രണ്ടു പെണ്ണുങ്ങൾ

ഒരാൾ:
പ്രതീക്ഷകളുടെ
മഴവെള്ളപ്പാച്ചിലിലാണ്
കടലാസ്സുതോണികൾ
മുങ്ങി മരിച്ചത്.

ആഢംബരത്തിൻ്റെ
പുറംമോടിയിൽ
കെട്ടിയുയർത്തിയത്
ശീട്ടുകൊട്ടാരങ്ങളായിരുന്നു.

അറ്റത്തു കണ്ട
കുരുക്കിട്ട കയറിലാണ്
ആശ്വാസത്തിൻ്റെ വേര്
ഉറപ്പിച്ച് തൂങ്ങിയാടിയത്.

മറ്റൊരാൾ:
എടുത്തുച്ചാട്ടത്തിൻ്റെ
അമിതാവേശം
എളുപ്പത്തിലാണ്
കത്തിയമർന്നത്

ചാരത്തിൽ നിന്ന്
ഉയർത്തെഴുന്നേറ്റതിനാൽ
പഴിവാക്കുകൾ
ഉയരെപ്പറക്കുവാനുള്ള
കരുത്തായി മാറിയിരുന്നു.

ഇന്നലകളിലേക്ക്
തിരിഞ്ഞു നോക്കുമ്പോൾ
ഇവിടങ്ങളിലെ
വിയർപ്പ് തുള്ളികൾക്ക്
എൻ്റെ മണമായിരുന്നു.
നക്ഷത്രത്തിളക്കമുള്ള
തോളുകൾ തിരിച്ചറിഞ്ഞത്.

കണ്ണൂർ മയ്യിൽ വേളം സ്വദേശി. ഐ ടി പ്രൊഫഷണൽ. ഇപ്പോൾ എറണാകുളത്ത് ജോലി ചെയ്യുന്നു