിധികുംഭം തുറക്കുകയാണ്. പാപക്കുരുതിയിൽ വീർപ്പുമുട്ടി രോഗാതുരനായി മയങ്ങി കിടക്കുന്ന അച്ഛന്റെ കാലുതൊട്ട് വന്ദിച്ച് മടക്കമില്ലാത്ത യാത്രയ്ക്ക് പുറപ്പെടുന്ന മകൻ. മന്ദാരത്തിന്റെ ഇലകൾ തുന്നിക്കൂട്ടിയ ആ പുനർജ്ജനിയുടെ കൂട്ടിൽ നിന്നും യാത്രയാവുന്നു.

എന്നിട്ടും ഒടുങ്ങാതെ സ്ത്രീയെ അറിയാൻ മാത്രമായി ജനിച്ചവൻ. പൂവായ് വിരിഞ്ഞ കുഞ്ഞാമിന വരുമ്പോൾ അറിയാതെ നമ്മളും ആ ആഴമളക്കലിന്റെ ഉൾഭയത്തിൽ ഇതിനെയെങ്കിലും നുള്ളല്ലേ എന്ന് കേണുപോകും. കുഞ്ഞാമിനയും വിളറി വിരിഞ്ഞ് നിൽക്കുന്ന ആബിദയും മാത്രമേ അവന്റെ ആഴക്കണക്കുകളിൽ കൂട്ടികൊരുക്കാതുള്ളൂ.
അവസാനം പെരുവിരൽ തുമ്പിൽ കാമ ആസക്തികളെ വിഷം കടിപ്പിച്ച് ഇറക്കുന്ന പുനർജ്ജനിയുടെ പുതിയ പന്ഥാവിലേക്കുള്ള വഴിതിരിക്കൽ അല്ലേ അത്. വെറും മരണമല്ല അത് രവി സ്വയം കണ്ടെത്തിയ മോക്ഷത്തിന്റെ വഴിയാണ്. കൗതുകത്തോടും വാൽസല്യത്തോടും പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയോടെ എന്നു പറയുമ്പോൾ ആ വിഷം ഇറക്കലിനെ മരണത്തോടുള്ള ആസക്തിയായി കാണണം. വായിൽ കാല്പടങ്ങൾ വച്ചു കൊടുത്ത് ഇത്ര നിസ്സംഗനായ് പുനർജജനിയുടെ കൂട്ടിലേക്ക് ഇറങ്ങി പോകാൻ അല്ലെങ്കിൽ കളംചാടാൻ വ്യഗ്രതപൂണ്ട മനസ്സിനേ കഴിയൂ.
പാലക്കാടൻ മണ്ണിന്റെ ആ ഭൂപ്രദേശത്തിന്റെ ഭാഷയുടെ ഏങ്കോണിപ്പുകൾ വായനക്കാരെ കഷ്ടത്തിലാക്കുന്നുണ്ട് എന്നതും പറയാതെ വയ്യ. രവി ആരുമല്ല ഖസാക്ക് ഒന്നുമല്ല, എന്നിട്ടും എഴുത്തിന്റെ ഉൽകൃഷ്ട പഥത്തിൽ പുതിയ അദ്ധ്യായം കുറിച്ച എഴുത്തുകാരന്റെ കാഹളം ആയി മാറുന്നു അത്.
