അനന്തു പറഞ്ഞത് കേട്ട് തലയിലെന്തൊക്കെയോ മൂളിപ്പറക്കാനും കണ്ണിൽ ഇരുട്ട് കയറാനും തുടങ്ങിയപ്പോഴാണ് ഞാൻ ഫോൺ കട്ട് ചെയ്തത്. ദൈവമേ, കടലുകൾ താണ്ടിയിട്ടും ഇനിയും അവൻ..! കാനഡ ബ്രാംടൗണിലെ അവൻ്റെ അയൽക്കാരികളെയും സഹപ്രവർത്തകരെയുമെല്ലാം ദൈവം രക്ഷിക്കട്ടെ എന്ന് അറിയാതെ പ്രാർഥിച്ചുപോയി. കാർ എവിടെയെങ്കിലും ഒന്ന് നിർത്തണമെന്ന് ആഗ്രഹിച്ചെങ്കിലും പ്രളയത്തിൽപ്പെട്ടപോലെ വാഹനങ്ങളൊഴുകുന്ന ഷെയ്ഖ് സായിദ് റോഡിൽ അതിനൊരു വഴിയുമില്ലായിരുന്നു. മാത്രമല്ല, ഉച്ചയ്ക്ക് മുൻപ് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതിനാൽ എല്ലാ സംശയങ്ങളും ആശങ്കകളും സ്വയം നിയന്ത്രിച്ചുകൊണ്ട് ഞാൻ ആക്സിലേറ്ററിൽ വലതുകാല്‍പാദം ആഞ്ഞുപതിപ്പിച്ചു.
തുടർ യാത്രയിൽ മുഴുവൻ അനന്തുവിനെക്കുറിച്ച് മാത്രമാണ് ആലോചിച്ചത്. അപ്പോൾ എവിടെനിന്നോ മനസിൽ ഒരു ആരവം ഇരച്ചെത്തി. റാ അനന്തൂ, അസീസേ, ദിനേശാ, അനിലേ, കുഞ്ഞീ… എണേ എൽസമ്മേ, രമേ, അനസൂയേ, ഹസീനാ തുടങ്ങിയ പേരുകൾ അന്തരീക്ഷത്തിൽ അലയടിക്കുന്ന പോലെ.
നഗരത്തിൽ നിന്ന് ഏതാണ്ട് നാലഞ്ച് കിലോമീറ്റർ മാറി, സമരങ്ങളോ രാഷ്ട്രീയ മുദ്രവാക്യങ്ങളോ മുഴങ്ങാത്ത സ്കൂള്‍. തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്ന പത്ത് എ, ബി ഡിവിഷൻ ക്ലാസ് മുറികൾ. നഗരത്തിലെ വളരെ ചുരുക്കം ബസുകൾ മാത്രം വന്നുപോകുന്ന, ടാറിടാത്ത ബസ് സ്റ്റാൻഡിൽ നിന്നാണ് സ്കൂളിലേയ്ക്കുളള യാത്രാരംഭം. ചില ‘നല്ല’ ശീലങ്ങളുള്ളയാളായതിനാൽ അനന്തുവിനെ ഒഴിവാക്കി പോകാൻ ഞാനും അനിൽ ജോസും അനസൂയയും പലപ്പോഴും പണിപ്പെട്ടിരുന്നെങ്കിലും വൃഥാവിലായിരുന്നു. പഹയൻ ഞങ്ങൾക്ക് വേണ്ടി എത്ര നേരം വേണേലും അവിടെ കാത്തിരുന്നുകളയും. ബസ് യാത്രയിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടതൂർന്ന് നിന്ന് പരിഭവങ്ങളോ ഇഷ്ടക്കേടുകളോ ഇല്ലാതെ സൗഹൃദം പങ്കിടും. സ്കൂളിലേയ്ക്കുള്ള വഴിയോരത്തെ ഞങ്ങളുടെ സ്വപ്നക്കൂടാരമായ ഗവ.കോളജിലേയ്ക്ക് പോകുന്ന വിദ്യാർഥികളും ബസിലുണ്ടാകും. മഞ്ഞക്കൊട്ടാരത്തിന് മുൻപിലെ സ്റ്റോപ്പിൽ ബസ് നിർത്തുമ്പോൾ ആവേശത്തോടെ ഇറങ്ങിപ്പോകുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും അവിടെ മരത്തണലിൽ സൊറ പറഞ്ഞിരിക്കുന്ന ഇണക്കുരുവികളെയും വിദ്യാർഥി രാഷ്ട്രീയക്കാരെയും മറ്റും ആശയോടെ നോക്കും.
സ്ത്രീകൾ മാത്രം കയറാറുള്ള മുൻ വാതിലിലൂടെ മാത്രമേ അനന്തു ബസിൽ പ്രവേശിക്കുള്ളൂ. ഇനിയെങ്ങാനും പിന്‍ വാതിലിലൂടെ കയറിയാലും അവൻ തിരക്കിലൂടെ നുഴഞ്ഞുകയറി മുൻവശത്തെത്തും. കോളജ് കുമാരിമാരെ മുട്ടിയുരുമ്മി നിന്ന് കണ്ണിറുക്കിക്കൊണ്ട് അനന്തു എന്നെയും അനിലിനെയും വിളിച്ചു. ഞാനും അനിൽ ജോസും പിൻവശത്ത് അള്ളിപ്പിടിച്ച് നിൽക്കുകയായിരുന്നു. അനസൂയ ഡ്രൈവറുടെ സീറ്റിനോട് ചേർന്ന് സുരക്ഷിതയായി നിന്നു. റബർ ബാന്‍ഡിട്ട ഒരു കെട്ട് പുസ്തകം ഇരു കൈകളിലേയ്ക്കായി ഇടയ്ക്കിടെ മാറ്റി വേദനയകറ്റാൻ ശ്രമിക്കുമ്പോഴാണ് പുസ്തകങ്ങളൊന്നും കാര്യമായി എടുക്കാത്ത അനന്തുവിൻ്റെ പരാക്രമങ്ങൾ. ഞങ്ങൾ പതിവുപോലെ ഇല്ലെന്ന് പറഞ്ഞപ്പോൾ അവൻ പുച്ഛത്തോടെ മുഖം വക്രിച്ചു. ഒരിക്കൽ, കോളജിന് മുന്നിലിറങ്ങുമ്പോൾ ബിരുദത്തിനോ മറ്റോ പഠിക്കുന്ന ഒരു പാവാടക്കാരിയുടെ നിതംബത്തിൽ കൈകൊണ്ട് അമർത്തി അനന്തു പറഞ്ഞു:
‘റാ.. നല്ല പഞ്ഞിക്കെട്ട് പോലുണ്ട്റാ.’
അന്ന് ആ പെൺകുട്ടി ദഹിപ്പിക്കുന്ന നോട്ടം പായിച്ചപ്പോൾ അവൻ പതിവുപോലെ വലതുകൈയിലെ ചൂണ്ടുവിരൽ ഇൗമ്പിക്കൊണ്ട് കുടുകുടെ ചിരിച്ചു. പിറ്റേദിവസം അതേ സ്റ്റോപ്പിൽ അവനെ വലിച്ചിട്ട് ആ പെൺകുട്ടിയുടെ ആങ്ങളമാരും അവളുടെ സഹപാഠികളും പൊതിരെ തല്ലിയപ്പോൾ സ്കൂൾ വരെ നിലവിളിച്ചുകൊണ്ട് ഒാടേണ്ടി വന്നു, പാവത്തിന്. അതുകണ്ട് ഇരുനില കോൺക്രീറ്റ് കെട്ടിടത്തിലെ കുട്ടികൾ ആർത്തുചിരിച്ചു.
പിന്നീടൊരിക്കൽ, തുടർച്ചയായി രണ്ട് ദിവസം അനന്തുവിനെ സ്കൂളിൽ കാണാത്തപ്പോൾ എല്ലാവരും പരസ്പരം വേണ്ടതും വേണ്ടാത്തതും പറഞ്ഞ് രസിച്ചു. പത്താം ക്ലാസ് എ ഡിവിഷനിൽ പഠിക്കുന്ന, അവൻ്റെ അയൽക്കാരി അനസൂയയാണ് ഒടുവിൽ ആ രഹസ്യം എന്നോടും അനിൽ ജോസിനോടും മാത്രമായി പങ്കുവച്ചത്. മൂർച്ചയുള്ള എന്തോ ഉപയോഗിച്ച് ലവ് ചിത്രങ്ങളും പേരുകളും കോറിയിട്ട ആൽമരത്തിന് ചുവട്ടിലിരുന്ന് അനസൂയ എന്നും കൊണ്ടുവരാറുള്ള ഉണക്കമീൻ വറുത്തത് കൂട്ടി ഉൗണ് കഴിക്കുകയായിരുന്നു ഞങ്ങൾ.
‘റാ, ഞങ്ങൾടെ പൊരെ നിങ്ങ രണ്ടാളും കണ്ടാണല്ലോ.. ‘
ഞാൻ അതെയെന്ന് തലയാട്ടിയപ്പോൾ അനിൽ പതിവുപോലെ അനസൂയയെ ശുണ്ഠിപിടിപ്പിച്ചു:
‘എണേ, ഒണക്കമീൻ മാർക്കറ്റിന് അടുത്തല്ലേ… ഹോ, എന്തോരു നാറ്റാണെടീ ആടെ.’
‘പോറാ എരപ്പേ. എന്നിട്ട് അതേ ഒണക്കമീൻ നീയിപ്പോ നായേനെപ്പോലെ നൊണയുന്നല്ലോ..’
ദേഷ്യത്തിൽ അനസൂയയുടെ തടിച്ച പുരികങ്ങൾ ഒന്നായി. ആണ്‍കുട്ടികൾ പോലും മടിക്കുന്ന ‘പച്ചമലയാളം’ അവളുടെ വായിൽ നിന്ന് പ്രവഹിച്ചു. അവള്‍ പറയാൻ പോകുന്ന രഹസ്യം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആ വഴക്കുതീർക്കാൻ ഞാനിടപെട്ടു അവളെ കൂളാക്കി. കിട്ടാനുള്ളത് കിട്ടിയപ്പോ അനിലും നല്ല കുട്ടിയായി.
‘റാ.. നിങ്ങളിത് ആരോടേലും പറയ്യോ…?’
‘ഇല്ലെടീ.. സസ്പെൻസിടാതെ നീ കാര്യം പറി.’
‘റാ.. എൻ്റേം അനന്തൂൻ്റേം പൊരെ അടുത്തടുത്താന്നറിയാല്ലോ. ആടെ ഞങ്ങടെ കോമ്പൗണ്ടില് വേറേം കൊറേ പൊരേണ്ട്…’
അനസൂയ കുറച്ചുകൂടി അടുത്തേയ്ക്ക് നീങ്ങിയിരുന്ന് തുടർന്നു:
‘ആടെ ഞങ്ങൾടെ അയൽപ്പക്കത്തെ പൊരേലെ പെണ്ണുങ്ങൾ അയലിൽ ഒണങ്ങാനിടുന്ന അടിവസ്ത്രങ്ങള് എപ്പോളും കാണാതാവ്വായിരുന്നു. പിന്നെന്തായി.. കഴിഞ്ഞോസം രാത്രി കൊറേയാളോള് ഒളിഞ്ഞിരുന്ന് കള്ളനെ കൈയോടെ പിടിച്ച്.. ആരാന്നാ കള്ളൻ? മറ്റാര്, മ്മളെ അനന്തുമോൻ..’
ചിരിയമർത്താൻ പാടുപെട്ട അനിൽ ജോസിൻറെ തൊണ്ടയില്‍ ചോറുകുടുങ്ങി. അനസൂയ അവൻ്റെ തലയിൽ ഇടതുകൈകൊണ്ട് തട്ടിക്കൊടുത്തു.
‘എന്നിട്ട്..?’
‘എന്നിട്ടെന്ത്, ദേഹോം മുഴുവനും നീര് വച്ച് ഒാനിപ്പോ പൊരേല് കെടപ്പിലാന്ന് എൻ്റേട്ടൻ അമ്മയോട് പറേന്നെ കേട്ട് …’
ആ രംഗം ആലോചിച്ച് ഞങ്ങള്‍ക്ക് ചിരിയടക്കാനായില്ല. എങ്കിലും മറ്റാരോടും പറയേണ്ട, പ്രത്യേകിച്ച് അസീസിനോട് എന്ന് അനസൂയ ചട്ടംകെട്ടി.
രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് കുറച്ചുനാൾ മുൻപാണെന്ന് തോന്നുന്നു, ടൗണിൽ ഉണക്കമീൻ കച്ചവടം ചെയ്യുന്ന മൂത്ത ഏട്ടൻ്റെ കൂടെ ബജാജ് ചേതക് സ്കൂട്ടറിലാണ് അന്നു രാവിലെ അനന്തു സ്കൂളില്‍ എത്തിയത്. രാവിലെ ബസിൽ കാണാത്തതുകൊണ്ട് അവനെന്തു പറ്റിയെന്ന് പരസ്പരം ചോദിച്ചതാണ്. സ്കൂൾ ബ്യൂട്ടി രമാ നായർ ഒഴിച്ച് ക്ലാസിലെ പഠിപ്പിസ്റ്റുകളും പെൺകുട്ടികളും അനന്തുവിനെ മിസ്സ് ചെയ്തു. അനന്തുവിൻ്റെ ചേഷ്ടകൾ അവരെ അത്രമാത്രം രസിപ്പിച്ചിരുന്നു. ഞാനും അനിൽ ജോസും പുസ്തകങ്ങൾ ക്ലാസിൽ വച്ച് പുറത്തിറങ്ങി. പിന്നാലെ അനസൂയയും ഒാടിയെത്തി.
അനന്തുവും ഏട്ടനും ഹെഡ് മാസ്റ്ററുടെ മുറിയിലായിരുന്നു. ബെല്ലടിക്കാൻ ഇനിയും അരമണിക്കൂറോളമുണ്ട്. ഞങ്ങൾ പരിസരത്ത് ഒന്നുമറിയാത്ത പോലെ നിന്ന് അകത്ത് എന്താണ് നടക്കുന്നതെന്ന് ജനാലവിടവിലൂടെ കണ്ണും കാതും കൂർപ്പിച്ചു. പ്യൂൺ കുഞ്ഞബ്ദുല്ല അത് കണ്ടെങ്കിലും അതുകാര്യമാക്കാതെ എന്തോ ആവശ്യത്തിന് തിരക്കിട്ട് പോയി. എണ്ണയിൽ തിളങ്ങിയ കഷണ്ടിത്തലയില്‍ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തൂവാല കൊണ്ട് ഒപ്പിയ ശേഷം മേശപ്പുറത്തെ ഫയലിൽ നിന്ന് കുറേ തുണ്ടുകടലാസുകൾ പുറത്തിട്ടുകൊണ്ട് ഹെഡ് മാസ്റ്റർ ലൂക്കോ മാഷ് അക്ഷോഭ്യനായി അനന്തൂൻ്റെ ഏട്ടനോട് പറഞ്ഞു:
‘ഇതൊക്കെയൊന്ന് താൻ വായിച്ചു നോക്ക്.. വിവിധ ക്ലാസോളില് പഠിക്കുന്ന പെൺകുട്ട്യോള് കൊണ്ടുത്തന്നതാ. അതിലേ, അഞ്ചാം ക്ലാസിലെ ഒരു കുട്ടി തന്ന പേപ്പറൂംണ്ട്.’
ഏട്ടൻ ഒരു തുണ്ടെടുത്ത് വായിച്ചു. അയാളുടെ മുഖത്ത് രക്തം ഇരച്ചുകയറി. കട്ടിമീശ വിറച്ചു. അനന്തുവിനെ രൂക്ഷമായി നോക്കിയ ശേഷം അടുത്തതെടുത്ത് വായിച്ചു. അതോടെ നിയന്ത്രണം വിട്ട് അനന്തുവിൻ്റെ മുഖത്ത് ഉൗക്കനൊരു അടിവച്ചുകൊടുത്തു. കണ്ണിൽ പൊന്നീച്ച പാറിയിട്ടുണ്ടാകും, സ്കൂൾ വട്ടം കറങ്ങാൻ തുടങ്ങിയപ്പോ അവൻ മതിൽ ചാരി നിന്നു. വീണ്ടും തല്ലാനോങ്ങിയ ഏട്ടനെ ലൂക്കോ മാഷ് തന്നെ തടഞ്ഞു. അനന്തു ഒന്നും പറയാതെ കവിൾ തലോടി തലതാഴ്ത്തി നിന്നു.
‘എല്ലാ ഞായറാഴ്ചേം മാർക്കറ്റീ വരുമ്പോ തമ്മീക്കാണുന്ന പരിചോം വച്ചാ ഞാൻ ഇതോരെ ഇക്കാര്യം മുകുന്ദനെ അറിയിക്കാത്തേ.. ഇനീം പരാതി കിട്ടിയാ അറിയാല്ലോ, പത്താം ക്ലാസാണെന്നൊന്നും നോക്കൂല്ല, ടീസി തന്നങ്ങ് പറഞ്ഞുവിടും..’
ഏട്ടൻ കൈകൂപ്പിക്കൊണ്ട് കുറേയേറെ സോറി പറഞ്ഞു. പിന്നെ കൊടുങ്കാറ്റ് പോലെ പുറത്തേയ്ക്ക് വന്നു. പിന്നാലെ കൂസലൊന്നുമില്ലാതെ കൈവിരലീമ്പി എത്തിയ അനന്തുവിന് നേരെ ഒന്നുകൂടി ചീറിയ ശേഷം അമർഷം കടിച്ചമർത്തി. അനന്തരം വെള്ളമുണ്ട് മടക്കിക്കുത്തി സ്കൂട്ടർ സ്റ്റാർട് ചെയ്ത് മറ്റാരെയും നോക്കാതെ പാഞ്ഞു. അനസൂയ പെട്ടെന്ന് അവിടെ നിന്ന് സ്കൂട്ടായി. എന്നെയും അനിലിനെയും കണ്ടെങ്കിലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ അനന്തു പതിവുപോലെ വിരൽ വായിലിട്ട് ഇളിച്ചു. തുടർന്ന് പതിവു ചോദ്യമെറിഞ്ഞു:
‘റാ, അനിതട്ടീച്ചർ വരാനായെടാ.. ഇങ്ങള് ബര് ന്നില്ലേ?’
ഞങ്ങൾ ഇല്ലെന്ന് പറഞ്ഞു, ക്ലാസിലേയ്ക്ക് നടക്കും പോലെ ഭാവിച്ചു. എന്നിട്ട് തൂണിന് മറയായി നിന്ന് നോക്കിയപ്പോൾ അനിത ടീച്ചർ ഓട്ടോറിക്ഷയിൽ എന്നും വന്നിറങ്ങാറുള്ള സ്ഥലത്ത് വേറെന്തിനോ എന്ന പോലെ പോയി അവൻ നിന്നു. അതു കാണുമ്പോ എപ്പോഴും അനിലിന് ചിരിമുട്ടും. ഞാനവനെ ചിരിക്കല്‍റാ എന്ന് പറഞ്ഞ് വിലക്കും.
ഒാട്ടോറിക്ഷയിൽ നിന്നിറങ്ങുമ്പോൾ അന്നും അനിത ടീച്ചർ സാരി ഇത്തിരി മുകളിലേയ്ക്ക് പൊക്കിപ്പിടിച്ചു. സുന്ദരിയായ ടീച്ചറുടെ വെളുത്തുതുടുത്ത കാലിലെ നേരിയ രോമങ്ങൾ അനന്തുവിൻ്റെ മനസിൻ്റെ ലോലതകളെ ഇക്കിളികൂട്ടി. റാ, മുട്ടി എന്ന് പറഞ്ഞ് കൈവിരൽ ഉയർത്തിക്കാട്ടി അവൻ ഉടൻ ക്ലാസിന് ഇത്തിരി അകലെയുള്ള ടോയ് ലെറ്റിലേയ്ക്ക് ഒാടി.
അന്നും വൈകിട്ട് ബസിലെ തിരക്കിൽ ‘ഫുട്ബോൾ കളിച്ച്’ പോകുമ്പോൾ അവൻ എന്നോട് ആ ചെമ്പൻ രോമങ്ങളെക്കുറിച്ച് വർണിച്ച് ഇക്കിളികൂട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നു. എല്ലാ ദിവസവും ക്ലാസിലെത്തി ഹാജർ വിളിക്കുന്നതിന് മുൻപ് അനിതട്ടീച്ചർ സാരിക്കുത്തഴിച്ച് ഒന്നുകൂടി കുത്തുമ്പോൾ ആലില വയറിലെ ചുഴിയിൽപ്പെട്ട് ആ പിരിയഡിൽ മാത്രം മുന്‍ബെഞ്ചിലിരിക്കുന്ന അനന്തുവിൻ്റെ മനസ്സിൽ ഉരുൾപ്പൊട്ടി. അതിൻ്റെ ആഴിയിൽ അവൻ മുങ്ങാങ്കുഴിയിട്ടു. ഭ്രാന്ത് പിടിച്ച് നീന്തിത്തുടിച്ചു. ഇടയ്ക്ക് എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചു. മുഖം ചുവന്ന് തുടുത്തു. അതുമുറുകി പൊട്ടിത്തെറിക്കുമോ എന്ന് പോലും ഞാൻ സംശയിച്ചു. തൻ്റെ ക്ലാസിൽ മാത്രം മുന്നിൽ വന്നിരുന്ന് അതീവ ശ്രദ്ധ പതിപ്പിക്കുന്ന അനന്തുവിനെ നോക്കി അനിതട്ടീച്ചർ നിഷ്കളങ്കമായി പുഞ്ചിരിച്ചു. ടീച്ചർക്ക് തന്നോടുള്ള ഇഷ്ടം കണ്ടോ എന്ന് അവൻ ഒളികണ്ണിട്ട് രമാ നായരെ നോക്കുന്നത് ഞാനും പിന്നെ അസീസും കാണുന്നുണ്ടായിരുന്നു. അസീസ് അവനെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി.
അക്കാലത്ത് സ്കൂളിൽ കെനറ്റിക് ലൂണയിൽ വരുന്ന ഏക വിദ്യാർഥിയാണ് അസീസ്. നീലക്കളറുള്ള ആ ഇരുചക്രവാഹനത്തിൽ എന്നെ മാത്രമേ ഇതുവരെ കയറ്റിയിട്ടുള്ളൂ. സ്കൂളിന് തൊട്ടടുത്തെ ബംഗ്ലാവ് പോലുള്ള വീട്ടിലേയ്ക്ക് അവൻ പലപ്പോഴും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പോയിട്ടില്ല. എങ്കിലും സ്പോർട്സ് ദിനമൊക്കെ വരുമ്പോൾ രാവിലെ അവൻ്റെ വണ്ടിയിൽ കയറി ടൗണിൽ ചെന്ന് എത്രയോ പ്രാവശ്യം മിലനിൽ നിന്നും ഗീതയിൽ നിന്നും മോണിങ്, നൂൺഷോകൾ കണ്ടിട്ടുണ്ട്. തിയറ്ററിലെ ഇരുട്ടിൽ ഒളിഞ്ഞിരുന്ന് മാദകത്തിടമ്പുകളുടെ ലീലാ വിലാസങ്ങൾ കാണുമ്പോൾ യാതൊരു പേടിയുമില്ലാത്ത മറ്റുള്ളവരോടൊപ്പം അസീസും കൈയടിക്കും. ‘പീസു’കൾ വന്നില്ലെങ്കിൽ പിറകിലേയ്ക്ക് തിരിഞ്ഞ് പ്രൊജക്ടർ ഹാളിന് നേരെ നോക്കി ചീത്ത പറയും. എന്നിട്ടും വൈകിയാൽ മറ്റുള്ളവരോടൊപ്പം ചെരിപ്പൂരിയെറിയും. തിരിച്ചുപോകുമ്പോൾ ടൗണീന്ന് പുതിയത് വാങ്ങിക്കും. കനറാന്ന് െഎസ്ക്രീം– ഫ്രൂട്ട് സലാഡ് വാങ്ങിത്തരും..
ഒരു ദിവസം സ്കൂൾ വിട്ടു പോകാൻ നേരം അസീസ് എന്നെ മറ്റാരും കാണാതെ കെനറ്റിക് ലൂണയുടെ അടുത്തേയ്ക്ക് വിളിച്ചു. എന്നിട്ട് എൻ്റെ ജീവശാസ്ത്രത്തിൻ്റെ നോട്ടുപുസ്തകം വാങ്ങിച്ചു. എനിക്കവനോട് അപ്പോൾ ദേഷ്യം തോന്നി.
‘ഇത് വാങ്ങിക്കാനാണറാ നീ എന്നെ ഇൗട്ത്തേക്ക് വിളിച്ചേ.. ൻ്റെ ബസിപ്പോ പോകും..’
പെട്ടെന്ന് അസീസ് വണ്ടിയുടെ സീറ്റിനടിയിൽ ഒളിപ്പിച്ചുവച്ചിരുന്ന ഒരു പുസ്തകം എടുത്ത് എന്‍റെ ജീവശാസ്ത്ര നോട്ടുപുസ്തകത്തിനകത്ത് ഞൊടിയിടയിൽ തിരുകിയ ശേഷം പറഞ്ഞു:
‘റാ.. നീയിത് വേം കെട്ടിനകത്ത് ബെച്ചോ..ന്നിട്ട് പാഞ്ഞോ…’
ഞാനാകെ അമ്പരന്നപ്പോൾ, അവൻ തന്നെ എൻ്റെ പുസ്തകക്കെട്ടിൻ്റെ റബർ ബാൻഡ് ലൂസാക്കി അതിനകത്തേയ്ക്ക് നോട്ടുപുസ്തകം തിരുകിക്കയറ്റി.
‘വായിച്ചിറ്റ് നാളെ പറയണേറാ..’
അത്രയും കൂടി പറഞ്ഞ് ഉൗറിച്ചിരിച്ചുകൊണ്ട് കെനറ്റിക് ലൂണയോടിച്ച് പോയി. അപ്പോഴവൻ്റെ ചൂല് പോലത്തെ തലമുടി എണീറ്റു നിന്നു.
വീട്ടിലെത്തും വരെ ആ പുസ്തകം എന്താണന്നറിയാതെ എൻ്റെ ഹൃദയം പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു. അന്ന് വിശപ്പ് പോലും ഞാൻ മറന്നു. ഒടുവിൽ മുറിക്കകത്ത് കയറി അമ്മയോ ഏട്ടനോ ഏച്ചിയോ കാണാതെ അതൊന്നെടുത്ത് നോക്കുംവരെ എനിക്ക് സമാധാനമുണ്ടായിരുന്നില്ല. ഇളംമഞ്ഞയും ചുവപ്പും കലർന്ന പുസ്തകത്തിൽ അർധനഗ്നയായ ഏതോ സിനിമാ നടി പ്രത്യേക പോസിൽ നിന്ന് കണ്ണിറുക്കുന്നു. പുസ്തകത്തിൻ്റെ തലക്കെട്ടിലൂടെ കണ്ണുകൾ പാഞ്ഞതപ്പോഴാണ്: ‘രതിസരം’. എൻ്റെ മനസിൽ ഒരുപാട് ഭൂകമ്പങ്ങളുണ്ടായി.
ചായകുടിച്ച് കളിക്കാനായി ഒാടാറുള്ള ഞാൻ പതിവില്ലാതെ പറമ്പിൻ്റെ മൂലയ്ക്കുള്ള ടോയ് ലെറ്റിലേയ്ക്ക് പോകുമ്പോൾ അമ്മ വിളിച്ചു ചോദിച്ചു:
‘നെനക്കെന്ത്റാ ബയറെളകിയാ..?’
‘ങാ’ എന്ന് മാത്രം പറഞ്ഞ് ഞാനാ ഏകാന്തക്കൂടാരത്തിനകത്തേയ്ക്ക് ഒാടിക്കയറി.
‘സ്കൂളീന്ന് ഒാരോന്ന് വാങ്ങിത്തിന്നോളും.. എന്നിട്ടിപ്പോ..’
മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ചേച്ചി അരിശപ്പെട്ടു.
ഒറ്റയിരിപ്പിന് നാൽപതോളം പേജുകളുള്ള രതിരസം നുകർന്നപ്പോൾ ജനനേന്ദ്രിയത്തിന് അന്ന് ആദ്യമായി പേരറിയാത്ത വേദനയും നീറ്റലുമുണ്ടായി. പിന്നീട്, ക്ലാസിലെ പഠിപ്പിസ്റ്റുകളായ ദിനേശും നൗഫലും അനില്‍ ജോസും കുഞ്ഞികൃഷ്ണനുമെല്ലാം മാറി മാറി രതിരസം നുണഞ്ഞ് ചർച്ച ചെയ്തപ്പോഴൊക്കെയും അനന്തു അതറിയാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തി.
അന്ന് വൈകിട്ട് സ്കൂൾവിട്ട് ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോൾ അനസൂയയും അനിൽജോസും കേൾക്കാതെ അനന്തു എന്നെ ഞെട്ടിപ്പിക്കുംവിധം പറഞ്ഞു:
‘റാ.. നിങ്ങോല്ലാം വായിച്ച ബുക്ക് എന്താന്ന് എനക്കറിയാം.. എനക്കൂടെ ഒന്ന് വായിക്കാൻ താറാ…’
എല്ലാം തകർന്നുതരിപ്പണമായ പോലെ. എന്ത് പറഞ്ഞാ ഇൗ നൂലാമാലയിൽ നിന്നൊന്ന് ഉൗരുക എന്നറിയാതെ പതറി.
‘നെനക്ക് അസീസിനോട് ചോയിക്കാൻ പറ്റൂല്ലേ?’
അതൊരിക്കലും സംഭവിക്കില്ലെന്നറിയാമെങ്കിലും ഞാൻ അവനെ പിണക്കേണ്ട എന്ന് കരുതി ചോദിച്ചു.
‘ഒാൻ എനക്ക് തരൂല്ലാന്ന് നെനക്കറിയാല്ലോ. നിനക്കാന്ന് പറഞ്ഞ് വാങ്ങിത്തന്നാ മതീറാ..’
‘ങാ.. ഞാൻ ചോയിച്ച് നോക്കട്ട്..’
വീണ്ടും പുസ്തകം ചോദിച്ചാൽ അസീസ് എന്നോട് പോലും ദേഷ്യപ്പെടും എന്നതിനാൽ ചോദിക്കാന്‍ നിന്നില്ല. ‘ഇപ്ലും വായീ വെരലിട്ട് നടക്ക്ന്ന ആ കൊരങ്ങൻ്റെ കൂടെ എന്തിനാറാ നിങ്ങ മൂന്നാളും നടക്ക്ന്നേ’ എന്ന് എപ്പോഴും അസീസ് എന്നേെയും അനിലിനെയും അനസൂയയെയും കുറ്റപ്പെടുത്തുമായിരുന്നു. ഒാൻ തന്നില്ലെറാ എന്ന് അനന്തുവിനോട് പിറ്റേന്ന് കള്ളം പറഞ്ഞു. നിരാശയോടെ അവൻ തള്ളവിരൽ വായിലിട്ട് ആഞ്ഞാഞ്ഞ് നുണഞ്ഞു. വായ്ക്കരികിലൂടെ ചന്ദ്രഗിരിപ്പുഴയൊഴുകി. അതിന് രണ്ടാമത്തെ ദിവസം ക്ലാസിൽ ഹാജർ വിളിച്ച്, സാരിക്കുത്തെടുത്ത് വീണ്ടും കുത്തിയ ശേഷം പതിവിന് വിപരീതമായി അനിതട്ടീച്ചർ ആൺകുട്ടികളുടെ ഭാഗത്തേയ്ക്ക് മാത്രം നോക്കി വല്ലാത്തൊരു ചിരി ചിരിച്ചപ്പോൾ എല്ലാവരും നിഷ്കളങ്കമായി ചിരിച്ചു.
‘ങാ… നിങ്ങടേല്ലാം വായന എങ്ങനേണ്ട്? എല്ലാരും നന്നായി വായിക്കുന്നുണ്ടല്ലോ ല്ലേ..?’
പതിവില്ലാത്ത ഗൂഢമായി ചിരിച്ചുകൊണ്ടുള്ള ടീച്ചറുടെ ചോദ്യം കേട്ട് ഒന്നും പ്രതികരിക്കാതെ എല്ലാവരും മുഖത്തോട് മുഖംനോക്കി. പ്രത്യേകിച്ച് ഞങ്ങളുടെ ഇടതുവശത്ത് ഇരിക്കുന്ന പെൺസംഘം. എൻ്റെയടക്കം ചിലരുടെ മനസിൽ ആശങ്കയുടെ തിരയിളകിത്തുടങ്ങി.
‘ങാ.. പേര് വിളിക്കുന്ന വായനക്കാരെല്ലാം ഒന്നെണീറ്റുനിന്നേ.. അസീസ്, അനിൽ ജോസ്, ദിനേശ്, നൗഫൽ, കുഞ്ഞികൃഷ്ണൻ.. ‘
അപ്പോഴേയ്ക്കും ഞങ്ങൾക്ക് കാര്യം ഉറപ്പായി. അടുത്തത് ഞാനാണെന്ന ആശങ്കയിൽ എണീക്കാൻ വേണ്ടി ഒാങ്ങി നിന്ന എന്നെ മാത്രം ടീച്ചർ വിളിക്കുന്നില്ല. എനിക്കാകെ അത്ഭുതം. പരിസര ബോധം പോലും നഷ്ടമായി. ദിനേശ് നിന്നിടത്ത് തലതാഴ്ത്തി പതുക്കെ എന്നെയൊന്ന് ദീനമായി നോക്കി. ടീച്ചർ കുറച്ചു നിമിഷം ഒന്നും പറയാതെ എന്തോ ആലോചനയിലാണ്ടു. ഞാനപ്പോൾ തലതാഴ്ത്തി പുസ്തകമെടുത്ത് മറിച്ചു. പിന്നെ, ടീച്ചറുടെ ചെറിയ തിളക്കമുള്ള കണ്ണുകളിൽ പ്രകാശം നിറഞ്ഞു.
‘സാലിയെന്താ ഇതോരെ വായിക്കാത്തേന്നാ എനക്കത്ഭുതം..’
ടീച്ചർ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു. മുഖത്തെ കള്ളഭാവം മറയ്ക്കാൻ പാടുപെട്ട്, ഞാൻ ചുമൽവെട്ടിച്ചു. അപ്പോഴേയ്ക്കും ടീച്ചർ തുടർന്നു:
‘അതോ ഇപ്പോ സാലീൻ്റെ കൈയിലാണോ പൊത്തകം?’
ഞാൻ ഇല്ലെന്ന് തലയാട്ടി. മുൻ ബെഞ്ചിൽ നിന്ന് അനന്തു എന്നെ നോക്കി ചിരിച്ചുകൊണ്ട് കണ്ണിറുക്കി. ഒരു നിമിഷം ആത്മാർഥമായും ഞാനവന് നന്ദി പറഞ്ഞുപോയി. ഒാരോരുത്തരായി ചെന്ന് ടീച്ചറുടെ മുന്നിൽ വിറയ്ക്കുന്ന കൈ നീട്ടി കണ്ണ് ഇറുകെപ്പൂട്ടിനിന്നു; അസീസൊഴികെ. അവൻ ദേഷ്യവും ജാള്യതയും കൊണ്ട് വിറയ്ക്കുകയായിരുന്നു. ചൂരല്‍മുത്തം കൊണ്ട് എല്ലാവരുടെയും വലതു കൈപ്പത്തി കോരിത്തരിച്ചു. അന്നായിരുന്നു ടീച്ചർ ബയോളജി ക്ലാസ് ഏറ്റവും നന്നായി ‘പഠിപ്പിച്ചത്’. പക്ഷേ, അപ്പോഴും കാര്യമെന്തന്നറിയാതെ പെൺസംഘം പകച്ചിരിക്കുകയായിരുന്നു. ഒടുവിൽ ക്ലാസ് കഴിഞ്ഞ് ടീച്ചർ പോയപ്പോൾ കൂട്ടത്തിൽ വളർച്ചക്കൂടുതലുള്ള എൽസമ്മ മാത്രം ആൺകുട്ടികളുടെ ഭാഗത്തേയ്ക്ക് നോക്കി ചിരിക്കുകയും അനന്തരം തൊട്ടടുത്തിരിക്കുന്ന ഹസീനയോടും രമാ നായരോടും സുജയയോടും എന്തോ രഹസ്യം പറയുകയും ചെയ്തു. പിന്നാലെ എല്ലാവരും ചിരിയമർത്താൻ പാടുപെട്ടു. എൻ്റെ ഉള്ളു പിടച്ചു.
അനിതട്ടീച്ചറിൽ അവസാനിച്ചില്ല, ചൂരൽ കഷായവും ‘ബയോളജി’ ക്ലാസും. തുടർന്നുള്ള പിരിയഡിൽ എത്തിയ കണക്ക് സാറ് ജോർജ് മാഷ് പതിവുപോലെ പല്ലിറുമ്മി തുടയ്ക്കിട്ടാണ് ചൂരൽപ്രയോഗം നടത്തിയത്. ഹിന്ദി പഠിപ്പിക്കുന്ന, ഞങ്ങളുടെയെല്ലാം അച്ഛൻ്റെ പ്രായമുണ്ടായിരുന്ന കുമാരൻ മാഷ് ഇത്തിരി സഹതാപത്തോടെ ഉപദേശിച്ചു:
‘മക്കളേ, ഇതൊന്നും അത്ര ശര്യല്ല ട്ടാ…’
അടിക്കാൻ ചൂരലെടുത്തെങ്കിലും ഒരു നിമിഷം എന്തോ അലോചിച്ച ശേഷം മേശമേൽ തന്നെ വച്ച് എല്ലാവരെയും അടുത്തേയ്ക്ക് വിളിച്ച് ചെവിപിടിച്ച് ഞെരിച്ചു. ഒരിക്കലും ചിരിക്കുന്നത് കണ്ടിട്ടില്ലാത്ത ചരിത്രം പഠിപ്പിക്കുന്ന പത്മാവതി ടീച്ചറുടെ രൂക്ഷ നോട്ടത്തിന് തന്നെ ചൂരലടിയേക്കാളും ശക്തിയുണ്ടായിരുന്നു. ഫിസിക്സിൻ്റെ യൂസഫ് മാഷ്, ഇംഗ്ലീഷിൻ്റെ സൗമ്യട്ടീച്ചർ.. എല്ലാവരും ഇതുതന്നെ ആവർത്തിച്ചു. ഇൻ്റർവെല്ലിന് എല്ലാവരെയും സ്റ്റാഫ് റൂമിലേയ്ക്ക് വിളിപ്പിച്ചു, മറ്റു അധ്യാപകർക്ക് കൂടി ‘വായനക്കാരെ’ പരിചയപ്പെടുത്തി. ഞാൻ കൂടി അനുഭവിക്കേണ്ട നാണക്കേടും പ്രഹരങ്ങളായിരുന്നു അതൊക്കെ. ‘വായനക്കാർ’ക്ക് വേണമെങ്കിൽ എൻ്റെ പേര് വിളിച്ചുപറയാമായിരുന്നു. അതവർ ചെയ്തില്ലല്ലോ എന്നോർത്ത് സന്തോഷത്താൽ എൻ്റെ കണ്ണുകൾ നിറഞ്ഞു.
പക്ഷേ, എന്നെ ഒറ്റിക്കൊടുത്തിട്ടില്ലെങ്കിൽ പോലും അനന്തുവിനോട് എനിക്കും വല്ലാത്ത ദേഷ്യവും പകയും തോന്നി. ഞങ്ങടെ സ്കൂളിൽ യുപിയിൽ പഠിപ്പിക്കുന്ന അമ്മയെങ്ങാനും അറിഞ്ഞാലെന്ന് പറഞ്ഞ് ദിനേശ് ഡെസ്കിൽ തലതാഴ്ത്തി വിങ്ങിക്കരഞ്ഞു. ഇത്രയും കാലം അപമാനം സഹിച്ച് നടന്നിരുന്ന അനന്തു അന്ന് അന്തസ്സായി തലയുയർത്തിപ്പിടിച്ച് സ്കൂൾ ചുറ്റിക്കറങ്ങി. മാന്യനായ വിദ്യാർഥി എന്ന ലേബൽ സ്വയം ചാർത്തി രമാ നായരോട് മിണ്ടിപ്പറഞ്ഞിരിക്കാൻ ശ്രമിച്ചെങ്കിലും അവൾ പതിവുപോലെ ആട്ടിയകറ്റി. തന്നെ എന്നെങ്കിലും അവൾ ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ അവൻ സന്തോഷിച്ചിരുന്നു. ഇടയ്ക്ക് എൻ്റെയടുത്ത് വന്ന് എന്നെ കെട്ടിപ്പിടിച്ച് കവിളിൽ അമർത്തി ഉമ്മവച്ചുകൊണ്ട് പറഞ്ഞു:
‘റാ സാലി, നെന്നെ ഞാൻ ഒറ്റിക്കൊടുക്കൂല്ലറാ.. നീ ഞമ്മളെ മുത്തല്ലേ..’
കവിളിൽ പുരണ്ട തുപ്പൽ ഞാൻ ഷർട്ടിൻ്റെ കൈ കൊണ്ട് തുടച്ചു. പിറ്റേന്ന് രാവിലെ എല്ലാവരുടെയും അച്ഛന്മാരും ചേട്ടന്മാരും ഹെഡ് മാസ്റ്ററുടെ മുന്നിൽ കൂട്ടുപ്രതികളെപോലെ തലതാഴ്ത്തിനിന്നു. സ്റ്റാഫ് റൂമിലെ പരിഹാസം സഹിക്കവയ്യാതെ ദിനേശിൻ്റെ അമ്മട്ടീച്ചർ ഒരാഴ്ച അവധിയെടുത്തു. മറ്റു ക്ലാസിലെ കുട്ടികളെല്ലാം ഞങ്ങളുടെ ക്ലാസിനെ നോക്കി ചിരിച്ചുകളിയാക്കി. ഒരു ദിവസം ക്ലാസിന് പുറത്തെ ചുമരിൽ പ്രത്യക്ഷപ്പെട്ട ‘ഇന്നത്തെ സ്പെഷ്യൽ ക്ലാസ്: രതിസരം’ എന്നെഴുതിയത് ലൂക്കോ മാഷിൻ്റെ ഉത്തരവ് പ്രകാരം പ്യൂണ്‍ കുഞ്ഞബ്ദുല്ലയുടെ മാർഗനിർദേശത്തിൽ ‘വായനക്കാരെ’ക്കൊണ്ട് മായ്പ്പിക്കുമ്പോൾ അനന്തു ചിരിച്ചു മരിച്ചു. അവന് പണികൊടുക്കാനുള്ള ഗൂഢാലോചനാ യോഗത്തിൽ അവൻ കാണാതെ പങ്കെടുക്കാൻ ഞാൻ കാണിച്ച സാഹസം പറഞ്ഞാ തീരൂല്ല.
ഇനിയാണ് സംഭവത്തിൻ്റെ ആൻ്റി ക്ലൈമാക്സ്. ‘രതിരസ മഹാസംഭവം’ കഴിഞ്ഞ് കഷ്ടിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോൾ പി.ടി പിരിയഡിൽ ഫുട്ബോൾ കളിച്ചിരുന്ന സ്കൂളിന് അടുത്തെ ഒഴിഞ്ഞ സ്ഥലം ആരോ വളച്ചുകെട്ടി. അവിടെ ഏതോ സർക്കസ് വരുന്നുണ്ടെന്ന് എൽസമ്മ പറഞ്ഞാണ് അറിഞ്ഞത്. കരാറ് പണിക്കാരനായ അവളുടെ അച്ഛനാണത്രെ ആ സ്ഥലം ശരിയാക്കിക്കൊടുത്തത്. വൈകാതെ അവിടെ സർക്കസ് കൂടാരം ഉയരുകയും ചെയ്തു. സാധനസാമഗ്രികളും കളിക്കാരും സംഗീതബാന്‍ഡുകാരും മൃഗങ്ങളും എത്തി. ആൺകുട്ടികൾ കൂടാരത്തിന് മുന്നിൽ സ്ഥാപിച്ച വലിയ ഹോർഡിങ്ങിലെ കുഞ്ഞുകുഞ്ഞു കളർബൾബുകള്‍ ചുറ്റും തൂക്കിയ നർത്തകിമാരുടെ ചിത്രത്തിന് മുന്നിൽ തിക്കും തിരക്കും കൂട്ടിയപ്പോൾ പെണ്‍കുട്ടികൾ മൃഗങ്ങളെയും കോമാളിമാരെയും കണ്ട് നിർവൃതിയണഞ്ഞു. സർക്കസ് പ്രദർശനം തുടങ്ങിയതിൽപ്പിന്നെ അനന്തുവിനെ രാവിലെ കൂടെ ബസിൽ കാണാനില്ല. സ്കൂളിലെത്തിയാലോ അവനവിടെ വായിൽ വിരലിട്ട് കറങ്ങി നടക്കുന്നതും കാണുന്നുണ്ട്.
‘റാ അനന്തു.. നീയെന്ത്റാ സ്കൂളീ നേരത്തെ വരുന്നേ..?’
‘അതെറാ എനക്ക് പൊരേല് പഠിക്കാനുള്ള സൗകര്യം കിട്ടുന്നില്ല. രാവിലേന്നെ സ്കൂളിലെത്തിയാ കൊറച്ച് നേരോങ്കിലും പഠിക്കാന്ന് കരുതി. പത്താം ക്ലാസല്ലെറാ, മ്മക്ക് രക്ഷപ്പെടേണ്ടേ മുത്തേ..’
അവൻ്റെ ഉത്തരം വിശ്വസിക്കാനാകാതെ ഞാനും അനില്‍ ജോസും അനസൂയയും വാ പൊളിച്ചു നിന്നു. അവൻ എന്തോ കാര്യം പറഞ്ഞ് അവിടെ നിന്നും മുങ്ങിയപ്പോൾ തന്നെ ഞങ്ങൾക്ക് എന്തോ എവിടെയോ പന്തികേട് തോന്നിയിരുന്നു. പക്ഷേ, അത് കണ്ടുപിടിച്ചത് അനന്തുവിന് പണി കൊടുക്കാൻ പിരാന്തുപിടിച്ച് നടക്കായിരുന്ന അസീസ് തന്നെയായിരുന്നു.
ഞങ്ങൾ വീണ്ടും അടിയന്തര രഹസ്യയോഗം ചേർന്ന് പ്ലാൻ എയും ബിയുമൊക്കെയുണ്ടാക്കി. ‘ഒാപറേഷൻ’ കാര്യം അസീസ് ഏറ്റെടുത്തു. ഒരു ദിവസം രാവിലെ അനന്തുവിനെ സർക്കസുകാർ കൈയോടെ പൊക്കി. നന്നായി പെരുമാറിയ ശേഷം സർക്കസ് മാനേജരും കോമാളിവേഷക്കാരനും ലൂക്കോ മാഷിൻ്റെ അരികിലേയ്ക്ക് തൂക്കിയെടുത്തുകൊണ്ടുവന്നു.
‘മാഷേ, നിങ്ങടെ സ്കൂളിലെ ഇൗ ചെക്കന്‍ ഞങ്ങടെ പെണ്ണുങ്ങളെ മനസ്സമാധാനത്തോടെ കുളിക്കാനും സമ്മൈക്ക്ന്നില്ല.. നല്ല ഒന്നാന്തരം ഒളിഞ്ഞുനോട്ടക്കാരനാ..’
ലൂക്കോ മാഷ് തരിച്ചിരുന്നുപോയി. അപമാനം കൊണ്ട് മാഷിൻ്റെ കഷണ്ടിത്തലയിൽ വിയർപ്പ് പൊടിഞ്ഞു. കണ്ണ് നിറഞ്ഞു ഒന്നും കാണാതായി. കോമാളി വേഷക്കാരനായ കുഞ്ഞൻ ചാടിയുയർന്ന് അവനെ തല്ലാനോങ്ങിയപ്പോൾ ലൂക്കോ മാഷ് തടഞ്ഞു.
വൈകാതെ അനന്തുവിൻ്റെ ഏട്ടൻ മുകുന്ദൻ സ്കൂട്ടറിൽ ചീറിപ്പാഞ്ഞെത്തി. ലൂക്കോ മാഷ് ആദ്യം പൊട്ടിത്തെറിച്ചെങ്കിലും സർക്കസുകാർ പോയ ശേഷം പതിവുപോലെ ഉണക്കമീൻ സെൻ്റിമെൻ്റ്സിൽ വാണിങ് കൊടുത്തു പറഞ്ഞുവിട്ടു.
അസീസും ടീമും തന്നോട് പ്രതികാരം ചെയ്തതാണെന്ന് അനന്തുവിന് ഒരുപക്ഷേ ഇപ്പോഴും അറിയില്ലായിരിക്കാമെന്നാണ് എൻ്റെ വിശ്വാസം. ഇൗ സംഭവത്തോടെ അനന്തു ആകെയൊന്ന് പതറിയെന്നത് നേര്. എങ്കിലും രമാ നായരോടുള്ള അവൻ്റെ കമ്പം കുറഞ്ഞില്ല.
ബയോളജി പൊതുപരീക്ഷയ്ക്ക് അക്കൊല്ലം ഇതാദ്യമായി ചെവിയുടെ ഛേദം വരയ്ക്കാനുള്ള ചോദ്യം കണ്ട് അമ്പരന്ന അനന്തു തൊട്ടടുത്തെ ബെഞ്ചിലിരുന്ന് ആവേശത്തോടെ ഉത്തരമെഴുതുകയായിരുന്ന രമാ നായരോട് അതൊന്ന് കാണിക്കാമോ എന്ന് പരീക്ഷാസാറ് കാണാതെ ചോദിച്ചു. അവളാദ്യം സ്വന്തം ചെവി കാണിച്ചുകൊടുത്തു അവനെ നോക്കി പല്ലിറുമ്മി. ഉത്തരക്കടലാസിൽ താൻ വരച്ച ചെവിയുടെ ഛേദം അനന്തുവിന് ഏതോ ഗുഹ പോലെ തോന്നിപ്പിച്ചപ്പോൾ വീണ്ടും രമയോട് കെഞ്ചി. അവൻ്റെ വാടിയ മുഖം കണ്ട് സഹതാപം തോന്നിയ രമാ നായർ തൻ്റെ ഉത്തരക്കടലാസ് ഇത്തിരി നീക്കി വച്ചു. ചിത്രം നോക്കി വരച്ചതോടെ അനന്തുവിന് പ്രണയപ്പനി കൂടി. അവസാന പരീക്ഷയും കഴിഞ്ഞ്, വെള്ളക്കുപ്പായത്തിൽ മഷികുടഞ്ഞ് ആർത്താർത്ത് ചിരിച്ച് എല്ലാവരും വിടപറയാൻ നേരം. ‘ജീവിതത്തിൻ്റെ ഏതെങ്കിലും കോണിൽ എന്നെങ്കിലും നമുക്ക് കണ്ടുമുട്ടാം’ എന്നെഴുതിയ ഒാട്ടോഗ്രാഫ് രമാ നായരിൽ നിന്ന് വൈകിയാണെങ്കിലും സ്വന്തമാക്കി, കണ്ണീരണിഞ്ഞ് പോകാൻ നേരം അനന്തു അവൾക്ക് തൻ്റെ കന്നി പ്രണയലേഖനം കൈമാറി. നല്ലൊരു ഫ്രണ്ടായി പിരിയാമെന്ന് അവൾ ആഗ്രഹിച്ചെങ്കിലും അത് നശിപ്പിച്ച അവനോട് വീണ്ടും ദേഷ്യപ്പെട്ട്, അതെല്ലാവരുടെയും മുന്നിൽ വച്ച് പ്രണയക്കത്ത് കീറിപ്പറത്തി അനുജത്തി സുമാ നായരോടൊപ്പം നടന്നകന്നു. അതുകണ്ട് സന്തോഷിച്ച അസീസ് അന്ന് അനന്തുവൊഴിച്ച് ഞങ്ങൾ ‘വായനക്കാര’ടക്കം കൂട്ടുകാർക്കെല്ലാം ദാമുവേട്ടൻ്റെ ചായക്കടേന്ന് പൊറോട്ടേം ബീഫിൻ്റെ ചാറും ചായയും വാങ്ങിത്തന്നു. ഏറെ അപമാന ഭാരത്തോടെ ശൂന്യമായ ആകാശം നോക്കി അനന്തു നടന്നകന്നു. അവൻ്റെ ഹൃദയം അന്തരീക്ഷത്തിൽ തുണ്ടം തുണ്ടമായി പറന്നുകൊണ്ടിരുന്ന പ്രണയലേഖനം പോലെ കീറിപ്പറിഞ്ഞു.
എന്തോ, പിന്നെ മറ്റുള്ളവരുടെ ജീവിതത്തിൽ സംഭവബഹുലമായ യാതൊന്നും നടന്നതായി സ്കൂളിലെ ‘ലേഡി നാരദനാ’യി അറിയപ്പെട്ടിരുന്ന അനസൂയയ്ക്ക് പോലും അറിവില്ല. അനന്തുവിനെ വീടിന് പുറത്തൊന്നും അധികം കാണാറില്ലായിരുന്നുവത്രെ. പക്ഷേ, അസീസിനെ വൈകാതെ ബിസിനസുകാരനായ അവൻ്റെ ഉപ്പ കൈയോടെ പൊക്കി. ബംഗ്ലാവിന് മുന്നിലെ ഔട്ട്ഹൗസിൻ്റെ തട്ടുംപുറത്ത് നിന്ന് കണ്ടെടുത്തത് നൂറുകണക്കിന് ‘കൊച്ചുപുസ്തക’ങ്ങൾ!. മുറി വൃത്തിയാക്കാനെത്തിയ ജോലിക്കാരനാണ് പണിപറ്റിച്ചത്. ഇതോടെ ഏറെ വൈകാതെ ദുബായിലേയ്ക്ക് പറക്കാൻ അസീസ് നിർബന്ധിതനായി.
മറ്റുള്ളവർ പരീക്ഷാഫലം വന്നതോടെ തുടർപഠനത്തിനായി വിവിധ കോളജുകളിലേയ്ക്ക് പല വഴിക്കായി പിരിഞ്ഞു. ഞാൻ ഗവ.കോളജിൽ പ്രിഡിഗ്രിക്ക് ചേർന്നു. അനന്തു അവൻ്റെ അമ്മയുടെ നാടായ അടുത്ത ജില്ലയിലെ ഏതോ സ്വകാര്യ കോളജിലും അനന്തു അച്ഛൻ്റെ നാടായ പത്തനംതിട്ടയിലെ ഏതോ പ്രമുഖ കോളജിലുമാണ് തുടര്‍ന്ന് പഠിച്ചത്. അതുകൊണ്ട് തന്നെ തമ്മിൽ കണ്ടുമുട്ടുക അപൂർവമായിരുന്നു. അനന്തു പിന്നീട് നഴ്സിങ് പഠിച്ച് വൈകാതെ കാനഡയിലേയ്ക്ക് പറന്നതായി ഒരിക്കൽ ടൗണിൽ കണ്ടുമുട്ടിയ അനസൂയ പറഞ്ഞാണറിഞ്ഞത്.
മരുക്കാറ്റ് വീശുന്ന വേഗത്തിൽ കാലം കടന്നുപോയി. മുഴുത്ത അവയവങ്ങളുള്ള മാദകസുന്ദരിയെ പോലെ മരുഭൂമി നീണ്ടുനിവർന്നു കിടന്നു. ഒട്ടകക്കൂട്ടങ്ങളെ മേയ്ക്കാനെത്തുന്നവർ ഗാഫ് മരങ്ങൾക്കരികെ നിന്ന് അതുനോക്കി നെടുവീർപ്പിട്ടു. സ്കൂളോർമകളുടെ മൂന്ന് പതിറ്റാണ്ടുകള്‍ എന്നിലൂടെയും കടന്നുപോയി. കാലംമാറി, കഥമാറി. ഇൻ്റർനെറ്റ് വിപ്ലവം. മൊബൈൽ ഫോൺ, ഫെയിസ് ബുക്ക്, വാട്സാപ്പ്.. എല്ലാം ഡിജിറ്റൽമയം. ദുബായിൽ ഒട്ടേറെ കമ്പനികളുടെ ഉടമയായ ‘പ്രാഡോ മുതലാളി’ അസീസാണ് പത്താം ക്ലാസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത്. അതേക്കുറിച്ച് പറയാൻ വിളിച്ചപ്പോൾ അവൻ എന്നോട് പറഞ്ഞു:
‘റാ മ്മടെ പഴേ സ്കൂൾ ബ്യൂട്ടി ഇങ്ങോട്ട് വരുന്നുണ്ട്ന്ന് കേട്ടല്ലോ.. അനക്കറിയോ?’
‘അത് നെനക്കല്ലേ ആദ്യം അറിയേണ്ടേ…’
ഞാൻ വെറുതെ ഒരു നമ്പരിട്ടപ്പോൾ മറുപടിയൊന്നും പറയാതെ അവൻ ചിരിച്ചു. അവൻ്റെ മനസിൽ ഇപ്പോഴും രമാ നായർ പഴയ സുന്ദരിക്കോത.
‘ഏതായാലും ഒാള് വര്ന്നതല്ലേ.. മ്മക്ക് ഏതേലും പാർക്കിൽ കൂടിയാലോ?’
സംഗതി എനിക്ക് മാത്രമല്ല, ഷാർജയിലുള്ള എൻജിനീയർ നൗഫലിനും റാസൽഖൈമയില്‍ സെയിൽസ്മാനായ കുഞ്ഞികൃഷ്ണനും അൽ െഎനിൽ ടീച്ചറായ ഹസീനയ്ക്കുമെല്ലാം നന്നായി ബോധിച്ചു. പക്ഷേ, അൽ തനൂർ പാർക്കിലെ സംഗമത്തിനെത്തിയ രമാ നായരെ നേരിട്ട് കണ്ടപ്പോൾ കാലത്തിൻ്റെ ക്രൂരതയോർത്ത് വാ പൊളിച്ചുനിന്നു. പഴയ സ്കൂൾ ബ്യൂട്ടിയെ കാണാനാഗ്രഹിച്ചവരുടെയെല്ലാം മുന്നിൽ വന്ന് വിളറിയ ചിരിചിരിച്ച് നിന്നത് അവളുടെ പ്രേതക്കോലം. ആൺകുട്ടികളുടെ ഉറക്കം കെടുത്തിയിരുന്ന ആ നീണ്ടുചുരുണ്ട കാർക്കൂന്തൽ നന്നായി കളറടിച്ച് കറുപ്പിച്ചിട്ടുണ്ടെങ്കിലും സന്തോഷമെന്തെന്നറിയാത്ത ജീവിതം അവളെ പാടേ ഉരുക്കിക്കളഞ്ഞു. കണ്ണുകൾക്ക് താഴെ കറുപ്പുനിറം, കൈകളിൽ എഴുന്നുനിൽക്കുന്ന ഞരമ്പുകൾ… എങ്കിലും പോയകാലത്തെ മധുരനിമിഷങ്ങൾ എല്ലാവരും പങ്കിട്ടപ്പോൾ രമാ നായർ കുറച്ച് ഉഷാറായി. മറ്റുള്ളവരോടൊപ്പം അവൾ ചിരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ അത് പാഴായിപ്പോകുന്നത് ഞാൻ ഖേദത്തോടെ കണ്ടുനിന്നു. അവളുടെ മനസിൽ എന്തൊക്കെ വിഷാദം ഉറഞ്ഞുപോയിട്ടുണ്ടെന്ന് മനസിലാക്കി അസീസ് പഴയ അധ്യാപകരെക്കുറിച്ചുള്ള ഒാർമകളിലേയ്ക്ക് എല്ലാവരെയും കൂട്ടിക്കൊണ്ടു പോയി. ജോർജ് മാഷിൻ്റെ മുണ്ട് പൊക്കിയടിയായിരുന്നു എല്ലാവരെയും ഏറെ രസിപ്പിച്ചത്. അനന്തുവിന്‍റെ പഴയ ലീലാവിലാസങ്ങളെക്കുറിച്ച് ആരുമൊന്നും ഉരിയാടിയില്ല.
യുകെയിൽ നിന്ന് ഇൗ കൂടിച്ചേരലിന് മാത്രമെത്തിയ അനിൽ ജോസായിരുന്നു ശരിക്കും ഇന്നലത്തെ ഹീറോ. സ്കൂൾ ഡേയ്ക്ക് പാടിയ ആ പഴയ പാട്ട് അവൻ വീണ്ടും പാടി തന്നിലെ ഗായകൻ അന്യം നിന്നുപോയിട്ടില്ലെന്ന് മനസിലാക്കിത്തന്നു. പിന്നെ, അവിചാരിതമായി എത്തിച്ചേർന്ന രമാ നായരും. മണിക്കൂറുകളോളം സൗഹൃദം പങ്കിട്ട് ഇനിയും കൂടാം എന്ന് പറഞ്ഞ് പിരിഞ്ഞതിന് ശേഷം മടങ്ങുമ്പോൾ, രമാ നായരെക്കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത്. ഒരുപാട് ജീവിതപരീക്ഷണങ്ങൾ നേരിട്ടവളാണ് അവളെന്ന് എനിക്കും മറ്റു ചിലർക്കും മാത്രമേ അറിയാവൂ. അവളുടെ ആദ്യ വിവാഹം വൻ പരാജയമായിരുന്നു. സ്കൂളിനടുത്ത് വാടകമുറിയിൽ താമസിച്ചിരുന്ന അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തിരുന്ന യുവാവിനെ വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ പോലും വകവയ്ക്കാതെ പ്രണയിച്ചായിരുന്നു ആദ്യം വിവാഹം കഴിച്ചത്. അനുജത്തിയുടെ വിവാഹത്തിന് തൻ്റെ എതിർപ്പ് വകവയ്ക്കാതെ രമാ നായർ പോയ ദിവസം രാത്രി കൂട്ടുകാർക്കെല്ലാം മദ്യസത്കാരം നൽകി ആഘോഷിച്ച് അവളുടെ സാരിത്തുമ്പിൽ അയാൾ ജീവനൊടുക്കി. പന്നീട് വീട്ടുകാർ കണ്ടെത്തി വിവാഹം കഴിപ്പിച്ച ഗൾഫുകാരൻ ഒരാഴ്ചയ്ക്കുള്ളിൽ അബുദാബിയിൽ തിരിച്ചെത്തിയ ശേഷം ആളാകെ മാറി. തോന്നുമ്പോൾ എന്നെങ്കിലും ഒരു ഫോൺ വിളി. പുനർ വിവാഹിതയായിട്ടും ഏകാന്തതയുടെ മരുഭൂമിയിൽ അവൾ ഒറ്റപ്പെട്ടു. വിഷാദ രോഗത്തിനടിപ്പെട്ട് കുറേക്കാലം ചികിത്സയിലായി. സർക്കാരുദ്യോഗസ്ഥനായിരുന്ന അച്ഛൻ മകളുടെ ദുരവസ്ഥയിൽ മനംനൊന്ത് ഹൃദയം നൊന്ത് മരിച്ചു. അതോടെ അമ്മയും രോഗിയായി. നൈരാശ്യം കുടിച്ച് ജീവിക്കവെയാണ് അഞ്ചാറ് മാസം മുൻപ് ഒരുദിവസം അവൾക്ക് അബുദാബിയിൽ നിന്ന് ഒരു അജ്ഞാത ഫോൺകോൾ ലഭിച്ചത്. അയാൾ പറഞ്ഞത് ആദ്യം അവൾക്ക് വിശ്വസിക്കാനായില്ലെന്ന് ഇന്നലെ എന്നെയും അനിൽ ജോസിനെയും അസീസിനെയും മാറ്റി നിർത്തി രമാനായർ പറഞ്ഞു. അവൾക്ക് ലഭിച്ച വിവരം കൈമാറിയപ്പോൾ ഞങ്ങളും ആശയക്കുഴപ്പത്തിലായി. അങ്ങനെയൊന്നും ഉണ്ടായിരിക്കില്ലെന്നും അതാരോ പരദൂഷണം പറഞ്ഞുണ്ടാക്കുന്നതാണെന്നും അവളെ സമാധാനിപ്പിച്ചു.
അസീസിന്‍റെ കൂടെയായിരുന്നു രമാനായരും അനിൽ ജോസും അബുദാബി യാത്ര പ്ലാൻ ചെയ്തത്. ഞാനത്യാവശ്യം ജോലി തീർത്ത് അല്‍ നഹ്ദയിൽ നിന്ന് ഉച്ചയോടെ കാറിൽ പുറപ്പെട്ടു. അൽ മുല്ലയിലെത്തിയപ്പോൾ മൊബൈൽ റിങ്ങായി. കാനഡയിൽ നിന്ന് അനന്തു. കാറിൻ്റെ സ്പീക്കറിലൂടെ സംസാരിച്ചു.
‘റാ, ഇന്നലത്തെ സംഗമം നെനക്ക് മിസ്സായല്ലോറാ അനന്തൂ…’
‘റാ സാലി… ഇന്നലെ പാർക്കിൽ വച്ച് എന്താടാ നടന്നേ?’ ഞാൻ പറഞ്ഞു തീരും മുൻപേ അവന്‍ തിരിച്ചുചോദിച്ചു.
‘ഇന്നലെ എന്തു നടക്കാൻ. എല്ലാരും കൂടി പഴേ ഒാർമകൾ പങ്കിട്ടു, കൊറേ തമാശോള് പറഞ്ഞു, പാട്ടുപാടി.. ചിരിച്ചുകളിച്ച് അടിപൊളി ബിരിയാണി കഴിച്ച് അങ്ങനെ കുറച്ച് മണിക്കൂറുകൾ.. മ്മടെ രമാ നായരും യുകേന്ന് അനിലും വന്നത് എല്ലാർക്കും ഹാപ്പിയായി.. നീ വരാത്തത് നെനക്ക് വല്യ നഷ്ടം. അത്രേള്ളൂ..’
ഞാനൊഴുക്കൻ മട്ടിൽ പറഞ്ഞുനിർത്തി.
‘അതല്ലെറാ… നീയെന്തൊരു പൊട്ടൻ. നെനക്ക് പണ്ടേ പൊട്ടത്തരം കൂടുതലാണല്ലോ. പാർക്കില് ചെലത് നടന്നൂന്നാ ഞാനറിഞ്ഞേ. ങും ങൂം..’
‘നീയെന്ത് അറിഞ്‍ഞെന്നാണെറാ അനന്തൂ പറേന്നേ?’
‘റാ.. രമാനായരെ ആരാ ദുബായിക്ക് കൊണ്ടുവന്നേന്ന് നെനക്കറിയോ, മ്മടെ പഴേ ആ രതിരസക്കാരനില്ലേ ഒാന്‍ തന്ന്യാ..’ ഞാനൊന്ന് ഞെട്ടി. ഒന്നും ഉരിയാടാനാകാതെ നിന്നപ്പോൾ അനന്തുവിന് ആവേശമായി:
‘റാ.. നിങ്ങളെല്ലാം തമാശേം പറഞ്ഞിരിക്കുമ്പോ ഒാറ് രണ്ടാളും പാർക്കിലെ മറവിൽ നിന്ന് ചെല ഹുബ്ബുബ്ബിയൊക്കെ നടത്തി.. ‘
‘പോറാ.. ഇനിയെങ്കിലും നെനക്ക് നന്നായിക്കൂടെറാ അനന്തൂ..’
‘റാ… എൻ്റെ എളേമ്മേടെ മോൻ അഖിലനില്ലേ, ഒാനും ഫ്രണ്ട്സും അപ്പോ ആ പാർക്കിലുണ്ടാര്ന്ന്. ഒാറെല്ലാം കണ്ടിരുന്ന്. അഖിലനാ എന്നോട് പറഞ്ഞേ, ആടെ ചില പടക്കങ്ങൾ പൊട്ടിയെന്ന് ..’
അവൻ വലിയ തമാശ പറഞ്ഞ പോലെ ചിരിച്ചു.
‘റാ അനന്തൂ.. നീ ആടെ നിന്നും പരദൂഷണം പറഞ്ഞുണ്ടാക്കല്ലേറാ.. കുടുംബമായി കഴിയുന്ന കൊറേ പെണ്ണുങ്ങളുണ്ടായിരുന്നു സംഗമത്തില്. ഒാറേല്ലാം മോശക്കാരാക്കല്ലേ..’
‘റാ സാലി.. ഞാനും എൻ്റനിയനും പറേന്നെ കള്ളത്തരാന്ന് നെനക്ക് തോന്നുന്നെങ്കി നീ ഒരു കാര്യം ചെയ്യ്, പാർക്കിലെ സിസിടിവി ക്യാമറ പരിശോധിക്കാൻ പറയ്..’
‘റാ മുനിസിപ്പാലിറ്റീടേതാ പാർക്ക്. സിസിടിവി പരിശോധിക്കാൻ ഒാറോട് പറയ്യ നടക്കുന്ന കാര്യാണോറാ?’
‘റാ.. അതാ ഞാൻ പറഞ്ഞേ. ആടെ ചെല വേണ്ടാധീനങ്ങളെല്ലാം നടന്നൂന്ന്. ഞാനേതായാലും ഇന്ന് രാത്രി ഗ്രൂപ്പിൽ ഇക്കാര്യം പറയാൻ പൂവാണ്..’
‘നീയെന്ത് വേണേലും ചെയ്യ്…’
ഇരച്ചുകയറിയ ദേഷ്യമടക്കി ഫോൺ കട്ടു ചെയ്തു. ഇന്നലത്തെ പരിപാടിയുടെ ഒാരോ നിമിഷാർദ്ധവും ചിന്തയിലൂടെ ഇളകിമറിഞ്ഞു. പക്ഷേ, സംശയിക്കാനൊന്നും കണ്ടെത്തനായില്ല.
അബുദാബി നഗരത്തിലെത്തുമ്പോൾ രമാ നായരും അനിൽ ജോസും നേരത്തെ പറഞ്ഞുവച്ചിരുന്ന റസ്റ്ററൻ്റിൻ്റെ മുന്നിൽ എന്നെ കാത്തിരിക്കുകയായിരുന്നു. ഒന്നിച്ച് ഉച്ചഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ മേൽവിലാസം നോക്കി യാത്ര പുറപ്പെട്ടു. അവളുടെ ഭർത്താവ് സുധീഷ് നായർ കഴിഞ്ഞ ഒരാഴ്ചയായി അവധിയിലാണെന്നായിരുന്നു ഒാഫീസിൽ നിന്ന് ലഭിച്ച വിവരം. അവിടെ നിന്ന് അദ്ദേഹത്തിൻ്റെ താമസ സ്ഥലത്തിൻ്റെ അഡ്രസ് കൈക്കലാക്കി ഞങ്ങൾ വീണ്ടും യാത്ര പുറപ്പെട്ടു.
കടൽത്തീരത്തെ വിലകൂടിയ ബഹുനില കെട്ടിടത്തിലെ ഏഴാം നിലയിലായിരുന്നു ആ ഫ്ലാറ്റ്. എങ്ങും ശ്മശാനമൂകത. ഡോർ ബെല്ലടിക്കുമ്പോൾ രമാ നായരുടെ കൈകൾ വിറച്ചു. വാതിൽ തുറന്നത് പക്ഷേ, സുന്ദരനായ ഒരു ചെറുപ്പക്കാരൻ.
‘വൺ മിസ്റ്റർ സുധീഷ് നായർ….?’
അസീസിൻ്റെ ചോദ്യം കേട്ട് ചെറുപ്പക്കാരൻ ഞങ്ങളെയെല്ലാം ഒന്നു ഉഴിഞ്ഞുനോക്കി. മറുപടി പറയുമ്പോഴേയ്ക്കും അകത്ത് നിന്ന് ഒരാളുടെ ശബ്ദമെത്തി.
‘ഹൂ ഇൗസ് ദേർ ഹണീ…?’
‘രണ്ടുമൂന്നു പേർ ചേട്ടനെ അന്വേഷിച്ച് വന്നിരിക്ക് ണു…’ ചെറുപ്പക്കാരൻ്റെ കൊഞ്ചിക്കുഴഞ്ഞുള്ള മറുപടി കേട്ട് സുധീഷ് നായർ വന്നു. അയാൾ ഷോർട്സ് മാത്രമേ ധരിച്ചിരുന്നുള്ളൂ. നെഞ്ചിലെ രോമക്കൂട്ടിൽ നിന്ന് വെള്ളിരേഖകൾ തലയുയർത്തിനോക്കി. രമാ നായരെ കണ്ട് അയാൾ ഞെട്ടിവിറച്ചു. സുധീഷ് നായരുടെ പരിഭ്രമിക്കുന്നത് കണ്ടപ്പോൾ ആ ചെറുപ്പക്കാരൻ സാന്ത്വനിപ്പിക്കാനെന്നവണ്ണം അയാളുടെ കൈകൾ കവർന്നു. രമാ നായരുടെ കണ്ണുകളിൽ നിന്ന് തീജ്വാലകൾ പുറത്തേയ്ക്ക് പ്രവഹിച്ചു. അതേറ്റ് സുധീഷ് നായരുടെ മുഖം പൊള്ളി. അയാൾ തലകുനിച്ചു. രമാനായർ അയാളുടെ മുഖം പിടിച്ച് പൊക്കി തടിച്ചുകൊഴുത്ത ആ കവിളത്ത് വളയിടാത്ത കൈ കൊണ്ട് ആഞ്ഞടിച്ചു. പിന്നെ ഉറച്ച കാൽവയ്പുകളോടെ തിരിച്ചുനടന്നു.
അസീസിന് മറ്റെവിടേക്കോ പോകേണ്ടതിനാൽ നേരത്തെ തീരുമാനിച്ചിരുന്നതനുസരിച്ച് എൻ്റെ കാറിലായായിരുന്നു രമാ നായരും അനിലും ദുബായിലേയ്ക്ക് പുറപ്പെട്ടത്. നഗരം വിട്ട് കാർ മത്സരക്കുതിരയെപോലെ കുതിച്ചു. ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയ ശേഷം അതുവരെ ഞങ്ങളാരും ഒന്നും സംസാരിച്ചിട്ടില്ല. ഞാനും അനിലും എന്തെന്നറിയാത്ത പിരിമുറുക്കത്തിലായിരുന്നു. അപ്പോൾ രമാ നായരുടെ അവസ്ഥ ഉൗഹിക്കാവുന്നതേയുള്ളൂ. ഞങ്ങൾക്ക് അവളോട് സഹതാപം തോന്നി.
വീണ്ടും അനന്തുവിൻ്റെ ഫോൺ എന്‍റെ മൊബൈലിനെ വിറപ്പിച്ചു. ഞാനാ കോൾ കട്ടുചെയ്തു. അവന് വിടാനുള്ള ഭാവമില്ലായിരുന്നു, വീണ്ടും വിളിച്ചപ്പോള്‍ ഒരു നിമിഷം അത് അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്ന് സംശയിച്ചു. എടുക്കൂ എന്ന് അനിൽ കണ്ണുകൾ കൊണ്ട് പറഞ്ഞതോടെ ഞാൻ പച്ചവട്ടത്തിൽ വിരലമർത്തി ഹലോ പറയുന്നതിന് മുൻപേ അവൻ ധൃതിയിൽ പറഞ്ഞു:
”റാ..സാലീ.. രമാ നായർ വന്നത് ഒാനെ കാണാൻ തന്നെയാറാ.. ഞാനത് ഒറപ്പിച്ച്..”
സ്പീക്കറിൽ നിന്ന് വിഷം പോലെ പുറത്തേയ്ക്ക് ചീറ്റിയ വാക്കുകൾ കേട്ട് രമാ നായർ ഞങ്ങളെ മാറിമാറി നോക്കിയപ്പോൾ ഞാൻ ഉരുകിയില്ലാതാകുന്നത് പോലെ തോന്നി. അനന്തുവിനോട് മറുപടിയൊന്നും പറയാതെ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു. രമാ നായർ ഒന്നും മിണ്ടാതെ കുറച്ച്നേരം സൈഡ് ഗ്ലാസിലൂടെ അകലെ മരുഭൂമിയില്‍ സൂര്യൻ്റെ തണൽപറ്റി ഒറ്റയ്ക്ക് അതിജീവനം നടത്തുന്ന ‘ഗാഫ് ‘ മരത്തെ ഇമവെട്ടാതെ നോക്കിയിരുന്നു. അപ്പോഴവളുടെ മുഖത്ത് ഒരു തരം വെളിച്ചം പടരുന്നത് പോലെ തോന്നി. മരം പിന്നിലേയ്ക്ക് പാഞ്ഞപ്പോൾ അവൾ ഞങ്ങളെ നോക്കുന്നത് മിററിലൂടെ കണ്ടു. ആ മുഖത്തെ പ്രകാശം ഞങ്ങളുടെ ഹൃദയത്തിലേയ്ക്കും പടർന്നു. പൊടുന്നനെ എല്ലാവരും എന്തിനെന്നറിയാതെ പൊട്ടിച്ചിരിച്ചു.