ശാപമോക്ഷം
ചുംബിക്കപ്പെടണമെന്ന് തോന്നുമ്പോൾ
ഞാൻ സ്വയം ഒരു
കല്ലായ് മാറ്റും
സ്വയം ശിലയായ് മാറിയവൾക്കും
ശാപമോക്ഷമുണ്ടാകുമോ?
ശരീരം
എൻ്റെ ശരീരം
എൻ്റെ യാഥാർത്ഥ്യമാണ്.
ചിലർക്ക് അതു
വെറും കഫവും
മലവുമായിരിക്കാം.
ചിലർക്കാകട്ടെ
പുഴുവരിക്കുന്ന
ഒരു തുണ്ട് മാംസക്കഷ്ണം.
ജ്ഞാനികൾ ആത്മീയതയും
തർക്കശാസ്ത്രവും സംസാരിക്കും.
ശരീരത്തിൻ്റെ നശ്വരതയെക്കുറിച്ചും,
ആത്മാവിൻ്റെ പൂർണ്ണതയെക്കുറിച്ചും,
നമ്മളെ ബോധവാൻമാരാക്കും.
പക്ഷെ എൻ്റെ ശരീരമാണ്
എൻ്റെ യാഥാർത്ഥ്യം.
അതിൻ്റെ കുതിപ്പിലും കിതപ്പിലും
എൻ്റെ ആത്മാവ്
തുള്ളിച്ചാടുകയും
നിലവിളിക്കുകയും
ചെയ്യുന്നു.
ചിലപ്പോൾ തടിക്കുന്ന,
ചിലപ്പോൾ മെലിയുന്ന,
പരുക്കളും കുരുക്കളും
വികൃതമാക്കുന്ന,
മനസ്സിനെ കാർന്നുതിന്നുന്ന,
സ്വയം വെറുക്കാൻ
തോന്നിപ്പിക്കുന്ന,
രക്ത പാച്ചിലുകളുള്ള,
ഈ ശരീരം
എൻ്റെ യാഥാർത്ഥ്യമാണ്.
അതിൻ്റെ കാമനകൾ,
ആരുമറിയാത്ത
ആഴമേറിയ ആശകൾ,
നനവും കനവും തരുന്ന
വിചിത്രമായ
വേലിയേറ്റങ്ങൾ, ഇറക്കങ്ങൾ,
ഇതെല്ലാം എൻ്റെയാണ്.
ഈ ശരീരം ഞാനാണ്,
ഞാൻ കാണിക്കുന്ന
പിടപ്പുകളാണ്,
പ്രണയത്തിൻ്റെ ജ്വരമാണ്,
വല്ലാതെ ഞാനാണ്.
നീയുമാണ്.