സൂര്യരശ്മികള്‍ വാര്‍ഡിന്‍റെ ഇടനാഴിയിലേക്കു തെന്നിയിറങ്ങുമ്പോള്‍ മൂലയില്‍ ചുരുണ്ടുകൂടി കിടന്നിരുന്ന പൂച്ച മൂരിനിവര്‍ന്നെഴുന്നേറ്റു. നിലംഅടിച്ചുവാരുന്ന അവളുടെ വസ്ത്രത്തില്‍ ദേഹമുരസി മ്യാവൂ എന്നൊച്ചവെച്ചു നടന്നു. രോഗികളുടെകൂടെയുള്ളവര്‍ ഫ്ളാസ്ക്കുകളുമായി ഇടനാഴിയിലൂടെ പോവുമ്പോഴാണ് അവള്‍ ചുമരിലൂടെ പായുന്ന എട്ടുകാലിയെ കാണുന്നത്. ചൂലുമായി എട്ടുകാലിയെ തട്ടിയിടാന്‍ നീങ്ങുന്നതിനിടയില്‍ അത് ജനലിലേക്കു ചാടി. ജനല്‍വിടവില്‍നിന്നതിനെ അടിച്ചോടിക്കുമ്പോള്‍, ഉലയുന്ന കര്‍ട്ടണ്‍പഴുതിലൂടെ കണ്ട ആ മുറിയിലെ കാഴ്ചയില്‍ കൈയിലെ ചൂല്‍ താഴെവീണു..! വെളുത്തകാലുകളും കറുത്തരോമങ്ങള്‍നിറഞ്ഞകാലുകളും കെട്ടുപിണഞ്ഞു കിടക്കുന്നത് അവളുടെ കണ്ണുകളെ ജനലഴികളിലേക്കു വലിച്ചണച്ചു.
തുടകളും നിതംബങ്ങളും, മുറിയിലെ കട്ടിലിനു ചുവട്ടില്‍ കിടക്കുന്ന വസ്ത്രങ്ങളും കാഴ്ചയിലേക്ക് കടന്നുവരാന്‍ തുടങ്ങിയപ്പോള്‍, ആരാണ് കൈനീട്ടി ജനലിന്‍റെ സ്ലൈഡിംഗ് ഗ്ലാസ്നീക്കി കര്‍ട്ടണ്‍ പതിയെ മാറ്റിയതെന്നറിയാനായി അവള്‍ പിറകോട്ടു നോക്കി. പുതുതായി ജോലിയില്‍ കയറിയ ഫിലിപ്പിന്‍ നഴ്‌സ് ചിരിയോടെ നില്‍ക്കുന്നു.
“ഞാനുമൊന്ന് കണ്ടോട്ടെ…!” നഴ്‌സ് പല്ലുകളില്‍ കെട്ടിയ സ്റ്റീല്‍കമ്പികള്‍ കാണിച്ചു പറഞ്ഞു.
ഇടനാഴിയിലൂടെ നടന്നുനീങ്ങുന്നതിനിടയില്‍ തിരിഞ്ഞുനോക്കുന്ന പൂച്ച അവരെ നോക്കി കരഞ്ഞു, മ്യാവൂ… മ്യാവൂ… വെളുപ്പും കറുപ്പുമുള്ള മേനികളും പാറിപ്പറക്കുന്ന മുടിയിഴകളും ഉറക്കത്തിന്‍റെ കെണിയിലമര്‍ന്ന മുഖങ്ങളും കാഴ്ചയിലേക്ക് വന്നെത്തുമ്പോള്‍ അവര്‍ പരസ്പരം നോക്കി, പിറകിലേക്ക് തിരിയാനൊരുങ്ങിയെങ്കിലും പിറകില്‍നിന്നുകേട്ട ശബ്ദമവരെ നിശ്ചലരാക്കി. അവര്‍ മുറിയിലെ കാഴ്ചയിലേക്കുതന്നെ മുഖംതിരിച്ചു.
“മതി. കര്‍ട്ടണ്‍ മാറ്റിയത് മതി. അപ്പോള്‍ അതവളാണല്ലെ..!”
“നഴ്സിങ്സൂപ്പര്‍വൈസര്‍, ഇതാണോ നിങ്ങളുടെ വാര്‍ഡില്‍ നടക്കുന്ന രോഗീപരിചരണം….? ”
“നഴ്സിങ്സൂപ്രണ്ട് സാര്‍…! താങ്കളിതെപ്പൊവന്നു…!.”
“അവനേയും അവളേയുമെനിക്ക് മനസ്സിലായി.”
“നഴ്സിങ്സൂപ്രണ്ട്, ഇതെല്ലാം താങ്കള്‍ വളംവെച്ചു കൊടുത്തിട്ടാണ്.”
“ഡോക്ടര്‍, താങ്കളുമെത്തിയോ..! എല്ലായിടത്തും നിരീക്ഷണ കാമറകള്‍ വെച്ച് നഴ്സുമാരെ നിരീക്ഷിക്കാനുള്ള സംവിധാനം നമുക്കില്ലല്ലോ, സാര്‍..!”
“ഞാനതല്ല പറഞ്ഞത്, നഴ്സിങ്സൂപ്രണ്ട്”
“ഡോക്ടര്‍,പിന്നെ…?”
“ആണ്‍നഴ്സുമാരെ അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിക്കിട്ടാല്‍ പോരേ…? എന്തിനവരെ വാര്‍ഡില്‍…..?”
“എവിടെ ഡ്യൂട്ടിക്കിട്ടാലും ആണുംപെണ്ണും കാന്തമല്ലേ, സാര്‍…? പ്രതിബന്ധങ്ങളെ തട്ടിമാറ്റി അവ
ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. ഇത് പ്രകൃതിയുടെവികൃതിയാണ്,സാര്‍.”
“ഏതായാലും ഈ വികൃതി കാണാന്‍ അതാ മെഡിക്കല്‍സൂപ്രണ്ടും വരുന്നുണ്ട്.” രോഗികളുടെ കൂടെയുള്ളവരും ആശുപത്രി ജീവനക്കാരും ജനലിനുമുമ്പില്‍ തിക്കിത്തിരക്കാന്‍ തുടങ്ങി. എട്ടുകാലി, ജനല്‍വിടവില്‍ നിന്ന് തലനീട്ടി എല്ലാവരേയും നോക്കി ചിരിയോടെ തലചൊറിഞ്ഞു.
ഇരുവരുമപ്പോള്‍ കെട്ടിപ്പുണര്‍ന്ന് രതിസുഖത്തിന്‍റെ യാനത്തില്‍ ആടിയുലയുകയാണ്. കൂറ്റന്‍തിരമാല ആഞ്ഞടിച്ച് യാനത്തെ ഉലച്ചപ്പോള്‍ അവള്‍ ചിരിച്ചു. ചെറുജലത്തുള്ളി നെറ്റിയിലേക്ക് ചിതറി, കണ്‍കുഴിയിലേയ്ക്ക് വഴുതിയൊലിച്ചപ്പോള്‍ സ്വപ്നത്തില്‍നിന്ന്ഞെട്ടിയുണര്‍ന്ന അവന്‍ അവളുടെ ചുരുള്‍മുടിക്കുള്ളില്‍നിന്ന് മുഖമുയര്‍ത്തി കണ്ണുതുറന്നു. ജനലരികില്‍ നിറയെ മുഖങ്ങളും അതിലേറെ മൊബൈല്‍ഫോണുകളും ചുറ്റിത്തിരിയുന്നത് കണ്ടയുടനെ ചുരുള്‍മുടികള്‍ക്കുള്ളിലേക്കുതന്നെ അവന്‍ മുഖംപൂഴ്ത്തി. കാല്‍ച്ചുവട്ടില്‍ വസ്ത്രങ്ങളുണ്ടോയെന്നറിയാനായി കാലിളക്കിയ അവന്‍ മുടിയിഴകള്‍ക്കുള്ളിലൂടെ താഴേക്ക് നോക്കിയപ്പോള്‍ പാന്‍റും കോട്ടും അടിവസ്ത്രവും നിലത്തുകിടക്കുന്നത് കണ്ട് അവളുടെ ചെവിയിലേക്ക് ചുണ്ടുകള്‍ ചേര്‍ത്തു.
“റുസൈലാ… റുസൈലാ..!”
“മാജീ..,ചെവിക്കുള്ളില്‍ നാവുചുഴറ്റുന്ന പരിപാടി നിനക്ക് മടുത്തില്ലേടാ..?”
“റുസൈലാ, സംഭവം ചീറ്റിയിരിക്കുന്നു..!”
“സംഭവം മിന്നിച്ചു മാജീ, നിന്നെ ഞാനിത്രയ്ക്കും കരുതിയില്ല.”
“അതല്ല റുസൈലാ..!”
“പിന്നെ…?”
“സുഖം കൊടുമ്പിരി കൊണ്ടപ്പോള്‍ നേരം വെളുത്തത് നമ്മളറിഞ്ഞില്ല, റുസൈലാ..!”
“നിന്‍റെ ഫോണില്‍ അലാംവെച്ചിട്ടുണ്ടല്ലോ,നമ്മള്‍.നേരം വെളുക്കുന്നേയുള്ളൂ.”
“നേരം പരപരാവെളുത്തു, അലാം നമ്മളെ ചതിച്ചു, റുസൈലാ. ആ ജനാലയ്ക്കല്‍ ഈ ആശുപത്രിയിലെ എല്ലാവരുമെത്തിക്കഴിഞ്ഞു..!”
“എവിടെ…? നോക്കട്ടെ…”
“വേണ്ട…! നമുക്ക് ഒന്നുമറിയാത്തപോലെ കിടക്കാം….”
“എത്ര നേരം, മാജീ..?”
“അറിയില്ല. എനിക്കറിയില്ല..!”
അവള്‍ കണ്‍തുറന്നശേഷം വേഗം ചിമ്മി. അവളുടെ ശരീരം വിറക്കുന്നതവനറിഞ്ഞു.
“മാജീ, എന്‍റെ ഹിജാബ് ..! എന്‍റെ വസ്ത്രങ്ങള്‍ ..!”
“കൈയെത്തും ദൂരത്തൊന്നുമില്ല, റുസൈലാ..!”
അവള്‍ കരയാന്‍ തുടങ്ങി. അവന്‍റെ കണ്ണുകളും നിറഞ്ഞു.ഫാന്‍ വേഗത്തില്‍ കറങ്ങിക്കൊണ്ടിരുന്നു. നിലത്തുകിടക്കുന്ന അവരുടെ വസ്ത്രങ്ങള്‍ കാറ്റില്‍ വിറച്ചു. ഇന്നലെ രാത്രി, റൂം നമ്പര്‍ മുപ്പത്തിരണ്ടിലെ മുഹമ്മദ്മാസിക്ക് അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ പ്രഥമശുശ്രൂഷകള്‍ നല്‍കിക്കൊണ്ടുള്ള അവളുടെ ജോലിത്തിരക്കിനിടയിലേക്കാണ് സഹായവുമായി അടുത്തവാര്‍ഡിലെ അവനെത്തുന്നത്. ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകളെല്ലാം സിറിഞ്ചുകളിലാക്കി അവന്‍ രോഗിക്കരികില്‍ നില്‍ക്കുന്ന അവള്‍ക്കെത്തിച്ചുകൊടുത്തു. മുഹമ്മദ്മാസി അപസ്മാരത്തിന്‍റെ ചുഴിക്കുള്ളില്‍നിന്ന് പതിയെ പുറംലോകത്തേക്കെത്തുമ്പോള്‍ അവര്‍ ആശ്വാസത്തോടെ നഴ്സിങ്സ്റ്റേഷനിലേക്ക് മടങ്ങി.
“ഓക്സിജന്‍ കുറച്ചു സമയംകൂടി പോവട്ടെ, മാജീ. നീ വന്നത് എനിക്ക് വലിയ ആശ്വാസമായി, കേട്ടോ..!”
“ഇയാള്‍ക്ക് ഇടയ്ക്കെല്ലാം ഫിറ്റ്സ് വരാറുണ്ട്, റുസൈല. കഴിഞ്ഞ എന്‍റെ നൈറ്റിലും…”
“മുഹമ്മദ്മാസി അറിയപ്പെടുന്ന അറബ് ക വിയാണത്രെ…”
“ചില കവിതാപുസ്തകങ്ങള്‍ അയാളെന്നെകാണിച്ചിട്ടുണ്ട്. ഓരോ ഫിറ്റ്സ് കഴിഞ്ഞാലും ബ്രെയിന്‍ തെളിച്ചമുള്ളതാവുമെന്നും പുതിയ ആശയങ്ങള്‍ കത്തിപ്പടരുമെന്നും മാസി ഒരിക്കലെന്നോട് പറഞ്ഞിരുന്നു.”
“എന്നാല്‍ നാളെ അയാള്‍ പുതിയ കവിതകള്‍ക്ക് തുടക്കം കുറിക്കുമായിരിക്കും.”
അവന്‍ പോവാനൊരുങ്ങുമ്പോള്‍ അവള്‍ വിഷമത്തോടെ നോക്കി. അവിടെ അവശേഷിക്കുന്ന അവന്‍റെ ഗന്ധത്തിനായിഅവള്‍ ശ്വാസം ആഞ്ഞുവലിച്ചു. നിലാവിലൂടെ മഴപെയ്യുമ്പോള്‍ അവനോടിനിയും സംസാരിക്കാനായി അവള്‍ വാട്ട്സാപ്പിലേക്ക് ഊളിയിട്ടു. ചാറ്റിങ് തീരത്തുവെച്ച് അവര്‍ കൈകോര്‍ത്തു. അവിടെ ദീര്‍ഘനേരമവര്‍ കുളിര്‍കാറ്റേറ്റിരുന്നു. അവളവനെ ക്ഷണിച്ചു, കിടപ്പുമുറിയിലേക്ക്. ഇരുളിലൂടെ അവന്‍ മുറിയിലേക്ക് വന്നു. മുറിയിലെ കടലാസുപെട്ടിയില്‍ ചുരുണ്ടുകൂടി കിടന്നിരുന്ന പൂച്ച ജനല്‍വിടവിലൂടെ തിക്കിത്തിരക്കി ഇടനാഴിയിലേക്ക് ചാടി, മൂലയില്‍ കാല്‍ നീട്ടി കിടന്നു.
ജനലിനുമുമ്പില്‍ കൂടിയ ആള്‍ക്കൂട്ടത്തെ സെക്യൂരിറ്റിഗാര്‍ഡുകള്‍ മാറ്റി നിര്‍ത്തി, ഇടനാഴിക്കു കുറുകെ നിരന്നുനിന്നു. ഡോക്ടര്‍ നഴ്സിങ്സൂപ്രണ്ടിനെന്തോ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമ്പോള്‍ മെഡിക്കല്‍സൂപ്രണ്ട് ചുമരില്‍ നെറ്റി അമര്‍ത്തി പിറുപിറുക്കുകയാണ്.
“സൂപ്രണ്ട് സാര്‍,താങ്കള്‍ റൂമില്‍ പോയി വിശ്രമിക്കൂ.”
“എം.ഡി. നാലുതവണ വിളിച്ചു. ഇതെല്ലാം വാട്ട്സാപ്പ് വഴി പരന്നുകഴിഞ്ഞത്രെ.! മറ്റ് ആശുപത്രികളെല്ലാം ഇതിനെ നമുക്കെതിരെയുള്ള ആയുധമാക്കിക്കഴിഞ്ഞു. ഇനിയുമീ കഴുതകളെയെന്തിനാ തുണിയില്ലാതെയിങ്ങനെ കിടത്തുന്നെ, രണ്ടിനെയും വിളിച്ച് ഉടന്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്…”
“എല്ലാം ഞാന്‍ സ്മൂത്തായി കൈകാര്യം ചെയ്യാം. സാര്‍,റൂമില്‍ പോയി വിശ്രമിക്കൂ…”
രണ്ട് സെക്യൂരിറ്റിഗാര്‍ഡുകള്‍ ഇടനാഴിയിലൂടെ ഓടിവന്നു.
“സൂപ്രണ്ട് സാര്‍, താഴെ ആളുകള്‍ ബഹളം വെക്കുന്നു..! പോലീസിനെ വിളിക്കൂ, സാര്‍.”
സൂപ്രണ്ടും ഡോക്ടറും താഴെ നിലയിലേക്ക് പോവാനായി ലിഫ്റ്റിനരികിലേക്കോടി. നഴ്സിങ്സൂപ്രണ്ട് ഓവര്‍കോട്ടും പാറിപ്പറത്തി ഇടനാഴിയിലൂടെ നടന്നുനീങ്ങുന്നതിനിടയില്‍ ജനല്‍വിടവിലൂടെ ആ മുറിയിലേക്കെത്തിനോക്കി,ചുണ്ടുകടിച്ചു. ഒളിക്കണ്ണിട്ടു നോക്കിയപ്പോള്‍ ജനലരികില്‍ ആരുമില്ലെന്നു മനസ്സിലാക്കിയ അവന്‍ കാല്‍ താഴേക്കുനീട്ടി ഷര്‍ട്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മുരടനക്കംകേട്ട് കട്ടിലിലേക്കുതന്നെ ചുരുണ്ടുകൂടി. അവളപ്പോള്‍ തലയിണകള്‍ക്കിടയിലേക്ക് മുഖംചെരിച്ച് ഫോണിലെന്തോ നോക്കുകയായിരുന്നു. സന്ദേശങ്ങള്‍ പെയ്തിറങ്ങിയപ്പോള്‍ സെല്‍ഫോണില്‍ കൂട്ടമണിയടികളുയര്‍ന്നു. അവനത് ബെഡ്ഡിനടിയില്‍നിന്നെടുത്ത് വായിച്ചു.
“എടാ മാജിദേ, രണ്ട് വര്‍ഷം നിന്നോടൊന്നിച്ച് പൊറുത്തതിന് നീയെനിക്ക് നല്ലൊരു ഗിഫ്റ്റ് തന്നു. ഞാനും കുഞ്ഞും നാട്ടിലേക്ക് പോവുന്നു. ഞങ്ങളെ അന്വേഷിച്ചിനി വരേണ്ട.” അവനവളിലേയ്ക്ക് മുഖംതിരിച്ചു. അവള്‍ തേങ്ങുകയാണ്.
“റുസൈല… അവള്‍ പോയി…! എന്‍റെ ഭാര്യ..!”
“എന്‍റെ വാട്ട്സാപ്പിലേക്ക് ഒരു വീഡിയോ വന്നിരുന്നു,മാജീ…! ഷാര്‍ജയിലെ ഫ്ളാറ്റില്‍നിന്ന് അബ്ദുല്ല അസീറി എന്‍റെ എന്‍ഗേജ്മെന്‍റ് റിങ്ങ് താഴേക്കെറിയുന്നതായിരുന്നു ആ…”
“നമുക്കു മുമ്പിലിനി ഒരൊറ്റ വഴിയേയുള്ളൂ, റുസൈല”
“അത്…?”
“മരണം..!”
“മാജീ….ഞാനും അതേക്കുറിച്ച് ചിന്തിക്കുകയാണ്. പക്ഷേ, നമ്മളെങ്ങനെ മരിക്കും…?”
“അതിനുമൊരു വഴിയും കാണാനില്ലല്ലോ..! തൂങ്ങിമരിക്കാന്‍ കയറില്ല.!”
“കുടിക്കാന്‍ വിഷം പോലും ഈ മുറിയില്ലല്ലോ..!”
“അഞ്ചാംനിലയില്‍ നിന്ന് താഴേക്ക് ചാടാമെന്ന് വെച്ചാല്‍ ആ ജനലിന്‍റെ ഗ്രില്ലെങ്ങനെ പൊളിക്കും..?”
“മാജീ, മരണത്തിനും നമ്മേ ഈ ചതിക്കുഴിയില്‍നിന്ന് രക്ഷിക്കാനാവില്ല.”
“മരണവും ജീവിതവും നമുക്ക് മുമ്പില്‍ കരയുകയാണ്, റുസൈല.”
പെട്ടെന്ന് കട്ടിലൊന്നിളകി. അലമാരയ്ക്കു മുകളിലെ പെട്ടികള്‍ താഴെവീണു. എന്തൊക്കെയോ തകര്‍ന്നുവീഴുന്ന ശബ്ദമുയര്‍ന്നു. ഫാന്‍ ആടുന്നു. ചുമര്‍ വിറയ്ക്കുന്നു. അവനുമവളും ചാടിയെഴുന്നേറ്റപ്പോള്‍, തോണിയിലെന്നപോലെ ഉലയാന്‍ തുടങ്ങി. ജനലിലൂടെ താഴേക്കുനോക്കി. മറ്റു കെട്ടിടങ്ങളെല്ലാം ആടിയുലഞ്ഞ് നിലംപതിച്ചു. ഇടനാഴിയിലൂടെ രോഗികള്‍ ഓടിപ്പോവുന്ന ബഹളം.
“റുസൈല, ഭൂമികുലുക്കം..!”
“ഭുമികുലുക്കമല്ല, നീ അതുനോക്ക്…. മിസൈലുകള്‍ തുരുതുരെ വീഴുന്നു..! യുദ്ധം തുടങ്ങി. മരിക്കുംമുമ്പ് എനിക്കൊരിക്കല്‍കൂടി, മാജീ…വാ…എനിക്കരികിലേക്ക് വന്നേ…”
വീഴാന്‍ പോവുന്നതിനിടയില്‍ അവളുടെ കൈകളില്‍ ചാടിപ്പിടിച്ചു. അവളവനെ നെഞ്ചോടുചേര്‍ത്തു. ആഞ്ഞുചുംബിച്ചു. അവനവളെ കെട്ടിപ്പിടിച്ച് കട്ടിലിലേക്ക് മറിച്ചിട്ടു. ആ സമയം ജനല്‍കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നഴ്സിങ്സൂപ്രണ്ടിനെ അവര്‍ കണ്ടു. ചിരിയോടെ അയാളെ നോക്കിയവര്‍ ഇണചേരാന്‍ തുടങ്ങി. നഴ്സിങ്സൂപ്രണ്ട് നിരാശയോടെ ജനല്‍കമ്പിയില്‍ തലയിടിച്ചുകൊണ്ടിരുന്നു.
“മാജീ, നീയെന്താ ചിരിക്കുന്നേ…?”
“റുസൈല, മിസൈലുകള്‍ വീഴുന്നു..! നഴ്സിങ്സൂപ്രണ്ട്..!”
“ഈ അര്‍ദ്ധരാത്രി മിസൈലുമില്ല നഴ്സിങ്സൂപ്രണ്ടുമില്ല.”
“അള്ളാ, ഞാനൊരു സ്വപ്നം കാണുകയായിരുന്നോ…?”
“രതിയുടെ ലഹരിക്കൊടുവില്‍ അറിയാതെ ഞാനുമങ്ങ് മയങ്ങിപ്പോയി, മാജീ….!”
“റുസൈല പിടുത്തം വിട്ടൊരു ഉറക്കത്തിലായിരുന്നു ഞാനും. കൂട്ടിന് സിനിമപോലൊരു സ്വപ്നവും..!”
“മൂന്ന് മണിക്ക് എനിക്ക് ഇഞ്ചക്ഷന്‍ കൊടുക്കാനുണ്ട്. ഇനിയും സ്വപ്നം കണ്ടുറങ്ങാതെ എന്നെ വാരിപ്പുണരൂ,
മാജീ…”
“അതിനുമുമ്പ് നീ നിന്‍റെ ഫോണില്‍ അലാം വെക്കണം….”
“നമ്മള്‍ നിന്‍റെ ഫോണില്‍ അലാം വെച്ചിട്ടുണ്ടല്ലോ…!”
“അതുപോരാ, രണ്ടു ഫോണിലും അലാം വെക്കണം. ഫോണ്‍ചതിച്ചാല്‍ പണിപാളും…!”
“ശരി…”
“പിന്നെ, നമ്മള്‍ ഈ മുറിയിലേക്ക് കയറിയപ്പോള്‍ ഒരു പൂച്ച ജനല്‍വിടവിലൂടെ തിക്കിത്തിരക്കി പുറത്തേക്കു ചാടിയിരുന്നു. ജനലിന്‍റെ സ്ലൈഡിംഗ് ഗ്ലാസ് ലോക്ക് ചെയ്യണം, റുസൈല…”
“ശരി. അതും ചെയ്യാം. ഇനി വേറെയെന്തെങ്കിലും…”
“ഉണ്ട്. നമ്മള്‍ ഊരിയെറിഞ്ഞ വസ്ത്രങ്ങളെല്ലാം നീ തലയിണക്കരികില്‍ വെക്കണം.”
“അതും ചെയ്യാം…”
“നമ്മള്‍ കവി മുഹമ്മദ്മാസിക്ക് ഒക്സിജന്‍വെച്ചു കൊടുത്തിരുന്നല്ലൊ! അത് നിര്‍ത്തണ്ടേ…?”
“മാജീ, ഓക്സിജനല്ലെ, കവി അതും വലിച്ച് സുഖമായുറങ്ങട്ടെ.”
അവള്‍ മുറിയിലൂടെ നടന്നെല്ലാം ചെയ്യുന്നതവന്‍ ശ്രദ്ധിച്ചു. ഒടുവില്‍ കിതപ്പോടെയവള്‍ അവനരികിലെത്തി.
“പറഞ്ഞതെല്ലാം ചെയ്തുകഴിഞ്ഞു.മാജീ, ഇനിയെന്നെയൊന്നും കൂടി ചുംബിക്കൂ…”
“അരികിലേക്ക് വാ.”
“അതിനുമുമ്പ് ഒരു കാര്യംകൂടി മാജീ, നീ സിനിമപോലൊരു സ്വപ്നംകണ്ടുവെന്നു പറഞ്ഞല്ലോ..!”
“അതെ..!”
“അതൊന്ന് ചുരുക്കിപ്പറയാമോ…?”
“ചുരുക്കാന്‍ എനിക്കറിയില്ല… എങ്കിലും പരമാവധി ശ്രമിക്കാം…”
“ശരി. പറയൂ, മാജീ…”
“സൂര്യരശ്മികള്‍ വാര്‍ഡിന്‍റെ ഇടനാഴിയിലേക്ക് വന്നെത്തുമ്പോള്‍ മൂലയില്‍ കിടന്നിരുന്ന പൂച്ച…………..”