രണ്ടുപേരും അമ്മമാർ!

ജീവിതം എന്നാൽ വളരെ വിചിത്രമായ ഒരു കഥയാണ്. ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെപ്പോലെയല്ല എന്നതുപോലെതന്നെ ഒരു ജീവിതവും മറ്റൊന്നിനോടു സമാനമല്ല. കേരളം ഇന്നും കുടുംബവ്യവസ്ഥ അനുസരിച്ചു മുന്നോട്ടുപോകുന്ന സമൂഹമാണ്. അപവാദങ്ങൾ ഉണ്ടാകുമ്പോഴും പൊതുവിൽ അച്ഛൻ, അമ്മ, മക്കൾ ചിലപ്പോൾ അപ്പുപ്പനോ അമ്മുമ്മയോ കൂടിച്ചേർന്നാകും കുടുംബം എന്ന വ്യവസ്ഥിതി ഉണ്ടാവുക. അവിടെ സ്നേഹം, പരസ്പരവിശ്വാസം തുടങ്ങിയ വികാരങ്ങൾക്കു പ്രാധാന്യമുണ്ട്. ഗൃഹനാഥൻ/നാഥ സ്വന്തം ഇഷ്ടങ്ങൾക്കപ്പുറം മറ്റ് അംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കു കൂടി പ്രാധാന്യം നൽകുന്നു. പലപ്പോഴും സ്വന്തം ആവശ്യങ്ങൾ മാറ്റിവയ്ക്കുന്നതും പതിവു കാഴ്ച്ചയാണ്. ഇവിടെ, 18 വയസ്സു തികഞ്ഞാൽ മക്കളോടു മാറി താമസിക്കാൻ ആവശ്യപ്പെടുന്നില്ല, പ്രായം ഏറെച്ചെന്നാൽ അച്ഛനമ്മമാരെ വൃദ്ധസദനത്തിലേക്കു നിർബന്ധമായും മാറ്റുന്നുമില്ല. ഇതിനിടയിൽ അസ്വാരസ്യങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകുന്നില്ലെന്നല്ല, എന്നാൽ അതിലും പ്രധാനം കുടുംബത്തിൻ്റെ കെട്ടുറപ്പിനുണ്ട്.

അക്ഷരമുത്തശ്ശിയെക്കുറിച്ചു കേട്ടിരുന്നോ? 110 വയസ്സിൽ അന്തരിച്ച കമലക്കണ്ണിയമ്മ എന്ന അമ്മയുടെ ജീവിതകഥ നമുക്കു മുന്നിലുണ്ട്. 108 മത്തെ വയസ്സിൽ സാക്ഷരതാമിഷൻ്റെ തുടർപഠനകേന്ദ്രത്തിലൂടെ പഠിച്ച് പരീക്ഷയ്ക്ക് നൂറിൽ തൊണ്ണൂറ്റെട്ടുമാർക്കു വാങ്ങി വിജയിച്ച കമലക്കണ്ണിയമ്മ അത്ഭുതമല്ലേ? അതിനേക്കാൾ അത്ഭുതം വൃദ്ധയായ അമ്മയെ, നൂറ്റിയെട്ടാം വയസ്സിൽ അവർ സ്വന്തം പേരെഴുതാൻ പഠിക്കണം എന്ന ആവശ്യം മുന്നോട്ടുവെച്ചപ്പോൾ, മക്കൾ ആ ആഗ്രഹത്തിനൊപ്പം നിന്നു എന്നതു മാത്രമല്ല, അവരെ വാർദ്ധക്യത്തിൽ സന്തോഷത്തോടെ ജീവിക്കാൻ അനുവദിച്ചു എന്നതും പ്രധാനമാണ്. കാരണം അത്തരത്തിലാണിന്നു നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി മാറിയിരിക്കുന്നത്. എഴുപത്, എൺപത് ഒക്കെ വാർദ്ധക്യകാലമാണ്. തൊണ്ണൂറുകൾ ആകട്ടെ ഉറപ്പായും മരണം കടന്നുവരേണ്ട കാലവും. നൂറു കടന്നാൽ നമുക്കു പിന്നെ ഓരോ ദിവസവും ബോണസ് മാത്രം. കാലൻ കനിഞ്ഞു തരുന്ന ദിനങ്ങൾ. ചത്തു കട്ടിലൊഴിഞ്ഞില്ല എന്നൊരു ചിന്ത നാട്ടുകാർ പങ്കുവയ്ക്കുന്ന കാലം. എന്നാൽ കമലക്കണ്ണിയമ്മയെ നോക്കൂ, അവർ പതിനഞ്ചാം വയസ്സിൽ അച്ഛൻ്റെയൊപ്പം തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കു വന്നത് തേയിലക്കാട്ടിൽ ജോലി ചെയ്യാനും കൂടിയാണ്. ഉറപ്പായും പരിമിത ജീവിത സാഹചര്യത്തിൽ അവർ ജീവിച്ചു. മരംകോച്ചുന്ന തണുപ്പിൽ മഞ്ഞിൻ്റെ മറവിൽ മറഞ്ഞിരിക്കുന്ന കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ ഭയന്നും വീശിയടിക്കുന്ന കോടയിൽ ജോലി ചെയ്തും കുടുംബം പുലർത്താൻ തൻ്റെ ഭാഗം നൽകുന്ന ഒരു സ്ത്രീ, അക്ഷരത്തെക്കുറിച്ചു ചിന്തിക്കാൻ നൂറ്റിയെട്ട് വർഷം കാത്തിരുന്നു. നൂറ്റെട്ടാം വയസ്സിൽ അവരുടെ ആവശ്യം കൗതുകകരമായിരുന്നു, അതിലേറെ അവിശ്വസനീയവും. ഭർത്താവിൻ്റെ മരണശേഷം മകൻ്റെ കുടുംബത്തിനൊപ്പം താമസിക്കുന്ന അവരുടെ ആഗ്രഹം കുടുംബം ഒന്നിച്ച് ഏറ്റെടുത്തു. നൂറ്റെട്ടാം വയസ്സിൽ അമ്മ അക്ഷരമെഴുതി.

ഇനി ചില ഗതികെട്ട അമ്മമാരെക്കുറിച്ചാണ്.

ഒരമ്മയെ മരുമകൾ ദേഹോപദ്രവം ചെയ്യുന്നതു ലോകം മുഴുവനും കണ്ടതു മറന്നോ? അധ്യാപികയാണ് ആ മരുമകൾ എന്നറിഞ്ഞപ്പോൾ ഉണ്ടായ നടുക്കം അവർ പഠിപ്പിച്ച വിദ്യാർത്ഥികളെക്കുറിച്ചോർത്താണ്. എന്താവും അവർ ആ കുട്ടികൾക്കു പകർന്നു നൽകിയ മാനുഷിക മൂല്യം? ഇനി കഴിഞ്ഞ ആഴ്ച മറ്റൊരു അമ്മയുടെ അതിദാരുണമായ അവസ്ഥ പുറത്തു വന്നു. അവിടെ ഉദ്യോഗസ്ഥരായ മകനും മകളും അച്ഛൻ മരിച്ചതോടെ അമ്മയെ നിർബന്ധിച്ച് അവർ താമസിച്ചിരുന്ന വീടും സ്ഥലവും വിൽപ്പിക്കുന്നു. തുടർന്ന് കാശ് പങ്കിട്ടെടുക്കുന്നു. പിന്നെ അമ്മയെ തുച്ഛവാടകയ്ക്ക് ഒരു കോളനിയിലെ വീട്ടിലേക്കു മാറ്റുന്നു. മകൾ വാടക കൊടുക്കും. ജീവൻ നിലനിർത്താൻ ഭക്ഷണവും ഇടയ്ക്കു നൽകും. കുറച്ചു കാശും. അവശയായ അമ്മ വിശന്നു പൊരിയുമ്പോൾ ഗേറ്റിനരികിൽ വന്നു നിൽക്കും. ദയ തോന്നുന്ന നാട്ടുകാർ ഇടയ്ക്കു ഭക്ഷണം നൽകും. ഒടുവിൽ അവർ തീരെ അവശയാണെന്നു കണ്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസ് ഇടപെട്ട് വൃദ്ധയെ ആശുപത്രിയിലേക്കു മാറ്റി. മകൾ തിരിഞ്ഞു നോക്കിയില്ല. മകൻ വന്നു. പക്ഷേ, കൂട്ടിരിക്കാൻ ആകില്ലെന്നു പറഞ്ഞു, കാരണം വീട്ടിൽ പട്ടിയുണ്ട്, അതിനു ഭക്ഷണം നൽകണം… പരിപാലിക്കണം! എന്താല്ലേ, അമ്മയേക്കാൾ വലുതാണ് പട്ടിയുടെ ഭക്ഷണം!! അയാൾ പോയി മണിക്കൂറുകൾക്കുള്ളിൽ അമ്മ മരിച്ചു. ശവസംസ്കാരത്തിനു മൃതദേഹം ഏറ്റെടുക്കാനും മക്കൾ തയ്യാറായില്ല. ഒടുവിൽ പോലീസ് ഇടപെട്ട് ശവസംസ്കാരവും നടത്തി. ഇപ്പോൾ മകളെ പഞ്ചായത്തിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്നും മകനെതിരെ അന്വേഷണം നടക്കുന്നെന്നും അറിഞ്ഞു. എന്തായാലും ആ അമ്മ കടന്നുപോയി.

ഇപ്പോൾ നിത്യേനയെന്നോണം കാണുന്ന മറ്റൊരു വാർത്തയുണ്ട്. അമ്മയെ കൊലപ്പെടുത്തിയ മകൻ. അവർ രണ്ടു പേർ മാത്രമാകും വീട്ടിലുണ്ടാവുക.മകൻ ഒന്നുകിൽ വിവാഹിതനല്ല അല്ലെങ്കിൽ ഡിവോഴ്സി ആയിരിക്കും. വാർത്തയുടെ ഒടുവിൽ മകന് മാനസിക രോഗം അല്ലെങ്കിൽ ലഹരി അടിമ എന്ന വാക്കു കാണാം. ശുഭം!

മാനസിക രോഗിക്ക് ചികിത്സയാണ് നൽകേണ്ടത്. ലഹരിക്ക് അടിമയെങ്കിൽ അതിനും പ്രതിവിധി അമ്മയുടെ ജീവനല്ല.

ഇതെഴുതുമ്പോൾ ഇന്നലെ മകൻ ജീവനോടെ വീട്ടിലിട്ടു കത്തിച്ച ഒരമ്മയുടെ കഥയുണ്ട് എൻ്റെ മുന്നിൽ.

കൂടുതൽ എന്തെഴുതണം എന്നറിയില്ല. വിദ്യാഭ്യാസ നിലവാരം കൂടിയിട്ടും ചിന്താശേഷിയും മാനവികതയും നഷ്ടമാകുന്ന ജനതയാകുന്നു നമ്മൾ…

മക്കളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ അമ്മമാർക്ക് ശ്രദ്ധാജ്ഞലി അർപ്പിക്കുന്നു.

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.